അയർലൻഡിൽ നിന്നുള്ള ഗവേഷകർ റോമിൽ നിന്ന് ലോകത്തിലെ ഏറ്റവും പഴയ ഇംഗ്ലീഷ് കവിതയായ ‘കായദ്മൺസ് ഹിം’-ന്റെ 1200 വർഷം പഴക്കമുള്ള പകർപ്പ് കണ്ടെത്തി. ഒൻപതാം നൂറ്റാണ്ടിലെ ഈ കയ്യെഴുത്തുപ്രതി, മുൻപ് അറിയപ്പെട്ടിരുന്ന ഏറ്റവും പഴയ പകർപ്പിനേക്കാൾ മൂന്ന് നൂറ്റാണ്ടോളം പഴക്കമുള്ളതാണ്.
റോമിലെ മധ്യകാല കയ്യെഴുത്തുപ്രതിയെ കുറിച്ചുള്ള (medieval manuscripts) പഠനത്തിനിടെ, അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും പഴക്കമുള്ള ഇംഗ്ലീഷ് കവിതയായ ‘കായദ്മൺസ് ഹിം’ (Caedmon's Hymn)-ന്റെ ഇതുവരെ നിലനിൽക്കുന്നതിൽ ഏറ്റവും പുരാതനമായ പകർപ്പ് അയർലൻഡിൽ നിന്നുള്ള ഗവേഷകർ കണ്ടെത്തി. ചരിത്ര ഗവേഷകരെയും പണ്ഡിതന്മാരെയും ഒരേപോലെ അത്ഭുതപ്പെടുത്തിയ ഈ കണ്ടെത്തൽ, നൂറ്റാണ്ടുകളായി സംരക്ഷിക്കപ്പെട്ടുപോന്ന ആദ്യകാല ഇംഗ്ലീഷ് സാഹിത്യത്തിന്റെ പ്രാധാന്യത്തെ വീണ്ടും അടിവരയിടുന്നതായി ‘പീപ്പിൾ.കോം’ റിപ്പോർട്ട് ചെയ്തു.

ഏഴാം നൂറ്റാണ്ടിൽ നോർത്തംബ്രിയയിലെ ഒരു കാർഷിക തൊഴിലാളിയായിരുന്ന ‘കായദ്മൺ’ ആണ് ഈ കവിത ആദ്യമായി രചിച്ചതെന്ന് അസോസിയേറ്റഡ് പ്രസ്സ് വ്യക്തമാക്കുന്നു. ട്രിനിറ്റി കോളേജ് ഡബ്ലിനിലെ സ്കൂൾ ഓഫ് ഇംഗ്ലീഷിലെ വിസിറ്റിംഗ് റിസർച്ച് ഫെലോ ആയ എലിസബറ്റ മഗ്നാന്റി ഈ കണ്ടെത്തലിൽ തങ്ങളുടെ സംഘം അതീവ സന്തുഷ്ടരാണെന്ന് അറിയിച്ചു. ഈ കയ്യെഴുത്തുപ്രതി ആദ്യമായി കണ്ടപ്പോൾ വിശ്വസിക്കാനാകാതെ തങ്ങൾ അക്ഷരാർത്ഥത്തിൽ നിശബ്ദരായിപ്പോയെന്ന് അവർ പറഞ്ഞു. മധ്യകാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പകർപ്പുകൾ ഇറങ്ങിയിട്ടുള്ള, ‘വെനറബിൾ ബീഡ്’ (Bede) എന്ന സന്യാസി വര്യൻ എഴുതിയ ‘എക്ലീസിയാസ്റ്റിക്കൽ ഹിസ്റ്ററി ഓഫ് ദി ഇംഗ്ലീഷ് പീപ്പിൾ’ (Ecclesiastical History of the English People) എന്ന പുസ്തകത്തിന്റെ പകർപ്പുകളിലാണ് ഈ കവിത ഉൾപ്പെട്ടിട്ടുള്ളത്.
തങ്ങൾക്ക് ലഭിച്ചത് ഒൻപതാം നൂറ്റാണ്ടിലെ പ്രതിയാണെന്ന് ട്രിനിറ്റി കോളേജ് ഡബ്ലിനിലെ മിഡീവൽ ലിറ്ററേച്ചർ അസോസിയേറ്റ് പ്രൊഫസറായ മാർക്ക് ഫോക്നറും മഗ്നാന്തിയും വിശദീകരിച്ചു. ഈ കവിതയുടെ മുൻകാല പകർപ്പുകൾ നിലവിലുണ്ടായിരുന്നെങ്കിലും, അവ സമ്പൂർണ്ണമായ രീതിയിൽ അല്ല, മറിച്ച് പുസ്തകത്താളിന്റെ മാർജിനുകളിൽ മാത്രമാണ് എഴുതപ്പെട്ടിരുന്നത്. റോമിലെ നാഷണൽ പബ്ലിക് ലൈബ്രറിയിലെ മധ്യകാല-ആധുനിക ഹസ്തലിഖിതങ്ങളുടെ ക്യൂറേറ്ററായ വാലന്റീന ലോംഗോയുടെ അഭിപ്രായത്തിൽ, ബീഡിന്റെ ചരിത്രഗ്രന്ഥത്തിന്റെ ഈ പകർപ്പ് തയ്യാറാക്കിയത് ‘നൊനാന്റോള’യിലെ ബെനഡിക്റ്റൈൻ ആബിയിലെ (Nonantola Benedictine abbey) സന്യാസിമാരായിരുന്നു.
നൂറ്റാണ്ടുകളിലായി ഈ കയ്യെഴുത്തുപ്രതി റോമിലെ മറ്റൊരു ആബി, വത്തിക്കാൻ, ഒരു ചെറിയ പള്ളി എന്നിങ്ങനെ പലരുടെ കൈകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. പിന്നീട് ഇംഗ്ലീഷ് പുരാവസ്തു ഗവേഷകനായ തോമസ് ഫിലിപ്സ്, സ്വിസ് ഗ്രന്ഥപ്രേമി മാർട്ടിൻ ബോഡ്മർ, ഓസ്ട്രിയൻ പുസ്തകവിൽപ്പനക്കാരനായ എച്ച്.പി. ക്രോസ് എന്നിവരുടെ ഉടമസ്ഥതയിലായിരുന്ന ഈ അപൂർവ്വ രേഖ ഒടുവിലാണ് ലൈബ്രറിയിൽ എത്തിച്ചേരുന്നത്.
റോമിലെ ഈ കയ്യെഴുത്തുപ്രതി കണ്ടെത്തുന്നതിന് മുമ്പ്, ലഭ്യമായതിൽ വച്ച് ഏറ്റവും പഴക്കമുള്ള പകർപ്പ് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ളതായിരുന്നു എന്ന് ഫോക്നർ പറഞ്ഞു. പുതുതായി കണ്ടെത്തിയ ഈ കയ്യെഴുത്തുപ്രതിക്ക് അതിനേക്കാൾ ഏകദേശം മൂന്ന് നൂറ്റാണ്ടോളം പഴക്കമുണ്ടെന്നും, ഒൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലീഷ് എഴുത്തുകൾക്ക് വലിയ പ്രാധാന്യം ലഭിച്ചിരുന്നു എന്നതിന് ഇത് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പുസ്തകം ലൈബ്രറിയുടെ കാറ്റലോഗിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അത് അവിടെത്തന്നെ സുരക്ഷിതമായി ഉണ്ടാവുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും മഗ്നാന്തി പറഞ്ഞു. എന്നാൽ ഈ കയ്യെഴുത്തുപ്രതിയുടെ സങ്കീർണ്ണമായ ചരിത്രം കാരണം, ബീഡിന്റെ കൃതികളെക്കുറിച്ച് പഠിക്കുന്ന ഒരു ഗവേഷകനും ഇതിനെക്കുറിച്ച് കൃത്യമായ പഠനം നടത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഈ രേഖ ഇതുവരെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടക്കുകയായിരുന്നു.
