നൂൽബന്ധമില്ലാതെ ജനം വിഹരിക്കുന്ന ഫ്രഞ്ച് ബീച്ചിൽ വൻ കൊവിഡ് വ്യാപനം, സ്ഥിരീകരിച്ചത് 150 -ലേറെ കേസുകൾ

By Web TeamFirst Published Aug 25, 2020, 12:07 PM IST
Highlights

വസ്ത്രങ്ങളുടെ ബന്ധനത്തിൽ നിന്നുപോലും മോചിതരായി, സർവതന്ത്ര സ്വതന്ത്രരായി കഴിയാൻ വരുന്നവരെ എങ്ങനെയാണ് മാസ്കിടാൻ നിർബന്ധിക്കുക എന്ന വൈക്ലബ്യത്തിലാണ് റിസോർട്ട് അധികൃതർ.

ലോകത്തിലെ ഏറ്റവും വലിയ 'ന്യൂഡിസ്റ്റ്' ബീച്ചുകളിൽ ഒന്നായ ഫ്രാൻസിലെ കേപ്പ്-ഡി-ആഗ്‌ദേയുടെ മാനേജർമാർ ഇന്ന് ആകെ പരിഭ്രാന്തരാണ്. ഒന്നും രണ്ടുമല്ല, വർഷത്തിൽ 35,000 -ലധികം  സന്ദർശകരാണ് ഇവിടേക്ക് വന്നെത്താറുള്ള ഇവിടെ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കൊവിഡ് വ്യാപനമാണ് അവരുടെ ഉറക്കം കെടുത്തുന്നത്. മറ്റുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെപ്പോലെ അല്ല ഇവിടം. ഇവിടേക്ക്വ ലോകമെമ്പാടുമുള്ള നഗ്നതാ പ്രേമികൾ വരുന്നതുതന്നെ, ആരും ശല്യപ്പെടുത്താൻ വരാതെ, ദേഹത്തൊരു നൂൽബന്ധമില്ലാതെ വിഹരിക്കാൻ വേണ്ടി മാത്രമായാണ്. അവരുടെ ഇടയിൽ കൊവിഡ് പ്രോട്ടോക്കോൾ ഏർപ്പെടുത്തുക എന്നത് ഏറെ ശ്രമകരമായ ഒരു പണിയാണ്.

നാച്വറിസ്റ്റുകൾ എന്നറിയപ്പെടുന്ന ഒരു പ്രത്യേകവിഭാഗക്കാരാണ് ഈ ബീച്ചിലെ സ്ഥിരം സന്ദർശകർ. അത് ഒരു പ്രത്യേക കൾട്ട് തന്നെയാണ്. ന്യൂഡിസം എന്നും ഇത് അറിയപ്പെടുന്നു. പ്രകൃതിയിലേക്ക് മനുഷ്യൻ പിറന്നുവീഴുന്നത് നഗ്നനായിട്ടാണ് എന്നും, ആ നഗ്നത അവന്റെ ഏറ്റവും വലിയ സ്വാഭാവികതയാണ് എന്നും, അത് നിലനിർത്താനുള്ള അവകാശം മനുഷ്യർക്ക് ഓരോരുത്തർക്കും ഉണ്ടെന്നും കരുതുന്നവരാണ് നാച്വറിസ്റ്റുകൾ. അവരുടെ നഗ്നതയ്ക്ക് പക്ഷെ ലൈംഗികതയുമായി നേർബന്ധമില്ല എന്നും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. നഗ്നയായ ഒരു സ്ത്രീ മുന്നിൽ വന്നു നിന്നാൽ അത് നാച്വറിസ്റ്റായ പുരുഷനിലോ, നേരെ തിരിച്ചുണ്ടായാൽ ഒരു സ്ത്രീയിലോ ഒന്നും തൽക്ഷണം ലൈംഗികവികാരം ഉണരുകയോ, അവർക്ക് ലൈംഗികോദ്ധാരണമുണ്ടായി അവരിൽ നിന്ന് അബദ്ധപ്രവൃത്തികൾ ഉണ്ടാവുകയോ ചെയ്യുന്നില്ല. അതുപോലെ തന്നെ ഉടുതുണിയേ ദേഹത്തില്ലാത്ത അവർക്കിടയിൽ ഉടുത്തിരുന്ന വസ്ത്രം ഇടം മാറുന്ന പ്രശ്നമോ, അതുകൊണ്ടുതന്നെ ഒളിഞ്ഞു നോട്ടമോ ഒന്നും തന്നെ പതിവില്ല. 

പ്രകൃതിയോട് ഏറ്റവുമധികം സാകല്യത്തിൽ, ജൈവികതയുടെ പാരമ്യത്തിൽ കഴിയാൻ ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടർ. കേപ്പ്-ഡി-ആഗ്‌ദേ പോലുള്ള നാച്വറിസ്റ്റ് ഐലൻഡ് റിസോർട്ടുകളിലാണ് ഇന്ന് ന്യൂഡിസ്‌റ്റുകൾ അവരുടെ ജീവിതം ആസ്വദിച്ച് കഴിയുന്നത്. ദ്വീപിന്റെ മറ്റുഭാഗങ്ങളിൽ വസ്ത്രധാരണം വ്യക്തിയുടെ ഇഷ്ടപ്രകാരം ആവാം എങ്കിലും, സ്വിമ്മിങ് പൂളുകൾ, ബീച്ചുകൾ തുടങ്ങിയ ഇടങ്ങളിൽ വസ്ത്രങ്ങൾ പൊതുവെ ആരും ധരിക്കുക പതിവില്ല. അങ്ങനെ വസ്ത്രങ്ങളുടെ ബന്ധനത്തിൽ നിന്നുപോലും മോചിതരായി, സർവതന്ത്ര സ്വതന്ത്രരായി കഴിയാൻ വരുന്നവരോട് എങ്ങനെയാണ് മാസ്കും ഫേസ് ഷീൽഡുമൊക്കെ ധരിക്കാൻ പറയുക, പരസ്പരം ഇടപഴകുന്നതിന് നിയന്ത്രണങ്ങൾ വെക്കുക എന്നൊക്കെയുള്ള വൈക്ലബ്യത്തിലാണ് റിസോർട്ട് അധികൃതർ.

എന്നാൽ, ഇനി അങ്ങനെ ചെയ്തേ മതിയാകൂ എന്ന അവസ്ഥയിലേക്കാണ് കേപ്പ്-ഡി-ആഗ്‌ദേയിലെ കാര്യങ്ങൾ ഇപ്പോൾ നീങ്ങിയിരിക്കുന്നത്. കാരണം, കഴിഞ്ഞ ദിവസങ്ങളിൽ അതൊരു കൊവിഡ് ഹോട്ട്സ്പോട്ട് ആയി മാറിയ വാർത്തയാണ് പുറത്തുവരുന്നത്. അവിടെയുള്ള നൂറിലധികം വിനോദ സഞ്ചാരികൾക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. ഇതിനു പുറമെ ഇവിടെ നിന്ന് തിരികെ വീട്ടിലെത്തിയവരിലും അമ്പതോളം പേർക്ക് രോഗബാധ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. 

click me!