Latest Videos

ഭീകരവാദ കേസില്‍ അറസ്റ്റിലായ കൗമാരക്കാരന് ഒരു ജഡ്ജ് നല്‍കിയ വിചിത്രമായ ശിക്ഷ!

By Web TeamFirst Published Sep 2, 2021, 3:09 PM IST
Highlights

ഭീകരവാദ കുറ്റത്തിന് അറസ്റ്റിലായ കൗമാരക്കാരനോട് നല്ല സാഹിത്യം വായിച്ചിട്ടു വരാന്‍ കോടതി. ഷേക്‌സ്പിയര്‍, ചാള്‍സ് ഡിക്കന്‍സ്, ജെയിന്‍ ഓസ്റ്റിന്‍ എന്നിവരുടേതടക്കമുള്ള ക്ലാസിക് സാഹിത്യം വായിച്ചുവരാനാണ് ബ്രിട്ടനിലെ ലെയിസ്റ്റര്‍ ക്രൗണ്‍ കോടതിയുടെ ഉത്തരവ്.

ഭീകരവാദ കുറ്റത്തിന് അറസ്റ്റിലായ കൗമാരക്കാരനോട് നല്ല സാഹിത്യം വായിച്ചിട്ടു വരാന്‍ കോടതി. ഷേക്‌സ്പിയര്‍, ചാള്‍സ് ഡിക്കന്‍സ്, ജെയിന്‍ ഓസ്റ്റിന്‍ എന്നിവരുടേതടക്കമുള്ള ക്ലാസിക് സാഹിത്യം വായിച്ചുവരാനാണ് ബ്രിട്ടനിലെ ലെയിസ്റ്റര്‍ ക്രൗണ്‍ കോടതിയുടെ ഉത്തരവ്. നാലു മാസംകൂടുമ്പോള്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ച് ചോദ്യം ചോദിക്കുമെന്നും ജഡ്ജി പറഞ്ഞു. 

ബ്രിട്ടനിലെ ലെയിസ്റ്ററിലുള്ള ഡി മോണ്ട് എഫോര്‍ട്ട് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരുന്ന ബെന്‍ ജോണ്‍ എന്ന 21-കാരനാണ് വിചിത്രമായ 'ശിക്ഷ.' സ്വവര്‍ഗപ്രണയികള്‍ക്കും കുടിയേറ്റക്കാര്‍ക്കും ലിബറലുകള്‍ക്കുമെതിരെ ആക്രമണം നടത്താന്‍ പരസ്യമായി ആഹ്വാനം ചെയ്യുകയും ബോംബ് നിര്‍മാണത്തെക്കുറിച്ചും വെടിക്കോപ്പുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ വന്‍തോതില്‍ ഇന്റര്‍നെറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് ലിങ്കന്‍ സ്വദേശിയായ ബെന്‍ അറസ്റ്റിലായത്. വെള്ളക്കാരുടെ ആധിപത്യത്തെക്കുറിച്ച് പറയുന്ന തീവ്രവലതുപക്ഷ സ്വഭാവമുള്ള 70,000 ലഘുലേഖകളും രേഖകളും മറ്റും ബെന്‍ ഡൗണ്‍ലോഡ് ചെയ്തതായി കണ്ടെത്തിയിരുന്നു.

ഭീകരവാദ സംഘങ്ങളിലേക്ക് എളുപ്പം റിക്രൂട്ട് ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് 18 വയസ്സുള്ളപ്പോള്‍ കണ്ടെത്തിയ ബെന്നിനെ കൗണ്‍സലിംഗ് അടക്കമുള്ള പരിപാടികള്‍ക്കായി അന്ന് വിട്ടിരുന്നു. എന്നാല്‍, അതു കഴിഞ്ഞും ബെന്‍ ബോംബ് ഉണ്ടാക്കുന്നതടക്കമുള്ള വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റിയതായി കണ്ടെത്തി. ഒപ്പം, കുടിയേറ്റക്കാര്‍ക്കും സ്വവര്‍ഗപ്രണയികള്‍ക്കും എതിരെ ആക്രമണങ്ങള്‍ നടത്തണമെന്ന് ആഹ്വാനം ചെയ്ത് ഒരു കത്തും എഴുതി. ഫാഷിസ്റ്റ് അണ്ടര്‍ഗ്രൗണ്ട് എന്ന ഗ്രൂപ്പുമായി ബന്ധം പുലര്‍ത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ബെന്‍ അറസ്റ്റിലായത്.   

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ കൈവശംവെച്ച കേസില്‍ ഓഗസ്റ്റ് 11-ന് ബെന്നിനെ ജൂറി കുറ്റവാളിയായി കണ്ടെത്തിയിരുന്നു. 15 വര്‍ഷം തടവുശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് ബെന്നിന് എതിരെ ചുമത്തിയത്. 

തുടര്‍ന്ന് കേസ് പരിഗണിച്ച ലെയിസ്റ്റര്‍ ക്രൗൗണ്‍ കോടതി ജഡ്ജ് വ്യത്യസ്തമായാണ് സംഭവത്തെ കണ്ടത്. ബെന്‍ ഭീകരവാദത്തിന്റെ അതിരിലാണ് നില്‍ക്കുന്നതെന്നും വഴുതിപ്പോവുന്നതിനു മുമ്പ് അവനെ മാനസാന്തരം നടത്തുകയാണ് വേണ്ടതെന്നും ജഡ്ജ് തിമോത്തി സ്‌പെന്‍സര്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടാന്‍ സാധ്യതകള്‍ ഏറെയുണ്ടെങ്കിലും ശിക്ഷ ഒഴിവാക്കാന്‍ ജഡ്ജ് സമ്മതിച്ചു. അതിനു പകരമാണ്, ക്ലാസിക് സാഹിത്യം വായിക്കാനും നാലു മാസം കൂടുമ്പോള്‍ ജഡ്ജിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുമുള്ള ഓപ്ഷന്‍ മുന്നോട്ടുവെച്ചത്. 

ഇനി ഭീകരവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചു പോവില്ലെന്ന് ബെന്‍ ജഡ്ജിനോട് സത്യം ചെയ്തു. അന്നേരമാണ്, നീ ഡിക്കന്‍സിനെയോ ജെയിന്‍ ഓസ്റ്റിനെയോ േഷക്‌സ്പിയറിനെയോ വായിച്ചിട്ടുണ്ടോ എന്ന് ജഡ്ജ് ചോദിച്ചത്.  

ഇല്ലെന്നു പറഞ്ഞപ്പോള്‍, അവരുടെ പുസ്തകങ്ങള്‍ വായിക്കാന്‍ ജഡ്ജ് പറഞ്ഞു. ''വരുന്ന ജനുവരി നാലിന് നീ വീണ്ടും കോടതിയില്‍ വരണം. നീ വായിച്ചോ എന്ന് ഞാന്‍ പരിശോധിക്കും. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയില്ലെങ്കില്‍ നീ അനുഭവിക്കേണ്ടിവരും'-ജഡ്ജ് പറഞ്ഞു. 

click me!