
അമേരിക്കൻ ഹാലോവീൻ കോസ്റ്റ്യൂം വിപണി കീഴടക്കി നെറ്റ്ഫ്ലിക്സിൻ്റെ സൂപ്പർഹിറ്റ് ആനിമേറ്റഡ് സിനിമയായ 'കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്'. ചിത്രത്തിലെ കഥാപാത്രങ്ങളുടെ വേഷങ്ങൾ വാങ്ങാനും ധരിക്കാനും കൂട്ടത്തോടെയാണ് ആളുകള്‍ എത്തുന്നത്. 'സ്ക്വിഡ് ഗെയി'മിന് ശേഷം അമേരിക്കയിൽ സംഭവിക്കുന്ന ഏറ്റവും വലിയ 'കെ-കൾച്ചർ കോസ്റ്റ്യൂം' തരംഗമായി മാറിയിരിക്കുകയാണിത്. ഗൂഗിളിന്റെ ഔദ്യോഗിക ഹാലോവീൻ ട്രെൻഡ് ട്രാക്കറായ 'ഫ്രൈറ്റ്‌ഗീസ്‌റ്റ്' പുറത്തുവിട്ട റാങ്കിംഗിൽ, കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സിലെ കഥാപാത്രങ്ങളാണ് മുന്നിട്ട് നിൽക്കുന്നത്.
ഡെമൺ വേട്ടക്കാരായ HUNTR/X എന്ന കെ-പോപ്പ് ഗേൾ ഗ്രൂപ്പിൻ്റെ നേതാവ് ലൂമിയാണ് കോസ്റ്റ്യൂം ചാർട്ടിൽ ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നാലെ സഹതാരങ്ങളായ ജോയ്, മിറ എന്നിവരും ഇടംനേടി. സിനിമയിലെ ഡെമൺ ബോയ് ബാൻഡായ സാജ ബോയ്‌സിൻ്റെ നേതാവ് ജിൻവു നാലും, ബേബി അഞ്ചും സ്ഥാനങ്ങളിലാണ് ട്രെൻഡ് പട്ടികയില്‍.
കൊറിയൻ ചിത്രങ്ങളിൽ കാണുന്ന കടുവയെ അനുസ്മരിപ്പിക്കുന്ന ഡഫ്റ്റി എന്ന കഥാപാത്രം പോലും ആദ്യ പത്തില്‍ എട്ടാം സ്ഥാനത്തുണ്ട്. അതായത്, ആദ്യ പത്ത് വേഷങ്ങളിൽ പകുതിയിലധികവും ഈ സിനിമയിലെ കഥാപാത്രങ്ങളാണ്.
നെറ്റ്ഫ്ലിക്സും പ്രമുഖ ഫാഷൻ റീട്ടെയിലറായ സ്പിരിറ്റ് ഹാലോവീനുമായി ചേർന്ന് പുറത്തിറക്കിയ HUNTR/X കോസ്റ്റ്യൂമുകൾക്ക് ഓരോ ദിവസവും സ്വീകാര്യത ഉയരുകയാണ്. മുതിർന്നവർക്കും കുട്ടികൾക്കുമുള്ള പല വലിപ്പത്തിലുള്ള വേഷങ്ങളും ഓൺലൈനിൽ വിറ്റുതീർന്നു.
ഇതോടെ, ആമസോൺ, ഇബേ തുടങ്ങിയ വെബ്സൈറ്റുകളിൽ സിനിമയിലെ കഥാപാത്രങ്ങളുടേത് പോലെ DIY വേഷങ്ങൾക്കും വലിയ പ്രചാരമായി. ഡഫ്റ്റിയുടെ മാതൃകയിൽ ഒരു ആരാധകൻ ഉണ്ടാക്കിയ കാൻഡി ബക്കറ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
വർഷങ്ങൾക്ക് മുമ്പ് 'സ്ക്വിഡ് ഗെയിം' ഇറങ്ങിയപ്പോൾ അതിന്റെ യൂണിഫോമുകൾ വിപണിയിൽ നിന്നും പെട്ടെന്ന് വിറ്റുപോയതിന് സമാനമായ ഒരു സാഹചര്യമാണിപ്പോൾ കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സിൻ്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ് ആഗോളതലത്തില്‍ നിർണായക സാന്നിധ്യമായി മാറിയെന്ന് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്തു.