പാരീസിലെ പ്രശസ്തമായ സെമിത്തേരിയിൽ അന്തിയുറങ്ങുന്ന ഇന്ത്യയിലെ രാജ്ഞി...

By Web TeamFirst Published Apr 19, 2022, 11:38 AM IST
Highlights

അക്കാലത്ത്, വിദൂര ദേശങ്ങളിലേക്കുള്ള യാത്രകൾ, പ്രത്യേകിച്ച് സമുദ്രങ്ങൾ കടന്നുള്ള യാത്രകൾ, ഒട്ടും എളുപ്പമായിരുന്നില്ല. അതും, കൊട്ടരത്തിന്റെ നാല് മതിലുകൾക്കപ്പുറം സഞ്ചരിച്ചിട്ടില്ലാത്ത രാജ്ഞിയെ സംബന്ധിച്ചിടത്തോളം, അത് കൂടുതൽ കഠിനമായിരുന്നു. 

ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സെമിത്തേരികളിൽ ഒന്നാണ് പാരീസിലെ പെരെ ലാചൈസ്(Pere Lachaise). ഓരോ വർഷവും 3.5 ദശലക്ഷത്തിലധികം സന്ദർശകർ അവിടെ എത്തുന്നുവെന്നാണ് പറയുന്നത്. കാരണം നിരവധി പ്രശസ്തരായ കലാകാരന്മാർ, എഴുത്തുകാർ, സംഗീതജ്ഞർ തുടങ്ങിവർ അന്ത്യവിശ്രമം കൊള്ളുന്നത് ആ മണ്ണിലാണ്. എന്നാൽ അവർക്കിടയിൽ ഇന്ത്യയിൽ നിന്നുള്ള ഒരു രാജ്ഞിയുമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അവധിലെ (ഇന്നത്തെ ഉത്തർപ്രദേശിലെ) രാജ്ഞിയായ ജെനാബ് ആലിയ ബീഗമാണത്. മാലിക കിഷ്വാർ(Malika Kishwar) എന്നും അവർ അറിയപ്പെട്ടു.  

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന കാലം. അന്നത്തെ നിയമം അനുസരിച്ച്, ഒരു ഭരണാധികാരിക്ക് പുരുഷ അവകാശി ഇല്ലെങ്കിലോ, രാജാവിന് നല്ല രീതിയിൽ ഭരിക്കാൻ കഴിവില്ലെങ്കിലോ അവരുടെ രാജ്യം ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക് ഏറ്റെടുക്കാം. അന്നത്തെ ഇന്ത്യയുടെ ഗവർണർ ജനറൽ ഡൽഹൗസി പ്രഭു ഇറക്കിയ ഉത്തരവായിരുന്നു അത്. അതനുസരിച്ച്, തെറ്റായ ഭരണം കാഴ്ചവയ്ക്കുന്നുവെന്ന് ആരോപിച്ച് അവധിന്റെ ഭരണാധികാരിയായ വാജിദ് അലി ഷായെ ലഖ്‌നൗവിലെ ബ്രിട്ടീഷ് റസിഡന്റ് ജീവിതകാലം മുഴുവൻ കൽക്കത്തയിലേക്ക് നാടുകടത്തി. സമാധാനപ്രിയനായ ഷാ ഒരു ജനപ്രിയ ഭരണാധികാരിയായിരുന്നു. 

എന്നാൽ, ലണ്ടനിലേക്ക് യാത്ര ചെയ്യാനും വിക്ടോറിയ രാജ്ഞിയോട് കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്താനും വാജിദ് അലി ഷാ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ധീരയായ ഭാര്യ ബീഗം ഹസ്രത്ത് മഹൽ കൽക്കത്തയിൽ തന്നെ തുടർന്നപ്പോൾ, അമ്മ ജെനാബ് ആലിയ ബീഗം മകനോടൊപ്പം ലണ്ടനിലേക്ക് പുറപ്പെട്ടു. എന്നാൽ വഴിമധ്യേ ഗുരുതരമായ രോഗം ബാധിച്ച അദ്ദേഹത്തിന് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. എന്നാൽ തന്റെ കുടുംബത്തിന്റെ അവകാശം തിരിച്ചുപിടിക്കാനുള്ള ദൃഢനിശ്ചയത്തോടെ, അദ്ദേഹത്തിന്റെ അമ്മ ഇംഗ്ലണ്ടിലേക്ക് ഒറ്റയ്ക്ക് പോകാൻ തീരുമാനിച്ചു.

അക്കാലത്ത്, വിദൂര ദേശങ്ങളിലേക്കുള്ള യാത്രകൾ, പ്രത്യേകിച്ച് സമുദ്രങ്ങൾ കടന്നുള്ള യാത്രകൾ, ഒട്ടും എളുപ്പമായിരുന്നില്ല. അതും, കൊട്ടരത്തിന്റെ നാല് മതിലുകൾക്കപ്പുറം സഞ്ചരിച്ചിട്ടില്ലാത്ത രാജ്ഞിയെ സംബന്ധിച്ചിടത്തോളം, അത് കൂടുതൽ കഠിനമായിരുന്നു. എന്നിട്ടും 1856 ജൂൺ 18-ന് അവർ ലണ്ടനിലേയ്ക്ക് കപ്പൽ കയറി. എന്നാൽ അവിടെ എത്തിയ അവർക്ക് നിരാശയായിരുന്നു ഫലം. ബ്രിട്ടീഷ് രാജ്ഞി അവരുടെ വാക്കുകൾക്ക് ചെവി കൊടുത്തില്ല. ബ്രിട്ടീഷ് രാജ്ഞിക്ക് ഇതിൽ കാര്യമായി ഒന്നും ചെയ്യാനില്ലെന്നും, യഥാർത്ഥ അധികാരം ബ്രിട്ടീഷ് പാർലമെന്റിലാണ് എന്നും ബീഗം പിന്നീട് മനസിലാക്കി. അവർ അപേക്ഷയുമായി ബ്രിട്ടീഷ് പാർലമെന്റിന് മുന്നിലെത്തി. എന്നാൽ അവർ ബീഗത്തിന്റെ ഹർജി തള്ളി. കൂടാതെ, തിരികെ പോകാൻ പാസ്‌പോർട്ട് അനുവദിക്കണമെങ്കിൽ സ്വയം ഒരു ബ്രിട്ടീഷ് പൗരനായി പ്രഖ്യാപിക്കണമെന്ന് അവർ ബീഗത്തോട് പറഞ്ഞു. രാജ്യം പിടിച്ചെടുത്തത് ഔദ്യോഗികമായി അംഗീകരിപ്പിക്കാനുള്ള  ബ്രിട്ടീഷുകാരുടെ ഒരു തന്ത്രമായിരുന്നു ഇത്.

കോപാകുലയായ ബീഗം അതിന് ഒട്ടും തയ്യാറായില്ല. 1857-ലെ ശിപായി ലഹള കാര്യങ്ങൾ വഷളാക്കിയപ്പോഴും, ബ്രിട്ടീഷുകാർ അല്പം പോലും വിട്ടുകൊടുത്തില്ല. അങ്ങനെ, 1858-ൽ, നിരാശയായ ബീഗം ഫ്രാൻസ് വഴി ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. എന്നാൽ അപ്പോഴേക്കും  ക്ഷീണിതയായ രാജ്ഞിയുടെ ആരോഗ്യം നല്ല രീതിയിൽ ക്ഷയിച്ചു. ജനുവരി 24 ന്, ബീഗം പാരീസിൽ വച്ച് രോഗപീഡകളാൽ മരണപ്പെട്ടു. ബീഗത്തെ പെരെ ലച്ചൈസിൽ പുതുതായി നിർമ്മിച്ച മുസ്ലീം ക്വാർട്ടേഴ്സിലാണ് അടക്കം ചെയ്തത്. ലളിതവും എന്നാൽ ഗംഭീരവുമായ അവരുടെ ശവസംസ്കാര ചടങ്ങിൽ തുർക്കി സുൽത്താന്മാരുടെ പ്രതിനിധികൾ പങ്കെടുക്കുകയും ബീഗത്തിനായി അവർ ഒരു മാർബിൾ ശവകുടീരം നിർമ്മിക്കുകയും ചെയ്തു. പെരെ ലാചൈസിലെ ബീഗത്തിന്റെ ശവകുടീരം ഇന്ന് പൊളിഞ്ഞു കിടക്കുന്നു. ചരിത്രത്തിൽ അടയാളപ്പെടുത്താതെ പോയ ഗംഭീരമായ ആ സ്മാരകം, രാജ്ഞിയുടെ ദുരന്തകഥയുടെ ഓർമ്മപ്പെടുത്തലായി അവശേഷിക്കുന്നു. 

click me!