ഭാര്യയുടെ പിറന്നാൾ മറന്നുപോയാൽ ജയിലിൽ പോകേണ്ടി വരും, വിചിത്രനിയമവുമായി ഒരു സ്ഥലം

By Web TeamFirst Published Nov 23, 2021, 1:56 PM IST
Highlights

ഈ അപകട സാധ്യത മുൻനിർത്തി തന്നെ സമോവയിലെ ഭർത്താക്കന്മാർ ഭാര്യയെ എപ്പോഴും സന്തോഷിപ്പിച്ച് നിർത്തുന്നു. അതാകുമ്പോൾ അബദ്ധവശാൽ ജന്മദിനം മറന്നുപോയാലും, ഭാര്യമാർ പൊലീസിൽ പരാതിപ്പെടില്ലല്ലോ! 

വിവാഹത്തിന്റെ ആദ്യവർഷങ്ങളിൽ ഭാര്യയുടെ പിറന്നാൾ(Birthday) ഓർത്തുവച്ച് സർപ്രൈസ് കൊടുക്കുന്ന ഭർത്താവ് എന്നാൽ വർഷങ്ങൾ പിന്നിടുമ്പോൾ വിഷ് ചെയ്യാൻ പോലും മറന്നെന്ന് വരാം. എന്നാൽ, ഭാര്യയുടെ ജന്മദിനം മറന്നാൽ നിങ്ങളെ ജയിലിലടച്ചേക്കാവുന്ന ഒരു സ്ഥലമുണ്ട്. പസഫിക് സമുദ്രത്തിലെ പോളിനേഷ്യൻ പ്രദേശത്തുള്ള സമോവ(Samoa in Polynesian area of the Pacific ocean)യാണ് അത്. അതിമനോഹരമായ ഒരു ദ്വീപാണ് അത്. അവിടെയുള്ള പുരുഷന്മാർ അബദ്ധത്തിൽ പോലും ഭാര്യയുടെ ജന്മദിനം മറക്കാറില്ല. എങ്ങാൻ മറന്നാൽ അയാൾക്ക് പിന്നെ അഴിയെണ്ണി കഴിയേണ്ടി വരുമെന്നത് തന്നെ കാരണം.

സമോവ നിയമ പ്രകാരം, ഭർത്താവ് ഭാര്യയുടെ ജന്മദിനം മറക്കുന്നത്, കുറ്റകൃത്യത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുന്ന തെറ്റാണ്. അതിനി എന്ത് കാരണം പറഞ്ഞാലും ശരി, നിയമത്തിന്റെ മുന്നിൽ അത് കുറ്റം തന്നെയാണ്. ഈ ദാരുണമായ തെറ്റിനെക്കുറിച്ച് ഭാര്യ പൊലീസിൽ പരാതിപ്പെടുകയാണെങ്കിൽ, ഭർത്താവ് ലോക്കപ്പിനകത്ത് കിടക്കും. അയാളെ കുറ്റവാളിയെ പോലെ ചോദ്യം ചെയ്യുകയും, ശിക്ഷ വിധിക്കുകയും ചെയ്യും.  എന്നാൽ, ആദ്യത്തെ തവണ അല്പമൊരു ഇളവ് പ്രതീക്ഷിക്കാം. പൊലീസ് ആദ്യത്തെ പ്രാവശ്യം ഇനി ഇത് ആവർത്തിക്കരുതെന്നുള്ള താക്കീത് നൽകി ഭർത്താവിനെ വിട്ടയക്കുന്നു. എന്നാൽ, കഷ്ടകാലത്തിന് രണ്ടാം തവണയും മറന്നാൽ, പണി പാളും. പിന്നെ ശിക്ഷ വരുന്നത് ജയിലിന്റെ രൂപത്തിലായിരിക്കും.  

ഈ അപകട സാധ്യത മുൻനിർത്തി തന്നെ സമോവയിലെ ഭർത്താക്കന്മാർ ഭാര്യയെ എപ്പോഴും സന്തോഷിപ്പിച്ച് നിർത്തുന്നു. അതാകുമ്പോൾ അബദ്ധവശാൽ ജന്മദിനം മറന്നുപോയാലും, ഭാര്യമാർ പൊലീസിൽ പരാതിപ്പെടില്ലല്ലോ! എന്നാലും ഭർത്താവിന് പണികൊടുക്കണമെന്ന് ആഗ്രഹിക്കുന്ന ഭാര്യമാർ ഇതെടുത്ത് പ്രയോഗിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ, ഇനി എന്തൊക്കെ മറന്നാലും അവിടെ പുരുഷന്മാർ ഭാര്യയുടെ ജന്മദിനം മാത്രം മറക്കാറില്ല. അവളുടെ ജന്മദിനത്തിൽ അവൾക്ക് ആശംസകൾ നേരാനും, സമ്മാനങ്ങളും നൽകാനും, ആഘോഷിക്കാനും അവർ മത്സരിക്കുന്നു.  


 

click me!