മൂന്നാറില്‍ കുറിഞ്ഞി സംരക്ഷണത്തിനായി പതിറ്റാണ്ടുകള്‍ പൊരുതിയ ജി. രാജ്കുമാര്‍ വിടവാങ്ങി. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ് ബിജു ആ ജീവിതത്തെക്കുറിച്ച് എഴുതുന്നു| G Rajkumar | Save Kurinji Campaign| Obituary
പ്രകൃതിക്കും ആദിവാസികള്‍ക്കും വേണ്ടി പൊരുതിയ ഒരു ജീവിതം അവസാനിച്ചു. മൂന്നാറില്‍ കുറിഞ്ഞി സംരക്ഷണത്തിനായി പതിറ്റാണ്ടുകള്‍ പോരാടിയ മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ജി. രാജ്കുമാര്‍ ഇന്ന് രാവിലെ വിടവാങ്ങി. പഠനകാലം മുതല്‍ അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ് ബിജു ആ ജീവിതത്തെക്കുറിച്ച് എഴുതുന്നു

'നിങ്ങള്‍ക്ക് ഈ ആഴ്ച ഒടുവില്‍ ഒരിടം വരെ പോകാന്‍ ഒക്കുമോ?'
1989-ലെ ഒരു ദിവസം, ഞങ്ങളുടെ ജേണലിസം അദ്ധ്യാപകനും പി ടി ഐ ലേഖകനുമായിരുന്ന ശ്രീകുമാര്‍ സാറാണ് എന്നോടും സഹപാഠി ഹരിയോടും ഇക്കാര്യം ആരാഞ്ഞത്.
ഞങ്ങള്‍ സമ്മതിച്ചു. അങ്ങനെ ശനിയാഴ്ച പുലര്‍ച്ചേ ഒരു കെ.എസ്. ആര്‍.ടി ബസ്സില്‍ പത്തനംതിട്ടയിലെ ളാഹക്ക് വണ്ടി കേറി. ശബരിമല യാത്രികര്‍ക്ക് അറിയാം, പൂങ്കാവനത്തിന് പരിചിതമാണ് ഈ തോട്ടം മേഖല. തണുത്ത പ്രഭാതത്തില്‍ ഞങ്ങളവിടെ ചെന്നിറങ്ങിയപ്പോള്‍ ഊഷ്മളമായ ചിരിയും, ചെമ്പന്‍ താടിയുമായി റബര്‍ സ്‌ളിപ്പറിട്ട ഒരാള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ജി. രാജ്കുമാര്‍. എസ്.ബി. ടി ജീവനക്കാരന്‍. തിരുവനന്തപുരം തൈക്കാട് സ്വദേശിയാണ്.
ഞങ്ങള്‍ പരിചയപ്പെട്ടു. ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിച്ച് വനത്തിലേക്ക് നീങ്ങി. അദ്ദേഹം ഞങ്ങളെ നയിച്ചത് ഒരാദിവാസിക്കുടിയിലേക്കാണ്. ആദിവാസി ഊരുകളെക്കുറിച്ച് വന്യമായ സുന്ദര ഭാവനയുമായി പോയ ഞങ്ങള്‍ ഞെട്ടിപ്പോയി. അത്ര ദയനീയമായ, വൃത്തിയില്ലാത്ത, രോഗാതുരമായ ഒരിടം. മെലിഞ്ഞൊട്ടിയ കുഞ്ഞുങ്ങളും പ്രാകൃത രൂപത്തിലുള്ള മുതിര്‍ന്നവരും. രാജ്കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ശബരിമല പൂങ്കാവനത്തിന്റെ ഉടമകളായ മലമ്പണ്ടാരങ്ങളാണിവര്‍. ദയനീയ സ്ഥിതിയിലാണ്. അവര്‍ നേരിടുന്ന കൊടിയ ചൂഷണങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കാട്ടിലെ വിവിധയിടങ്ങള്‍ മാറിമാറി താവളമാക്കിയിരുന്ന അവര്‍ പിന്നീട് ഒരു ചെറിയ ഇടത്തേക്ക് ഒതുക്കപ്പെടുകയായിരുന്നു. അതുണ്ടാക്കിയ വിഹ്വലതകളെക്കുറിച്ചും ഉപജീവനത്തിന് മാര്‍ഗ്ഗമില്ലാത്ത അവസ്ഥയെക്കുറിച്ചും രാജ്കുമാര്‍ പറഞ്ഞുകൊണ്ടിരുന്നു.
മടങ്ങി വന്ന ഞങ്ങള്‍ ളാഹയിലെ ഒരു ചെറിയ സമരപന്തലിലെത്തി. ഭൂരഹിതരായ അവര്‍ മണ്ണിനായി നടത്തുന്ന സമരവേദിയായിരുന്നു അത്. കാര്യങ്ങള്‍ അവിടെയും പരമദയനീയം. ഉച്ചക്ക് അവര്‍ ഞങ്ങളെ കഞ്ഞി കുടിക്കാന്‍ ക്ഷണിച്ചു. റേഷന്‍ അരി കൊണ്ടുണ്ടാക്കിയ ഈച്ച പോലും അടുക്കാന്‍ വെറുക്കുന്ന ഒരു ദ്രാവകം. ഇച്ചിരി ബുദ്ധിമുട്ടിയാണെങ്കിലും ഞങ്ങളത് കഴിച്ചു. അവര്‍ നടത്തുന്ന സമരത്തിന് പ്രാദേശിക മാധ്യമങ്ങളുടെ പിന്തുണയൊന്നുമില്ലായിരുന്നു. സമരത്തിന് മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടിയായിരുന്നു പ്രകൃതിയോടും ആദിമനിവാസികളോടും ആഴത്തില്‍ അടുപ്പമുണ്ടായിരുന്ന രാജ്കുമാര്‍ എന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ ഞങ്ങളുടെ അദ്ധ്യാപകന്റെ സഹായം തേടിയത്.
ഞങ്ങള്‍ രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തി. അടുത്ത ദിവസം ഉച്ചയോടെ ശ്രീകുമാര്‍ സാറിന് അസൈന്‍മെന്റ്‌റ് ഫയല്‍ ചെയ്തു. അടുത്ത ദിവസം ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട് പല ദേശീയ മാധ്യമങ്ങളിലും ആ വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. ഞങ്ങള്‍ കൊടുത്ത റിപ്പോര്‍ട്ട് നന്നായി പരിഷ്‌കരിച്ച് ചേരും പടി വിവരങ്ങളൊക്കെ ചേര്‍ത്ത് പി ടി ഐ എന്ന വാര്‍ത്താ ഏജന്‍സിയുടെ ദേശീയ ഫീഡിലേക്ക് ശ്രീകുമാര്‍ സര്‍ വയര്‍ ചെയ്യുകയായിരുന്നു. പിന്നീട്, മലയാള പത്രങ്ങളും ആ സമരം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരായി.
അന്ന് തുടങ്ങിയതാണ് രാജ്കുമാറുമായുള്ള ബന്ധം. പിന്നീടത് വളര്‍ന്നു. രാജ്കുമാറിന്റെ ജീവിതത്തിന്‍െഹ ച്ചുതണ്ട് നീലക്കുറിഞ്ഞിയായിരുന്നു. കുറിഞ്ഞിയുടെ ആവാസഭൂമികയായ മൂന്നാറിലെ ചോലക്കാടുകള്‍ക്കു വേണ്ടി 'സേവ് കുറിഞ്ഞി' കാമ്പെയിന്‍ നടത്തിയ രാജ്കുമാര്‍ അക്കാര്യത്തില്‍ ഏറെ കാര്യങ്ങള്‍ ചെയ്തു. 1989-ല്‍ കൊടൈക്കനാല്‍ മുതല്‍ മൂന്നാര്‍ വരെ കല്‍നടയായി നടത്തിയ ജാഥ കുറിഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. കേരളത്തിലെ പാരിസ്ഥിതിക മുന്നേറ്റങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അദ്ദേഹം കുറിഞ്ഞിസംരക്ഷണത്തിന്റെ പ്രാധാന്യം മുഖ്യധാരാ സമൂഹത്തെ ബോധ്യപ്പെടുത്തി. പേരുമ പെരുമയും ഉണ്ടാക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തനത്തെ ഉപയോഗിക്കുന്ന നടപ്പുശീലങ്ങളില്‍നിന്നും വ്യത്യസ്തമായി, എവിടെയും സ്വന്തം മുഖം പോലും വരണമെന്ന് താല്‍പ്പര്യ്മില്ലാത്ത ഒരാളായിരുന്നു രാജ്കുമാര്‍.
ആദ്യകൂടിക്കാഴ്ചയ്ക്കു ശേഷം വീണ്ടും ഞങ്ങള്‍ പലവട്ടം കണ്ടുമുട്ടി. വിദ്യാര്‍ത്ഥികളായിരുന്ന ഞങ്ങള്‍ അപ്പോഴേക്കും സജീവ മാധ്യമപ്രവര്‍ത്തകരായി കഴിഞ്ഞിരുന്നു. ഞങ്ങള്‍ കുറച്ച് യുവ മാധ്യമപ്രവര്‍ത്തകര്‍ പിന്നീട് അദ്ദേഹത്തിന്റെ മറ്റ് ചില ദൗത്യങ്ങളില്‍ പങ്കാളികളായി. അതില്‍ ഏറ്റവും ശ്രദ്ധേയം കുറിഞ്ഞി സംരക്ഷണ പ്രവര്‍ത്തനങ്ങളായിരുന്നു് കൊടൈക്കാനാലില്‍ നിന്ന് മൂന്നാറിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രകളില്‍ ഞങ്ങളും പങ്കാളികളായി. പൂണ്ടി പൂമ്പാറ വട്ടവട മാട്ടുപെട്ടി വഴി കാടിന് നടുവിലൂടെ വന്യമൃഗങ്ങളെ വകഞ്ഞു മാറിയുള്ള യാത്രയായിരുന്നു ഞങ്ങള്‍ക്കത്. പഴനി കുന്നുകള്‍ അഥവാ നീലഗിരി മലനിരകളിലൂടെയുള്ള ആ യാത്രകള്‍ക്കു പിന്നില്‍ എന്നാല്‍ രാജ്കുമാറിന് മറ്റൊരു ഉദ്ദേശ്യമുണ്ടായിരുന്നു-ുറിഞ്ഞിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തല്‍.
നീലഗിരിക്ക് ആ പേര് കിട്ടിയത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിച്ച് നശിച്ചു പോകുന്ന കുറിഞ്ഞി ചെടികളില്‍ നിന്നായിരുന്നു. അവ ഒരുമിച്ച് പൂവിടുമ്പോള്‍ പളനി മല ഒന്നാകെ നീല പരവതാനി വിരിയ്ക്കും. എന്നാല്‍ അത് കഴിഞ്ഞാല്‍ അവിടം ശൂന്യമാവും. വനം വകുപ്പുകാര്‍ പോലും ഈ പുല്‍മേടുകളെ പാഴ്കുന്നുകളായി കണ്ടിരുന്ന കാലം. രാഷ്ട്രീയക്കാരുടെ ഒത്താശയോടെ അവിടെ വ്യാപകമായി കൈയേറ്റം നടത്തിയിരുന്നു. ഫലമോ, സമ്പുഷ്ടമായ ജൈവകലവറ നാശത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വനം വകുപ്പിലെ പല നല്ല ഉദ്യോഗസ്ഥരുടെയും എതിര്‍പ്പിനെ അവഗണിച്ച് ഈ പുല്‍മേടുകള്‍ അവരുടെ സാമൂഹ്യ വനവത്കരണ വിഭാഗം യുക്കാലിയും കാറ്റാടിയുമൊക്കെ നട്ടു പിടിപ്പിച്ച് തോട്ടമാക്കാനുള്ള ശ്രമത്തിലായിരുന്നു. ഞങ്ങളുടെ യാത്രകളില്‍ ഒരു പ്രധാന കലാപരിപാടി ഇത്തരം 'വനവത്കരിച്ച' തൈകളെ നശിപ്പിക്കലും കൂടിയായിരുന്നു. രാജ്കുമാറാണ് നിശ്ശബ്ദമായ ഈ സമരത്തിന്റെ നായകന്‍.
എവിടെയൊക്കെ കുറിഞ്ഞിയുണ്ടെന്ന് കൃത്യമായി മാപ്പ് ചെയ്തായിരുന്നു ഞങ്ങളുടെ യാത്രകള്‍. അങ്ങനെ മാധ്യമങ്ങളില്‍ വന്ന ചെറു വാര്‍ത്തകള്‍ അറിഞ്ഞ് പലരും കുറിഞ്ഞി കാണാന്‍ മൂന്നാറിലേക്ക് കയറി. അവരില്‍ പലരും പക്ഷേ കുറിഞ്ഞിക്ക് തന്നെ നാശം വിതയക്കുന്ന പരിപാടികളില്‍ ഏര്‍പ്പെട്ടു. രാജ്കുമാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്താല്‍ അതിനും കാവലായി. എളുപ്പമായിരുന്നില്ല അത്. അധിക്ഷേപവും ആക്രമണവുമൊക്കെ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. അതൊക്കെ അതിജീവിച്ച് രാജ്കുമാര്‍ സൗമ്യനായി ദൃഢമായി പോരാടി.
മലയോര രാഷ്ട്രീയക്കാരുടെ പിന്തുണയോടെ അവിടെ കഞ്ചാവു കൃഷി വരെ നടത്തിയിരുന്ന കാലമാണ്. അവരെല്ലാം ഈ ഇടപെടലുകളില്‍ അസ്വസ്ഥരായിരുന്നു. എന്നിട്ടും എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് കുറിഞ്ഞി മലനിരകളെ സംരക്ഷിക്കാനായി ഒരു കുറിഞ്ഞി ഉദ്യാനം തന്നെ പ്രഖ്യാപിക്കപ്പെട്ടു. വട്ടവട , കൊട്ടകമ്പൂര്‍ വില്ലേജുകളിലായി 32 ചതുരശ്ര കിലോമീറ്ററില്‍, 2006 ഒക്ടോബര്‍ 6-ന് അന്നത്തെ വനം മന്ത്രി ബിനോയ് വിശ്വം കുറിഞ്ഞി സാങ്ച്വറി പ്രഖ്യാപിച്ചപ്പോള്‍ അത് രാജ്കുമാറിന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായിരുന്നു.
പിന്നീട് പല കാര്യങ്ങളിലും രാജ്കുമാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനായി. പലതും പ്രകൃതി നശികരണത്തിനെതിരെയും ആദിവാസികളുടെ അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു. ഒന്നും പക്ഷേ രാജ്കുമാര്‍ ഖ്യാതിക്ക് വേണ്ടി ഉപയോഗിച്ചിരുന്നില്ല, അതിന് ശ്രമിച്ചിരുന്നുമില്ല. അദ്ദേഹത്തിന്റെ പടമോ അഭിമുഖമോ ഒന്നും വരാന്‍ ഒരിക്കലും രാജ്കുമാര്‍ ആവശ്യപ്പെട്ടില്ല.
ഏറ്റവും ഒടുവില്‍, കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണാടിക്ക് വേണ്ടി ഞാന്‍ റിപ്പോര്‍ട്ട് ചെയ്തതും ഒരു ആദിവാസി ദുരിതമായിരുന്നു. വനത്തില്‍ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികള്‍ കുളത്തുപുഴ- തിരുവനന്തപുരം പാതവക്കുകളില്‍ ദുരിതജീവിതം നയിക്കുന്ന കാര്യമാണ് രാജ്കുമാര്‍ ഞങ്ങളെ കൊണ്ട് റിപ്പോര്‍ട്ട് ചെയ്യിപ്പിച്ചത്. പലപ്പോഴും തന്റെ കൈയില്‍നിന്ന് പണമെടുത്ത് ആദിവാസികളെ സഹായിക്കുകയുമൊക്കെ ചെയ്തിരുന്നു, അദ്ദേഹം. പരിസ്ഥിതി വിഷയങ്ങളില്‍ തീവ്രമായി പ്രതികരിക്കുമ്പോഴും മൃദുഭാഷിയായിരുന്നു രാജ്കുമാര്‍. ചെറുപുഞ്ചിരിയില്ലാതെ കാണാനാവില്ല. ഞങ്ങള്‍ക്കെല്ലാം മൂത്ത സഹോദരനെ പോലെയായിരുന്നു, എന്റെ ആദ്യ സ്റ്റോറിയുടെ കാരണഭൂതനായ രാജ്കുമാര്‍.
അവസാന കാലത്ത് രോഗാതുരനയി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ കാണാനാകാതെ പോയത് ഒരു കുറ്റബോധമായി ഉള്ളിലിന്നും നിലനില്‍ക്കുന്നു. പ്രകൃതിസംരക്ഷണത്തിനും ആദിവാസികള്‍ക്കും വേണ്ടി നിരന്തരം പോരാടിയിരുന്ന ആ വലിയ മനുഷ്യന്‍ ഇന്ന് രാവിലെ നമ്മെ വിട്ടുപോയി. വിടപറയുമ്പോള്‍ അദ്ദേഹത്തിന് എഴുപത് വയസ്സായിരുന്നു. ഭാര്യ ഇന്ദിരമ്മാള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: പരേതനായ കിരണ്‍, സൂര്യ. സംസ്‌കാരം നാളെ രാവിലെ 10.30-ന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.
പ്രണാമം.


