
ക്രിസ്തു മരിച്ചവർക്കിടയിൽ നിന്നും ഉയർത്തിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം. വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകളാണിത്. ക്രൈസ്തവ വിശ്വാസ പ്രകാരം തിരുനാളുകളുടെ തിരുനാളാണ് ഉയർപ്പ് തിരുനാൾ അഥവാ ഈസ്റ്റർ. ഏതൊരു ക്രൈസ്തവന്റെയും വിശ്വാസങ്ങളുടെ കേന്ദ്രവും ഉയിർപ്പ് തിരുനാളാണ്. മനുഷ്യന്റെ വലിയ ശത്രുവായ മരണത്തെ ക്രിസ്തു പരാജയപ്പെടുത്തി, മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നുള്ളതാണ് ഈ ദിവസത്തിന്റെ വലിയ സന്ദേശം.
ക്ലാറൻസ് ഹാൾ എന്ന പണ്ഡിതൻ ഈസ്റ്റർ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: ’ഈസ്റ്റർ എന്തെങ്കിലും ഇന്നു നമ്മോടു സംവേദനം ചെയ്യുന്നെങ്കിൽ അത് ഇപ്രകാരമായിരിക്കും – നിങ്ങൾക്കു സത്യത്തെ കല്ലറയിൽ ഭദ്രമായി നിക്ഷേപിക്കാം. പക്ഷേ, അതവിടെ തുടരുകയില്ല. നിങ്ങൾക്കു സത്യത്തെ കുരിശുമരത്തിന്മേൽ ആണിയടിച്ചു തറയ്ക്കാം; പുത്തൻ തുണികൊണ്ടു ചുറ്റിപ്പൊതിഞ്ഞു കെട്ടാം; എന്നിട്ട് ഒരു കല്ലറയിൽ സൂക്ഷിക്കാം. പക്ഷേ, അത് അവിടെനിന്നു വിജയമകുടം ചൂടി പുറത്തുവരും.’
50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികൾ ഈസ്റ്റർ ദിനത്തിലേക്ക് പ്രവേശിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങളിൽ ഉയർപ്പ് തിരുനാൾ ദിനത്തിൽ പ്രത്യേക പ്രാർത്ഥനകളും ഉയർപ്പ് തിരുനാൾ തിരുകർമ്മങ്ങളും നടക്കും.
തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നമുക്കു നൽകുന്ന സുപ്രധാന പാഠങ്ങൾ. ആദ്യ നൂറ്റാണ്ടിൽ റോമിലെ ക്രിസ്ത്യാനികൾ ഈസ്റ്റർ ദിനത്തെ വിളിച്ചിരുന്നത് ’ആനന്ദത്തിന്റെ ഞായർ’ എന്നായിരുന്നു. ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളിൽ ’പാസ്ക്ക’ (Pascha) എന്ന പേരിൽ ഈസ്റ്റർ ആചരിച്ചിരുന്നു. പാസ്ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തിൽ നിന്നാണ് ഉരുവായത്. ഈ പാസ്ക്ക പെരുന്നാൾ പീഡാനുഭവും മരണവും ഉയിർപ്പും ചേർന്ന ഒരു സമഗ്ര ആഘോഷമായിരുന്നു.
ഒരു ഭൂതകാല സംഭവമായല്ല അപ്പോസ്തോലിക സഭ ഈസ്റ്ററിനെ കാണുന്നത്. വർത്തമാനകാല ജീവിതത്തിന് ശക്തി പകരുന്ന ഒരു യഥാർത്ഥ സംഭവമായാണ്. ഉയർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സാന്നിധ്യവും സഹായവും എല്ലാ ഘട്ടത്തിലും പ്രതീക്ഷിക്കാവുന്നതാണ് എന്നാണ് ക്രൈസ്തവ വിശ്വാസം. ’നിങ്ങൾക്ക് സമാധാനം എന്ന് അരുളി ചെയ്തുകൊണ്ട് ഏതു പ്രതിസന്ധിഘട്ടത്തിലും ക്രിസ്തുവിൻറെ സാന്നിധ്യം ജീവിതത്തിൽ അനുഭവപ്പെടാ’മെന്ന് ഓരോ ക്രിസ്തുമത വിശ്വാസിയും അടിയുറച്ചു വിശ്വസിക്കുന്നു.