കടാങ്കോട്ട് മാക്കവും മക്കളും, തെയ്യത്തെ മോഹിനിയാട്ടമായി ചിട്ടപ്പെടുത്തി നര്‍ത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം കലാവതി. ആ അനുഭവം ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റലുമായി പങ്കുവയ്ക്കുന്നു.
മക്കളെ ചേർത്തുപിടിച്ച് നിസ്സഹായതയിൽ നിറഞ്ഞാടുന്ന കടാങ്കോട്ട് മാക്കം. തെയ്യം കഥകളിൽ ആരുടെയും നെഞ്ചുലക്കുന്ന കഥയാണ് മാക്കത്തിന്റേത്. മാക്കപ്പോതിയുടെ തോറ്റം കേട്ട് കരയാതെ മടങ്ങുന്ന പെണ്ണുണ്ടാവില്ല. നാത്തൂൻമാരുടെ അപവാദങ്ങൾ കേട്ട് നേരാങ്ങളമാർ അരിഞ്ഞുതള്ളിയ മാക്കം. 'നട്ടുച്ചക്കതാ നക്ഷത്രമുദിക്കുന്നത് കണ്ടോ' എന്ന കളവ് കേട്ട് മുകളിലേക്ക് നോക്കിയപ്പോഴാണ് ആങ്ങളമാർ പെങ്ങളുടെ തലയറുത്തത്. മാക്കത്തിന്റെ മക്കളെയും അവർ വെറുതെ വിട്ടില്ല. പൊന്നുപോലെ കൊണ്ടുനടന്ന പൊന്നാങ്ങളമാർ തന്നെ കൊന്നുതള്ളിയ മാക്കം. ദുരഭിമാനത്തിന്റെ ഇരയായ മാക്കം, തെയ്യമായി ഉയിർത്തെഴുന്നേറ്റ മാക്കം. ഇതാണ് കടാങ്കോട്ട് മാക്കത്തിന്റെയും മക്കളുടെയും കഥ. എന്നാൽ, ആ തെയ്യത്തെ ലാസ്യനൃത്തകലാരൂപമായ മോഹിനിയാട്ടത്തിലേക്ക് പകർന്നാടുന്നത് എങ്ങനെയാണ്? ആ പരീക്ഷണമാണ് നർത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം കലാവതിയും നടത്തിയത്. കടാങ്കോട്ട് മാക്കത്തിന്റെയും മക്കളുടെയും കഥ പറയുന്ന നൃത്തരൂപം കലാമണ്ഡലം കലാവതി ചിട്ടപ്പെടുത്തി.

മോഹിനിയാട്ടത്തിൽ മാക്കം പിറന്ന കഥ
മാക്കത്തിന്റെ ജീവിതത്തിലെ രണ്ട് കാലങ്ങളാണ്, അഥവാ രണ്ട് രൂപങ്ങളാണ് കലാവതി ചിട്ടപ്പെടുത്തിയ മോഹിനിയാട്ടത്തിൽ കാണാനാവുക. ഒന്ന് ആദ്യകാലത്തെ സുന്ദരിയായ, ശാന്തത തുളുമ്പുന്ന മുഖമുള്ള മാക്കം, മറ്റൊന്ന് രൗദ്രരൂപിണിയായ മാക്കം. കടാങ്കോട്ട് മാക്കത്തിൻറെ കഥ മോഹിനിയാട്ടം രൂപത്തിൽ ചിട്ടപ്പെടുത്താൻ പ്രധാന കാരണം, ആ കഥയുടെ തീവ്രതയും അതിലുള്ള പെണ്ണിന്റെ വേദനയും നിസ്സഹായതയും തന്നെയാണ് എന്ന് കലാവതി പറയുന്നു.

'മാക്കത്തിന്റെ ചെറുപ്പകാലമൊക്കെ അതിമനോഹരമാണ്. കടാങ്കോട്ട് തറവാട്ടിലെ ഉണ്ണിച്ചെറിയ ആറ്റുനോറ്റിരുന്ന് കിട്ടിയ പെൺകുഞ്ഞ്, സ്നേഹവും വാത്സല്യവും ആവോളം നുകർന്നുള്ള അവളുടെ ബാല്ല്യകാലം, അതിലെ ഗ്രാമീണത അതൊക്കെയും മോഹിനിയാട്ടത്തിൽ കൊണ്ടുവരുന്നത് ഏറെ മനോഹരമായിരിക്കും എന്ന് തോന്നി. അതേസമയം തന്നെ, അതിതീവ്രവും വൈകാരികവുമായ അനുഭവമാണ് പിന്നീട് മാക്കത്തിന്റെ ജീവിതത്തിലുണ്ടാവുന്നത്. പക്ഷേ, അതും മോഹിനിയാട്ടത്തിന്റെ തനിമ നഷ്ടപ്പെടുത്താതെ തന്നെ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. അവസാനത്തെ കുറച്ചുനേരം മാത്രമാണ് ചാലയിൽ കെട്ടിയാടുന്ന കടാങ്കോട്ട് മാക്കമായി നർത്തകി മാറുന്നത്. അതിനായി കുറച്ച് മുഖത്തെഴുത്ത്, ചെണ്ട ഒക്കെയും ഉപയോഗിച്ചിട്ടുണ്ട്. കണ്ണൂരിലെ ജനങ്ങൾ കണ്ട് പരിചയിച്ച മാക്കത്തെ അവരുടെ മുന്നിൽ തന്നെയാണ് നമ്മൾ അവതരിപ്പിക്കുന്നത്, ആ ജനങ്ങൾക്കുള്ള ഒരു സമർപ്പണം പോലെയാണ് അത് ചെയ്തത്. അപ്പോഴും മോഹിനിയാട്ടത്തിന്റെ സ്വഭാവത്തിൽ നിന്നും അത് മാറിയിട്ടില്ല. മോഹിനിയാട്ടം തനത് സ്വഭാവം നഷ്ടപ്പെടുത്താതെ ചിട്ടപ്പെടുത്താൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ' എന്നും കലാവതി പറയുന്നു.
ആ ഒന്നരമാസം ഒരു ധ്യാനം പോലെ
ഒന്നരമാസം കൊണ്ടാണ് ഈ മോഹിനിയാട്ടം ചിട്ടപ്പെടുത്തിയത്. ആ ഒന്നരമാസക്കാലം ഒരു ധ്യാനം പോലെ ആയിരുന്നു എന്ന് കലാവതി പറയുന്നു. നൃത്താവിഷ്കാരം ഒരുക്കുന്നതിനായി ചാലയിൽ ഇരുപത് വർഷമായി മാക്കം തെയ്യം കെട്ടിയാടുന്ന നീലിയാർ കോട്ടത്തെ ദാസൻ എന്ന തെയ്യം കലാകാരനിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചു. കലാമണ്ഡലം ഗണേശനാണ് വരികൾ എഴുതിയത്. സ്വരാഗ് മാഹിയാണ് സംഗീതം.

മാക്കമായി അരങ്ങിലെത്തിയത് എം. പി. വിഷ്‌ണുപ്രിയ, ചന്ദ്രബാല സവിത്ത് എന്നിവരാണ്. ഇവരെ കൂടാതെ പി. കെ. ഐക്യ, കെ. ഉണ്ണിമായ, നയോമി ബൈജു, കെ. വി. വിസ്‌മയ, ശിവാനി ഗിരീഷ്, മയൂഖ ഷാജി, കെ. തൻമയ, കൃഷ്‌ണേന്ദു പ്രജീഷ്, ഗോപനന്ദ രാജേഷ്, അശ്വിക ഷാരോൺ എന്നീ നർത്തകിമാരും ഇവർക്കൊപ്പം അരങ്ങിലെത്തി.
കലാമണ്ഡലം കലാവതി
കഥകളി കലാകാരനായ കലാമണ്ഡലം ശങ്കരനാരായണന്റെ മകളാണ് കലാമണ്ഡലം കലാവതി. വളരെ ചെറുപ്പത്തിൽ അച്ഛനോടൊപ്പം ചുവടുകൾ വച്ച് തുടങ്ങി. 'അച്ഛൻ തനിക്കായി സെമി ക്ലാസിക്കൽ നൃത്തങ്ങൾ ചിട്ടപ്പെടുത്തി തരുമായിരുന്നു, അന്ന് ഏറെ ആർത്തിയോടെയാണ് ഓരോന്നും പഠിച്ചെടുത്തത്. കഥകളിയിൽ 'വിളിച്ചുകൂട്ടിക്കളി' ഉണ്ടാവും. അന്ന് കുട്ടികളുടെ ഭാഗം ആർക്കും കൊടുക്കരുത് തനിക്ക് തന്നെ വേണമെന്ന് വാശി പിടിക്കുമായിരുന്നു' എന്ന് കലാവതി പറയുന്നു. പിന്നീടാണ് മോഹിനിയാട്ടത്തിലേക്ക് വരുന്നത്. വിവാഹത്തോടെ കലാമണ്ഡലത്തിലെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും പിന്നീട് പലപ്പോഴായി പല ഗുരുക്കളിൽ നിന്നായി പഠനം പൂർത്തിയാക്കി.
നിലവിൽ കണ്ണൂരിൽ 'മുദ്ര കലാക്ഷേത്രം' എന്ന നൃത്ത വിദ്യാലയം നടത്തുന്നു. കടാങ്കോട്ട് മാക്കം കൂടാതെ, ഗിരീഷ് കർണ്ണാടിന്റെ നാഗമണ്ഡല, ഒഎൻവി കുറുപ്പിന്റെ ഭൂമിക്കൊരു ചരമഗീതം, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ഇരയിമ്മൻ തമ്പിയുടെ ഓമനത്തിങ്കൾ കിടാവോ, എന്തരോ മഹാനുഭാവുലു തുടങ്ങിയവയ്ക്കെല്ലാം നൃത്താവിഷ്കാരം ഒരുക്കിയിട്ടുണ്ട്.


