നേപ്പാളിലെ റോയൽ കുമാരിമാർ, കാളിയുടെ ശക്തി കുടിയിരിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന പെൺകു‍ഞ്ഞുങ്ങൾ

By Web TeamFirst Published Dec 5, 2020, 10:37 AM IST
Highlights

കുമാരിമാരെ തെരഞ്ഞെടുക്കുന്നതിലും ഉണ്ട് ഒരുപാട് കടമ്പകള്‍. നിരവധി മാനദണ്ഡങ്ങള്‍ നോക്കിയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. 

കാഠ്മണ്ഡുവിലെ റോയല്‍ കുമാരികളെ ജീവിച്ചിരിക്കുന്ന ദേവതകളായിട്ടാണ് അറിയപ്പെടുന്നത്. ഓരോ സമുദായത്തിനും ഇവിടെ അവരുടേതായ കുമാരിമാരുണ്ട്. പല സമുദായങ്ങളിലും ഈ കുമാരി സമ്പ്രദായം നിലനിൽക്കുന്നുമുണ്ട്. നൂറ്റാണ്ട് തന്നെ പഴക്കമുള്ളതാണ് കാഠ്മണ്ഡുവിലെ ഈ കുമാരി സമ്പ്രദായം. ഇങ്ങനെ പെണ്‍കുഞ്ഞുങ്ങളെ ദേവതകളായി വാഴിക്കുന്നതിലൂടെ ഭാഗ്യം കടന്നുവരുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും ഈ കുമാരിമാരെ ആരാധിക്കുന്നു. ദൈവമായിത്തന്നെയാണ് ഇവരെ കാണുന്നതും. കന്യക എന്ന അര്‍ത്ഥത്തിലാണ് ഇവരെ കുമാരി എന്ന് വിളിക്കുന്നത്. കാളിയുടെയും തലേജുവിന്റെയും ശക്തി ഇവരില്‍ കുടിയിരിക്കുന്നുണ്ടെന്നാണ് വിശ്വാസം.

വീട്ടില്‍ നിന്നും മാറിയിട്ടാണ് ഇവരുടെ ജീവിതം. കുമാരിമാരുടെ ഭവനത്തില്‍ നിന്നും വല്ലപ്പോഴും മാത്രമാണ് ഇവര്‍ പുറത്തിറങ്ങുക. വീട്ടുകാര്‍ക്കുപോലും വല്ലപ്പോഴുമാണ് കുമാരിമാരെ കാണാനുള്ള അവസരമുണ്ടാവുക. എപ്പോഴും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇവര്‍ ധരിക്കുന്നത്. നെറ്റിയില്‍ ഒരു കണ്ണ് വരച്ചു ചേര്‍ത്തിട്ടുണ്ടാകും. ദൈവങ്ങളായി മാറിക്കഴിഞ്ഞാല്‍ പിന്നെ ഇവരുടെ കാലുകള്‍ നിലത്ത് മുട്ടരുതെന്നാണ് വിശ്വാസം. എന്തെങ്കിലും പരിപാടികളിലും മറ്റും പങ്കെടുക്കാന്‍ പോകുമ്പോള്‍ ഇവരെ രഥത്തിലേക്ക് എടുത്തുകൊണ്ടുപോവാറാണ് പതിവ്. പ്രധാനമന്ത്രിയും പ്രസിഡണ്ടും വരെ ഇവരെ വണങ്ങുന്നു. 

ജനാലയ്ക്കല്‍ നിന്നുപോലും കുമാരിയുടെ ദര്‍ശനം ഒന്നു കിട്ടാനായി കാത്തുനില്‍ക്കുന്നവരുണ്ട്. കൂടുതല്‍ ഭാഗ്യമുള്ളവരും ഉന്നതരും കുമാരിയെ സന്ദര്‍ശിക്കുന്നു. ഉന്നതരും ബ്യൂറോക്രാറ്റുകളുമെല്ലാം ഈ ജീവിക്കുന്ന ദൈവങ്ങളുടെ അനുഗ്രഹത്തിനായി കാത്തുനില്‍ക്കാറുണ്ട്. അവരുടെ സന്ദര്‍ശനവേളയില്‍ കുമാരി എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. കാരണം, കുമാരിയുടെ ഓരോ പ്രവൃത്തികള്‍ക്കും ഗൗരവപൂര്‍ണമായ അര്‍ത്ഥമുണ്ടെന്നാണ് കരുതുന്നത്. ഉദാഹരണത്തിന്, കരയുകയോ ഉറക്കെ ചിരിക്കുകയോ ചെയ്താല്‍ സന്ദര്‍ശകന് ഗുരുതരമായ അസുഖം ബാധിക്കുകയോ മരണപ്പെടുകയോ ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. കുമാരി കണ്ണ് തിരുമ്മിയാല്‍ ആസന്നമരണമാണ് സന്ദർശകന് വരാനുള്ളത്. കുമാരി ഞെട്ടലോ വിറയലോ പ്രകടിപ്പിച്ചാല്‍ സന്ദര്‍ശകന് തടവ് ഉണ്ടാകുമെന്നാണ് വിശ്വാസം. വഴിപാടുകളായി നല്‍കുന്ന ഭക്ഷണമെടുത്താല്‍ സാമ്പത്തികനഷ്ടമുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. 

കുമാരിമാരെ തെരഞ്ഞെടുക്കുന്നതിലും ഉണ്ട് ഒരുപാട് കടമ്പകള്‍. നിരവധി മാനദണ്ഡങ്ങള്‍ നോക്കിയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. അഞ്ച് ബുദ്ധമത ബജ്രാചാര്യന്മാര്‍, പ്രധാന പുരോഹിതന്‍, കാളിയുടെ പുരോഹിതന്‍, ജ്യോതിഷി ഇവരെല്ലാവരും ചേര്‍ന്നാണ് കുമാരിയെ തെരഞ്ഞെടുക്കുക. പൂര്‍ണാരോഗ്യമുള്ള പെണ്‍കുട്ടികളെയാണ് കുമാരിമാരാക്കുക. ശരീരത്തിലെവിടെയും മുറിവുകളോ പാടുകളോ ഉണ്ടാവാന്‍ പാടില്ല. ആര്‍ത്തവമെത്തിയിട്ടില്ലാത്ത പെണ്‍കുഞ്ഞുങ്ങളായിരിക്കണം. പല്ലുകളും നഷ്ടപ്പെട്ടിട്ടുണ്ടാവരുത്. ഇതിലെല്ലാം വിജയിച്ചുകഴിഞ്ഞാല്‍ അടുത്തതായി അവരുടെ ശരീര ലക്ഷണങ്ങളാണ് പരിശോധിക്കുക. ആല്‍മരം പോലെ ശരീരമുള്ളവരായിരിക്കണം, പശുവിന്റേതുപോലെയാവണം കണ്‍പുരികങ്ങള്‍, ശംഖ് പോലെയുള്ള കഴുത്തായിരിക്കണം, സിംഹത്തിന്റേത് പോലെയാവണം നെഞ്ച്, ശബ്ദം മൃദുവും എന്നാല്‍ താറാവിന്റേതുപോലെ വ്യക്തവുമായിരിക്കണം. രാജാവിന്റെ അതേ ജാതകമായിരിക്കണം. ശാന്തയായവളും ഭയമില്ലാത്തവളുമായിരിക്കണം, കറുത്ത നീളന്‍മുടിയും ഇരുണ്ട കണ്ണുകളുമായിരിക്കണം. ലോലവും മൃദുത്വമുള്ളതുമായ കൈകാലുകള്‍, തുടകള്‍ മാനിന്റേത് പോലെയാവണം തുടങ്ങി അതങ്ങനെ നീളുന്നു. 

മുഖംമൂടി ധരിച്ച മനുഷ്യരെയോ രക്തമോ കണ്ടാല്‍ ഈ പെണ്‍കുട്ടികള്‍ പേടിക്കരുത്. അതിനായി നേര്‍ച്ചകൊടുത്ത നിരവധി പോത്തുകളെ ഇവരെ കാണിക്കുന്നു. ഒപ്പം മുഖംമൂടി ധരിച്ച ആണുങ്ങള്‍ രക്തത്തിന്മേല്‍ നൃത്തം ചെയ്യുന്നതും കാണിക്കും. കുട്ടികള്‍ ഭയപ്പെടുന്നതായി തോന്നിയാല്‍ അവര്‍ കുമാരിയായിരിക്കാന്‍ അര്‍ഹയല്ലാതാവും. എന്നാല്‍, ധൈര്യത്തോടെ ഇരുന്നാല്‍ അവര്‍ കുമാരിയായി തെരഞ്ഞെടുക്കപ്പെടും. എട്ട് ദിവസങ്ങളുടെ വിവിധ ചടങ്ങുകള്‍ക്ക് ശേഷമാണ് കുമാരിയായി ഇവരെ അവരോധിക്കുന്നത്. ശരീരത്തിലെവിടെയെങ്കിലും മുറിവുണ്ടാവുകയോ രക്തം പൊടിയുകയോ ചെയ്താല്‍ പിന്നീടവര്‍ക്ക് കുമാരിയായി തുടരാനാവില്ല. അതുപോലെ തന്നെ ആര്‍ത്തവമുണ്ടായിത്തുടങ്ങിയാലും കുമാരിമാരായിരിക്കാനാവില്ല. പകരം പുതിയ കുമാരിയെ തെരഞ്ഞെടുക്കും. 

വളരെ ചെറുപ്രായത്തിലാണ് കുമാരിയായി തെരഞ്ഞെടുക്കപ്പെടുന്നത്. കുമാരിയായി കഴിഞ്ഞാല്‍ പുതിയ കുമാരി വരുന്നതുവരെ അച്ഛന്റെയും അമ്മയുടെയും അടുത്തുനിന്ന് മാറി നില്‍ക്കണം. വളരെ ചെറുപ്രായത്തില്‍ തന്നെ ഇങ്ങനെ അച്ഛനും അമ്മയുമില്ലാതെ ജീവിച്ചു തുടങ്ങണം. എങ്കിലും മാതാപിതാക്കള്‍ മകള്‍ കുമാരിയാവുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ്. എപ്പോഴുമെപ്പോഴും മകളെ സന്ദര്‍ശിക്കാന്‍ ഇവര്‍ക്ക് അവകാശമില്ല. പ്രത്യേകഅവസരങ്ങളിലാണ് സന്ദര്‍ശനം അനുവദിക്കുക. വര്‍ഷത്തില്‍ 13 തവണയാണ് സന്ദര്‍ശനമനുവദിക്കുന്നത്. 

കുമാരി ഭവനം എന്നാണ് കുമാരി താമസിക്കുന്ന വീടിനെ വിളിക്കുന്നത്. ആധുനികസൗകര്യങ്ങളോട് കൂടിയ പഴയ കൊട്ടാരമാണിത്. സമീപകാലം വരെ കുമാരിമാര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടായിരുന്നില്ല. അതുപോലെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശവുമുണ്ടായിരുന്നില്ല. വിളക്കുകളും മെഴുകുതിരികളും തെളിച്ചുവച്ച നാല് ചുമരുകള്‍ക്കുള്ളിലായിരുന്നു അവരുടെ ജീവിതം. എന്നാല്‍, അടുത്തിടെയായി ഇതേച്ചൊല്ലി നടന്ന ചര്‍ച്ചയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരുടെയും സമ്മര്‍ദ്ദവും ഇതില്‍ മാറ്റങ്ങള്‍ വരുത്തി. വിദ്യാഭ്യാസം നല്‍കാത്തത് കുമാരിമാരല്ലാതായിക്കഴിഞ്ഞാല്‍ ഈ കുട്ടികളുടെ ജീവിതം ദുസ്സഹമാക്കുമെന്ന് അവര്‍ വാദിച്ചു. കുമാരിമാര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും പുസ്തകങ്ങളും മാസികകളും ലഭ്യമാക്കാനും ഇതുവഴി സാധ്യമായി. മാത്രവുമല്ല, ഇവരുടെ ജീവിതം സാധാരണ കുട്ടികളുടേത് പോലെയാവാനും ഇത് വഴിയൊരുക്കിയിട്ടുണ്ട്. ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ കുമാരിമാരാണുള്ളത്. മൂന്നുവയസാകുമ്പോള്‍ കുമാരിയായി എത്തിയ പെണ്‍കുട്ടികള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. 

click me!