സ്വന്തക്കാര്‍ വരെ തള്ളിപ്പറഞ്ഞു, ഒപ്പം നിന്നവര്‍ ഓടിച്ചുവിട്ടു, ഇറോം ശര്‍മിളയുടെ പോര്‍മുഖങ്ങള്‍!

By P R VandanaFirst Published Aug 9, 2022, 1:53 PM IST
Highlights

നാല്‍പത്തിയഞ്ചാംവയസ്സില്‍ കേരളത്തില്‍ ഒരു പരിപാടിക്ക് വന്നപ്പോള്‍ ജീവിതത്തിലാദ്യമായി പിറന്നാള്‍ കേക്ക് മുറിച്ച  ഇറോം അന്നും ഒരു പക്ഷേ ആഗ്രഹിച്ചത് അതാകും. മണിപ്പൂരിന്റെ മെങ്കോബി ഇന്നും സ്വപ്നം കാണുന്നതും ഒരു പക്ഷേ അതാകും. ആര്‍ദ്രതയുള്ള കനിവുള്ള മനുഷ്യരുടെ ലോകം.     
 

സമരത്തിന് പിന്തുണ കിട്ടിയെങ്കിലും ജീവിത്തില്‍ തനിച്ച് നടന്ന വര്‍ഷങ്ങള്‍ക്ക് ഒടുവില്‍ പ്രണയത്തിന്റെ നിഴലായി ഡെസ്മണ്ട് കുടിഞ്ഞ്യോ എന്ന ഗോവന്‍ വേരുള്ള ബ്രിട്ടീഷുകാരന്‍ എത്തിയപ്പോഴും നാടിന്റെയും നാട്ടാരുടേയും പ്രതികരണം ഇറോമിന് നോവായി. രക്തസാക്ഷിയെ പ്രതീക്ഷിച്ച് നിന്നവര്‍ക്ക് ഒരു വ്യക്തി എന്ന നിലക്ക് തനിക്ക് സ്വാഭാവികമായുള്ള വികാരവിചാരങ്ങള്‍ മനസ്സിലായില്ലെന്ന് അവര്‍ സ്വയം സമാധാനിച്ചു. 

 

Also Read : 16 വര്‍ഷത്തിനു ശേഷം അവളാദ്യമായി അന്ന് ഭക്ഷണം കഴിച്ചു, രണ്ടു തുള്ളി തേന്‍!

 

ചില പോരാട്ടങ്ങള്‍ ചരിത്രത്തില്‍ അവശേഷിപ്പിക്കുക ചില ചോദ്യങ്ങളാണ്. പോരാട്ടവിജയങ്ങളേക്കാളും പോരാളികളുടെ സഹനത്തേക്കാളും ഉപരിയായി ബാക്കിയാവുന്ന ചോദ്യങ്ങള്‍. സ്വന്തം ജീവനും ജീവിതവും വെച്ച് ചിലര്‍ പോരാടിയത് എന്തിന് വേണ്ടിയാണോ ആര്‍ക്ക് വേണ്ടിയാണോ അവര്‍ തന്നെ മുഖംതിരിച്ച് നിരാസം രേഖപ്പെടുത്തുമ്പോള്‍ ഉയരുന്ന ചോദ്യങ്ങളാണ് അത്. പോരാടിത്തളര്‍ന്നവര്‍ക്കും പോരാടി ജയിച്ചവര്‍ക്കും ഒരു പോലെ ഉള്ളില്‍ ചോര പൊടിയും ആ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍. 

അത്തരമൊരു പോരാളിക്ക് ചോര ഇറ്റുത്തുടങ്ങിയ ദിവസമാണ് ഇന്ന്. 2016 ഓഗസ്റ്റ് 9-നാണ് ഇറോം ഷര്‍മിള പതിനാറ് വര്‍ഷത്തെ നിരാഹാരസമരം അവസാനിപ്പിച്ചത്.  അപ്പോള്‍ ഉയര്‍ന്നു വിമര്‍ശനങ്ങള്‍. ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞു, അത്രനാളും കൊണ്ടുനടന്നവര്‍. തെരഞ്ഞെടുപ്പില്‍ മൂന്നക്കത്തിലെത്താത്ത വോട്ടുനല്‍കി ഞെട്ടിച്ചു, ജനങ്ങള്‍. ഇഷ്ടം തോന്നിയ ആളുടെ കൈപിടിക്കാന്‍ ഒരുങ്ങിയത് ഗൂഢാലോചനയുടെ തെളിവെന്ന് പഴയ സമരസഖാക്കള്‍ ആരോപിച്ചു. അപ്പോഴെല്ലാം അന്നത്തിന്റെ രുചിയും മണവും അറിയാത്ത 5757 ദിവസങ്ങള്‍ ഇറോമിനെ നോക്കി ചിരിച്ചു. അധികാരകേന്ദ്രങ്ങളുടെ സമ്മര്‍ദത്തിനും കഠിനസമരത്തിനും തളര്‍ത്താന്‍ കഴിയാതിരുന്ന മനസ്സ് അപ്പോഴെല്ലാം രണ്ടിറ്റ് കണ്ണുനീര്‍ വീഴ്ത്തി. മണിപ്പൂരില്‍ ജനിച്ച് വളര്‍ന്ന് പിന്നെ നാടിന്റെ ഉരുക്കുവനിതയായവള്‍ക്ക് കാലിടറിയത് അപ്പോഴാണ്.

ഇംഫാല്‍ താഴ്‌വരയിലെ മാലോം പട്ടണത്തിലെ ബസ് സ്റ്റോപ്പില്‍ നിന്നവര്‍ക്ക് നേരെ പ്രത്യേകനിയമം നല്‍കുന്ന അധികാരഹുങ്കിലാണ് സുരക്ഷാസേന വെടിയുതിര്‍ത്തത്. ജീവന്‍ പോയത് പത്തുപേര്‍. അവരില്‍ ധീരതക്കുള്ള ദേശീയപുരസ്‌കാരം നേടിയ പതിനെട്ടുകാരി സീനം ചന്ദ്രമണിയും ഉണ്ടായിരുന്നു. 2000 നവംബര്‍ രണ്ടിന് മാലോം കൂട്ടക്കൊല നടക്കുമ്പോള്‍ ഇറോം ഷര്‍മിളക്ക് പ്രായം 28. കരിനിയമമായ അഫ്‌സ്പ വീഴ്ത്തിയ ചോരത്തുള്ളികളില്‍ നിന്ന് സമരത്തിന്റെ ഏകാന്തവീഥിയിലേക്ക് നടത്തം തുടങ്ങി അവള്‍. 

നവംബര്‍ അഞ്ചിനാരംഭിച്ചു സഹനസമരത്തിന്റെ ആ വീരഗാഥ. കരിനിയമം പിന്‍വലിക്കുംവരെ വെള്ളം കുടിക്കില്ല,ഭക്ഷണം കഴിക്കില്ല, തലമുടി ചീകില്ല, കണ്ണാടി നോക്കില്ല എന്നിങ്ങനെ തീരുമാനങ്ങള്‍. കരളുറപ്പോടെ എടുത്ത ആ തീരുമാനത്തിന് മുന്നില്‍ അധികാരത്തിന്റെ സമ്മര്‍ദതന്ത്രങ്ങളും അനുനയങ്ങളും പിന്‍വാങ്ങി. പല തവണ അറസ്റ്റ്, ജാമ്യം. പല നേതാക്കളും വന്നു കണ്ടു, പിന്തുണക്കാനും പിന്‍വാങ്ങിക്കാനും. അമ്മയെ കാണാന്‍ ഇറോം കൂട്ടാക്കിയില്ല, തന്റെ മനോധൈര്യത്തിന് ഇളക്കം തട്ടിയാലോ എന്ന് ഭയന്ന്. നിയമം പിന്‍വലിക്കട്ടെ, അമ്മ തന്നെ ഊട്ടുമെന്ന് അവള്‍ പറഞ്ഞു. ആ സഹനസമരം തുടര്‍ന്നുകൊണ്ടേയിരുന്നു. അവള്‍ക്ക് നാടും നാട്ടാരും പിന്തുണ നല്‍കി. പട്ടണങ്ങളിലെ ചത്വരങ്ങളില്‍ അവള്‍ക്ക് പിന്തുണയുമായി സ്ത്രീകള്‍ ഊഴമിട്ട് നിരാഹാരമിരുന്നു. മണിപ്പൂരും വടക്ക് കിഴക്കന്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും പലപ്പോഴും അസ്വസ്ഥമായി തന്നെ തുടരുന്നത് ചൂണ്ടിക്കാട്ടി നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇറോം സമരം തുടര്‍ന്നു, സര്‍ക്കാര്‍ നിയമവും. 

ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നിരാഹാരസമരം അവസാനിച്ചത് 16 വര്‍ഷത്തിന് ശേഷം. നിരാകരണരാഷ്ട്രീയത്തിന് മറുപടി പറയാന്‍ ജനാധിപത്യത്തിന്റെ  തെരഞ്ഞെടുപ്പ് വേദിയിലേക്ക് ഇറങ്ങുമെന്ന് ഇറോം പ്രഖ്യാപിച്ചു. പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റീസ് അലയന്‍സ് എന്ന പ്രജാ പാര്‍ട്ടി മണിപ്പൂരില്‍ നിലം തൊട്ടില്ല. വര്‍ഷങ്ങളോളം മണിപ്പൂര്‍ ഭരിച്ച ഒകറാം ഇബോബി സിങ്ങിന് എതിരെ മത്സരിച്ച ഇറോമിന് കിട്ടിയത് 90 വോട്ട്. ന്യായം,സ്‌നേഹം, സമാധാനം എന്നിവയിലൂന്നി മുന്നോട്ടുവെച്ച ആശയത്തിനു കിട്ടിയ തിരിച്ചടി. 

ഒറ്റക്ക് നടക്കുന്ന ഒരുവളെ വിജയിപ്പിച്ചിട്ട് എന്തുകാര്യം എന്ന പ്രായോഗികതയുടെ ബോധ്യത്തില്‍ മണിപ്പൂര്‍ ജനതയുടെ മുന്നില്‍ നേരിനു വേണ്ടിയുള്ള തന്റെ സമരത്തിന്റെ പ്രഭാവം മങ്ങിയത് ഇറോമിന് ബോധ്യപ്പെട്ടു. തനിച്ച് നടന്ന, പോരാടിയ  പെണ്ണൊരുത്തിക്ക് മുന്നില്‍ ഒരു നാടു മുഴുവന്‍ തലകുനിക്കേണ്ട അവസ്ഥയാണ് അതെന്ന് പക്ഷേ രാഷ്ട്രീയത്തിലെ ഉള്ളുകള്ളികള്‍ക്കിടയില്‍ വട്ടംകറങ്ങിയവര്‍ തിരിച്ചറിഞ്ഞില്ല. 

സമരത്തിന് പിന്തുണ കിട്ടിയെങ്കിലും ജീവിത്തില്‍ തനിച്ച് നടന്ന വര്‍ഷങ്ങള്‍ക്ക് ഒടുവില്‍ പ്രണയത്തിന്റെ നിഴലായി ഡെസ്മണ്ട് കുടിഞ്ഞ്യോ എന്ന ഗോവന്‍ വേരുള്ള ബ്രിട്ടീഷുകാരന്‍ എത്തിയപ്പോഴും നാടിന്റെയും നാട്ടാരുടേയും പ്രതികരണം ഇറോമിന് നോവായി. രക്തസാക്ഷിയെ പ്രതീക്ഷിച്ച് നിന്നവര്‍ക്ക് ഒരു വ്യക്തി എന്ന നിലക്ക് തനിക്ക് സ്വാഭാവികമായുള്ള വികാരവിചാരങ്ങള്‍ മനസ്സിലായില്ലെന്ന് അവര്‍ സ്വയം സമാധാനിച്ചു. നാടിന്റെ നന്മയും കരിനിയമങ്ങള്‍ ഒഴിവാക്കേണ്ടതും ഇന്ത്യ എന്ന മഹാരാജ്യത്തില്‍ ഇറോമിന്റെ മാത്രം ചുമതലയോ ഉത്തരവാദിത്തമോ അല്ലെന്ന് പക്ഷേ നാട്ടുകാര്‍ മനസ്സിലോര്‍ത്തില്ല. 

സ്‌നേഹവും കരുതലും ചേര്‍ത്തുപിടിക്കലും പോരാളികള്‍ക്ക് അന്യം നില്‍ക്കേണ്ട ഒന്നല്ല എന്ന് പ്രതീകങ്ങള്‍ക്ക് മേല്‍ മുഴുവന്‍ ഉത്തരവാദിത്തവും ചാര്‍ത്തി നല്‍കി സ്വയം തുരുത്തുകളില്‍ അഭയം നേടിയവര്‍ ഓര്‍ത്തില്ല.  

 

Read Also: നിരാഹാരം നിര്‍ത്തിയതോടെ ആര്‍ക്കും വേണ്ടാതായ ഇറോം ശര്‍മിള പറയുന്നു; മണിപ്പൂരിന് എന്നെ വേണ്ടെങ്കില്‍, ഞാന്‍ പോവും

 

എന്തായാലും കുടിഞ്ഞ്യോയും ഇറോമും ഒരു കൊല്ലത്തിനിപ്പുറം 2017 ഓഗസ്റ്റില്‍ കൊടൈക്കനാലില്‍വെച്ച് വിവാഹിതരായി. 2019 മേയ് മാസത്തിലെ വനിതാദിനത്തില്‍ ഇറോം ഇരട്ട പെണ്‍കുട്ടികളുടെ അമ്മയായി. തോക്കിനും ലാത്തിക്കും എന്തിന് ഭക്ഷണത്തിനു പോലും തോല്‍പിക്കാന്‍ കഴിയാത്ത പെണ്‍വീര്യത്തിന് വെറുപ്പിന്റേയും അവഗണനയുടേയും എതിര്‍പ്പ് എന്താകാന്‍? 

അനീതിയോട് പൊരുത്തപ്പെടില്ല എന്ന തീരുമാനം അവര്‍ ഉയര്‍ത്തിപ്പിടിച്ചു. സ്വന്തം നാടിനോടും നാട്ടാരോടും കുടുംബത്തോടു പോലും. അപ്പോഴും പണ്ട് എപ്പോഴോ  പറഞ്ഞതുപോലെ ഇറോം സ്വകാര്യമായി ആഗ്രഹിക്കുന്നത് ആര്‍ദ്രതയില്ലാത്ത മനുഷ്യരുടെ ലോകത്ത് ഇനി ജനിക്കരുതേ എന്നാണ്. മുന്നോട്ടു പോകുമ്പോഴും മനസ്സില്‍ പൊടിയുന്ന ചോരത്തുള്ളികള്‍ നല്‍കിയ ആഗ്രഹം. 

നാല്‍പത്തിയഞ്ചാംവയസ്സില്‍ കേരളത്തില്‍ ഒരു പരിപാടിക്ക് വന്നപ്പോള്‍ ജീവിതത്തിലാദ്യമായി പിറന്നാള്‍ കേക്ക് മുറിച്ച  ഇറോം അന്നും ഒരു പക്ഷേ ആഗ്രഹിച്ചത് അതാകും. മണിപ്പൂരിന്റെ മെങ്കോബി ഇന്നും സ്വപ്നം കാണുന്നതും ഒരു പക്ഷേ അതാകും. ആര്‍ദ്രതയുള്ള കനിവുള്ള മനുഷ്യരുടെ ലോകം.    
 

click me!