കവിളുകളില്‍ പൗഡര്‍ പൂശിയ പോലെ പൊടി തേച്ച് കുണുങ്ങിനില്‍ക്കുന്ന അവലോസുണ്ടകള്‍!

By Web TeamFirst Published Dec 2, 2022, 7:37 PM IST
Highlights

ആ സുന്ദരന്‍ കവണി അമ്മച്ചി ഉപയോഗിക്കാതെ മടക്കി വച്ചിരിക്കുകയാണ്. അമ്മച്ചി മരിക്കുമ്പോള്‍ അതുകൊണ്ടുവേണം അമ്മച്ചിയെ പുതപ്പിക്കാന്‍. ആരും കവണി തപ്പി അപ്പോള്‍ ഓടേണ്ട.

ആകാശവാണിയില്‍ നിന്ന് വരുന്ന സുപ്രഭാതം പരിപാടിയുടെ കൂടെ ഒരു മണ്‍കോപ്പയില്‍ ആവിപറക്കുന്ന കട്ടന്‍കാപ്പി. അമ്മച്ചി ഉറക്കം ഉണര്‍ന്നെഴുന്നേറ്റു എന്നതിന്റെ അടയാളം ആണത്. റേഡിയോ വളരെ ഉച്ചത്തില്‍ വെച്ചിരിക്കുന്നത് കാരണം അമ്മച്ചിക്ക് കേള്‍വി കുറവാണ്. റേഡിയോ ആണ് പുറംലോകത്തെ പറ്റിയുള്ള വാര്‍ത്തകളും വിജ്ഞാന ശകലങ്ങളും അമ്മച്ചിയെ അറിയിച്ചിരുന്നത്.

അമ്മച്ചിക്ക് 'ഉണ്ട അമ്മച്ചി' എന്നൊരു അപരനാമവും ഉണ്ടായിരുന്നു. അത് വണ്ണം കൂടിയിട്ടല്ല, അമ്മച്ചിയുടെ അടുത്ത് അവലോസുണ്ട എപ്പോഴും സ്റ്റോക്ക് ഉണ്ടാവും.

തുടുത്ത കവിളുകളില്‍ ടാല്‍ക്കം പൗഡര്‍ പൂശിയ പോലെ അല്‍പം അവലോസുപൊടി തേച്ച് മുന്നില്‍ കുണുങ്ങിനില്‍ക്കുന്ന അവലോസുണ്ടയെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. ആ കവിളില്‍ ഒന്ന് ചെറുതായി കടിക്കുമ്പം മധുരം നാവില്‍ കിനിയും. നല്ല ലക്ഷണം ഒത്ത അവലോസുണ്ടകള്‍ മെനഞ്ഞുണ്ടാക്കാന്‍ അമ്മച്ചിക്ക് നല്ല വൈദഗ്ധ്യം ആയിരുന്നു. വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ അവരെ അവലോസുണ്ട തീറ്റിക്കാതെ വിടുന്നത് കുടുംബത്തിനു തന്നെ നാണക്കേടാണെന്നു അമ്മച്ചി വിചാരിച്ചു പോന്നു. ഏതെങ്കിലും കാരണവശാല്‍ അവലോസുണ്ട പ്ലാസ്റ്റിക് ഡബ്ബയില്‍ കുറഞ്ഞാല്‍ അത് ദാരിദ്ര്യത്തിന്റെ ലക്ഷണമായും അമ്മച്ചി കണ്ടു. കോട്ടയം നസ്രാണികളുടെ ഒരു അഭിമാന ചിഹ്നമാണത്രെ വീട്ടില്‍ ഉള്ള അവലോസുണ്ടകള്‍ .

പ്രഭാത വാര്‍ത്തകളിലേയ്ക്കും ചലച്ചിത്ര ഗാനങ്ങളിലേയ്ക്കും റേഡിയോ പരിപാടികള്‍ മാറിക്കൊണ്ടിരുന്നു.. അമ്മച്ചി കെ.പി യോഹന്നാന്റെ പ്രസംഗം കേള്‍ക്കാന്‍ ശ്രീലങ്കയിലേയ്ക്കു റേഡിയോ ട്യൂണ്‍ചെയ്തു. 

ഷുഗറിന്റെ സൂക്കേടുമൂലം അമ്മച്ചിക്ക് അവലോസുണ്ട തിന്നാന്‍ വയ്യ. പക്ഷേ രുചി നോക്കാതെ തന്നെ അതിന്റെ പാകം അമ്മച്ചിക്ക് അറിയാമായിരുന്നു. അമ്മച്ചിയെ സഹായിക്കുവാന്‍, അമ്മച്ചിയുടെ പാകം ഒക്കെ അറിയാവുന്ന രണ്ടു സഹായികള്‍ എപ്പോഴും അമ്മച്ചിയോടൊപ്പം ഉണ്ടായിരുന്നു.

അവലോസുപൊടി, ഓട്ടുരുളിയില്‍ ഏലയ്ക്കയും ജീരകവും ഒക്കെ ചേര്‍ത്താണ് വറുത്തു പാകമാക്കുന്നത്. ആ ഓട്ടുരുളിയാകട്ടെ അമ്മച്ചിക്ക് സ്ത്രീധനമായി  കിട്ടിയതാണ്. വലിയ വാത്സല്യത്തോടെ ഉരുളിയില്‍ തൊട്ടുതലോടി, അപ്പന്‍ അതു വീട്ടില്‍ കൊണ്ടുവന്നുകൊടുത്ത കഥകള്‍ അമ്മച്ചി അയവിറക്കും. ഒരാള്‍ വലുപ്പത്തിലുള്ള ഏത്തവാഴക്കുലകള്‍ ചുമന്നുകൊണ്ട് പണിക്കാര്‍ അപ്പന്റെ പുറകെ ഉണ്ടായിരുന്നത്രേ.


അവലോസുപൊടിയില്‍ പഞ്ചസാര പാവു കാച്ചി ഒഴിച്ച് ചൂടോടെ ഉരുട്ടി എടുത്താണ് ഓരോ അവലോസുണ്ടയും പിറവിയെടുക്കുന്നത്. ആദ്യകാലങ്ങളില്‍ ഒക്കെ അമ്മച്ചി ഉണ്ടാക്കുന്ന ഉണ്ടകള്‍ അത്ര നല്ലതായിരുന്നില്ലത്രേ. പലതരം പരീക്ഷണങ്ങളും ഗവേഷണങ്ങളും ചെയ്തതാണത്രേ അമ്മച്ചി ഇന്നത്തെ നിലയിലുള്ള മെച്ചപ്പെട്ട അവലോസുണ്ടകള്‍ ഉണ്ടാക്കുന്നത.

അവലോസുണ്ടകള്‍ സൂക്ഷിച്ചു വയ്ക്കുന്നത് പഴയ അനിക് സ്‌പ്രേയുടെ പ്ലാസ്റ്റിക് ഡബ്ബകളില്‍ ആണ് . അത് അമ്മച്ചിയുടെ മുറിയിലെ വായുഗുളിക മണക്കുന്ന തടി അലമാരയ്ക്കുള്ളില്‍ ഭദ്രമായി വയ്ക്കും. ഞങ്ങളെ പോലുള്ള മോഷ്ടാക്കള്‍ ഏതുനേരവും അമ്മച്ചിയുടെ ഉണ്ടകള്‍ മോഷ്ടിക്കുമായിരുന്നു. അതിനാല്‍ അലമാര പൂട്ടി താക്കോല്‍ തലയണയ്ക്കു അടിയിലായിരുന്നു അമ്മച്ചി സൂക്ഷിച്ചിരുന്നത.

അമ്മച്ചിയുടെ മുറിയില്‍ തടി കൊണ്ടുണ്ടാക്കിയ ഒരു പെട്ടി ഉണ്ടായിരുന്നു-കാപ്പെട്ടി. അതും അമ്മച്ചിയുടെ സ്ത്രീധന വകയില്‍ ഉള്ളതാണ്. അതു തുറന്നാല്‍ ആദ്യം പാറ്റാഗുളികയുടെ മണം ആണ്. പെട്ടിയുടെ മുകളില്‍ ഉള്ള കള്ളിയില്‍ ഇരുന്നൂറു രൂപയില്‍ കുറയാത്ത അമ്മച്ചിയുടെ സ്വകാര്യ സമ്പാദ്യം ഉണ്ടാകും. 

താഴെ ചട്ടയും പുടകയും കവണിയും ആണ്. അതില്‍ ഒരു കവണിയുടെ തുമ്പത്തു അടയാളത്തിനായി ഒരു ചെറിയ തുന്നല്‍ ഉണ്ട്. ആ സുന്ദരന്‍ കവണി അമ്മച്ചി ഉപയോഗിക്കാതെ മടക്കി വച്ചിരിക്കുകയാണ്. അമ്മച്ചി മരിക്കുമ്പോള്‍ അതുകൊണ്ടുവേണം അമ്മച്ചിയെ പുതപ്പിക്കാന്‍. ആരും കവണി തപ്പി അപ്പോള്‍ ഓടേണ്ട. അപാരചങ്കുറപ്പും ദീര്‍ഘ വീക്ഷണവും ആയിരുന്നു അത്.

അമ്മച്ചിയുടെ ജനാലയിലൂടെ നോക്കിയാല്‍ താഴെ വയലില്‍ എരണ്ടകള്‍ കൂട്ടത്തോടെ പറന്നു വീഴുന്നതു കാണാം. അവ വെള്ളത്തില്‍ പൊങ്ങിക്കിടന്നു മീനുകളെയും ഞണ്ടുകളെയും പരതുന്നത് മനോഹരമായ കാഴ്ചയാണ്. തെക്കുനിന്നു അപ്പോള്‍ ഇളം കാറ്റ് തടിയുടെ ഉരുണ്ട ജനാല അഴികള്‍ കടന്നു അകത്തേയ്ക്കു പ്രവേശിക്കും. ജനലില്‍ കൂടി നോക്കി അമ്മച്ചി വെറുതെ കാലാവസ്ഥ പ്രവചിച്ചുകൊണ്ടിരുന്നു .

മുട്ടിനു തേയ്മാനവും അല്‍പ്പം വണ്ണക്കൂടുതലും ഉള്ളതുകൊണ്ട് ഭിത്തിയില്‍ പിടിച്ചു പിടിച്ചാണ് പുറകിലത്തെ നാലുപാളി വാതില്‍ അമ്മച്ചി തുറന്നത്.  ശേഷം, മുറ്റത്തുകൂടി ചിക്കി ചികയുകയും അലസമായി കൊക്കി ഉലാത്തുകയും ചെയ്യുന്ന തന്റെ അരുമക്കോഴികളെ  ഒന്നു വീക്ഷിച്ചു. ഏതൊക്കെ എന്നൊക്കെ മുട്ടയിടും എന്നുള്ളത് അമ്മച്ചിക്ക് നല്ല നിശ്ചയം ആണ്. പണ്ടൊക്കെ കുടുംബത്തിന്റെ പല ആവശ്യങ്ങളും നിറവേറിയിരുന്നത് അമ്മച്ചിയുടെ മുട്ട വില്‍പനയിലൂടെ ആയിരുന്നു.

മധുരത്തിനോട് അമ്മച്ചിക്ക് അല്‍പം ഇഷ്ടം കൂടുതല്‍ ആയിരുന്നു.

തിരുവോണത്തിന്റെ അന്ന് ഉച്ചതിരിഞ്ഞു ഉറുമ്പുകള്‍ക്കു ഓണം കൊടുക്കുന്ന ഒരു പതിവ് അമ്മച്ചിക്കുണ്ടായിരുന്നു. വീടിന്റെ എല്ലാ മൂലകളിലും വാഴയിലയുടെ കീറിട്ട് അതില്‍ അരിവറുത്തില്‍ ശര്‍ക്കരയും തേങ്ങയും ഇട്ടു ഞെരുടി ഒരു പിടി വയ്ക്കും അതിന്റെ അറ്റത്ത് വെളിച്ചെണ്ണയില്‍ മുക്കിയ ഒരു തിരിയും കത്തിച്ചു വയ്ക്കും. അങ്ങനെകൊടുത്താല്‍ ആ വര്‍ഷം മുഴുവനും ഉറുമ്പ് കട്ടിലില്‍ കയറി കടിക്കില്ല എന്ന് അമ്മച്ചി ഉറച്ചു വിശ്വസിച്ചിരുന്നു . 

പക്ഷേ ആ രുചികരമായ കൂട്ട് അധികനേരം വാഴയിലയില്‍ ഇരിക്കാറില്ല അപ്പോള്‍ തന്നെ അത് ഞങ്ങളുടെ വായിലേക്ക് പോകുമായിരുന്നു. പാവം ഉറുമ്പുകള്‍, അവറ്റകള്‍ ഇതൊന്നും അറിഞ്ഞുപോലും കാണില്ല.

കാലത്തിന്റെ കുത്തൊഴുക്കില്‍ അമ്മച്ചിയും മറഞ്ഞുപോയി. വല്ലപ്പോഴും അവധിക്കു ചെല്ലുമ്പോള്‍ അമ്മച്ചിയുടെ മുറിയില്‍ വെറുതെ ചുറ്റിത്തിരിഞ്ഞു നടക്കാറുണ്ട്. തടി അലമാരയില്‍ വായു ഗുളികയുടെ മണം ഇല്ല. സദാ അവലോസുണ്ടകള്‍ നിറഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് ഡബ്ബകള്‍ എവിടെ എന്നു ഞാന്‍ അത്ഭുതപ്പെടാറുണ്ട് . കാല്‍പെട്ട ിഒരു ഒരു നഷ്ടപ്രതാപത്തിന്റെ ഗതകാല സ്മരണകള്‍ അയവിറക്കി ഒരു മൂലയ്ക്കിരിക്കുന്നു. ഇനി ഒരിക്കലും അമ്മച്ചിയുടെ അവലോസുണ്ടയുടെ കവിളില്‍ കടിക്കാന്‍ എനിക്കാവില്ല. പക്ഷേ ഓര്‍മ്മകള്‍ക്കു മരണമില്ലല്ലോ.

tags
click me!