ദുരിതമകറ്റാൻ, രോഗം മാറാൻ വിവാഹം; ചൈനയിലെ വിചിത്ര ആചാരം വീണ്ടും ചർച്ചയാകുന്നു

Published : Nov 16, 2026, 09:57 PM IST
marriage

Synopsis

രോഗത്തിന്റെ തീവ്രത കാരണം ചടങ്ങുകളിൽ പങ്കെടുക്കാനോ ആചാരപ്രകാരം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനോ വരന് സാധിക്കാതെ വന്നാൽ, പകരം കുടുംബത്തിലെ മറ്റൊരാളെ ചടങ്ങുകൾക്കായി നിയോഗിക്കാറുമുണ്ടായിരുന്നു.

മാരകരോഗങ്ങൾ ഭേദമാകാനും കുടുംബത്തിലെ ദൗർഭാഗ്യങ്ങൾ അകറ്റാനും രോഗബാധിതനായ വ്യക്തിയുടെ വിവാഹം നടത്തിക്കൊടുക്കുന്ന പുരാതന ചൈനീസ് ആചാരമായ ‘ചോങ് സി’ സാമൂഹികമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു. ‘സന്തോഷം കൊണ്ട് ദൗർഭാഗ്യത്തെ മറികടക്കുക’ എന്നാണ് ഈ ആചാരത്തിന്റെ അർഥം.

വിവാഹം പോലുള്ള സന്തോഷകരമായ ചടങ്ങുകൾ രോഗിയുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്നും അതുവഴി രോഗവും ദുരിതങ്ങളും മാറുമെന്നുമായിരുന്നു പഴയകാല ചൈനക്കാരുടെ വിശ്വാസം. വൈദ്യശാസ്ത്രം അത്രയൊന്നും വികസിച്ചിട്ടില്ലാതിരുന്ന കാലത്താണ് ഈ വിശ്വാസം രൂപംകൊണ്ടത്.

എന്താണ് ചോങ് സി ആചാരം?

പുരാതന ചൈനയിൽ ഒരാൾക്ക് ഗുരുതരമായ അസുഖം ബാധിച്ചാൽ കുടുംബം അയാളുടെ വിവാഹം നടത്തുന്ന പതിവുണ്ടായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞവരാണെങ്കിൽ, നിശ്ചയിച്ച തീയതിക്ക് മുൻപേ തന്നെ വിവാഹം നടത്തും. അവിവാഹിതരാണെങ്കിൽ രോഗം ഭേദമാകുമെന്ന പ്രതീക്ഷയിൽ കുടുംബം തിടുക്കത്തിൽ വധുവിനെ കണ്ടെത്തി വിവാഹച്ചടങ്ങുകൾ സംഘടിപ്പിക്കും.

രോഗത്തിന്റെ തീവ്രത കാരണം ചടങ്ങുകളിൽ പങ്കെടുക്കാനോ ആചാരപ്രകാരം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനോ വരന് സാധിക്കാതെ വന്നാൽ, പകരം കുടുംബത്തിലെ മറ്റൊരാളെ ചടങ്ങുകൾക്കായി നിയോഗിക്കാറുമുണ്ടായിരുന്നു.

രോഗബാധിതനായ യുവാവിന് വേണ്ടി മാത്രമല്ല, കുടുംബത്തിലെ പിതാവിനോ മുത്തച്ഛനോ മുത്തശ്ശിക്കോ ദീർഘകാലമായി ഗുരുതരമായ അസുഖം ബാധിക്കുമ്പോഴും കുടുംബം വലിയ ദുരന്തങ്ങൾ നേരിടുമ്പോഴും ഈ ആചാരം പിന്തുടർന്നിരുന്നു. ചില സന്ദർഭങ്ങളിൽ രോഗബാധിതയായ സ്ത്രീയുടെ അസുഖം ഭേദമാകാനും വിവാഹം നടത്തിക്കൊടുത്തിരുന്നു.

സോങ് രാജവംശത്തിന്റെ കാലഘട്ടമായ 960–1127 കാലത്താണ് ഈ ആചാരം ആരംഭിച്ചതെന്നാണ് കരുതപ്പെടുന്നത്. പിന്നീട് മിങ്, ക്വിങ് രാജവംശങ്ങളുടെ കാലത്ത് (1368–1912) ഇത് വ്യാപകമായി പ്രചരിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ചൈനയിൽ ഈ ആചാരം നിലനിന്നിരുന്നു.

ചില സാഹചര്യങ്ങളിൽ ചോങ് സി ആചാരം നിയമവിരുദ്ധമായിരുന്നു. പുരാതന ചൈനയിൽ പൂർവീകരോട് വലിയ ബഹുമാനം ഉണ്ടായിരുന്നു. അതിനാൽ ഒരു വ്യക്തിയുടെ മാതാപിതാക്കളോ മുത്തച്ഛനോ മുത്തശ്ശിയോ മരിച്ചാൽ തുടർന്നുള്ള മൂന്ന് വർഷത്തെ ദുഃഖാചരണ കാലയളവിൽ വിവാഹം കഴിക്കാൻ അനുവാദമുണ്ടായിരുന്നില്ല.

എന്നാൽ മിങ് രാജവംശത്തിലെ ഒരു ഗവർണർ ഈ നിയമത്തിൽ ഇളവ് വരുത്തി. ദുഃഖാചരണ കാലയളവിൽ രോഗം മാറാനായി നടത്തിയ വിവാഹത്തിന് ശേഷം യുവാവ് സുഖം പ്രാപിച്ചാൽ ശിക്ഷയുണ്ടാകില്ലെന്നായിരുന്നു വ്യവസ്ഥ. എന്നാൽ വിവാഹം നടത്തിയിട്ടും വരൻ മരിച്ചാൽ കുടുംബം നിയമലംഘനത്തിന് ശിക്ഷ നേരിടേണ്ടിവരുമായിരുന്നു.

സ്ത്രീകളോട് കടുത്ത അനീതി കാണിക്കുന്ന ആചാരമെന്ന നിലയിൽ ചോങ് സി വ്യാപകമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇത്തരം വിവാഹങ്ങളിലെ വധു വിധവയാകേണ്ടിവന്നിരുന്നു എന്നതാണ് പ്രധാന വിമർശനം.

PREV
Read more Articles on
click me!

Recommended Stories

ദില്ലിയിലെ ലിറ്റിൽ ടിബറ്റ്, 'മജ്നു കാ ടില്ല'; പേരിന് പിന്നിലെ 500 വർഷം പഴക്കമുള്ള ചരിത്രം
മണ്ണിലിറങ്ങി ദൈവങ്ങൾ! വടക്കൻ കേരളത്തിൽ തെയ്യക്കാലത്തിന് തുടക്കമായി