Singapore : പിറവിയില്‍ മാത്രമല്ല, വളര്‍ച്ചയിലും സിംഗപ്പൂര്‍ വേറെ ലെവല്‍!

By P R VandanaFirst Published Aug 9, 2022, 1:43 PM IST
Highlights

ഇന്ന് സിംഗപ്പൂരിന്റെ സ്വാതന്ത്ര്യ വാര്‍ഷികം. ആ രാജ്യം സ്വാതന്ത്രമായ അസാധാരണമായ കഥ, സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആ രാജ്യത്തിന്റെ വളര്‍ച്ചയുടെയും. പി ആര്‍ വന്ദന എഴുതുന്നു.
 

വികസനസൂചികളില്‍ അസൂയാവഹമായ നേട്ടമാണ് ലോകരാജ്യങ്ങളില്‍ പ്രായം കുറഞ്ഞവയുടെ കൂട്ടത്തില്‍പെടുന്ന ഈ കുഞ്ഞന്‍ രാജ്യം സ്വന്തമാക്കിയിട്ടുള്ളത്. ഉത്പത്തിയില്‍ മാത്രമല്ല, വളര്‍ച്ചയിലും സിംഗപ്പൂര്‍ വേറെ ലെവല്‍ എന്ന് ചുരുക്കം. 

 

 

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും സഹനത്തിന്റേയും നീണ്ട ചരിത്രമുള്ള കുറേ രാജ്യങ്ങളാണ് ലോകത്തുള്ളത്, നമ്മുടെ നാട് പോലെ. എന്നാല്‍ പോയി സ്വതന്ത്രമാവൂ എന്ന് പറഞ്ഞു വിട്ട നാടുകള്‍ അധികമുണ്ടാവില്ല. സിംഗപ്പൂര്‍ വികസനപാതയിലെ മുന്നോട്ടായലില്‍ മാത്രമല്ല വ്യത്യസ്തമാവുന്നത്. പിറവിയിലും സിംഗപ്പൂര്‍ അനുപമമാണ്. മലേഷ്യ പറിച്ചകയറ്റിയ ശേഷം ഒരു സ്വതന്ത്ര റിപ്പബ്ലിക് ആയി സിംഗപ്പൂര്‍  രൂപീകരിക്കപ്പെടുന്നത്  1965 ഓഗസ്റ്റ് 9-നാണ്. 

മലയവാക്കായ സിംഗപ്പുരയില്‍ നിന്ന് ആംഗലവത്കരിച്ചാണ് പുതിയ രാജ്യത്തിന്റേ പേര് കിട്ടിയത്. മലയന്‍ മല്‍സ്യബന്ധനഗ്രാമം ആയിരുന്നു ഈ ദ്വീപുനഗരം തുടക്കത്തില്‍. ഇന്ത്യക്കും ചൈനക്കും ഇടയില്‍ പുതിയൊരു തുറമുഖം പണിയാന്‍ ആലോചിച്ചിരുന്ന ബ്രിട്ടീഷുകാരുടെ ശ്രദ്ധയില്‍ ഇതു പെട്ടതോടെ പ്രദേശത്തിന്റെ തലവര മാറി. 1819-ല്‍ ദ്വീപിലെത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ സ്റ്റാംഫോര്‍ഡ് റഫ്ള്‍സ്  ആണ് അതിനുള്ള കരാറൊപ്പിട്ടത്. വ്യാപാരമേഖലയില്‍ നിര്‍ണായക പങ്കായിരുന്നു വരുംനാളുകളില്‍ ദ്വീപ് നഗരത്തെ കാത്തിരുന്നത്. കുരുമുളകിന്റേയും റബ്ബറിന്റേയുമൊക്കെ കയറ്റുമതിയുടെ പ്രധാന കേന്ദ്രം. 

വലിയ പരിക്കുകളേല്‍പ്പിച്ചില്ലെങ്കിലും ഒന്നാംലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാര്‍ സിംഗപ്പൂരിനെ സേനാകേന്ദ്രവുമാക്കി. രണ്ടാംലോകമഹായുദ്ധം പക്ഷേ സിംഗപ്പൂരിനും ബ്രിട്ടീഷ് സേനക്കും വലിയ മുറിവുകളാണ് സമ്മാനിച്ചത്. സിംഗപ്പൂരിന് വേണ്ടി ജപ്പാനുമായി നടത്തിയ യുദ്ധം ബ്രിട്ടന് നാണക്കേടായി. 1942 ഫെബ്രുവരിയിലെ കീഴടങ്ങല്‍ അന്നത്തെ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ഭാഷയില്‍ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയറവ് പറയലായിരുന്നു. സിംഗപ്പൂരിന് ജപ്പാന്‍ സ്യോനാന്‍-തൊ എന്ന് പുതിയ പേരും സമ്മാനിച്ചു. എന്തായാലും യുദ്ധക്കെടുതി നീണ്ട ഏറെ മാസങ്ങള്‍ക്കിപ്പുറം 1945-ല്‍ അമേരിക്കയിട്ട അണുബോംബിന്റെ മാരകപ്രഹരശേഷിയില്‍ അടിതെറ്റി ജപ്പാന്‍ കീഴടങ്ങിയതോടെ സിംഗപ്പൂര്‍ വീണ്ടും ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായി. 

യുദ്ധാനന്തരക്കെടുതികളുടെ പൊല്ലാപ്പുകളും അനിശ്ചിതാവസ്ഥയില്‍ പൊട്ടിമുളച്ച അക്രമപരമ്പരകളും ദ്വീപ് നഗരത്തിന്റെ സൈ്വര്യക്കേടായിരുന്നു. ബ്രിട്ടീഷുകാരെ കുറിച്ച് അതുവരെ പ്രദേശവാസികള്‍ക്ക് ഉണ്ടായിരുന്ന മതിപ്പും വിശ്വാസവും ജപ്പാനോട് തോറ്റതോടെ കുറയുകയും ചെയ്തു. കോളനിവിരുദ്ധമനോഭാവം ജനങ്ങള്‍ക്കിടയില്‍ കൂടിവന്നു. കാര്യങ്ങള്‍ മനസ്സിലായ ബ്രിട്ടീഷുകാര്‍ ആവട്ടെ സ്വയംഭരണാധികാരത്തിന്റെ പങ്ക് കുറേശ്ശെ കുറേശ്ശെയായി കൂട്ടിക്കൊണ്ടുവരികയും ചെയ്തു. 

50-കള്‍ പക്ഷേ വീണ്ടും പ്രക്ഷോഭനാളുകളുടേതായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് അനുയായികളാണ് ഭരണകൂടത്തിനെതിരെ സമരം പ്രഖ്യാപിച്ചത്.  1955-ല്‍ ആദ്യ പൊതുതെരഞ്ഞെടുപ്പ്. തൊഴിലായി സഖ്യപാര്‍ട്ടിയില്‍ നിന്നുള്ള വിജയി ഡേവിഡ് മാര്‍ഷല്‍. അദ്ദേഹവും പിന്‍ഗാമിയായെത്തിയ ലിം യൂ ഹോക്കും സിംഗപ്പൂരിന്റെ സമ്പൂര്‍ണ സ്വയംഭരണാധികാരത്തിനായി പ്രവര്‍ത്തിച്ചു. 1959-ഓടെ കോമണ്‍ വെല്‍ത്തിലെ ആഭ്യന്തരകാര്യങ്ങളില്‍ സ്വയംഭരണാധികാരമുള്ള ആദ്യത്തെ രാജ്യമായി സിംഗപ്പൂര്‍. ഭാവിയെ കുറിച്ചും വിവിധ രാഷ്ട്രീയ സമവാക്യങ്ങളുടെ സന്തുലനത്തെ കുറിച്ചുമുള്ള  ചര്‍ച്ചകളും ആശങ്കകളുമൊക്കെ പുതിയ ആശയത്തിലേക്ക് വഴിവെച്ചു. 

1961 -ല്‍ ഒരു പുതിയ ഫെഡറേഷന്‍ എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് അന്ന് മലയയുടെ പ്രധാനമന്ത്രിയായിരുന്ന തുങ്കു അബ്ദുള്‍ റഹ്മാന്‍. 1963ല്‍ സിംഗപ്പൂരും മലയയും നോര്‍ത്ത് ബോര്‍ണിയോയും സരവാക്കും ചേര്‍ന്നുള്ള ഫെഡറേഷന്‍ ഓഫ് മലേഷ്യ വന്നു.  പക്ഷേ അതൊരു ഏച്ചുകെട്ടലായിരുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ അഭിപ്രായവ്യത്യാസങ്ങള്‍ കാരണം സിംഗപ്പൂര്‍ സര്‍ക്കാരും മലേഷ്യന്‍ കേന്ദ്ര സര്‍ക്കാരും പലപ്പോഴും പോര്‍മുഖത്തായിരുന്നു. ആശയസമരങ്ങള്‍ തെരുവുകളിലും പ്രതിഫലിച്ചു. വര്‍ഗീയകലാപവും വംശീയകലാപവും ഉണ്ടായി. ഫെഡറേഷന്‍ ആശയത്തിന് ജീവന്‍ നല്‍കിയ തുങ്കു അബ്ദുള്‍ റഹ്മാന്‍ തന്നെ സിംഗപ്പൂരിനെ മലേഷ്യയില്‍ നിന്ന് പുറത്താക്കാന്‍ മുന്‍കൈ എടുത്തു. 

അദ്ദേഹത്തിന്റെ ഉപദേശം കേട്ട മലേഷ്യന്‍ പാര്‍ലമെന്റ് ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ നീക്കി, സിംഗപ്പൂരിനെ മലേഷ്യയില്‍ നിന്ന് പുറത്താക്കി. 1965 ഓഗസ്റ്റ് 9-ന് അങ്ങനെ സിംഗപ്പൂര്‍ സ്വതന്ത്രരാജ്യമായി. നേടിയെടുത്തതായിരുന്നില്ല ആ പിറവി. കൊടുത്തതായിരുന്നു. ലീ ക്വാന്‍ യൂ ആദ്യപ്രധാനമന്ത്രിയായി. ആദ്യരാഷ്ട്രത്തലവന്‍ യൂസഫ് ബിന്‍ ഇഷാക്കും.

സ്വാതന്ത്ര്യം നേടുമ്പോള്‍ രാജ്യം സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും അരക്ഷിതാവസ്ഥയിലായിരുന്നു. എന്നാല്‍ മടിച്ചും ആലോചിച്ചും നില്‍ക്കാതെ കൃത്യമായ ആസൂത്രണത്തിലൂടെ, അധ്വാനത്തിലൂടെ ആ കൊച്ചുരാജ്യം വളരെ പെട്ടെന്ന് വികസിതരാജ്യങ്ങളുടെ പട്ടികയിലേക്ക് നടന്നുകയറി. വികസനസൂചികളില്‍ അസൂയാവഹമായ നേട്ടമാണ് ലോകരാജ്യങ്ങളില്‍ പ്രായം കുറഞ്ഞവയുടെ കൂട്ടത്തില്‍പെടുന്ന ഈ കുഞ്ഞന്‍ രാജ്യം സ്വന്തമാക്കിയിട്ടുള്ളത്. ഉത്പത്തിയില്‍ മാത്രമല്ല, വളര്‍ച്ചയിലും സിംഗപ്പൂര്‍ വേറെ ലെവല്‍ എന്ന് ചുരുക്കം. 

click me!