യുഎസ്സ് ഭരണഘടനയുടെ യഥാർത്ഥ പ്രതി വിറ്റുപോയത് 43.2 മില്യൺ ഡോളറിന്, ചരിത്രവിൽപന, കിട്ടിയ വില കേട്ട് ഞെട്ടൽ

By Web TeamFirst Published Nov 21, 2021, 12:53 PM IST
Highlights

33 വർഷം മുമ്പ് അമേരിക്കൻ ചരിത്ര പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും കളക്ടറായ ഹോവാർഡ് ഗോൾഡ്മാൻ വാങ്ങിയതാണിത്. 

യുഎസ് ഭരണഘടനയുടെ അപൂർവമായ ഒരു പകർപ്പ് 43.2 മില്യൺ ഡോളറിന് ലേലത്തിൽ വിറ്റു. 1787 മുതലുള്ള 13 ഒറിജിനൽ കോപ്പികളിൽ ഒന്നായ ഈ രേഖ, കിട്ടുമെന്ന് കണക്കാക്കിയിരുന്ന 15 മില്യൺ ഡോളറിന്റെ ഏകദേശം മൂന്നിരട്ടി വിലയ്ക്കാണ് വിറ്റു പോയിരിക്കുന്നത്. 1988 -ൽ 165,000 ഡോളറിന് അവസാനമായി വിറ്റപ്പോൾ നേടിയ തുകയുടെ 260 ഇരട്ടിയിലധികം വരും ഇത്. ന്യൂയോർക്കിലെ സോഥെബീസിലാണ് ലേലം നടന്നത്. എട്ട് മിനിറ്റാണ് ലേലം നീണ്ടുനിന്നത്.

ഭരണഘടന വാങ്ങിയിരിക്കുന്ന പുതിയ ഉടമയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. 1787 -ൽ ഫിലാഡൽഫിയയിലെ അമേരിക്കയുടെ സ്ഥാപക പിതാക്കന്മാർ അംഗീകരിച്ച യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടനയുടെ 'അസാധാരണമായതും അപൂർവവും ചരിത്രപരവുമായ ആദ്യ അച്ചടി' എന്നാണ് ഈ രേഖയെ സോഥെബി വിശേഷിപ്പിച്ചത്. ഡോക്യുമെന്റിന് 15 മില്യൺ മുതൽ 20 മില്യൺ ഡോളർ വരെ വിലയുള്ളതായി സോഥെബീസ് കണക്കാക്കിയിരുന്നു. ഇത് ഇപ്പോൾ ലേലം ചെയ്യപ്പെടുന്ന ഏറ്റവും വിലപിടിപ്പുള്ള പുസ്തകമോ കയ്യെഴുത്തുപ്രതിയോ ചരിത്രരേഖയോ അച്ചടിച്ച വാചകമോ ആയി മാറിയിരിക്കുന്നു. 

33 വർഷം മുമ്പ് അമേരിക്കൻ ചരിത്ര പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും കളക്ടറായ ഹോവാർഡ് ഗോൾഡ്മാൻ വാങ്ങിയതാണിത്. വിൽപനയിൽ നിന്നുള്ള വരുമാനം, സോഥെബിയുടെ അഭിപ്രായത്തിൽ, ജനാധിപത്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിന്, അദ്ദേഹത്തിന്റെ ഭാര്യ ഡൊറോത്തി ടാപ്പർ ഗോൾഡ്മാന്റെ പേരിൽ തുടങ്ങിയിരിക്കുന്ന ഒരു ചാരിറ്റബിൾ ഫൗണ്ടേഷന് പ്രയോജനപ്പെടും.

ഭരണഘടനയുടെ 13 കോപ്പികളിൽ ഒന്നിന്‍റെ ഉടമസ്ഥരായിട്ടുള്ള ഹിസ്റ്റോറിക്കൽ സൊസൈറ്റി ഓഫ് പെൻസിൽവാനിയയുടെ ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് ബ്രിഗാം പറഞ്ഞത് ഇങ്ങനെ, 'പണമൂല്യം വിപണി പറയുന്നതാണ്. എന്നാൽ, ഈ ലേലവും അതിലുള്ള താൽപ്പര്യവും വളരെ ആഴത്തിലുള്ള എന്തിനെയെങ്കിലും കാണിക്കുന്നു - അമേരിക്കൻ ഭരണഘടനയുടെ അന്തർലീനമായ മൂല്യവും അത് ഈ രാഷ്ട്രത്തെ ബന്ധിപ്പിക്കുന്ന ശക്തിയായി തുടരുന്നതും അതില്‍ നിന്നും പ്രകടമാണ്.' 

'ഭരണഘടനയുടെ ആദ്യകാല രേഖാമൂലമുള്ള പകർപ്പുകൾ ഈ രാജ്യം എവിടെ നിന്നാണ് വന്നതെന്നും എവിടേക്ക് പോകാമെന്നും ഓർമ്മപ്പെടുത്തുന്നു, അത് വിലമതിക്കാനാവാത്തതാണ്. എന്തിനധികം, ഒരു ഡിജിറ്റൈസ്ഡ് ലോകത്ത് പോലും, ഒരു യഥാർത്ഥ പ്രമാണം കാണാനും കൈവശം വയ്ക്കാനും കഴിയുന്നത് ശക്തമായ ഒരു കാര്യമാണെന്ന് ഇത് വ്യക്തമാക്കുന്നു.' 

click me!