കരയില്‍കൊണ്ടുവന്ന് കഴുത്തറുക്കല്‍, ആയിരക്കണക്കിന് ഡോള്‍ഫിനുകളെ അരിഞ്ഞുതള്ളി ഒരാചാരം!

Web Desk   | Asianet News
Published : Sep 16, 2021, 07:37 PM ISTUpdated : Sep 16, 2021, 07:38 PM IST
കരയില്‍കൊണ്ടുവന്ന് കഴുത്തറുക്കല്‍, ആയിരക്കണക്കിന് ഡോള്‍ഫിനുകളെ അരിഞ്ഞുതള്ളി ഒരാചാരം!

Synopsis

വേട്ടക്കാര്‍ ആ സമയത്ത് കടലിലിറങ്ങി ഡോള്‍ഫിനെ തലങ്ങും വിലങ്ങും കൊന്നൊടുക്കും. എണ്ണിയാലൊടുങ്ങാത്ത തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയുമാണ് ദ്വീപില്‍ എല്ലാ വര്‍ഷവും വേട്ടയാടുന്നത്.  

ഡെന്‍മാര്‍ക്കിലെ ഫറോ ദ്വീപില്‍ ഡോള്‍ഫിനുകളുടെ കൂട്ടക്കുരുതി. പ്രാദേശിക ആചാരത്തിന്റെ ഭാഗമായി 1500-ഓളം ഡോള്‍ഫിനുകളെയാണ് ആളുകള്‍ വേട്ടയാടിക്കൊന്ന് തീരത്തിട്ടത്. കരയില്‍ ചോരവാര്‍ന്നു കിടക്കുന്ന നൂറു കണക്കിന് ഡോള്‍ഫിനുകളുടെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ സീ ഷെഫേഡ് എന്ന ബ്രിട്ടീഷ് സന്നദ്ധ സംഘടനയാണ് പുറത്തുവിട്ടത്. ഇതിനെ തുടര്‍ന്ന്, ഈ ആചാരത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. എന്നാല്‍, പ്രദേശിക ഭരണകൂടം ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 

ഡെന്‍മാര്‍ക്കിന് കീഴിലുള്ള സ്വയം ഭരണ ദ്വീപാണ് ഫെറോ. എല്ലാ വര്‍ഷവും ഇവിടെ ഗ്രൈന്‍ഡഡ്രാപ് എന്ന കടല്‍വേട്ടാ ആഘോഷം നടക്കുന്നു. ഇതിന്റെ ഭാഗമായാണ് ആയിരത്തിലേറെ ഡോള്‍ഫിനുകളെ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത്.  ഡോള്‍ഫിന്‍, തിമിംഗല ചാകരയുടെ കാലത്താണ് സാധാരണയായി ഈ ആചാരം നടക്കാറുള്ളത്. വേട്ടക്കാര്‍ ആ സമയത്ത് കടലിലിറങ്ങി ഡോള്‍ഫിനെ തലങ്ങും വിലങ്ങും കൊന്നൊടുക്കും. എണ്ണിയാലൊടുങ്ങാത്ത തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയുമാണ് ദ്വീപില്‍ എല്ലാ വര്‍ഷവും വേട്ടയാടുന്നത്. നാലു നൂറ്റാണ്ടായി നടക്കുന്ന ആചാരമായതിനാല്‍, ഈ വേട്ട നിയമപരമായി ഇവിടെ തെറ്റല്ല. 

ആഘോഷമായാണ് ഈ കുരുതിയുല്‍സവം നടക്കാറുള്ളത്. ഡോള്‍ഫിനുകളെയും തിമിംഗലങ്ങളെയും വേട്ടയാടി കടല്‍ത്തീരത്തെത്തിച്ച് കഴുത്തറുക്കും. പ്രജനനത്തിനായി എത്തുന്ന തിമിംഗലങ്ങളെ തീരത്തോട് അടുപ്പിച്ച് തീരത്തു നില്‍ക്കുന്നവര്‍ കഴുത്ത് മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് അറുത്തിടുകയാണ് ചെയ്യുന്നത്. അതിനുശേഷം തീരത്ത് ഇവയെ കടല്‍ത്തീരത്ത് വിതറിയിടും. പിന്നീട് ചോര വാര്‍ന്നു കഴിയുമ്പോള്‍ ഇവയെ പ്രത്യേക  ഭക്ഷണകേന്ദ്രങ്ങളില്‍ എത്തിക്കും. 

പൈലറ്റ് വേള്‍സ് എന്നറിയപ്പെടുന്ന ചെറു തിമിംഗലങ്ങളെയാണ് സാധാരണ ഇവര്‍ കുരുതി നല്‍കാറുള്ളത്. ഒരു വര്‍ഷം 600 പൈലറ്റ് തിമംഗലങ്ങളെ ഇവിടെ കൊന്നൊടുക്കാറുണ്ട് എന്നാണ് സര്‍ക്കാര്‍ കണക്ക്. 250 ഡോള്‍ഫിനുകള്‍ വീതം ഇവിടെ കൊല്ലപ്പെടും. സാധാരണ ഡോള്‍ഫിനെ വെറുതെ വിട്ട് തിമിംഗലങ്ങളെയാണ് കൊല്ലാറുള്ളത്. എന്നാല്‍, ഈ പ്രാവശ്യം, ആയിരക്കണക്കിന് ഡോള്‍ഫിനുകളെ അരിഞ്ഞു തള്ളുകയായിരുന്നു. ഇത്തവണ ആയിരത്തി അഞ്ഞൂറോളം ഡോള്‍ഫിനുകളെയാണ് കൊന്നൊടുക്കിയത്.  1940-കളിലാണ് ഇതിനു മുമ്പ് ഇത്രയും തിമിംഗലങ്ങളെയും ഡോള്‍ഫിനെയും കൊന്നാടുക്കിയത് എന്നാണ് കണക്കുകള്‍.


 ഈ വേട്ടയും അരുംകൊലയും കാണാന്‍ നിരവധി പേരാണ് ഇവിടെ എത്താറുള്ളത്. 'സീ ഷെഫേഡ്' ട്വീറ്റ് ചെയ്ത ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗമാണ് വൈറലായത്. അതിന്‍െത്തുടര്‍ന്ന് ഈ അരുംകൊലയ്ക്ക് എതിരെ വന്‍ പ്രതിഷേധമുയര്‍ന്നു. വംശനാശ ഭീഷണി നേരിടുന്ന തിമിംഗലത്തെ കൊന്നൊടുക്കുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍, ഡെന്‍മാര്‍ക്ക് നിയമപ്രകാരം ഇതിനുത്തരവാദികളായ ആളുകള്‍ക്കെതിരെ കേസ് എടുക്കണം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആവശ്യം. എന്നാല്‍, ഇത് ആചാരപരമായ കാര്യമാണെന്നാണ് ദ്വീപുവാസികളുടെ മറുപടി. നൂറ്റാണ്ടുകളായി നടന്നുവരുന്ന ഈ ആചാരം മുടക്കാന്‍ പറ്റില്ലെന്നാണ് അവരുടെ വാദം. 

 

PREV
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്