ഐസ് കട്ട കൊണ്ട് ഒരു ഹോട്ടല്‍, ഉരുകില്ല ഒരു കാലത്തും!

By Web TeamFirst Published Jun 12, 2021, 5:04 PM IST
Highlights

ഐസ് കട്ട കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ ഹോട്ടല്‍. ഐസ് ഹോട്ടല്‍ 365 എന്നറിയപ്പെടുന്ന ഇത് ലോകമെമ്പാടുമുള്ള യാത്രക്കാരെ വിസ്മയിപ്പിക്കുന്നു.
 

ഹോട്ടലിനകത്തെ താപനില സ്ഥിരമായ മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസിലാണ് സജ്ജീകരിച്ചിരിക്കുന്നത്. വേനല്‍ക്കാലത്ത് ഹോട്ടല്‍ തണുപ്പിക്കാന്‍ റഫ്രിജറേറ്റിംഗ് പ്ലാന്റും അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇത് സോളാര്‍ പാനലുകളില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗപ്പെടുത്തുന്നു. 

 

 

സ്വീഡനിലെ ലാപ്ലാന്റിലാണ് യുക്കസ്യാര്‍വി എന്ന ചെറിയ നദീതീര ഗ്രാമം. ആര്‍ട്ടിക് സര്‍ക്കിളിന് 200 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന ഇവിടെ 6000 -ഓളം തടാകങ്ങളും ആറ് മഹാനദികളുമുണ്ട്. എന്നാല്‍, അതൊന്നുമല്ല അവിടത്തെ സഞ്ചാരികളുടെ ആകര്‍ഷണം.  ആ മഞ്ഞുമലകള്‍ക്കിടയിലുള്ള അവിശ്വസനീയമായ ഒരു ഹോട്ടലാണ്. കല്ലുകൊണ്ടോ സിമെന്റുകൊണ്ട് ഒന്നുമല്ല അതിന്റെ ചുവരുകള്‍, ഐസ് പാളികള്‍ കൊണ്ടാണ്. ഐസ് കട്ട കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ ഹോട്ടല്‍. ഐസ് ഹോട്ടല്‍ 365 എന്നറിയപ്പെടുന്ന ഇത് ലോകമെമ്പാടുമുള്ള യാത്രക്കാരെ വിസ്മയിപ്പിക്കുന്നു.

ഇതിന്റെ മതിലുകള്‍, തറ, ഉത്തരം എല്ലാം ഐസ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിനായി 4,000 ടണ്‍ ഐസ് അവര്‍ എല്ലാ വര്‍ഷവും ശേഖരിക്കുന്നു. താപനില പൂജ്യത്തിന് താഴെ പോകുന്ന സമയത്താണ് ഇതിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. അടുത്തുള്ള ടോണ്‍ നദിയില്‍ നിന്നാണ് ഇത് പണിയാന്‍ ആവശ്യമായ ഐസുകള്‍ ശേഖരിക്കുന്നത്. 

 

വര്‍ഷത്തില്‍ 365 ദിവസവും ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നു. ഹോട്ടലില്‍ 50 ലധികം മുറികളുണ്ട്, കൂടാതെ വിവാഹങ്ങള്‍ നടത്താന്‍ ഒരു ചാപ്പലും, ഒരു ഐസ് ബാറും ഉണ്ട്.  പ്രകൃതിയുടെ ശാന്തതയും, കുളിര്‍മ്മയും ചേര്‍ന്ന് വ്യത്യസ്തമായ ഒരു അനുഭവം. ചൂട് കാലത്ത് സൈക്ലിംഗ്, റിവര്‍ റാഫ്റ്റിംഗ്, മീന്‍പിടുത്തം എന്നിവയും, ശീതകാലമാകുമ്പോള്‍, സ്‌കീയിംഗ്, ഹസ്‌കി സ്ലെഡ്ഡിംഗ്, നോര്‍ത്തേണ്‍ ലൈറ്റ് ടൂറുകള്‍, ഐസ് ശില്‍പം എന്നിവയും ഒരുക്കിയിരിക്കുന്നു.  

ചൂടുകാലത്ത് പോലും ഈ ഹോട്ടല്‍ ഉരുകില്ല. ഹോട്ടലിന്റെ അടിത്തറ ഇരുമ്പും കോണ്‍ക്രീറ്റും കൊണ്ട് നിര്‍മ്മിച്ചതാണ്. വേനല്‍ക്കാലത്ത് ഐസ് ഉരുകാതിരിക്കാന്‍ മേല്‍ക്കൂരയ്ക്ക് 20 സെന്റീമീറ്റര്‍ ഇന്‍സുലേഷന്‍ നല്‍കിയിരിക്കുന്നു.  സുഖപ്രദമായ കിടക്കകള്‍ക്കൊപ്പം, അതിഥികള്‍ക്ക് ടോയ്ലറ്റുകളും വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കാന്‍ ചെറിയ ലോക്കബിള്‍ ക്യാബിനറ്റുകളും അതിനകത്ത് ഉണ്ട്.   

ഹോട്ടലിനകത്തെ താപനില സ്ഥിരമായ മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസിലാണ് സജ്ജീകരിച്ചിരിക്കുന്നത്. വേനല്‍ക്കാലത്ത് ഹോട്ടല്‍ തണുപ്പിക്കാന്‍ റഫ്രിജറേറ്റിംഗ് പ്ലാന്റും അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇത് സോളാര്‍ പാനലുകളില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗപ്പെടുത്തുന്നു. 

 

click me!