
മൂന്നാറിന്റെ പുരാവൃത്തങ്ങളില്‍ ഗാഢമായി ഉറങ്ങിക്കിടക്കുന്നൊരു സുന്ദരി. എലനോര്‍ ഇസബെല്‍ മേയ്. പല കാലങ്ങളില്‍ അവളെത്തേടി നടത്തിയ യാത്രകള്‍. ഏറ്റവും വേണ്ടപ്പെട്ടൊരാളുടെ കല്ലറയിലേക്ക് വഴി തെളിച്ച പിയാനോമുഴക്കങ്ങള്‍. ഫിക്ഷനും ജീവിതവും ചരിത്രവും മിത്തും ഒന്നായി മാറുന്ന എഴുത്തനുഭവം. കെ. പി ജയകുമാര്‍ എഴുതുന്നു
പണ്ടുപണ്ട് മൂന്നാര്‍ കാണാന്‍പോയ ഒരു കുട്ടിയെ എനിക്കറിയാം. ഹൈറേഞ്ചില്‍ ജനിച്ചു വളര്‍ന്നിട്ടും അവന്‍ മൂന്നാര്‍ കണ്ടിട്ടുണ്ടായിരുന്നില്ല. മലഞ്ചെരിവുകളില്‍ പടുത്തുയര്‍ത്തിയ ഓരോ ഗ്രാമങ്ങളും ദുര്‍ഘട പാതകളാലും വനത്താലും ഏലമലക്കാടുകളാലും വിദൂരമാക്കപ്പെട്ടിരുന്നു. അതിനാലാവാം മൂന്നാര്‍ മറ്റേതോ ഭൂഖണ്ഡത്തിലെന്നപോലെ ചെന്നെത്താനാവാത്തത്ര അകലത്തായിരുന്നു. മഞ്ഞുമൂടിയ കൊടുമുടി.
അസഹ്യമായ തണുപ്പ് മജ്ജയില്‍ കൊത്തിവലിക്കുന്ന ചില മഞ്ഞുകാലങ്ങളില്‍ നെരിപ്പോടിന് തീപിടിപ്പിക്കുന്ന നേരങ്ങളില്‍ ''ഇതൊക്കെ എന്തു തണുപ്പ്'' എന്ന് അമ്മ പറയുമായിരുന്നു. കോട്ടയത്തുനിന്ന് സ്ഥലംമാറ്റം കിട്ടി പോകേണ്ടിവന്ന കൊച്ചച്ഛനും ചിറ്റയ്ക്കുമൊപ്പം ദേവികുളം പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ കുട്ടിക്കാലത്ത് താമസിച്ചതിന്റെ ഓര്‍മ്മകളാണ് അമ്മ ഊതിക്കത്തിക്കുന്നത്. കരടികള്‍ പതിയിരിക്കുന്ന തേയിലമലക്കാടുകളും കാട്ടാനകള്‍ ചിന്നംവിളിക്കുന്ന രാത്രികളും പരസ്പരം കാണാനാകാത്തവിധം കനത്തുകെട്ടിയ കോടമഞ്ഞും ഭയത്തേക്കാളേറെ ആകാംക്ഷയാണുണ്ടാക്കിയത്. പൈന്‍ മരങ്ങളില്‍ കുന്തിരിക്കം ഊറുന്ന മലഞ്ചെരിവുകള്‍ ആ കഥകളില്‍ മാന്ത്രിക ഗന്ധം പടര്‍ത്തിയിരുന്നു.
Photo: Gettyimages
റാണി മങ്കമ്മാള്‍ ബസ്
സ്‌കൂള്‍ പഠനകാലം അവസാനിക്കുന്ന മധ്യവേനല്‍ അവധിക്കാലത്തായിരുന്നു ആ യാത്ര. നെടുങ്കണ്ടത്തുനിന്ന് കോതമംഗലത്തേയ്ക്ക് പോകുന്ന പ്രൈവറ്റ് ബസില്‍ അതിരാവിലെ പുറപ്പെട്ട് പൂപ്പാറയില്‍ ഇറങ്ങണം. അവിടെയെത്തുമ്പോള്‍ ബോഡിനായ്ക്കന്നൂരില്‍ നിന്ന് മൂന്നാറിലേയ്ക്ക് പോകുന്ന റാണിമങ്കമ്മാള്‍ വരും. അതിലാണ് തുടര്‍യാത്ര. ആര്‍ എം ടി സി അഥവാ റാണിമങ്കമ്മാള്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് അജ്ഞാതമായ ഭാഷാദേശങ്ങളുമായി ഹൈറേഞ്ചിനെ ബന്ധിപ്പിച്ചിരുന്നു. ഒരിക്കലെങ്കിലും ആ ബസില്‍ കയറി ഇന്നോളം കണ്ടിട്ടില്ലാത്ത നഗരങ്ങള്‍ കാണാന്‍ പോകുന്നതിനെക്കുറിച്ച് കുട്ടിക്കാലത്ത് സ്വപ്നം കണ്ടിരുന്നു.
കടുംപച്ചയും വെള്ളയും നിറമുള്ള ബസ്, കരിയും പുകയും തുരുമ്പും കയറി അകാല വാര്‍ദ്ധക്യത്തിന്റെ കിതപ്പോടെയാണ് വന്നു നിന്നത്. പുകയിലയും ബീഡിപ്പുകയും മാരിക്കൊളുന്തും ജമന്തിയും മുല്ലയും മണക്കുന്ന ബസ്. കയറ്റങ്ങളില്‍ കിതച്ചും ഇറക്കങ്ങളില്‍ ഇഴഞ്ഞും കൊടും വളവുകളില്‍ നിന്നും പിന്നോട്ടെടുത്ത് സാവധാനം തിരിഞ്ഞുമായിരുന്നു യാത്ര. ഏലമലക്കാടുകളുടെ വന്യതയില്‍ നിന്ന് തേയില തോട്ടങ്ങളുടെ അത്ഭുതക്കാഴ്ചയിലേയ്ക്ക് കണ്ണുകള്‍ വിടര്‍ന്നുപോയി. ''ഭൂഭാഗഭംഗികള്‍ ഹരിക്കുമാരെയും'' എന്ന ആശാന്‍ കവിതാഭാഗം സഞ്ചാരിയായ കുട്ടി വായിക്കുന്നത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. കടല്‍ത്തിരകളുടെ നിശ്ചലദൃശ്യം കണക്കെയുള്ള കണ്ണെത്താദൂരത്തോളം തേയിലക്കാടുകളുടെ തരംഗഭംഗി. വേനല്‍ ആയിരുന്നിട്ടും കോടമഞ്ഞ് മാറിയിരുന്നില്ല. നേര്‍പ്പിച്ച നൂലിനാല്‍ നെയ്‌തെടുത്ത വെളുത്തപട്ട് വിരിച്ചിട്ടാലെന്നപോലെ പച്ചില സമുദ്രത്തിന്റെ ഓളങ്ങള്‍ക്കുമേല്‍ അത് സുതാര്യമായി നനഞ്ഞുകിടന്നു. ഓളങ്ങളില്‍ മുങ്ങിയും പൊങ്ങിയും റാണിമങ്കമ്മാള്‍ മലകയറി.
Photo: Gettyimages
മുഴക്കമേറിയ ഒരീണം
മുന്നാറില്‍ ബസ് ഇറങ്ങി ആദ്യം പോയത് പുരാതനമായ സി എസ് ഐ പള്ളി കാണാനാണ്. പഴയ മൂന്നാറിലെ ചിന്നാണ്ടി ചോലയുടെ കുന്നില്‍ ചെരിവിലാണ് പള്ളി. ജനാലകളില്‍ വര്‍ണ്ണക്കണ്ണാടികള്‍ പതിച്ച കരിങ്കല്ലില്‍ പടുത്ത ദേവാലയം. പള്ളിയും പരിസരവും വിജനമായിരുന്നു. കമ്പിളിക്കുപ്പായവും തൊപ്പിയും ധരിച്ച വൃദ്ധനായ ഒരു കാവല്‍ക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അയാള്‍ ചങ്ങലകൊണ്ടു പൂട്ടിയ മരവാതിലുകള്‍ കുട്ടികള്‍ക്കായി തുറന്നിട്ടു. ജനാലയുടെ സ്ഫടിക വര്‍ണ്ണങ്ങളിലൂടെ പലനിറങ്ങളുള്ള വെയില്‍ചീളുകള്‍ പള്ളിയുടെ ചാരുബഞ്ചുകളില്‍ വീണുകിടന്നു; അതൊരു നീളന്‍ പാലറ്റുപോലെ തോന്നി. അതിലെ ചായങ്ങള്‍ മുഖത്തും കുപ്പായത്തിലും മാറിമാറിപ്പടരുന്നതിന്റെ രസത്തിലായിരുന്നു കുട്ടികള്‍. വൃദ്ധനായ കാവല്‍ക്കാരന്‍ കുട്ടികള്‍ക്കായി പിയാനോ വായിച്ചു. അയാളുടെ വിരലുകള്‍ മരക്കട്ടകളില്‍ അതിവേഗം സഞ്ചരിച്ച് മുഴക്കമേറിയ ഒരീണം കണ്ടെടുക്കുന്നതായി തോന്നി. നിശബ്ദമായ അകത്തളമാകെ കോരിത്തരിച്ചു. അയാള്‍ കണ്ണുകള്‍ അടച്ചിരുന്നു. മറ്റേതോ ലോകത്തിലെന്നപോലെ അയാളുടെ ഈണം നേര്‍ത്തുനേര്‍ത്ത് വിഷാദത്തിലേയ്ക്ക് ഊര്‍ന്നിറങ്ങി. പിയോനോ നിശബ്ദമാകുകയും കുട്ടികള്‍ പുറം
കാഴ്ചകളിലേയ്ക്ക് പോവുകയും ചെയ്തനേരം സഞ്ചാരിയായ കുട്ടി അയാളുടെ അടുത്തുചെന്ന് മിണ്ടി.
പള്ളിയില്‍ അക്കാലം ഞായറാഴ്ചകളില്‍ മാത്രമേ ആരാധന ഉണ്ടായിരുന്നുള്ളു. ബാക്കി ദിവസങ്ങളില്‍ അത് അടഞ്ഞുകിടന്നു. വെയില്‍ തെളിഞ്ഞതിനുശേഷം പള്ളിയിലെത്തുന്ന ആ മനുഷ്യന്‍ കുറേനേരം പിയാനോ വായിക്കും. സൂര്യന്‍ അസ്തമിക്കും മുമ്പ് പള്ളി ബന്ധിച്ച് മടങ്ങും. തോട്ടക്കാരനായ ഒരു സായിപ്പിന്റെ സഹായിയായിരുന്നു അയാളുടെ അപ്പ. കുട്ടിയായിരുന്നപ്പോള്‍ ആ സായിപ്പാണ് പിയാനോ വായിക്കാന്‍ പഠിപ്പിച്ചത്. സായിപ്പ് ഇംഗ്ലണ്ടിലേയ്ക്ക് തിരിച്ചുപോയി. എങ്കിലും എല്ലാ ദിവസവും ആ കുട്ടി പള്ളിയിലെത്തി പിയാനോ വായിച്ചു. ഒരു മുഴക്കത്തില്‍ ആരംഭിച്ച് വിഷാദത്തില്‍ ഒടുങ്ങുന്ന ഒറ്റസംഗീതം മാത്രമാണ് അയാള്‍ വായിച്ചിരുന്നത്.
എലനോര്‍ ഇസബെല്‍ മേയ് ഇവിടെ ശാന്തമായുറങ്ങുന്നു. കല്ലറയ്ക്കരികെ എഴുത്തുകാരന്‍.
എലനോര്‍ ഇസബെല്‍ മേയ്
ഇതൊരു ശ്മശാനമാണെത്രെ! മലഞ്ചെരിവിലേയ്ക്കു നീളുന്ന മരക്കുരിശുകളുടെ നിര അയാള്‍ കാണിച്ചുതന്നു. പള്ളി പണിതത് പിന്നീടാണ്. മലഞ്ചെരിവിലെ ആദ്യ ശവകുടീരം കാണാന്‍ വൃദ്ധന്‍ ആ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. സില്‍വര്‍ ഓക്കുമരങ്ങളും കാറ്റാടിമരങ്ങളും ഇടയ്ക്കിടെ പൈന്‍മരങ്ങളും പേരറിയയാത്ത കാട്ടുമരങ്ങളും നിറഞ്ഞ് ഇരുള്‍മൂടിയ ശവക്കോട്ടയിലൂടെ ആ പകല്‍ നടക്കുമ്പോള്‍ ഭയത്തേക്കാളേറെ ആകാംക്ഷയായിരുന്നു.
ആ മണ്‍വഴി കുന്നിന്‍മുകളിലേയ്ക്കായിരുന്നു. അപ്പുറം കൊടുംകാടായിരുന്നു. അയാള്‍ ആ ശവകുടീരത്തിനു മുന്നില്‍ ചെന്നു നിന്നു. അടുത്തകാലത്തെന്നോ കാടുവെട്ടി കിളച്ചിട്ട മണ്‍കുടീരത്തിനു ചുറ്റും ലില്ലിപ്പൂക്കള്‍ ആര്‍ത്തുനിന്നിരുന്നു. അവിടെ 'മെയ്' എന്നെഴുതിയ കല്‍ക്കുരിശ് നാട്ടിയിരുന്നു. താഴെ 'എലനോര്‍ ഇസബെല്‍ മേയ്' എന്ന് ആഴത്തില്‍ കോറിയിരുന്നു. 1894 ഡിസംബര്‍ 23-ന് അവര്‍ മരിക്കുമ്പോള്‍ 24 വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളു!
വൈകുന്നേരത്തോടെ മൂന്നാറില്‍ നിന്ന് തിരികെ പോരുമ്പോള്‍ മറ്റെല്ലാ കാഴ്ചകളും മാഞ്ഞുപോയിരുന്നു. 'എലനോര്‍ ഇസബെല്‍ മേയ്' എന്ന പേരും ആ കല്ലറയും ലില്ലിപ്പൂക്കളും മാത്രം മാഞ്ഞുപോയില്ല. പിന്നീട് എത്രയോ തവണ മൂന്നാര്‍ സന്ദര്‍ശിച്ചിരിക്കുന്നു. ആ പിയോനോ വാദകനെ കണ്ടിട്ടേയില്ല. കാട്ടുമൃഗങ്ങളുടെ ശല്യമുള്ളതിനാല്‍ സെമിത്തേരിയുടെ ഭാഗത്തേയ്ക്കുള്ള സന്ദര്‍ശനം വിലക്കിയിരുന്നു. പിന്നീടൊരിക്കലും ആ മൃതകുടീരം കാണാനായില്ല.
‘ആ’ എന്ന നോവല്‍
'ആ' എന്ന നോവലിലേക്ക് ഒരുവള്‍
പഠനവും ജോലികളുമായി മൂന്നര പതിറ്റാണ്ട് കടന്നുപോയി. കൊച്ചി നഗരത്തിലെ ഫ്‌ലാറ്റില്‍ ആദ്യ നോവലായ 'ആ' യുടെ എഴുത്തുനേരത്ത് പൊടുന്നനെ എലനോര്‍ ഇസബെല്‍ മേയ് കയറിവന്നു. ജസീന്ത എന്ന അജ്ഞാത നായികയെത്തേടി അതോ രാജു എന്ന അജ്ഞാന നായകനെയോ? എന്തുമാവാം. നോവലിലെ ആഖ്യാതാവ് മൂന്നാറിലെത്തുന്നുണ്ട്. അയാള്‍ സി എസ് ഐ പള്ളിയുടെ സമീപത്തുകൂടി കടന്നുപോകുന്ന നേരത്താണ് ഒരു മുഴക്കത്തില്‍ ആരംഭിച്ച് ആര്‍ദ്രമായ് അസ്തമിക്കുന്ന പിയോനോ കേള്‍ക്കുന്നതായി തോന്നിയത്. അങ്ങനെയാണ് എലനോര്‍ ഇസബെല്‍ മേയും അവരുടെ പ്രണയവും മരണവും ആ കല്ലറയും നോവലില്‍ കടന്നുവന്നത്.
നോവലില്‍ ആ ഭാഗം ഇങ്ങനെയാണ്:
''പഴയ മൂന്നാറിലെ പുരാതനമായ സി എസ് ഐ പള്ളിയുടെ ചാരെ മലഞ്ചെരിവിലേയ്ക്ക് നീളുന്ന വീതികുറഞ്ഞ മണ്‍പാത. വലതുവശത്തെ കുന്നിന്‍ചരിവില്‍ നൂറ്റാണ്ട് പഴക്കമുള്ള ശവക്കോട്ട. ഓക്കുമരത്തിന്റെ വിണ്ടുകീറിയ പലകളില്‍ മരിച്ചവരുടെ കുരിശടയാളങ്ങള്‍.
പ്രാചീനമായ മരണ സ്മരണകള്‍പേറുന്ന മരക്കുരിശുകള്‍ വാര്‍ണീഷ് അടര്‍ന്ന് പായല്‍ പടര്‍ന്നിരുന്നു. കരിങ്കല്ലുപാകിയ കല്ലറകളിലെ സിമന്റ് കുരിശുകളില്‍ അണ്ണാന്‍ പച്ചിലകള്‍ കിളിര്‍ത്തുനിന്നു. ഏതാനും ചില മാര്‍ബിള്‍ ഫലകങ്ങള്‍ മരിച്ചവരുടെ ഓര്‍മ്മകളെ വെയില്‍ കായാന്‍ കിടത്തി. ചില കല്ലറകള്‍ക്ക് മേല്‍ക്കൂരയുണ്ടായിരുന്നില്ല. ഒടിഞ്ഞു തൂങ്ങിയ മരക്കുരിശും കറുത്ത മണ്‍കൂനയും മാത്രം.
അവിടെവിടെയായി ചില കരിമണ്‍കൂനകളില്‍ വാടിക്കരിഞ്ഞ പൂക്കളും ചിതറിയ പുഷ്പചക്രങ്ങളുടെ ശകലങ്ങളുമായി ചില സാധാരണ ചരമസ്മാരകങ്ങളും കാണാം. അവരുടെ മണ്‍കൂനയില്‍ കുരിശുമരക്കാലുകളില്ല, അരിപ്പൊടിയോ കുമ്മായമോകൊണ്ട് വരഞ്ഞ കുരിശുകോലം മാത്രം. മഴയിലോ കാറ്റിലോ തിരോഭവിച്ചേക്കാവുന്ന ഓര്‍മ്മയുടെ പൊടിപടലം! അടുത്ത നിമിഷങ്ങളിലെപ്പോഴോ ഓര്‍മ്മിക്കപ്പെട്ട ആത്മാക്കളുടെ വാടാത്ത മാരിക്കൊളുന്തും ജമന്തിപ്പൂക്കളും കല്ലറകള്‍ക്കുമുകളില്‍ വെയില്‍ കാഞ്ഞു. ചതഞ്ഞ മാരിക്കൊളുന്തിന്റെ ഗന്ധം അന്തരീക്ഷത്തില്‍ പടര്‍ന്നിരുന്നു.
മരണത്തിന്റെ ഇന്‍സ്റ്റലേഷന്‍; അതോ ജീവിതത്തിന്റെയോ?
ഭയത്തിന്റെ കുറുകിയ സ്മരണകളില്‍നിന്ന് സെമിത്തേരി കൗതുകമുണര്‍ത്തുന്ന കലാനുഭവമായി തോന്നി. മരണത്തിന്റെ ഒറ്റയൊറ്റയായ ആവിഷ്‌കാരങ്ങള്‍. മണ്‍തിട്ടകളില്‍ തീനാമ്പുകള്‍പോലെ പൂത്തുനില്‍ക്കുന്ന ചുവന്ന ലില്ലികള്‍ ശ്മശാനങ്ങളെ തൃഷ്ണകളുടെ പൂന്തോട്ടമാക്കുന്നു. സെമിത്തേരികള്‍, എല്ലാവര്‍ക്കും സ്മാരകങ്ങളുള്ള ഭൂമിയിലെ ദേവാലയങ്ങളെത്രെ!
ഈ ശവകുടീരങ്ങളിലൊന്നിലാണ് മൂന്നാറിന്റെ പ്രണയസ്മാരകം. ഭൂഖണ്ഡങ്ങള്‍ താണ്ടിവന്നണഞ്ഞ പ്രണയകഥയിലെ നായികയുടെ അന്ത്യവിശ്രമസ്ഥലം. പത്തൊമ്പതാം ശതകത്തിന്റെ അന്ത്യത്തിലാണ് ഹെന്‍ട്രിമാന്‍ഫീല്‍ഡ് നൈറ്റ് എന്ന ചെറുപ്പക്കാരന്‍ ഇംഗ്ലണ്ടില്‍നിന്ന് മൂന്നാറിലെത്തുന്നത്. പ്രണയിനിയായ എലനോര്‍ ഇസബെല്‍ മേയും അവനോടൊപ്പമുണ്ടായിരുന്നു. ബ്രിട്ടീഷ് പ്ലാന്റിംഗ് കമ്പനി എന്ന തേയിലത്തോട്ടത്തിന്റെയും ഫാക്ടറിയുടെയും ജനറല്‍ മാനേജരായി അയാള്‍ ചുമതലയേറ്റു. മൂന്നാറിന്റെ മഞ്ഞുതാഴ്‌വരകളിലും കുന്നിന്‍ ചരിവുകളിലും അവര്‍ പ്രണയഭരിതരായി ചുറ്റിനടന്നു.
ഏറെ വൈകാതെ അവര്‍ വിവാഹിതരായി. പ്രേമനിര്‍ഭരമായ ആ നാളുകളിലൊന്നില്‍ അപരാഹ്നത്തിന്റെ ഇളവെയിലില്‍ ഈ കുന്നിന്‍ ചരിവില്‍ അവരിരുവരും ആകാശം നോക്കി കിടന്നു. കാറ്റില്‍ നേര്‍ത്ത മഞ്ഞുതൂവാല അവരെത്തഴുകി കടന്നുപോയി. കുന്നിന്‍ പാര്‍ശ്വത്തിലൂടെ അക്കാലം മുതിരപ്പുഴയാര്‍ നിറഞ്ഞൊഴുകിയിരുന്നു.
അപ്പോള്‍ എലനോര്‍ പറഞ്ഞു: ''ഞാന്‍ മരിച്ചാല്‍ നീ എന്നെ ഈ കുന്നിന്‍ മുകളില്‍ അടക്കം ചെയ്യണം.''
അന്നേരം ആ കുന്നിന്‍ ചരിവിലാകെ ലില്ലികള്‍ പൂത്തു ചുവന്നിരുന്നു. കാമനയുടെ വസന്തം. അവന്‍ എഴുന്നേറ്റിരുന്നു. അവളും. ഇടംകൈകൊണ്ട് അവളെ ചേര്‍ത്തുപിടിച്ച് ഹെന്‍ട്രി പറഞ്ഞു.
''ഞാന്‍ നിനക്ക് ഉറപ്പുതരുന്നു. ഈ മലഞ്ചെരിവും താഴ്‌വാരവും വിട്ട് നമ്മള്‍ എവിടേയ്ക്കും പോകുകയില്ല. നമ്മുടെ ആത്മാവുകളും.''
അവര്‍ കൂടുതല്‍ അഗാധമായി പരസ്പരം ചുംബിച്ചു. ആകാശം കൈവിട്ട മഞ്ഞിന്റെ മേഘപടലം അവര്‍ക്കുമേല്‍ സാവധാനം വന്നുപുതച്ചു.
ആ ഡിസംബര്‍ അവരെ പതിവിലും ഉത്സാഹികളാക്കി. ഈറത്തണ്ടുകള്‍ ചീന്തി നക്ഷത്രങ്ങള്‍ കെട്ടിയുണ്ടാക്കി. ചിത്രത്തുന്നലുകളുള്ള വര്‍ണ്ണത്തുണികള്‍കൊണ്ട് അവയെ അലങ്കരിച്ചു. ബംഗ്ലാവിന്റെ കവാടത്തില്‍ സ്ഥാപിക്കപ്പെട്ട നക്ഷത്രങ്ങള്‍ രാവെളുക്കുവോളം മെഴുകുദീപങ്ങളാല്‍ പ്രകാശിച്ചു.
രാത്രിയില്‍ അവനോട് ചേര്‍ന്ന് ജാലക ചില്ലിലൂടെ നക്ഷത്രങ്ങളെ നോക്കിയിരിക്കെ അവള്‍ ചോദിച്ചു.
''നക്ഷത്രങ്ങള്‍ ഭൂമിയെ തൊടുന്നത് നീ കാണുന്നില്ലേ?''
''നക്ഷത്രം എന്റെ തൊടുന്നത് ഞാനറിയുകയാണല്ലോ'' അവന്‍ പ്രതിവചിച്ചു.
അതിന് നാലാംനാള്‍ 1894 ഡിസംബര്‍ 23ന് കഠിനമായ കോളറ ബാധിച്ച് എലനോര്‍ ഇസബെല്‍ മേയ് ഈ ലോകത്തോട് വിടപറഞ്ഞു.
ഹെന്‍ട്രി അവളുടെ മൃതദേഹം ഈ കുന്നിന്‍ ചരിവില്‍ അടക്കം ചെയ്തു. ഓക്കുമരത്തിന്റെ ചീന്തിയ കാതല്‍കൊണ്ട് കുരിശു പണിയിപ്പിച്ചു. ആ മണ്‍കൂനയ്ക്കു ചുറ്റും ചുവന്ന ലില്ലികള്‍ നട്ടു. എലനോറിന്റെ കുഴിമാടത്തിന് ചുറ്റും കാലം ശ്മശാനമൊരുക്കി. മരിച്ചവരുടെ ആത്മാവുകള്‍ അവളോടൊപ്പം ആ കുന്നിന്‍ ചരിവില്‍ കുടിപാര്‍ത്തു.
പിന്നീടാണ് ഇവിടെ ഹെന്‍ട്രി മാന്‍ഫീല്‍ഡ് നൈറ്റിന്റെ നേതൃത്വത്തില്‍ പള്ളി നിര്‍മ്മാണം ആരംഭിക്കുന്നത്. യൂറോപ്പില്‍നിന്ന് കൊണ്ടുവന്ന നിര്‍മ്മാണവസ്തുക്കള്‍ ഉപയോഗിച്ച് കരിങ്കല്ലില്‍ പടുത്തുയര്‍ത്തിയ പ്രാചീനമായ ദോവാലയം.
ഇസബെല്‍ മേയുടെ പ്രണയകുടീരം കാണണമെന്ന് എനിക്കപ്പോള്‍ തോന്നി. കുന്നിന്‍ ചരിവില്‍ ആര്‍ത്തുനിന്ന ചുവന്ന ലില്ലിപ്പൂക്കള്‍ പറിച്ച് ആ കല്ലറയുടെ മുകളില്‍ വച്ചു. അകാലത്തില്‍ അസ്തമിച്ചുപോയ പ്രണയത്തെയോര്‍ത്ത് തെല്ലിട നിന്നു.
സെമിത്തേരികള്‍ പ്രണയത്തിന്റെ ആരാധനാലയങ്ങളാണത്രെ!''
കഥ ഇവിടെ കഴിയുന്നു.
മൂന്നാറിലെ സി എസ് ഐ പള്ളി Photo: Gettyimages
ആകെ മാറിയൊരു കാലത്ത് അവിടം!
2023 മെയ് മാസത്തില്‍ ഞങ്ങള്‍ മൂന്നാറിലെത്തുമ്പോള്‍ വൈകുന്നേരമായിരുന്നു. വേനലെങ്കിലും കോടമഞ്ഞുണ്ടായിരുന്നു. സി എസ് ഐ പള്ളിയുടെ മുറ്റത്ത് വണ്ടിനിര്‍ത്തി. ആളനക്കം ഉണ്ടായിരുന്നില്ല. പള്ളിയും പരിസരവും ആകെ മാറിപ്പോയിരുന്നു. കല്ലെടുപ്പുകള്‍ സായാഹ്നവെയിലില്‍ തിളങ്ങി. ചരല്‍ക്കല്ലുകള്‍ പാകിയൊരുക്കിയ വിശാലമായ മുറ്റത്തുകൂടി മകള്‍ ഞങ്ങള്‍ക്ക് മുന്നില്‍ നടന്നു. ആദ്യമായി മൂന്നാര്‍ കാണാനെത്തിയ പഴയ കുട്ടിയുടെ അതേ പ്രായമാണ് ഇപ്പോള്‍ അവള്‍ക്കെന്ന് ഞാനോര്‍ത്തു. എലനോര്‍ ഇസബെല്‍ മേയും അവളുടെ കൂട്ടുകാരനും ആ പരിസരത്തെവിടെയോ ഉണ്ടാകുമെന്ന് അവളെപ്പോലെ ഞങ്ങളും വിചാരിച്ചു.
''ആ കല്ലറ കാണാന്‍ പോകണം'' എന്ന് യാത്ര തുടങ്ങുമ്പോള്‍ തന്നെ ഗായത്രി പറഞ്ഞിരുന്നു.
പക്ഷെ, മലഞ്ചെരിവിലേയ്ക്കുള്ള പാത അടച്ചിരിക്കുകയാണ്. സന്ദര്‍ശനം വിലക്കിയതായുള്ള ബോര്‍ഡ് കണ്ടു.
പള്ളിയുടെ കവാടങ്ങള്‍ തുറന്നുകിടന്നിരുന്നു. സ്ഫടിക ജാലകങ്ങളില്‍ ചിലതെല്ലാം ഉടഞ്ഞുപോയിരുന്നു. ഉള്ളിലെ മരബെഞ്ചുകളില്‍ അന്തിവെയില്‍ ചിന്തിയിരുന്നു. അള്‍ത്താരയ്ക്ക് മുന്നില്‍ ഞങ്ങള്‍ഏറെ നേരം നിന്നു. പ്രാചീനമായ നിശബ്ദതയ്ക്കും തണുപ്പിനും മാത്രം മാറ്റമില്ല. കണ്ണുകളും കാതുകളും ഒരേപോലെ തിരഞ്ഞത് ആ പഴയ പിയാനോ ആണ്. അതെവിടെയും കാണാനായില്ല.
പുറത്തെ കല്‍പ്പടവിലിരിക്കെ പടിഞ്ഞാറന്‍ മലഞ്ചെരിവില്‍ സൂര്യന്‍ അസ്തമിക്കുന്നതിന്റെ ചുവപ്പ് പടര്‍ന്നു. ആ നേരം തിടുക്കപ്പെട്ട് ഒരാള്‍ വരുകയും വൈദ്യുത വിളക്കുകള്‍ ഓരോന്നായി തെളിക്കുകയും ചെയ്തു. പള്ളിയുടെ പുതിയ സൂക്ഷിപ്പുകാരനാണ്. പഴയവരെല്ലാം കാലം ചെയ്തിരിക്കുന്നു. ഞാനാ പിയാനോ തിരക്കി. അത് കേടായത്രെ! പഴയ പിയാനോ മരക്കട്ടകള്‍ ഇളകി ശ്രുതിയും കാലവും തെറ്റി. നന്നാക്കാന്‍ അറിയുന്നവര്‍ ഇല്ല. പള്ളിയുടെ കോണിലേയ്ക്ക് മാറ്റി ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്.
മലഞ്ചെരിവിലെ പ്രാചീനമായ ആ കല്ലറയെ കണ്ടുവരാനാകുമോ എന്ന് തിരക്കി. അനുവദിക്കില്ലെന്ന് അയാള്‍ പറഞ്ഞു. അതങ്ങ് കാടിനോട് ചേര്‍ന്നാണ്. കാട്ടുപന്നികളും കാട്ടാനയും ചിലപ്പോഴെങ്കിലും കരടിയും ഇറങ്ങുന്ന നേരമാണ്. പോകാനാവില്ല. നാളെ പകല്‍ കുറച്ചുകൂടി നേരത്തെ വന്നാലോ എന്നായി ചോദ്യം. പറ്റില്ല, എന്നയാള്‍ തീര്‍ത്തു പറഞ്ഞു. കുടുംബക്കാര്‍ക്ക്, അതും ഓര്‍മ്മ ദിനങ്ങളില്‍ മാത്രം കല്ലറ സന്ദര്‍ശിക്കാം, മറ്റാരേയും അനുവദിക്കേണ്ടെന്നാണ് തീരുമാനം. ഞങ്ങള്‍ ഇവിടെ വരുന്നവരുടെയെല്ലാം കാവല്‍ക്കാരാണോ? എന്നയാള്‍ അല്പം ഈര്‍ഷ്യയില്‍ ചോദിച്ചു.
'അവന് കാവലാള്‍ ഞാനോ?' എന്ന വാക്യത്തിന്റെ നൂറ്റാണ്ട് ഭാരത്താല്‍ ഞാന്‍ നിശബ്ദനായി.
കല്ലറകള്‍ ഉറ്റവര്‍ക്കുമാത്രം ചെന്നുതൊടാനാകുന്ന സ്വകാര്യ സ്ഥലങ്ങളത്രെ! നൂറ്റാണ്ടിനപ്പുറം മരിച്ചുപോയ ആ പെണ്‍കുട്ടിയെയും ഞങ്ങളെയും ബന്ധിപ്പിക്കുന്നതെന്താണ്? അതെങ്ങനെ പറഞ്ഞു മനസ്സിലാക്കും.
ഞങ്ങള്‍ മുറ്റത്തേയ്ക്കിറങ്ങി.
''ഒരുപാട്ട് കേള്‍ക്കുന്നതായി തോന്നിയോ?'' ഞാന്‍ ചോദിച്ചു.
''കേട്ടു'' അവര്‍ പറഞ്ഞു.
''പിയാനോ അല്ലേ?''
''അത് സാക്‌സോഫോണാണ്....'' മകള്‍ പറഞ്ഞു.
''അതിപ്പോഴും കേള്‍ക്കാം. ഹോട്ടലിലെ ബാന്റോ മറ്റോ ആയിരിക്കും'' ഗായത്രി പറഞ്ഞു.
ഞങ്ങള്‍ മടങ്ങിപ്പോന്നു.
എലനോറിന്റെ അവസാനചടങ്ങ്. ഒരു എ ഐ ഭാവന.
മരിച്ചവരുടെ പിയാനോ
ഈ ജനുവരിയില്‍ കോടമഞ്ഞ് മൂടിയ മൂന്നാറില്‍ ഞങ്ങള്‍ എത്തുമ്പോള്‍ നൂറ്റിമുപ്പത്തിരണ്ടു കൊല്ലങ്ങള്‍ക്കപ്പുറം അകാലത്തില്‍ കൊഴിഞ്ഞുപോയ ആ പെണ്‍കുട്ടിയെ കാണണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. മൂന്നാറുകാരനായ സുഹൃത്തും ഓട്ടോ ഡ്രൈവറും പൊതു പ്രവര്‍ത്തകനുമായ ബാബുവിനോട് ആഗ്രഹം പറഞ്ഞു. മരിച്ചവര്‍ക്കുള്ള പ്രാര്‍ത്ഥനകള്‍ക്കായി സെമിത്തേരി തുറക്കുന്ന ഡിസംബറില്‍ അല്ലാതെ സ്വകാര്യ സന്ദര്‍ശകരെ അനുവദിക്കാറില്ല. അല്ലങ്കില്‍ വേണ്ടപ്പെട്ടവരുടെ കല്ലറ ഉണ്ടാവണം. ഇത്രയേറെ വേണ്ടപ്പെട്ട മറ്റൊരു കല്ലറയും ഇല്ലെന്ന് ബാബുവിനോട് പറഞ്ഞു.
മടങ്ങിപ്പോരുന്നതിന്റെ തലേന്നാള്‍ മൂന്നാറിലെ ഏറ്റവും പഴയ എസ്റ്റേറ്റുകളില്‍ ഒന്നായ പാര്‍വതി എസ്റ്റേറ്റ് കാണാന്‍ പുറപ്പെട്ടു. സി എസ് ഐ പള്ളിയുടെ സമീപത്തുകൂടിയാണ് യാത്ര. ഈ വരവില്‍ ഞങ്ങള്‍ പള്ളി സന്ദര്‍ശിച്ചിരുന്നില്ല. സെമിത്തേരിയിലേയ്ക്കുള്ള വഴി തുറക്കാനാകാത്തതിനാല്‍ പള്ളിയിലേയ്ക്കും പോകാന്‍ തോന്നിയില്ല. ഒന്ന് ശ്രമിച്ചുനോക്കാം എന്നുപറഞ്ഞ് ബാബു പള്ളിമുറ്റത്തേയ്ക്ക് ഓട്ടോ തിരിച്ചു. ഞങ്ങള്‍ വെറുതെ പള്ളിയും പരിസരവും ചുറ്റിനടന്നു. സഞ്ചാരികളുടെ നല്ല തിരക്കുണ്ടായിരുന്നു. പെട്ടെന്ന് ബാബു വന്ന് സെമിത്തേരിയില്‍ പോകാന്‍ അനുവാദം കിട്ടിയതായി പറഞ്ഞു. മറ്റു സഞ്ചാരികളുടെ ശ്രദ്ധയില്‍പ്പെടാതെ ഞങ്ങളെക്കൂട്ടി മലഞ്ചെരിവിലേയ്ക്ക് നടന്നു.
മൂന്നര പതിറ്റാണ്ടിനുശേഷം ആ മലഞ്ചെരിവിലൂടെ പഴയ കുട്ടിക്കാലം കുന്നിന്‍മുകളിലേയ്ക്ക് കയറി. മണ്‍പാതയ്ക്ക് മാറ്റമൊന്നുമില്ല. സില്‍വര്‍ ഓക്കുമരങ്ങള്‍ക്കിടയിലൂടെ അത് മലമുകളിലേയ്ക്ക് ഇഴഞ്ഞേറുന്നു. ഇടയ്ക്കിടെ കല്ലുകള്‍കെട്ടി പടവുകളുണ്ടാക്കിയിട്ടുണ്ട്. ഇടതൂര്‍ന്ന മരങ്ങളില്ല. വിശാലമായ മലഞ്ചെരിവാകെ മരിച്ചവര്‍ക്കായുള്ള കല്ലെടുപ്പുകള്‍. മരിച്ചവരുടെ ഓര്‍മ്മയ്ക്കായി ഡിസംബറില്‍ പ്രാര്‍ത്ഥനകള്‍ ഉണ്ടായിരുന്നതുകൊണ്ടാകണം ശ്മശാനമാകെ തെളിച്ചിരുന്നു.
ഞങ്ങള്‍ നടന്ന് മുകള്‍പ്പരപ്പിലെത്തി. ആ ഒറ്റയടിപ്പാത എലനോര്‍ ഇസബെല്‍ മേയുടെ ശാന്തികുടീരത്തിലേയ്ക്കായിരുന്നു. കുന്നിന്‍ചരിവില്‍ വനത്തോട് ചേര്‍ന്ന് ചതുരത്തില്‍ ചെടികള്‍ വച്ചുപിടിപ്പിച്ച് പ്രത്യേകമായി ഉയര്‍ത്തി തിരിച്ചിട്ടിരിക്കുന്ന കല്ലറ കണ്ടു. ചരല്‍ക്കല്ലുകള്‍പാകി കല്ലറയുടെ മുറ്റം പുതുക്കിയിരുന്നു. ഉറ്റവരുടെ ഓര്‍മ്മകളിലേയ്‌ക്കെന്നപോലെ ഞങ്ങള്‍ ആ കുടീരത്തിന് മുന്നിലേയ്ക്ക് നടന്നു. പൂക്കളില്‍ നിന്നപ്പോള്‍ പലനിറമാര്‍ന്ന ചിത്രശലഭങ്ങള്‍ പാറി. ഏറെനേരം ആ കല്ലറയ്ക്ക് മുന്നില്‍ ഞങ്ങള്‍ നിന്നു.
മുഴക്കത്തോടെ ആരംഭിച്ച് വിഷാദത്തിലേയ്ക്ക് ചാഞ്ഞിറങ്ങുന്നൊരു പിയാനോ കേട്ടുവോ...?
ഇല്ല. തോന്നിയതാകാം.
എലനോറിന്റെ കല്ലറയ്ക്കരികെ കെ പി ജയകുമാര്‍, പങ്കാളി ഗായത്രി ടിപി, മകള്‍ അരുന്ധതി
മടക്കയാത്ര മറന്ന യാത്രികര്‍
''ഒരു കഥപറയട്ടെ'' തിരികെ നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.
''എന്തു കഥ?'' മകള്‍ ആകാംക്ഷയോടെ തിരിഞ്ഞുനിന്നു.
''മരിച്ചവരുടെ കഥ.'' ഞാന്‍ അവളുടെ കൈ പിടിച്ച് കുന്നിറങ്ങി.
പണ്ടുപണ്ട് ഈ താഴ്‌വരയില്‍ രണ്ട് യുവാക്കള്‍ പാര്‍ത്തിരുന്നു. ജോണ്‍ അജ്ജു എന്നും അന്തോണി അജ്ജു എന്നും പോരായി രണ്ടുപേര്‍. ചൈനയില്‍ നിന്നുള്ള തേയില വിത്തുകളുമായെത്തിയ സഹോദരങ്ങളായിരുന്നു അവര്‍. കായകളില്‍നിന്നും തണ്ടോടുകൂടിയ ഇലകളില്‍നിന്നും പുതിയ തേയിലച്ചെടികള്‍ മുളപ്പിക്കുന്ന കലാവിദ്യ അവര്‍ ഇന്നാട്ടിലെ തൊഴിലാളികളെ പഠിപ്പിച്ചു. 1890-കളുടെ തുടക്കത്തില്‍ താഴ്‌വരയിലെ തടാകതീരത്തെ അവരുടെ നഴ്‌സറിയില്‍ മുളച്ച തേയിലച്ചെടികളാണ് ഈ കണ്ണന്‍ദേവന്‍ മലനിരകളില്‍ വേരോടിയത്. തേയിലക്കുഞ്ഞുങ്ങളെ താലോലിച്ചും പരിചരിച്ചും അവര്‍ ഈ താഴ്‌വരയില്‍ തന്നെ ജീവിച്ചു. മടങ്ങിപ്പോകാനായി വന്നതാണെങ്കിലും അവര്‍ മടക്കയാത്രയുടെ കാര്യം എപ്പോഴോ മറന്നിരുന്നു. അതോ, ഈ മഞ്ഞുദേശത്തെ പ്രണയിച്ചതാകുമോ? അറിയില്ല. പഴയ മൂന്നാറില്‍ ചൈനാ നഴ്‌സറിയുടെ കുരുന്നിലകള്‍ക്കിടയില്‍ ജീവിച്ചുമരിച്ച അവരുടെ ശരീരങ്ങള്‍ ഈ ചവോക്കുമരങ്ങള്‍ക്കിടയിലെ ഏതോ കല്ലറയിലാണ് അടക്കം ചെയ്തത്. തൊഴിലാളികളും കങ്കാണിമാരും നിറകണ്ണുകളോടെ യാത്ര പറഞ്ഞിരിക്കണം.
''വിഷാദം കൂമ്പിയ ഇലകളും മഞ്ഞുപെയ്യുന്ന താഴ്‌വരകളും വിട്ട് അവരും എവിടെയും പോയില്ല. ഭൂപടങ്ങളുടെയോ ഭാഷയുടെയോ സംസ്‌കാരങ്ങളുടെയോ ഭാരമില്ലാതെ അവരും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.''
''ആ കല്ലറകള്‍ എവിടെയാണ്?'' മകള്‍ ചോദിച്ചു.
''അറിയില്ല.'' ഞാന്‍ പറഞ്ഞു. ''ഈ കല്ലറകളില്‍ ചിലതെങ്കിലും ചരിത്രം കൊത്തിയ ശിലാസ്മാരകങ്ങളാണ്.''
കാറ്റാടിമരങ്ങളില്‍ ചൂളംകുത്തിയ ശീതക്കാറ്റ് അന്നേരം ഞങ്ങളെ കടന്നുപോയി. താഴ്‌വരയിലെവിടെയോ ചെന്നസ്തമിക്കുന്ന അതിന്റെ അവരോഹണത്തില്‍ വിഷാദം കലര്‍ന്നിരുന്നു.
തിരികെ ഇറങ്ങുമ്പോള്‍ വെയില്‍ കുറുകിയ നിലാവുപോലെ തോന്നി.
കാറ്റിന് തണുപ്പുണ്ടായിരുന്നു.