അതുവരെ കണ്ടിട്ടില്ലാത്ത വിദൂരദ്വീപില്‍ പെട്ടെന്നൊരുനാൾ ജീവിക്കാൻ ചെന്നാലെങ്ങനെയിരിക്കും? ഈ ദമ്പതികൾ പറയുന്നു

By Web TeamFirst Published Dec 5, 2020, 12:15 PM IST
Highlights

അലക്സും ബഫിയും നേരത്തെ ദ്വീപ് സന്ദർശിക്കാൻ ശ്രമിച്ചുവെങ്കിലും വടക്കോട്ട് യാത്ര തുടങ്ങിയപ്പോൾ രണ്ടാമത്തെ ലോക്ക്ഡൗൺ ഉണ്ടായി. അങ്ങനെ ഇന്റർനെറ്റിൽ നോക്കിയാണ് ദ്വീപിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മനസിലാക്കുന്നതും അവിടെ ജീവിക്കാൻ തീരുമാനിക്കുന്നതും. 

ഇതുവരെയുള്ള സമ്പാദ്യമെല്ലാം വാരിക്കെട്ടി ഒരു വാനിലാക്കി അതുവരെ കണ്ടിട്ടുപോലുമില്ലാത്ത ഒരു വിദൂരദ്വീപിലേക്ക് പെട്ടന്നൊരുനാള്‍ താമസിക്കാന്‍ ചെന്നാല്‍ എങ്ങനെയിരിക്കും. പരീക്ഷിച്ചു നോക്കാന്‍ പോലും നല്ല ധൈര്യം വേണം അല്ലേ? ബ്രിസ്‌റ്റോളിലുള്ള ദമ്പതിമാരായ അലക്‌സ് മംഫോര്‍ഡും ബഫി ക്രാക്ക്‌നെലും ഇങ്ങനെ എല്ലാം ഉപേക്ഷിച്ച് പുതിയൊരു സാഹസികജീവിതം തുടങ്ങുകയായിരുന്നു. സ്‌കോട്ടിഷ് മെയിന്‍ലാന്‍ഡില്‍ നിന്നും 30 മൈല്‍ അകലെയുള്ള റം ദ്വീപിലെ ഒരു കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് ദമ്പതികള്‍ ഈ യാത്ര പുറപ്പെട്ടത്. ഈയാഴ്ച അവര്‍ ഗൂഗിളില്‍ മാത്രം കണ്ട് പരിചയമുള്ള ആ മനോഹരദ്വീപിലെത്തിച്ചേര്‍ന്നു.

ഇങ്ങനെ അകന്ന് കഴിയുന്നത് ഞങ്ങള്‍ക്കിഷ്ടമായിരുന്നു. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിലായിരുന്നപ്പോള്‍ ഞങ്ങള്‍ക്കത് ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നു. ഇതും ഞങ്ങള്‍ക്ക് ശരിക്കും ആസ്വദിക്കാനാവുന്ന ഒരിടമാണെന്ന് തോന്നുകയായിരുന്നു- ദമ്പതികള്‍ ബിബിസി സ്‌കോട്ട്‌ലന്‍ഡിനോട് പറഞ്ഞു. റമ്മില്‍ സാമൂഹികജീവിതം ഉറപ്പായിരുന്നു. അതായിരുന്നു ഞങ്ങള്‍ കാലങ്ങളായി നോക്കിക്കൊണ്ടിരുന്നതും. പ്രകൃതിഭംഗി, നീണ്ട നടത്തം, വന്യജീവികളെ കാണാനാവും, കാറില്ലാത്ത യാത്രകള്‍ സാധ്യമാവും എന്നതെല്ലാം ഉറപ്പായിരുന്നു. ഇവിടെ വളരെ കുറച്ച് ആളുകളാണുള്ളത്. എല്ലാവരെയും അറിയാനാവും അവരോടൊപ്പം ജീവിക്കുമ്പോള്‍. ബ്രിസ്റ്റളില്‍ നമുക്ക് ആരെയും അറിയില്ലായിരുന്നു. ബഫി പറയുന്നു.

റമ്മിലെ ജനസംഖ്യ മുപ്പതോ നാല്‍പ്പതോ ആളുകളാണ്. അതും ഓരോ സീസണിലുമെത്തുന്ന തൊഴിലാളികളെ കൂടി ആശ്രയിച്ചായിരിക്കും. ആകെ രണ്ട് കുട്ടികളാണ് അവിടെ പ്രൈമറി സ്‌കൂളില്‍ പോവുന്നത്. അവിടുത്തെ ജീവിതം എന്തുകൊണ്ടും ബുദ്ധിമുട്ട് നിറഞ്ഞതായി തോന്നും. പ്രത്യേകിച്ച് നഗരങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക്. അങ്ങനെയിരിക്കെയാണ് കിന്‍ലോച്ച് ഗ്രാമത്തില്‍ നാല് പുതിയ ഇക്കോ ഹോമുകള്‍ നിര്‍മ്മിക്കുന്നതിന് ധനസഹായം നല്‍കാന്‍ അധികൃതർ തീരുമാനിക്കുന്നത്. തുടര്‍ന്ന് ഈ ഇക്കോ ഹോമുകളിൽ ജീവിക്കാനായി ആളുകളെ ക്ഷണിച്ചു തുടങ്ങി. ദ്വീപ് ജീവിതരീതികളുമായി പൊരുത്തപ്പെടാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ അല്ലെങ്കില്‍ കുടുംബങ്ങള്‍ക്ക് അപേക്ഷിക്കാം. ദ്വീപിലെ സാമ്പത്തികാവസ്ഥയും ജീവിതരീതിയും മെച്ചപ്പെടുത്തുന്ന രീതിയിലുള്ള ബിസിനസോ ജീവിതരീതിയോ തുടരണം എന്നതാണ് വ്യവസ്ഥ. കുട്ടികളുള്ള കുടുംബങ്ങളെ പ്രത്യേകിച്ചും സ്വാഗതം ചെയ്തു. കാരണം അതുവഴി രണ്ടുപേർ മാത്രം പഠിക്കുന്ന സ്കൂളിലേക്ക് കൂടുതൽ കുട്ടികളെത്തുമെന്ന് അവർ വിശ്വസിച്ചു. 

4,000 -ല്‍ അധികം പേരാണ് ഇതിലേക്ക് അപേക്ഷിച്ചത്. അതിൽ നിന്ന് നാല് ദമ്പതികളെ തെരഞ്ഞെടുത്തു, മൂന്ന് ഇംഗ്ലണ്ടിൽ നിന്നും ഒരാൾ സ്കോട്ട്ലൻഡിൽ നിന്നും. ആകെ ആറ് കുട്ടികളും ഈ ദമ്പതികൾക്കിടയിലുണ്ടായിരുന്നു. ഈ ആഴ്ചയിൽ മൂന്ന് പുതിയ കുടുംബങ്ങളും എത്തി. ദ്വീപിന്റെ വികസന ഓഫീസർ സ്റ്റീവ് റോബർ‌ട്ട്സൺ പറഞ്ഞു: “ഞങ്ങൾക്കിപ്പോൾ ആറ് പുതിയ കുട്ടികളെ കൂടി കിട്ടിയിരിക്കുന്നു. എട്ട് വയസ്സിന് താഴെയുള്ളവരാണ് അവരെല്ലാം. എല്ലാവരും അവരുടേതായ ജീവിതം തുടങ്ങിയിരിക്കുന്നു. കാര്യങ്ങളെല്ലാം ആരംഭിച്ചിരിക്കുകയാണിവിടെ. റമ്മിനെ ജീവസുറ്റ ഒരു ദ്വീപായി മാറാൻ സഹായിക്കുന്നതിന് ഞങ്ങൾക്ക് ഈ പുതിയ ആളുകളെ ആവശ്യമുണ്ട്. ദ്വീപിന്റെ ഭാവി വളർച്ചയിൽ പുതിയ യുവകുടുംബങ്ങൾ നിർണായക പങ്ക് വഹിക്കും. വെല്ലുവിളികളും ഉണ്ട്, എല്ലാത്തിൽ നിന്നും അകന്നാണ് ഈ ദ്വീപുള്ളത്. യാത്രാബുദ്ധിമുട്ടുകൾ അങ്ങനെയുള്ള പ്രശ്നങ്ങൾ. പക്ഷേ, ദ്വീപിൽ ജീവിക്കുന്നതിന് അതിന്റേതായ പോസിറ്റീവ് വശങ്ങളുമുണ്ട്." 

അലക്സും ബഫിയും നേരത്തെ ദ്വീപ് സന്ദർശിക്കാൻ ശ്രമിച്ചുവെങ്കിലും വടക്കോട്ട് യാത്ര തുടങ്ങിയപ്പോൾ രണ്ടാമത്തെ ലോക്ക്ഡൗൺ ഉണ്ടായി. അങ്ങനെ ഇന്റർനെറ്റിൽ നോക്കിയാണ് ദ്വീപിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മനസിലാക്കുന്നതും അവിടെ ജീവിക്കാൻ തീരുമാനിക്കുന്നതും. പക്ഷേ, പൂർണമനസോടെയാണ് ദ്വീപിലേക്കെത്തിയതെന്നും കഠിനാധ്വാനം ചെയ്യാനും ദ്വീപിന്റെ വളർച്ചയിൽ പങ്കാളികളാകാനും സന്തോഷമുണ്ടെന്നും ദമ്പതികൾ പ്രതികരിക്കുന്നു. 

ഒരാഴ്ചയാവുന്നതേയുള്ളൂ ഈ ദമ്പതികൾ ദ്വീപിലെത്തിയിട്ട്. എന്നാൽ, അവിടുത്തെ ജീവിതത്തിന് കഴിയുന്നത്ര തയ്യാറാകാൻ ഇരുവരും ശ്രമിച്ചു. ചൈൽഡ് കെയർ വർക്കറായ അലക്സ് സ്കൂളിൽ ജോലി ചെയ്യാനും വരുന്ന വർഷം പ്രവർത്തിച്ചു തുടങ്ങുന്ന നഴ്സറിയിലും പ്രവർത്തിക്കാമെന്നാണ് കരുതുന്നത്. കണ്ടന്റ്, വെബ്‌സൈറ്റ്, മാർക്കറ്റിംഗ് എന്നിവയിലാണ് ബഫി ജോലി ചെയ്യുന്നത്. അത് തുടരാനാണ് അവളുടെ തീരുമാനം. പാചകം, ബേക്കിംഗ്, തുന്നൽ എന്നിവയാണിരുവരുടെയും ഹോബികൾ. അതിലൂടെയും വരുമാനം ഉണ്ടാക്കാനൊരുങ്ങുകയാണിരുവരും. എങ്കിലും ദീർഘകാല പദ്ധതിയായി മനസിലുള്ളത് സ്കൂൾ വികസനം തന്നെയാണ്. 

കാലങ്ങളായി ഇങ്ങനെയൊരിടത്ത് പ്രവർത്തിക്കണമെന്ന, ജീവിക്കണമെന്ന ആ​ഗ്രഹമുണ്ടെന്നും ഇപ്പോൾ അത് യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് തങ്ങളെന്നും കൂടി ഇരുവരും പറയുന്നു. തങ്ങളുടെ പുതിയ ജീവിതം ആസ്വദിക്കുന്നതോടൊപ്പം ദ്വീപിന്റെ വികസനത്തിലും വിദ്യാഭ്യാസപ്രവർത്തനങ്ങളിലും കൂടി പങ്കാളികളാവാനാവുന്നതിന്റെ സന്തോഷത്തിലാണിരുവരും. 
 

click me!