ചാന്ദ്ര പുതുവര്‍ഷം; 'ചീത്ത സംസ്കാരം' ഇല്ലാതാക്കാന്‍ ഇന്‍റര്‍നെറ്റില്‍ ശുദ്ധിവേട്ട നടത്തി ചൈന

Published : Jan 24, 2023, 10:48 AM ISTUpdated : Jan 24, 2023, 11:04 AM IST
ചാന്ദ്ര പുതുവര്‍ഷം; 'ചീത്ത സംസ്കാരം' ഇല്ലാതാക്കാന്‍ ഇന്‍റര്‍നെറ്റില്‍ ശുദ്ധിവേട്ട നടത്തി ചൈന

Synopsis

ഹോട്ടലുകൾ, പ്രകൃതിരമണീയമായ സ്ഥലങ്ങൾ, കൃഷിയിടങ്ങൾ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ സെക്‌സിയായി പ്രത്യക്ഷപ്പെട്ട് അപകീർത്തികരമായ പ്രതിച്ഛായ സൃഷ്‌ടിക്കാന്‍ ശ്രമിച്ചുവെന്നതാണ് അല്പ വസ്ത്ര ചിത്രങ്ങള്‍ക്കെതിരെയുള്ള ആരോപണം.


രോ ദേശത്തും മനുഷ്യന്‍ ജീവിച്ച് വന്ന രീതിശാസ്ത്രങ്ങളുടെ ആകെ തുകയെയാണ് നാം സംസ്കാരം എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്. ദേശ കാലങ്ങളെ അടിസ്ഥാനമാക്കി സംസ്കാരത്തിന്‍റെ രീതി ശാസ്ത്രങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു. ഈ വൈവിധ്യം ലോകമെങ്ങും കാണാം. ശ്ലീലാശീലങ്ങളുടെ അതിര്‍വരമ്പുകളിലും ഈ വൈവിധ്യം കാണാം. കാലത്തിനനുസരിച്ച് മനുഷ്യന്‍റെ ബോധ്യങ്ങള്‍ മാറ്റമുണ്ടാകുമ്പോള്‍ പഴയ പലതും പുതിയ കാലത്ത് അന്ധവിശ്വാസമെന്നോ അബദ്ധമെന്നോ ഉള്ള ധാരണയിലേക്ക് നമ്മള്‍ എത്തിച്ചേരുന്നു. 

സംസ്കാരത്തിലെ ചില 'നന്മ'കളെ രൂഢമാക്കാനും മറ്റ് ചില തിന്മകളെ ഉച്ഛാടനം ചെയ്യാനുമുള്ള പുറപ്പാടിലാണ് ചൈന. അതെ, ചൈന വീണ്ടും ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചിരിക്കുന്നു. ലോക ചരിത്രത്തിലിതുവരെയായി, ചൈന അടക്കമുള്ള  കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ചെയ്തിരുന്ന ശുദ്ധീകരണ പ്രക്രിയകള്‍ പലതും നമ്മുക്ക് മുന്നിലുണ്ട്. ഇതും അത്തരത്തിലൊരു ശുദ്ധീകരണ പ്രക്രിയയാണ്. പക്ഷേ, ഇത്തവണ ചൈന ഉച്ഛാടനം ചെയ്യുന്നത് തങ്ങളുടെ ഇന്‍റനെറ്റ് ലോകത്തിലെ അശുദ്ധികളെയാണെന്ന് മാത്രം. 

ചാന്ദ്ര പുതു ദിനത്തില്‍ ഇന്‍റര്‍നെറ്റില്‍ നിന്ന് അശ്ലീലവും അനാരോഗ്യകരവുമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനാണ് ചൈനയുടെ നീക്കം. സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ചൈനയില്‍ ചാന്ദ്ര പുതുവർഷം ആരംഭിച്ച ജനുവരി 22 ന് ഒരു മാസം മുമ്പ് തന്നെ ഈ ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചിരുന്നെങ്കിലും ജനുവരി 18 നാണ് ചൈനയുടെ സൈബർസ്‌പേസ് അഡ്മിനിസ്‌ട്രേഷൻ ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. 

പ്രധാനമായും അല്പ വസ്ത്രധാരികളായ സ്ത്രീകളുടെ ചിത്രങ്ങള്‍, മുന്‍ ക്രിമിനലുകളുടെ ജയില്‍ അനുഭവങ്ങള്‍ എന്നിവയാണ് നീക്കം ചെയ്യപ്പെടുക. അതോടൊപ്പം പുതുവത്സര അവധിക്കാലത്തെ വിവരങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി രാജ്യത്തെ ഇന്‍റർനെറ്റ് സെൻസർമാർ പ്രധാന വെബ്‌സൈറ്റുകളുടെ ഹോംപേജുകൾ, ട്രെൻഡിംഗ് വിഷയങ്ങളുടെ പട്ടിക, ശുപാർശകൾ, ഉപഭോക്തൃ അഭിപ്രായങ്ങള്‍ അടങ്ങിയ വിവരങ്ങള്‍ എന്നിവയും സൂക്ഷ്മമായി പരിശോധിക്കപ്പെടും. 

മുൻ കുറ്റവാളികൾ തങ്ങളുടെ ജയില്‍ അനുഭവങ്ങള്‍ തുറന്നെഴുതി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ചൈനീസ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഹോട്ടലുകൾ, പ്രകൃതിരമണീയമായ സ്ഥലങ്ങൾ, കൃഷിയിടങ്ങൾ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ സെക്‌സിയായി പ്രത്യക്ഷപ്പെട്ട് അപകീർത്തികരമായ പ്രതിച്ഛായ സൃഷ്‌ടിക്കാന്‍ ശ്രമിച്ചുവെന്നതാണ് അല്പ വസ്ത്ര ചിത്രങ്ങള്‍ക്കെതിരെയുള്ള ആരോപണം. അതോടൊപ്പം തങ്ങളുടെ സ്വത്തിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീമ്പിളക്കുന്നവരും അമിതമായ ഭക്ഷണപ്രിയരും മദ്യപാന ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നവരും അധികാരികളുടെ നോട്ടപ്പുള്ളികളാണ്. 

100 കോടി വരുന്ന ചൈനയിലെ ഇന്‍റർനെറ്റ് ഉപയോക്താക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി ചൈന കഴിഞ്ഞ വർഷവും സമാനമായ  രീതിയില്‍ "ശുദ്ധീകരണ" പ്രക്രികള്‍ നടത്തിയിരുന്നു. ഇന്‍റര്‍നെറ്റിലെ വിനോദ, സാമൂഹിക ഇടപെടലുകളില്‍ സര്‍ക്കാര്‍ നടത്തിയ ശുദ്ധീകരണ പ്രക്രിയയോടെ കഴിഞ്ഞ വര്‍ഷം ചൈനീസ് സാമൂഹിക മാധ്യമങ്ങളിലെ നിരവധി സെലിബ്രിറ്റികള്‍ക്ക് വരുമാന നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തവണയും പുതിയ പല സെലിബ്രിറ്റികളും വീഴുമെന്ന് വേണം കരുതാന്‍. എന്നാല്‍, ഈ സംസ്കാര ശുദ്ധീകരണ പ്രക്രിയ ചൈനീസ് സാമൂഹിക മാധ്യമങ്ങളിലെ സര്‍ക്കാര്‍ വിരുദ്ധരെ കണ്ടെത്താനാണെന്നും ആരോപണമുയര്‍ന്നു കഴിഞ്ഞു. 
 

കൂടുതല്‍ വായനയ്ക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ സഹായത്തോടെ ബഹിരാകാശ യാത്രികരെ വധുവായി അണിയിച്ചൊരുക്കി കലാകാരൻ


 

PREV
Read more Articles on
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്