India@75 : സ്വാതന്ത്ര്യ പോരാട്ടത്തിനായി മുങ്ങിക്കപ്പലിലെത്തിയ മലയാളി, കേരളത്തിന്റെ ഭഗത് സിങ്!

By Web TeamFirst Published Aug 10, 2022, 12:00 PM IST
Highlights

സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് വക്കം അബ്ദുല്‍ ഖാദര്‍

''പ്രിയപ്പെട്ട വാപ്പ, വാത്സല്യനിധിയായ എന്റെ ഉമ്മ, എന്റെ സഹോദരീസഹോദരങ്ങളെ, 

ഞാന്‍ എന്നെന്നേക്കുമായി നിങ്ങളെ വിട്ടുപിരിയുന്നു. നാളെ രാവിലെ ആറു  മണിക്ക്  മുമ്പായിരിക്കും എന്റെ എളിയ മരണം. ഞാന്‍ എത്രത്തോളം ധൈര്യത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടിയാണ് മരിച്ചതെന്ന് ദൃക്സാക്ഷികളില്‍ നിന്ന്  നിങ്ങള്‍ അറിയാനിടയായാല്‍ നിങ്ങള്‍ സന്തോഷിക്കാതിരിക്കില്ല. തീര്‍ച്ചയായും അഭിമാനിക്കുകയും ചെയ്യും...''


1943 സെപ്തംബര്‍ പത്തിന് തൂക്കുമരത്തിലേറുന്നതിനു ഒരു ദിവസം മുമ്പ് ഒരു വിപ്ലവകാരി സ്വന്തം കുടുംബത്തിന് എഴുതിയ കത്തിലെ വരികളാണിത്. വക്കം അബ്ദുല്‍ ഖാദര്‍ ആണ് 26 കാരനായ ആ രക്തസാക്ഷി. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ പ്രവര്‍ത്തിച്ചതിനു തൂക്കിലേറ്റപ്പെട്ട ഏക മലയാളി. കേരളത്തിന്റെ ഭഗത് സിങ്.   

1917 മെയ് 25 -ന് തിരുവനന്തപുരത്തിനടുത്ത് വക്കത്ത് വാവക്കുഞ്ഞ് -ഉമ്മസലുമ്മ ദമ്പതികളുടെ നാലാമത്തെ മകനായി മുഹമ്മദ് അബ്ദുല്‍ ഖാദറിന്റെ ജനനം.  കുട്ടിയായിരിക്കുമ്പോള്‍ തന്നെ സംഗീതത്തിലും ഫുട്ബാളിലും കമ്പക്കാരന്‍ . ഒപ്പം സ്വാതന്ത്ര്യസമരത്തിലും. സ്‌കൂള്‍ കാലത്ത് തന്നെ ദിവാന്‍ സര്‍ സി പിയുടെ  മര്‍ദ്ദകഭരണത്തിനെതിരെ ശബ്ദമുയര്‍ത്തി ഖാദര്‍.  ഗാന്ധിയുടെ കേരളം സന്ദര്‍ശനത്തിടയില്‍ തീവണ്ടിമുറിയില്‍ കയറി അദ്ദേഹത്തിന്റെ കൈ മുത്തി ആ കുട്ടി. ഇരുപത്തൊന്നാം വയസ്സില്‍ തൊഴില്‍ തേടി മലേഷ്യക്ക് പോയി അവിടെ പൊതുമരാമത്ത് വകുപ്പില്‍ ചേര്‍ന്നു. പക്ഷെ അക്കാലത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി അവിടെ  പ്രവര്‍ത്തിച്ച ഇന്ത്യ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിലായിരുന്നു ഖാദറിന് കൂടുതല്‍ താല്‍പ്പര്യം. ലീഗ് പ്രവര്‍ത്തകര്‍ ബോസിന്റെ ഐ എന്‍ എയില്‍ ചേര്‍ന്നപ്പോള്‍ ഖാദറും അതില്‍ ഉള്‍പ്പെട്ടു. മലേഷ്യയിലെ പെനാങില്‍ ഐ എന്‍ എ സൈനികര്‍ക്കുള്ള ഇന്ത്യന്‍ സ്വരാജ് ഇന്‍സ്റ്റിറ്റിയുട്ടില്‍ സൈനിക പരിശീലനത്തിന് ചേര്‍ന്ന ആദ്യത്തെ അമ്പതുപേരില്‍ ഖാദര്‍ ഉണ്ടായിരുന്നു.  

 

കേരളത്തിന്റെ ഭ​ഗത് സിങ്-വക്കം ഖാദർ|സ്വാതന്ത്ര്യസ്പർശം|India@75 pic.twitter.com/k9A3ShhtCg

— Asianet News (@AsianetNewsML)

 


1942 സെപ്തബര്‍ 18. ഖാദറിന് ഒരു സുപ്രധാന ദൗത്യം ഏല്‍പിക്കപ്പെട്ടു. ഇന്ത്യയിലെത്തി ബ്രിട്ടനെതിരെ സായുധയുദ്ധം നടത്താന്‍  തെരഞ്ഞെടുക്കപ്പെട്ട ഇരുപത് ഐ എന്‍ എ സൈനികരില്‍ അദ്ദേഹവും ഉള്‍പ്പെട്ടു.   പെനാങ് 20 എന്നറിയപ്പെട്ട ഈ ചാവേര്‍ സംഘത്തില്‍ പത്ത് പേര് അന്തര്‍വഹിനിയിലായിരുന്നു യാത്ര.  ഒന്‍പത് ദിവസത്തിനു ശേഷം മുങ്ങിക്കപ്പല്‍ ഇന്ത്യന്‍ തീരത്തെത്തി. 

ഖാദര്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം എത്തിയത് മലപ്പുറത്തെ താനൂര്‍ തീരത്തായിരുന്നു.  പക്ഷെ തീരത്ത് കാല്‍ കുത്തിയപാടെ എല്ലാവരെയും മലബാര്‍ സ്‌പെഷ്യല്‍ പോലീസ് അറസ്റ്റ് ചെയ്തു. ജപ്പാന്റെ ചാരന്മാരെന്നാണ് അവര്‍ കരുതിയത്. മറ്റുള്ളവരും ഇന്ത്യയുടെ പലയിടങ്ങളില്‍ നിന്ന് പിടിക്കപ്പെട്ടു. മദിരാശി ഫോര്‍ട്ട് സെന്റ് ജോര്‍ജ്ജ് ജയിലിലായിരുന്നു ഖാദര്‍. ദേശദ്രോഹം ചുമത്തപ്പെട്ട ഇരുപതു പേരില്‍ അഞ്ച്  പേര്‍ക്ക് തടവും തുടര്‍ന്ന് വധശിക്ഷയും വിധിക്കപ്പെട്ടു. ഈ അഞ്ച്  പേരില്‍ ഖാദറും ഉള്‍പ്പെട്ടു.  

മലയാളികളായ  അനന്തന്‍ നായര്‍ക്കും ബോണിഫേസ് പെരേരയ്ക്കും പുറമെ  പഞ്ചാബിയായ ഫൗജ സിങ്, ബംഗാളില്‍ നിന്നുള്ള സത്യേന്ദ്ര ചന്ദ്ര ബര്‍ദാന്‍ എന്നിവരായിരുന്നു ഇവര്‍. ഇവരില്‍ ബോണിഫേസ് പിന്നീട് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.  1943 സെപ്തംബര്‍ 10ന് മദിരാശി സെന്‍ട്രല്‍ ജയിലിലില്‍ ഖാദറും മറ്റുള്ളവരും തൂക്കികൊല്ലപ്പെട്ടു. വന്ദേമാതരം എന്ന് ചൊല്ലിക്കൊണ്ടായിരുന്നു അദ്ദേഹം തൂക്കുമരത്തില്‍ കയറിയത്


തൂക്കുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പ് ബോണിഫേസിനു ഖാദര്‍ എഴുതി.


എന്റെ പ്രിയപ്പെട്ട ബോണി,  

എന്റെ അന്ത്യയാത്രയിലെ അവസാന വാക്കുകള്‍ ഇതാ!

നമ്മുടെ മരണം മറ്റനേകം പേരുടെ ജനനത്തിന് വഴിയൊരുക്കും. എണ്ണമറ്റ വീരന്മാര്‍, മഹാത്മാക്കളായ ഭാരത പുത്രന്മാര്‍, മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി സര്‍വവ്വും ത്യജിച്ചവര്‍, ഇതിനകം ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ട്. അവരോട് താരതമ്യപ്പെടുത്തിയാല്‍ നമ്മള്‍ പൂര്‍ണ്ണചന്ദ്രന്റെ മുമ്പില്‍ വെറും മെഴുകുതിരികള്‍...

click me!