Memory: നെഞ്ചോട് ചേര്‍ത്തിട്ടും ഊര്‍ന്നുവീണ ഓര്‍മ്മകള്‍, കൊന്നുകുഴിച്ചിട്ടിട്ടും ബാക്കിയായ ഗന്ധങ്ങള്‍!

Web Desk   | Asianet News
Published : Feb 19, 2022, 03:29 PM ISTUpdated : Feb 19, 2022, 03:30 PM IST
Memory:  നെഞ്ചോട് ചേര്‍ത്തിട്ടും ഊര്‍ന്നുവീണ ഓര്‍മ്മകള്‍, കൊന്നുകുഴിച്ചിട്ടിട്ടും ബാക്കിയായ ഗന്ധങ്ങള്‍!

Synopsis

എന്നിട്ടും മറവി എളുപ്പമല്ലാതായി തീര്‍ന്ന ചില മണങ്ങളുണ്ട്. പൊള്ളിയടര്‍ത്തുന്ന ഓര്‍മ്മകള്‍.  ചിരസ്ഥായിയായ ദീര്‍ഘസ്മൃതികളില്‍ പറ്റി പിടിച്ചിരിക്കുകയാവണം അവ. കാലാന്തരത്തില്‍ ക്ഷയിച്ചു പോകാതെ അനുഭവങ്ങളുടെ ചൂട് കൊണ്ടാവാം ഓര്‍മ്മകളില്‍ ആ മണങ്ങള്‍ സ്ഥിരതാമസമാക്കിയത്.-റഹീമ ശൈഖ് മുബാറക്ക് എഴുതുന്നു

പാമോലീവ് സോപ്പിന്റെ ഗന്ധമായിരുന്നു ആ സ്ത്രീക്ക്. അവര്‍ വലിയ ശബ്ദത്തില്‍ ചിരിച്ചു കൊണ്ടേയിരുന്നു. ഡോക്ടര്‍ അവരുടെ മുഖത്ത് നോക്കി പതറാതെ സംസാരിച്ചു. നിങ്ങള്‍ക്ക് കുഷ്ഠമാണ്. അവരുടെ ചിരി നിലച്ചു. വെളുത്ത വസ്ത്രത്തിന്റെ നീളന്‍ ഷാളുകൊണ്ട് അവര്‍ വായ പൊത്തി പിടിച്ചു. ഡോക്ടര്‍ കുറിച്ച മരുന്നും വാങ്ങി അവര്‍ ദൂരേക്ക് ഇറങ്ങി നടന്നു. വെയില്‍ അവര്‍ക്ക് പുറകിലായി ഇറങ്ങി നടന്നു. പക്ഷേ എന്റെ ഉള്ളില്‍ നിന്നും അവര്‍ ഒരിക്കലും ഇറങ്ങി പോയില്ല, അവരുടെ ഗന്ധവും.

 

 

പറഞ്ഞു വരുന്നത് മണങ്ങളെ കുറിച്ചാണ്. മറവിയെ കുറിച്ചും ഓര്‍മ്മകളെ കുറിച്ചുമാണ്. ഓര്‍മ്മിക്കണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നിട്ടും മറന്നുപോയവ, മറന്നുപോയെങ്കിലെന്ന് തീവ്രമായാഗ്രഹിച്ചിട്ടും പഴുത്ത് പൊള്ളിച്ചു നില്‍ക്കുന്നവ.

അതില്‍ മനുഷ്യരുണ്ടായിരുന്നു; സ്ഥലങ്ങള്‍, വഴികള്‍, നിറങ്ങള്‍. അവരുടെ, അവയുടെ ഗന്ധസ്മൃതികള്‍. മറവിയിലൂടെയും ഓര്‍മ്മകളിലൂടെയും നടന്ന് ക്ഷീണിച്ചിട്ടൊടുവില്‍ ഉള്ളാലെ വലയ്ക്കുന്ന പലതും.

മറന്നു പോയ മണങ്ങളെ കുറിച്ച് ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. വല്ലാത്തൊരു അസ്വസ്ഥതയോടെ. തിരികേ നടക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍മ്മകളിലേക്ക് ഇനി മടങ്ങരുതെന്ന വാശിയോടെ ജീവിതത്തില്‍ നിന്നും പടിയിറങ്ങി പോയ മണങ്ങള്‍. ഋതുക്കള്‍ക്കൊപ്പം അലിഞ്ഞലിഞ്ഞു മാഞ്ഞവ.

മറന്നു പോയൊരു ദോശയുടെ മണമുണ്ടായിരുന്നു. ഒരിക്കലോ മറ്റോ കഴിച്ചത്. നെല്ലിയാമ്പതിയുടെ തണുപ്പിക്കുന്ന വൈകുന്നേരങ്ങളില്‍ എപ്പോഴോ ആയിരുന്നിരിക്കണം ഞാന്‍ ബെഞ്ചിന് മുകളില്‍ കയറിയിരിക്കുകയാണ്. എനിക്ക് വേണ്ടി മാത്രം ദോശക്കല്ലില്‍ മാവ് വീഴുന്ന ശബ്ദം കേള്‍ക്കാം. ചായക്കടക്കാരന്‍ ചൂടോടെ ദോശ പാത്രത്തിലേക്ക് പകരുന്നു. ആര്‍ത്തിയോടെ ഞാന്‍ കഴിച്ചു തീര്‍ക്കുന്നു.

മതിവന്നില്ല, കൊതിയും തീര്‍ന്നില്ല. മുതിര്‍ന്നവരില്‍ ആരോ കയ്യില്‍ പിടിച്ച് നടന്നു. നടക്കുന്ന വഴിയില്‍ കൈ ഇടക്കിടെ മണപ്പിച്ചു നോക്കി. മുമ്പോരിക്കലും ഞാന്‍ ദോശ കഴിച്ചിട്ടില്ലെന്ന് തോന്നി. പിന്നീടിങ്ങോട്ട് ഈ കാലം വരെ കഴിച്ച ദോശകള്‍ക്കൊന്നും മണമേ ഇല്ലായിരുന്നു. പക്ഷേ അതായിരുന്നില്ല സത്യം, ആ ദോശയുടെ മണം ഞാന്‍ മറന്നു പോവുകയായിരുന്നു.

 

 

അങ്ങനെ തന്നെയായിരുന്നു, പ്രിയപ്പെട്ട സുഹൃത്ത് സമ്മാനിച്ച മായ്ക്കറബ്ബറിന്റെ ഓര്‍മ്മയും. മധുരനാരങ്ങ നടുകീറിയത് പോലെയായിരുന്നു അതിന്റെ രൂപം. മൂക്കിന് അരികിലേക്ക് അടുപ്പിക്കുമ്പോള്‍ സന്തോഷം കണ്ടെത്താന്‍ പാകത്തിന് സുന്ദരമായ മണം.

എന്നിട്ടും ഞാനാ മണം ഉള്ളില്‍ നിന്നും മായ്ച്ചു കളഞ്ഞു. എം ടിയുടെ നിന്റെ ഓര്‍മ്മക്ക് വായിക്കുമ്പോഴൊക്കെയും ആ മായ്ക്ക റബ്ബറിന്റെ മണം ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കും. സിലോണില്‍ നിന്നും വന്ന ലീലയും, പെട്ടിക്കടിയില്‍ നിന്നും കിട്ടിയ റബ്ബര്‍ മൂങ്ങയും മാത്രം മുന്നില്‍ തെളിയും. നിര്‍ഭാഗ്യകരം, എന്നേക്കുമായി ആ മണവും എന്നെ വിട്ടു പോയിരിക്കുന്നു

സ്മൃതിയില്‍ നിന്നും മണങ്ങള്‍ അകന്നുപോകുമ്പോള്‍ ഏതൊക്കെയോ കാലങ്ങളും ജീവിതത്തില്‍ നിന്നും അടര്‍ന്നുപോകുകയാണ്. റബ്ബര്‍ മരങ്ങള്‍ പൂത്തിരുന്ന, റബ്ബര്‍ പാല്‍ കുടിച്ച് മരിച്ചുപോയൊരു പൂച്ച അടക്കം ചെയ്യപ്പെട്ടിരുന്ന, മള്‍ബെറി പഴങ്ങള്‍ പൊഴിഞ്ഞു വീണ് കിടന്നിരുന്ന, കലപില ശബ്ദം കൂട്ടുന്ന ഉപ്പനും കുരുവികളും സ്ഥിരം സന്ദര്‍ശനത്തിനെത്തുന്ന ഒരു വീ്. അതിനു മുന്‍വശം ആകാശം നോക്കിയിരിക്കുന്ന ഞാന്‍. മേഘങ്ങളെ നോക്കി ഒരു രാജകുമാരിയുടേയും മാന്ത്രിക ഭൂതത്തിന്റെയും കഥ സങ്കല്‍പ്പിക്കുന്ന ഒരു കുഞ്ഞുകുട്ടി. എന്നിട്ടും സങ്കടകരമെന്ന് പറയട്ടെ, ആ വീടിന് മാത്രം സ്വന്തമായിട്ടുണ്ടായിരുന്ന മണം; അതും ഞാന്‍ മറന്നു പോയിരിക്കുന്നു.

വളര്‍ന്നു പന്തലിച്ച മുല്ല വള്ളികളില്‍ നിന്നും കൊഴിഞ്ഞു വീണ പൂവുകള്‍ പെറുക്കിയെടുക്കുമ്പോള്‍ അനുഭവിച്ചിരുന്ന സായാഹ്നത്തിന്റെ മണം. ഇഷ്ടത്തോടെ സ്വന്തമാക്കിയ നീല വെല്‍വെറ്റ് കര്‍ച്ചീഫിന്റെ മണം. ആകാശത്തോളം ഉയരത്തില്‍ പറക്കുമെന്ന് വിശ്വസിച്ച് ദൂരേക്ക് പറപ്പിച്ച പൊടിഞ്ഞു വീണ പപ്പട മിട്ടായിയുടെ മണം. കുന്നോളം പൊക്കത്തില്‍ വളര്‍ന്ന കുരങ്ങി പ്ലാവിന്റെ ഓരത്ത് നിന്നും പഴങ്ങള്‍ പെറുക്കിയെടുക്കുമ്പോള്‍ പൊള്ളുന്ന വെയിലിനുണ്ടായിരുന്ന മണം. 

ഭൂതകാലഗന്ധങ്ങളൊക്കെയും അടര്‍ന്നുപോയ വേദനയുടെ മുനമ്പിലാണ് ഇന്നലെകളുടെ കുടികിടപ്പ്. 

എന്നിട്ടും മറവി എളുപ്പമല്ലാതായി തീര്‍ന്ന ചില മണങ്ങളുണ്ട്. പൊള്ളിയടര്‍ത്തുന്ന ഓര്‍മ്മകള്‍.  ചിരസ്ഥായിയായ ദീര്‍ഘസ്മൃതികളില്‍ പറ്റി പിടിച്ചിരിക്കുകയാവണം അവ. കാലാന്തരത്തില്‍ ക്ഷയിച്ചു പോകാതെ അനുഭവങ്ങളുടെ ചൂട് കൊണ്ടാവാം ഓര്‍മ്മകളില്‍ ആ മണങ്ങള്‍ സ്ഥിരതാമസമാക്കിയത്.

 

 

അപ്പോള്‍, ഞാന്‍ ആകാശവും നോക്കിയിരിക്കുകയായിരുന്നു. 

ഇതിഹാസത്തിന്റെ താളുകളില്‍ രവി മാനത്ത് കണ്ട, ദേവന്മാര്‍ കുടിച്ച് ഉപേക്ഷിച്ച കല്പകവൃക്ഷത്തിന്റെ തൊണ്ടുകളാണോ എന്നറിയില്ല, നക്ഷത്രങ്ങള്‍ പോലെ മിന്നി മിന്നി കൊണ്ട് എന്തോ താഴേക്ക് ഉതിര്‍ന്നു വീണു.

എന്താണത്..?

മുതിര്‍ന്നവരില്‍ ആരോ മറുപടി തന്നു.

ഭൂമിയില്‍ നിന്നാരോ മരിച്ചു പോകാന്‍ നക്ഷത്രം ഉതിര്‍ന്നു വീണതാണ്.

ഞാന്‍ ഭയത്തോടെ അത്ഭുതത്തോടെ ആശങ്കകള്‍ ഉറക്കെ പറഞ്ഞ് കൊണ്ട് ആകാശം നോക്കി കിടന്നു.

എന്റെ ആശങ്കയില്‍ കൂട്ടച്ചിരി പടര്‍ന്നു.

ഉമ്മറമാകെ നിറഞ്ഞു നിന്ന കൊതുക് തിരിയുടെ ഗന്ധം, അപ്പുറത്തെ വീട്ടില്‍ നിന്നും ഉയര്‍ന്നു വന്ന മരണത്തിന്റെ നിലവിളികള്‍. ചന്ദനത്തിരിയുടെ മടുപ്പിക്കുന്ന മണം. മറന്നുപോയെങ്കിലെന്ന് ആഗ്രഹിച്ചു. ഇല്ല തിളച്ചു മറിഞ്ഞുകൊണ്ട് അതെന്റെ ഉള്ളില്‍ ശേഷിച്ചു.

പാടഗിരിയുടെ മഞ്ഞുപെയ്തു തണുത്ത് വിറങ്ങലിച്ച സായാഹ്നം. ഹോസ്പിറ്റലില്‍ നേഴ്‌സുമാരുടെ സൂചി മുനയിലേക്ക് നോക്കി കിടക്കുകയാണ് ഞാന്‍. എന്റെ താടിയില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്നു. അവരെന്നെ ചേര്‍ത്ത് പിടിച്ചു. കരയരുതെന്ന് ഉപദേശിച്ചു. കയ്യില്‍ ഓറഞ്ച് നിറമുള്ള മിട്ടായികള്‍ വച്ചു തന്നു. 

വേദനിച്ചോ? 

ഓര്‍മ്മയില്ല പക്ഷേ ഞാന്‍ ഉറക്കെ കരഞ്ഞു. താടിയില്‍ സ്റ്റിച്ചുകള്‍ ചാലുകള്‍ തീര്‍ത്തു. എനിക്ക് പേടി തോന്നി. കണ്ണുകള്‍ അടച്ചു കൊണ്ട് ഞാന്‍ ആ മുറിയുടെ ഗന്ധം ഉള്ളിലേക്കടുത്തു. ആ ഗന്ധം ഭയത്തിന്റെതായിരുന്നു. വെളുത്ത കാലിയായ മരുന്ന് ഡപ്പികള്‍ കാണുമ്പോള്‍ ഓറഞ്ച് നിറമുള്ള മിട്ടായികള്‍ കാണുമ്പോള്‍, ആ മണം തിരികെ എന്റെ അരികിലേക്ക് തിരിച്ചുവന്നു കൊണ്ടേയിരുന്നു.

പാമോലീവ് സോപ്പിന്റെ ഗന്ധമായിരുന്നു ആ സ്ത്രീക്ക്. അവര്‍ വലിയ ശബ്ദത്തില്‍ ചിരിച്ചു കൊണ്ടേയിരുന്നു. ഡോക്ടര്‍ അവരുടെ മുഖത്ത് നോക്കി പതറാതെ സംസാരിച്ചു. നിങ്ങള്‍ക്ക് കുഷ്ഠമാണ്. 

അവരുടെ ചിരി നിലച്ചു. വെളുത്ത വസ്ത്രത്തിന്റെ നീളന്‍ ഷാളുകൊണ്ട് അവര്‍ വായ പൊത്തി പിടിച്ചു. 

ഡോക്ടര്‍ കുറിച്ച മരുന്നും വാങ്ങി അവര്‍ ദൂരേക്ക് ഇറങ്ങി നടന്നു. വെയില്‍ അവര്‍ക്ക് പുറകിലായി ഇറങ്ങി നടന്നു. പക്ഷേ എന്റെ ഉള്ളില്‍ നിന്നും അവര്‍ ഒരിക്കലും ഇറങ്ങി പോയില്ല, അവരുടെ ഗന്ധവും.

ഇനിയുമുണ്ടായിരുന്നു ഇഷ്ടമില്ലാത്ത മണങ്ങള്‍. ദു:ഖത്തിന്റെ ഉടുപ്പണിഞ്ഞ് ജീവിതത്തില്‍ ഒളിച്ചുപാര്‍ക്കുന്ന ഗന്ധങ്ങള്‍. 

 

 

ഓര്‍മ്മയുടെ കാര്യങ്ങള്‍ രസകരം തന്നെ. ഓര്‍ത്ത് വച്ചിരുന്നുവെങ്കിലെന്ന് അതിയായി ആഗ്രഹിക്കുന്ന മണങ്ങളെയെല്ലാം ജീവനില്ലാത്ത കഷ്ണങ്ങളാക്കി ഉപേക്ഷിക്കുന്നു. സങ്കടത്തിന്റെ നനവുള്ള ഗന്ധങ്ങളെയാവട്ടെ അതുപോലെ സൂക്ഷിക്കുന്നു!എത്ര വിചിത്രമാണ് ജീവിതത്തിന്റെ ഗന്ധസ്മൃതികള്‍. 

PREV
Read more Articles on
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്