ടൂറിസ്റ്റുകൾക്ക് രണ്ട് ഡോസ് വാക്സിൻ നൽകും, പദ്ധതിയുമായി മാലി ദ്വീപ്: കൊവിഡിനെ മറികടക്കാൻ പുത്തൻവഴികളുമായി ലോകം

By Web TeamFirst Published Apr 18, 2021, 12:38 PM IST
Highlights

യാത്രികര്‍ക്ക് പറ്റാവുന്നത്ര സുരക്ഷയില്‍ യാത്രക്കുള്ള സൗകര്യം ഒരുക്കുക എന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത് എന്ന് മൗസൂം പറയുന്നു. രാജ്യം മുഴുവനും വാക്സിനെടുത്തു കഴിഞ്ഞാല്‍ ഉടനെ തന്നെ 3വി പദ്ധതി നടപ്പിലാക്കും. 

കൊവിഡിന്‍റെ രണ്ടാം വരവില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ലോകം. ടൂറിസവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ലോകത്തിലെ പല സ്ഥലങ്ങളും കൊവിഡ് മഹാമാരിയുടെ ആദ്യവരവിൽ തന്നെ തകർന്നു പോയിരുന്നു. ലോകം അടുത്ത കാലത്തൊന്നും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ജീവിതരീതികളാണ് കുറച്ച് കാലമായി നാം പിന്തുടർന്ന് പോരുന്നത്. ഇപ്പോൾ പല രാജ്യങ്ങളും പൗരന്മാർക്ക് വാക്സിൻ എത്തിച്ച് നൽകാനുള്ള ശ്രമത്തിലാണ്. കൊവിഡ് 19 ഭീതി നിലനിൽക്കെ തന്നെ സഞ്ചാരികള്‍ക്കായി മുഴുവനും തുറന്ന് കൊടുത്തിരിക്കുകയായിരുന്നു മാലിദ്വീപ്. എന്നാല്‍, ഇപ്പോള്‍ ഒരുപടി കൂടി കടന്ന് വാക്സിന്‍ ടൂറിസത്തിലേക്ക് കൂടി ചുവട് വയ്ക്കുകയാണ് മാലിദ്വീപ്. വിനോദ സഞ്ചാരികൾക്ക് കൂടി വാക്സിൻ നൽകാൻ ഉള്ള ഒരുക്കത്തിലാണ് മാലിദ്വീപ് എന്നാണ് അധികാരികൾ പറയുന്നത്. 

കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി  ഉദ്യോഗസ്ഥർ വിനോദസഞ്ചാരികൾക്ക് വാക്സിനേഷൻ നൽകാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാലിദ്വീപുകൾ 3വി ടൂറിസം പദ്ധതി ആവിഷ്‍കരിക്കുന്നുണ്ട് എന്ന് ടൂറിസം മന്ത്രി ഡോ. അബ്ദുല്ല മൗസൂം സ്ഥിരീകരിച്ചു. വിസിറ്റ്, വാക്സിനേറ്റ്, വെക്കേഷന്‍ (Visit, Vaccinate and Vacation) എന്നതാണ് ഈ 3വി കൊണ്ട് ഉദ്ദേശിക്കുന്നത്. 

മൗസൂം പറയുന്നത്, സന്ദർശകർക്ക് രണ്ട് ഡോസ് വാക്സിൻ നൽകാൻ രാജ്യം പദ്ധതിയിടുന്നു എന്നാണ്. അതിനർത്ഥം, ഈ കരാര്‍ സമ്മതിക്കുന്നവര്‍ വലിയ ടൂറിസം പദ്ധതിയുടെ ഭാ​ഗമാകേണ്ടി വരും എന്നാണ്. അതായത്, വന്ന ഉടനെ തിരികെ പോകാനൊക്കില്ല. അവിടെ താമസിച്ച് രണ്ടാമത്തെ വാക്സിൻ ഒക്കെ എടുത്തേ തിരികെ പോകാൻ കഴിയൂ. അതിനായി ആഴ്ചകളോളം മാലിദ്വീപില്‍ തന്നെ തുടരേണ്ടി വന്നേക്കാം സഞ്ചാരികൾക്ക്.

ഇന്ത്യന്‍ സമുദ്രത്തിലെ ദ്വീപായ ആര്‍ച്ചിപെലാഗോയിലെ ടൂറിസത്തെ പരിപോഷിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. മഹാമാരിക്ക് മുമ്പ് വര്‍ഷത്തില്‍ ശരാശരി 1.7 മില്ല്യണ്‍ സന്ദര്‍ശകരെങ്കിലും ഇവിടെ എത്താറുണ്ടായിരുന്നു. എന്നിരുന്നാലും, ഈ വാക്സിനേഷൻ പാക്കേജ് ബുക്ക് ചെയ്യാൻ ഇപ്പോൾ സാധിക്കില്ല. അതിനായി, കുറച്ച് നാളുകൾ കൂടി കാത്തിരിക്കേണ്ടതായി വരും. കാരണം, 550,000 ആണ് ഇവിടെ ജനസംഖ്യ. അവര്‍ക്ക് മുഴുവനും വാക്സിനേഷന്‍ നല്‍കിയതിന് ശേഷം മാത്രമായിരിക്കും സഞ്ചാരികള്‍ക്കുള്ള 3വി പദ്ധതി തുടങ്ങുന്നത്. എങ്കിൽ മാത്രമേ ഉദ്ദേശിച്ച തരത്തിൽ സുരക്ഷ ഉറപ്പ് വരുത്താൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്.

യാത്രികര്‍ക്ക് പറ്റാവുന്നത്ര സുരക്ഷയില്‍ യാത്രക്കുള്ള സൗകര്യം ഒരുക്കുക എന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത് എന്ന് മൗസൂം പറയുന്നു. രാജ്യം മുഴുവനും വാക്സിനെടുത്തു കഴിഞ്ഞാല്‍ ഉടനെ തന്നെ 3വി പദ്ധതി നടപ്പിലാക്കും. ജനസംഖ്യയില്‍ 53 ശതമാനം ആളുകള്‍ക്കും വാക്സിന്‍ ആദ്യ ഡോസ് നല്‍കി കഴിഞ്ഞു. അതില്‍ ടൂറിസം മേഖലയില്‍ ഫ്രണ്ട് ലൈന്‍ ജോലിക്കാരായ 90 ശതമാനം ആളുകളും പെടുന്നു. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ കണക്ക് അനുസരിച്ച് രാജ്യത്തെ ജിഡിപി -യുടെ 28 ശതമാനവും ടൂറിസത്തില്‍ നിന്നുള്ള പങ്കാളിത്തത്തിന്‍റേതാണ്. 

ഫെബ്രുവരിയിൽ, മാലിദ്വീപ് മാർക്കറ്റിംഗ് ആന്‍ഡ് പിആർ കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടർ തോയിബ് മൊഹാം സിഎൻഎൻ ട്രാവലിനോട് പറഞ്ഞത്, 2020 -ൽ രാജ്യത്ത് 555,494 സന്ദർശകര്‍ എത്തി എന്നാണ്. മാലിദ്വീപിന്റെ  ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം. അതിഥികളെ വിവിധ ദ്വീപുകളിലായി എത്തിക്കുന്നത് വഴി സാമൂഹിക അകലം പാലിക്കൽ നടപടികൾ നിലനിർത്താൻ എളുപ്പമാണ് എന്നും അദ്ദേഹം പറയുന്നു. ഇത് ആളുകള്‍ക്ക് ഒരു സുരക്ഷിത സ്വര്‍ഗം ആയിരിക്കും എന്നുമാണ് അദ്ദേഹം പറയുന്നത്. 

ഏതായാലും, ലോകമാകെ അപരിചിതമായ ചില സാഹചര്യങ്ങളെ നേരിടുമ്പോൾ ജീവിതം പഴയതുപോലെ തന്നെ തിരികെ എടുക്കാനും ഈ സാഹചര്യത്തിൽ എങ്ങനെ അതിജീവിക്കാം എന്നും നോക്കുകയാണ് രാജ്യങ്ങൾ. മാലിദ്വീപും അതിനുള്ള തയ്യാറെടുപ്പിൽ തന്നെ ആയിരിക്കും. അതിന്റെ സൂചന തന്നെയാകാം നടപ്പിലാക്കാൻ പോകുന്ന ഈ 3വി പദ്ധതിയും. ഏതായാലും കുറച്ച് കാലം കാത്തിരിക്കുന്നവർക്ക് ഈ വാക്സിനേഷൻ പാക്കേജ് വഴി ബുക്ക് ചെയ്ത ശേഷം മാലിദ്വീപിൽ പോകാവുന്നതാണ്. 

click me!