
വീട് കടലമ്മ കൊണ്ടു പോയതിനാല്‍ വര്‍ഷങ്ങളായി വിവിധ സ്‌ക്കൂളുകളിലെ ക്ലാസ് മുറികളില്‍ അഭയം തേടിയിരിക്കുന്നവരുടെ കണ്ണുനീര്‍ അധികാരം കൈയാളുന്നവരുടെ ഉള്ളില്‍ ഒരിറ്റു നനവു പടര്‍ത്തുന്നില്ലെങ്കിലും സാധാരണക്കാര്‍ക്ക് നെഞ്ചിലെ നീറ്റലായി മാറാതിരിക്കില്ല. പിച്ചക്കാരെ പ്പോലെ എല്ലാക്കാലവും തങ്ങള്‍ അഭയാര്‍ത്ഥികളായി കഴിയണോയെന്ന് അവര്‍ നെഞ്ചുപൊട്ടി ചോദിക്കുന്നുണ്ട്.
കാടിനും കടലിനും അവകാശികളുണ്ടായിരുന്നു പണ്ട്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ പ്രസിദ്ധമായിരുന്ന സംഘകാലഘട്ടവും സംഘം കൃതികളും പ്രാചീന സംസ്‌കൃതിയുടെ ഭൂമികയാണ്. കുറിഞ്ഞി, പാല, മരുതം, മുല്ലൈ, നെയ്തല്‍ എന്നിങ്ങനെ ഐന്തിണകളായാണ് സംഘ സാഹിത്യത്തില്‍ ഭൂമിയിലെ വിവിധ പ്രദേശങ്ങളെ പരാമര്‍ശിക്കുന്നത്.
വനമേഖലയാണ് കുറിഞ്ഞി. തീരപ്രദേശമാണ് നെയ്തല്‍. മലമുകളില്‍ പ്രതിഷ്ഠിച്ച മുരുകനെ ആരാധിച്ച കുറിഞ്ഞിത്തിണയിലുള്ളവരും സമുദ്രദേവനായ വരുണനെ ആരാധിച്ച നെയ്തല്‍ തിണയിലുള്ളവരും ഒരു പോലെ തങ്ങള്‍ താമസിച്ച ഇടങ്ങളെ പാവനമായി കണ്ടിരുന്നു. ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് ദേവതാ സങ്കല്പങ്ങളെ നാം തള്ളിക്കളഞ്ഞു. ഭക്ഷണം, വസ്ത്രം പാര്‍പ്പിടം എന്ന അടിസ്ഥാനാവശ്യങ്ങള്‍ക്കപ്പുറത്ത് സുഖമായി ജീവിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരിക്കുകയാണ് നാം.
ചര്‍ച്ച ചെയ്യുന്തോറും ഒരു ക്ലീഷേ പദമായി മാറിക്കൊണ്ടിരിക്കുന്നു, വികസനം എന്ന പദം. നല്ല കുടിവെള്ളമുണ്ടായിരുന്നിടത്ത് ബോട്ടില്‍ വാട്ടര്‍ എത്തിക്കുന്ന രീതിയിലേക്ക്, നല്ല വീടുകളുണ്ടായിരുന്നവര്‍ക്ക് ചേരികളുണ്ടാക്കിക്കൊടുക്കുന്നതിലേക്ക്, സ്വന്തം ഭൂമിയുണ്ടായിരുന്നവരെ തെരുവിലേക്കിറക്കി വിടുന്നതിലേക്ക് വികസനം തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
കെ എ ഷാജി രചനയും സംവിധാനവും നിര്‍വ്വഹിച്ച 'Stolen shorelines ' എന്ന ഡോക്യുമെന്ററി സ്വന്തമായുണ്ടായിരുന്ന കടല്‍ത്തീരം നഷ്ടപ്പെട്ട, കിടപ്പാടം ഇല്ലാതായ തിരുവനന്തപുരം വലിയ തുറയിലെ മല്‍സ്യ തൊഴിലാളി കുടുംബങ്ങളുടെ ദുരിതങ്ങളുടെ ചിത്രീകരണമാണ്. സുനാമിയായും ഓഖിയായും ആവര്‍ത്തിച്ചു വരുന്ന കടല്‍ ക്ഷോഭങ്ങള്‍ ഒന്നും ഈ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ ബാക്കി വെക്കാറില്ല. തിരുവനന്തപുരം വലിയതുറ കടല്‍ത്തീരത്തെ അഭയാര്‍ത്ഥി കേന്ദ്രങ്ങളായി മാറിയ സ്‌കൂളുകളിലൂടെയുള്ള സഞ്ചാരമാണിത്. പത്തു വര്‍ഷത്തോളമായി കടല്‍ക്ഷോഭങ്ങള്‍ കനത്തു കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെ മാത്രം കുറ്റപ്പെടുത്താനാണ് നമ്മുടെ വികസന നേതാക്കന്മാര്‍ക്ക് താല്പര്യം. എന്നാല്‍ പശ്ചിമഘട്ടത്തെ വാരിക്കൊണ്ടുവന്ന് കടലില്‍ കലക്കി അന്താരാഷ്ട്ര തുറമുഖം സ്ഥാപിക്കുക എന്ന വിശേഷപ്പെട്ട ഒരു പദ്ധതിക്ക് ഈ കടല്‍ത്തീരം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്.
7525 കോടിരൂപയുടെ ബൃഹത്തായ വിഴിഞ്ഞം-അദാനി തുറമുഖ പദ്ധതി 2015 ല്‍ യു ഡി എഫ് ഗവണ്മെന്റ് തുടങ്ങി വെച്ചപ്പോള്‍ എതിര്‍ത്തവരാണ് അന്നത്തെ പ്രതിപക്ഷം. എന്നാല്‍ അധികാരം കയ്യില്‍ കിട്ടിയപ്പോള്‍ അവര്‍ പദ്ധതി പൂര്‍വ്വാധികം ഭംഗിയായി മുന്നോട്ടു കൊണ്ടു പോകാന്‍ അദാനിക്ക് പച്ചക്കൊടി കാട്ടി.
590 കിലോ മീറ്റര്‍ നീണ്ടുകിടക്കുന്ന ഒരു വലിയ കടല്‍ത്തീരമാണ് കേരളത്തിനുള്ളത്. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള തീരമേഖലയാണ് കേരളത്തിന്റേത്. ഇടവ മുതല്‍ പൊഴിയൂര്‍ വരെ നീണ്ടുകിടക്കുന്ന 80 കിലോ മീറ്റര്‍ കടല്‍ത്തീരം തിരുവനന്തപുരത്തിന് സ്വന്തമായുണ്ട്.
കോവളം, വിഴിഞ്ഞം, വലിയ തുറ, വേളി, മുട്ടു തറ, ബീമാപള്ളി, കല്ലുമൂട് എന്നിവിടങ്ങളില്‍ പരമ്പരാഗതമായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നൂറു കണക്കിന് കുടുംബങ്ങളാണുള്ളത്. മഴക്കാലമാകുമ്പോള്‍ കടല്‍ക്ഷോഭമുണ്ടാകുകയും തൊട്ടടുത്തുള്ള സ്‌ക്കൂളുകളില്‍ അഭയം തേടേണ്ടി വരികയും ചെയ്യുന്ന നിരാലംബര്‍! തീരസംരക്ഷണമെന്നാല്‍ കടല്‍ഭിത്തി നിര്‍മ്മിക്കാനായി പുലിമുട്ടുകള്‍ സ്ഥാപിക്കുക മാത്രമാണെന്ന തലതിരിഞ്ഞ മാര്‍ഗ്ഗങ്ങള്‍ കൊണ്ട് ആശ്വാസ പദ്ധതി നടപ്പാക്കുന്ന അധികാരികളുടെ വഞ്ചന നിശ്ശബ്ദം സഹിക്കുകയാണിവര്‍ . സമാധാനപൂര്‍വ്വമായ ഒരു ജീവിതമോ വിദ്യാഭ്യാസമോ പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെടാനുള്ള ആത്മവിശ്വാസമോ തങ്ങളുടെ യുവതലമുറയ്ക്ക് നല്‍കാന്‍ ഈ മത്സ്യത്തൊഴിലാളികള്‍ക്ക് ആകുന്നില്ല.
ശംഖുമുഖം കടപ്പുറം ടൂറിസ്റ്റുകള്‍ക്ക് വളരെ പണ്ടേ വളരെ പ്രിയങ്കരമായിരുന്നു. എന്നാല്‍ കടലാക്രമണ ഭീഷണി നേരിടുന്ന ശംഖുമുഖം ഇന്ന് പതനഭീഷണിയിലാണ്. ധാരാളം സഞ്ചാരികള്‍ വന്നു പോകുന്ന തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള വഴി ഇതിനടുത്താണ്. ആ റോഡും മിക്കവാറും തകര്‍ന്നു കഴിഞ്ഞു.
ജൈവ ആവാസ വ്യവസ്ഥയില്‍ സമുദ്രങ്ങള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ആഗോള താപനത്തിന്റെ തൊണ്ണൂറു ശതമാനത്തിനും ഇരയാകുന്നത് സമുദ്രങ്ങളാണ്. സമുദ്രങ്ങളിലെ ജലനിരപ്പുയര്‍ന്നു കൊണ്ടിരിക്കുകയാണ്. 1980 ഡനു ശേഷം ക്രമാതീതമായ വര്‍ദ്ധനവാണ് സംഭവിച്ചത്. 2021 ആണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ വര്‍ഷം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എട്ടു മടങ്ങാണ് വര്‍ദ്ധനവ്. സമുദ്രതാപനിലയിലും ഈ വ്യതിയാനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരവസ്ഥ ശക്തമായ ഉഷ്ണമേഖലാ കൊടുങ്കാറ്റുകളിലേക്ക് നയിക്കും. മണ്ണൊലിപ്പും കടല്‍ ക്ഷോഭവും സുനാമിയും ന്യൂനമര്‍ദ്ദവും ഒന്നിനൊന്നോട് ബന്ധപ്പെട്ടു കിടക്കുന്നു. കടലിലെ ചൂടുകൂടുന്നത് മത്സ്യസമ്പത്തില്‍ ഗണ്യമായ കുറവു വരുത്തിയിട്ടുണ്ട്. കേരള തീരത്തില്‍ സുലഭമായുണ്ടായിരുന്ന മത്തി, അയല പോലെയുള്ള മത്സ്യങ്ങള്‍ വന്‍തോതില്‍ കുറഞ്ഞുവരുന്നത് മത്സ്യത്തൊഴിലാളികളില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. സമുദ്രത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ തീരമേഖലയോട് ചേര്‍ന്നു കിടക്കുന്ന കോറലുകള്‍ക്കും വലിയ പങ്കുണ്ട്. സമുദ്ര തീരം ഇടിയാതെ ഒരു സംരക്ഷണ കവചമായി നിലനിര്‍ത്തുന്നവയാണവ. ഇവയ്ക്കിടയില്‍ അപൂര്‍വ്വ ഇനം കടല്‍ സസ്യങ്ങളും മത്സ്യങ്ങളുമുണ്ട്. അന്താരാഷ്ട്ര തുറമുഖ പദ്ധതി മനുഷ്യര്‍ക്കും തീരമേഖലയ്ക്കും മാത്രമല്ല, നമ്മള്‍ കാണാത്ത ലക്ഷക്കണക്കിന് കടല്‍ ജീവികളുടെ കൂടി അന്തകനാവുകയാണ്.
വീട് കടലമ്മ കൊണ്ടു പോയതിനാല്‍ വര്‍ഷങ്ങളായി വിവിധ സ്‌ക്കൂളുകളിലെ ക്ലാസ് മുറികളില്‍ അഭയം തേടിയിരിക്കുന്നവരുടെ കണ്ണുനീര്‍ അധികാരം കൈയാളുന്നവരുടെ ഉള്ളില്‍ ഒരിറ്റു നനവു പടര്‍ത്തുന്നില്ലെങ്കിലും സാധാരണക്കാര്‍ക്ക് നെഞ്ചിലെ നീറ്റലായി മാറാതിരിക്കില്ല. പിച്ചക്കാരെ പ്പോലെ എല്ലാക്കാലവും തങ്ങള്‍ അഭയാര്‍ത്ഥികളായി കഴിയണോയെന്ന് അവര്‍ നെഞ്ചുപൊട്ടി ചോദിക്കുന്നുണ്ട്.
മത്സ്യസമ്പത്തിലുണ്ടായ കുറവ് മത്സ്യത്തൊഴിലാളികളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഡോക്യുമെന്ററിയുടെ തുടക്കത്തില്‍ രണ്ടു പ്രാവുകളെ വളര്‍ത്തിത്തുടങ്ങിയ അലീന എന്ന കൗമാരക്കാരി ഓഖി ചുഴലിക്കാറ്റില്‍ തകര്‍ന്നു പോയ വീടിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അലീനയുടെ പ്രാവുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതല്ലാതെ അലീനയ്ക്ക് വീടെന്ന സ്വപ്നത്തില്‍ സമാധാനമായി തലചായ്ച്ചുറങ്ങാന്‍ എന്നു സാധിക്കുമെന്ന ചോദ്യത്തോടെ തന്നെയാണ് ഡോക്യുമെന്ററി അവസാനിക്കുന്നതും.
തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ കടല്‍ കയറ്റം മൂലമുണ്ടായ നാശനഷ്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ക്യാമറ ഇടയ്ക്കിടെ ആയിരം കൈകളുമായി സമുദ്രതീരം കവര്‍ന്നെടുക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്കും നമ്മെ ആനയിക്കുന്നുണ്ട്. ആരാണ് കവരുന്നത്? ആരാണ് കൂട്ടുനില്‍ക്കുന്നത്? ലാഭമുണ്ടാക്കുന്നത് ആരൊക്കെ? രക്ഷിക്കേണ്ടവര്‍ തന്നെ കപ്പലിലെ കള്ളനാകുമ്പോള്‍ മുങ്ങുന്നത് ഒരുമിച്ചായിരിക്കില്ലേ എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.
ക്യാമറ: സെയ്ദ് ഷിയാസ് മിര്‍സ, സൂരജ് അമ്പലത്തറ. വിവരണം: കല്യാണി വല്ലത്ത്.