അമ്പമ്പോ! കണ്ടാൽ കണ്ണെടുക്കാത്ത സ്വർണ്ണമന്ദിരങ്ങൾ, പാർലമെൻറ് മുതൽ സുവർണ്ണ ക്ഷേത്രം വരെ

Published : Jan 19, 2025, 04:16 PM IST
അമ്പമ്പോ! കണ്ടാൽ കണ്ണെടുക്കാത്ത സ്വർണ്ണമന്ദിരങ്ങൾ, പാർലമെൻറ് മുതൽ സുവർണ്ണ ക്ഷേത്രം വരെ

Synopsis

ലോകത്തിലെ ഏറ്റവും മനോഹരമായ സ്വർണ്ണ നിർമ്മിതികളുടെ പട്ടികയിൽ മുൻപന്തിയിലാണ് അമൃത്സറിലെ സുവർണ്ണ ക്ഷേത്രം. ശ്രീ ദർബാർ സാഹിബ് അല്ലെങ്കിൽ ശ്രീ ഹർമന്ദിർ സാഹിബ് എന്നും അറിയപ്പെടുന്ന ഈ മനോഹരമായ നിർമിതിയിൽ സ്വർണ്ണം പൊതിഞ്ഞ താഴികക്കുടം ഉണ്ട്.

ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങളിൽ ഒന്നാണ് സ്വർണ്ണം. അതുകൊണ്ടുതന്നെ കാലങ്ങൾ എത്ര കഴിഞ്ഞാലും സ്വർണ്ണത്തിന്റെ മൂല്യം കുറയാൻ സാധ്യതയില്ല. ലോകമെമ്പാടും ആഡംബരത്തിന്റെ അടയാളമായാണ് ഇന്ന് സ്വർണ്ണം നിലകൊള്ളുന്നത്. സ്വർണ്ണത്തിൽ ഒരു കെട്ടിടം നിർമിക്കുക എന്നത് ഇന്ന് അത്ര എളുപ്പമല്ല. കാരണം അത്രമാത്രം ചെലവേറിയ കാര്യമാണ് അത്. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വർണത്താൽ നിർമ്മിച്ച പലനിർമ്മിതികളും ഇന്നും തലയെടുപ്പോടെ തിളങ്ങി നിൽപ്പുണ്ട്. വളരെ കാലങ്ങൾക്കു മുൻപ് നിർമ്മിച്ചതാണെങ്കിലും ഈ നിർമ്മിതികൾ ഇന്നും ലോകമെമ്പാടുമുള്ള ജനങ്ങളുടെ ആകർഷണ കേന്ദ്രങ്ങളാണ്.

അമൃത്സറിലെ സുവർണ്ണ ക്ഷേത്രം 

ലോകത്തിലെ ഏറ്റവും മനോഹരമായ സ്വർണ്ണ നിർമ്മിതികളുടെ പട്ടികയിൽ മുൻപന്തിയിലാണ് അമൃത്സറിലെ സുവർണ്ണ ക്ഷേത്രം. ശ്രീ ദർബാർ സാഹിബ് അല്ലെങ്കിൽ ശ്രീ ഹർമന്ദിർ സാഹിബ് എന്നും അറിയപ്പെടുന്ന ഈ മനോഹരമായ നിർമിതിയിൽ സ്വർണ്ണം പൊതിഞ്ഞ താഴികക്കുടം ഉണ്ട്. സിഖുകാരുടെ ആത്മീയ കേന്ദ്രമാണ് ഇത്. 750 കിലോഗ്രാം  24 കാരറ്റ് സ്വർണ്ണം ഈ ക്ഷേത്ര നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.  

ക്ഷേത്രത്തിൻ്റെ മുകളിലത്തെ നിലകളും താഴികക്കുടവും പൂർണ്ണമായും സ്വർണ്ണത്താലാണ് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിൻ്റെ വാതിലുകളും സ്വർണ്ണം കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. തെക്ക്, വടക്ക്, കിഴക്ക് പടിഞ്ഞാറ് ദിക്കുകളിലേക്ക് തുറക്കുന്ന വാതിലുകൾക്ക് മുകളിലുള്ള താഴികക്കുടങ്ങൾ അലങ്കരിക്കാൻ 2018 -ൽ ഏകദേശം 160 കിലോഗ്രാം സ്വർണം വീണ്ടും ഉപയോഗിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ഗോൾഡൻ പഗോഡ

മ്യാൻമറിലെ യാംഗൂണിലെ ശ്വേദഗോൺ പഗോഡ അല്ലെങ്കിൽ ഗോൾഡൻ പഗോഡ എന്ന് അറിയപ്പെടുന്ന ഈ  ക്ഷേത്രം ബുദ്ധമത വിശ്വാസികളുടെ  പുണ്യസ്ഥലങ്ങളിൽ ഒന്നാണ്.  റിപ്പോർട്ടുകൾ പ്രകാരം ശ്വേദഗോൺ പഗോഡയുടെ മേൽക്കൂര സ്വർണ്ണത്താൽ പൊതിഞ്ഞതാണ്. ഏകദേശം 4531 വജ്രങ്ങളും ഉപയോഗിച്ചിട്ടുണ്ട്. 

റോയൽ ബാങ്ക് പ്ലാസ

കാനഡയിലെ ടൊറൻ്റോയിലെ റോയൽ ബാങ്ക് പ്ലാസയിൽ സ്വർണ്ണ നിറമുള്ള ഗ്ലാസ് ജാലകങ്ങളുണ്ട്. കെട്ടിടത്തിൻ്റെ ഗ്ലാസ് നിർമ്മിക്കുന്നതിനായി 2,500 ഔൺസ് സ്വർണം ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 1970 -കളുടെ അവസാനത്തിൽ ഇത് സ്ഥാപിച്ചപ്പോൾ ഒരു പാളിക്ക് 70 കനേഡിയൻ ഡോളർ ആയിരുന്നു വില.

ഹംഗേറിയൻ പാർലമെൻ്റ് മന്ദിരം

ബുഡാപെസ്റ്റിലെ ഹംഗേറിയൻ പാർലമെൻ്റ് മന്ദിരം സ്വർണ്ണം കൊണ്ട് അലങ്കരിച്ചതാണ്. 40 കിലോഗ്രാം 22-23 കാരറ്റ് സ്വർണ്ണം, അപൂർവ സ്വർണ്ണ ഇലകൾ, അരലക്ഷം വിലയേറിയ കല്ലുകൾ എന്നിവ കൊണ്ടാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

ഡോം ഓഫ് ദി റോക്ക്

ജറുസലേമിലെ ഡോം ഓഫ് ദി റോക്കിൻ്റെ സവിശേഷത സ്വർണ്ണം പൂശിയ മേൽക്കൂരയാണ്.  പഴയ നഗരമായ ജറുസലേമിലെ ടെമ്പിൾ മൗണ്ടിൽ സ്ഥിതി ചെയ്യുന്ന ഒരു ദേവാലയമാണിത്. 

യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ജറുസലേമിൻ്റെ ഐക്കണിക് ലാൻഡ്‌മാർക്കുകളിൽ ഒന്നാണ്. 1959 നും 1961 നും ഇടയിലാണ് സ്വർണ്ണം പൂശിയ മേൽക്കൂര ആദ്യമായി ഇതിൽ ചേർത്തത്, എന്നാൽ ജോർദാനിലെ രാജാവ് ഹുസൈൻ 8.2 മില്യൺ ഡോളർ സംഭാവന നൽകിയതിന് ശേഷം ഈ നിർമ്മിതിയിൽ വീണ്ടും സ്വർണം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്