കസാക്കിസ്ഥാനിലൊരു പെണ്‍കുട്ടി, കാലങ്ങള്‍ക്കപ്പുറം അവളുടെ പ്രണയാര്‍ദ്രനോട്ടം...

By Web TeamFirst Published Dec 7, 2022, 7:30 PM IST
Highlights

കേരളത്തിലെ ഒരുള്‍നാടന്‍ ഗ്രാമത്തിന്റെ ഉള്ളിന്റെയുള്ളില്‍ നിന്നും വന്ന ഒരു യുവാവ്. ലോകത്തിന് അത്രയെളുപ്പം പിടികിട്ടാത്തൊരു യൂറോപ്യന്‍ രാജ്യത്തെ കുഗ്രാമത്തില്‍, ദേശീയലഹരിയുടെ താളത്തില്‍ ഇലകള്‍ പെരുത്ത ബര്‍ച്ചുമലച്ചോട്ടില്‍... ഒരു പെണ്‍കുട്ടി അയാളെ അതിശയത്തോടെ നോക്കിയിരിക്കുകയാണ്.

ഊണുകഴിഞ്ഞ് ഞങ്ങള്‍ എഴുന്നേറ്റു. എന്റെ കാലുകള്‍ പൈക്കുട്ടിയുടേതെന്ന പോലെ ആയം കിട്ടാന്‍ ശ്രമിച്ചു. വെറോണിക്ക ലോണിലൂടെ അവളുടെ ലാഡയുമായ് വന്ന് എന്നേയും കൊണ്ട് തടാകക്കരയ്ക്ക് ചുറ്റും കറങ്ങി. സമയം ഇരുളാന്‍ തുടങ്ങിരുന്നു.  മഞ്ഞയിലകള്‍ ഇലപൊഴിച്ചിട്ട ബര്‍ച്ചുമരത്തിന് ചുവടെ അവള്‍ വണ്ടിനിര്‍ത്തി. തൊട്ടരികില്‍ രണ്ട് കോവര്‍ക്കഴുതകള്‍ ഇണചേരാനായുള്ള മുന്നൊരുക്കം തുടങ്ങിയിരുന്നു.

 

 

ഇളംനാമ്പുകള്‍ വളര്‍ന്ന പുല്ലിലൂടെ നടന്നുവന്ന്, മഞ്ഞകൊക്കുകളുള്ള അരയന്നങ്ങള്‍ മുന്തിരിവള്ളികള്‍ക്ക് കീഴെ വെച്ച കല്‍ത്തൊട്ടിയിലേക്ക് ഊര്‍ന്നിറങ്ങി. പിന്നെ കൊക്കുരുമ്മി, ക്വാ, ക്വാ എന്നുച്ചരിച്ച് ജലക്രീഡ തുടങ്ങി. ഞങ്ങള്‍ നടന്നുനടന്ന് വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ അവയെ നോക്കിനിന്നു. മനുഷ്യനോളം പോന്ന വെളുത്ത അരയന്നങ്ങള്‍.

'ബാലാ, പസ്‌മൊദ്രി, ഏത്ത ലൂബിഷ്...' എന്നു പറഞ്ഞ് വെറോണിക്ക എന്റെ കൈപിടിച്ചു ഞരടി.

'വീറാ, യാ പനിമായിഷ്.' അതെ. ആ കാഴ്ചകളൊക്കെ പ്രണയമാണെന്ന് എനിക്കറിയാം. ഞാനവളോട് തിരിച്ചു പറഞ്ഞു. 

വീറാ, എന്റെ നാട്ടില്‍ അരയന്നങ്ങളില്ല. ഞാനവരുടെ പ്രണയരംഗങ്ങള്‍ കണ്ടുനില്‍ക്കട്ടെ. 

അപ്പുറം ബര്‍ച്ചുമരങ്ങള്‍ ഇലപൊഴിച്ചിട്ട നിരത്താണ്. കസാക്കിസ്താന്‍ സ്വതന്ത്രമാകും മുമ്പ് അതുവഴി നൂറുകണക്കിന് ട്രക്കുകള്‍ കല്‍ക്കരി വഹിച്ച് പോയിട്ടുണ്ടെന്ന് അവള്‍ ഓര്‍ത്തെടുത്തു. അപ്പുറം തടാകമാണ്. ചെറുവഞ്ചികളെ  കുഞ്ഞുതിരകള്‍ വന്ന് തള്ളിനോക്കുന്നുണ്ട്. 

ലോണിലേക്ക് മദാം എറീന മേശ വലിച്ചുവരുന്നത് ദൂരെനിന്നേ കണ്ടു. പിന്നീട്  മുന്തിരിയിലകള്‍ കൊത്തിയ ഗ്ലാസുകളും ഉപദംശമായി ഓറഞ്ചുജ്യൂസും തൊണ്ടുകളഞ്ഞ ആപ്രിക്കോട്ടും ബദാംപരിപ്പും നിരത്തി. തടാകത്തോടു  ചേര്‍ന്നുള്ള നടവഴിയിലൂടെ അയല്‍വാസിയായ സ്വെറ്റ്‌ലാന അമ്മൂമ്മ ഇരുകക്ഷങ്ങളിലും എന്തോ ചിലത്  ഇറുക്കിപ്പിടിച്ചു വരുന്നത് കണ്ടു. ഓടിക്കൊണ്ടുതന്നെ 'പ്രീവിയത്ത്' എന്ന്  ചുമലിളക്കി അഭിസംബോധന ചെയ്തു. 

കുളികഴിഞ്ഞു വന്ന സിമോണ്‍, വീറയേയും എന്നേയും ലോണിലേക്ക് ക്ഷണിച്ചു. അവരുടെ കൂട്ടുകാരന്‍ ഒരിന്ത്യക്കാരനായതില്‍ ആ മുഖത്ത് വലിയ അഭിമാനമുള്ളപോലെ. 

കാലത്താണ് കസാക്ക് എയറില്‍ അല്‍മത്തയിലും അവിടുന്ന് പതിനെട്ടോളം കിലോമീറ്റര്‍ ദൂരത്തെ സിമോണ്‍ കുടുംബത്തിലേക്കും ഞങ്ങള്‍ എത്തിയത്. ഒരിന്ത്യക്കാരന്‍ വന്നതറിഞ്ഞ് വെറോണിക്കയുടെ കൂട്ടുകാരും  അയല്‍ക്കാരും വീട്ടില്‍ വന്നു. അവരാരും ഒരിന്ത്യക്കാരനെ മുമ്പ് കണ്ടിട്ടില്ല.

സിമോണിന് ടാന്‍സാനിയയിലും അല്‍മത്തയിലും സംഗീതോപകരണങ്ങള്‍ വില്‍ക്കുന്ന വലിയവലിയ കടകളുണ്ട്. ദുബായില്‍ താമസത്തിന് വന്നപ്പോഴുള്ള പരിചയമാണ്. അത് വളര്‍ന്നു. പിന്നെ അവരുടെ സംഗീതോപകരണങ്ങള്‍ വാങ്ങി കാര്‍ഗോ വഴി ഇരുരാജ്യങ്ങളിലുമെത്തിക്കാന്‍ തുടങ്ങി. ലക്ഷക്കണക്കിന് ഇന്ത്യന്‍ രൂപയ്ക്കുള്ള അത്രയും ഡോളര്‍ ഷിപ്പ്‌മെന്റില്‍ വന്നുകൊണ്ടിരുന്നു. നയാപ്പൈസയ്ക്ക് ഭംഗം വരാതെ കണിശതയോടെ അത് നിര്‍വ്വഹിച്ചുകൊടുത്തു.  നാലുവര്‍ഷമായി അത് തുടരുന്നു. അവരുടെ അതിഥിയാവാന്‍ അതല്ലാതെ മറ്റ് കാരണങ്ങളൊന്നുമില്ല.

ലോണിലെ തീന്‍മേശയില്‍ ഇരിക്കുമ്പോള്‍ വരണ്ടമണം പരന്നു. സ്വെറ്റ്‌ലാന അമ്മൂമ്മ വീട്ടില്‍ വാറ്റിയ വോഡ്കയും, കുതിരയിറച്ചി കനലില്‍ചുട്ട് വൈന്‍ ഒഴിച്ചു കത്തിച്ചതും മേശയില്‍ നിരത്തി. വേവിക്കാത്ത ഉണക്കമത്സ്യം വിനാഗിരിയും സോയാബീന്‍ സോസുമൊഴിച്ച് ചെറുതായി അരിഞ്ഞ് എറീന അമ്മായി എനിക്ക് ഇടതുവശത്തായി  ഇരുന്നു. വലതുവശത്ത് എന്നെത്തൊട്ട് വെറോണിക്കയും. 

ഓറഞ്ചുനീരാണ് വോഡ്കയുടെ ചേരുവയെന്ന് സിമോണ്‍ ഓര്‍മ്മിപ്പിച്ചു. പെട്ടെന്ന് എനിക്ക് ചുള്ളിക്കാടിന്റെ 'സഹശയനം' ഓര്‍മ്മവന്നു. 

'ഓറഞ്ചുനീരില്‍ ഹിമക്കട്ട ചാലിച്ച് 
നീ പകരും ശീതതീഷ്ണമാം വോഡ്കയില്‍...' 

അര്‍ത്ഥമറിയാത്ത എന്റെ കവിതകേട്ട് സ്വെറ്റ്‌ലാന അമ്മായി കൈത്താളമിട്ടു. 

തീന്‍മേശയില്‍ ഇത്ര വെടിപ്പും ഭംഗിയും കാണിക്കുവാന്‍ റഷ്യക്കാരെപ്പോലെ മറ്റാര്‍ക്കുമാവില്ല. കൊച്ചുകുഞ്ഞുങ്ങള്‍ പോലും നമ്മെ അതിശയിപ്പിക്കുന്ന ഇടമാണ് തീന്‍മേശ. കേരളത്തിലെ ഒരു റസ്റ്റോറന്റിലും നമുക്കത് പ്രതീക്ഷിക്കാനാവില്ല.

'മോഷ്‌നാ?' ഒഴിക്കട്ടെ എന്ന് സിമോണ്‍ അനുവാദം ചോദിക്കുകയാണ്. ആവട്ടെയെന്ന് ഞാന്‍ അയാള്‍ക്കുനേരെ കൈനീട്ടി.

ഓാറഞ്ചുനീരുചേര്‍ത്ത് വോഡ്കയ്ക്കു മുമ്പില്‍ ഇരുന്ന് ഇരുരാജ്യങ്ങളുടേയും ക്ഷേമത്തിനും ജനങ്ങളുടെ സഹവര്‍ത്തിത്വത്തിനും സിമോണും കുടുംബവും പ്രാര്‍ത്ഥനയോടെ ഗ്ലാസ് മുട്ടിച്ചു. പിന്നെ ഇന്ദിരാഗാന്ധിക്കും രാജീവിനും നെഹ്‌റുവിനും രാജ്കപൂറിനും വേണ്ടി, അവരുടെ നിസ്തുല സേവനങ്ങളെയോര്‍ത്ത് ഒരാചാരംപോലെ ഗ്ലാസുകള്‍ പിന്നേയും മുട്ടിച്ചു. 

പിന്നീട്, സിമോണ്‍ അടയാളവാക്യമെന്നപോലെ ചെറുവിരല്‍ വലംകഴുത്തില്‍ ഞൊടിച്ച് തുടങ്ങാമല്ലേ എന്ന് അനുവാദമെടുത്തു. 

ഒറ്റക്കവിള്‍. 'അന്നനാളത്തിലൂടെരിപൊരി ക്കൊണ്ടിറങ്ങീ, മെര്‍ക്കുറി...' 

ഇറ്റാലിയന്‍ നിര്‍മ്മിത വോഡ്കയുടെ വൈജാത്യങ്ങള്‍ പലതവണ അറിഞ്ഞിട്ടുണ്ട്. താമസക്കാരായെത്തുന്ന റഷ്യക്കാരില്‍ നിന്നുതന്നെ. എന്നാല്‍ ഇതാണ് ഒറിജിനല്‍-ഈ കള്ളവാറ്റ്! 

സംന്ധ്യയോടെ അത്താഴവിരുന്ന് നിരന്നു. റീബ, കൂറിറ്റ്‌സ, മാന്തെ, ഫിലിമേനി, മ്യാസ പ കസാസ്‌കി, ആവിപൊങ്ങുന്ന ചോറ്.

ഊണുകഴിഞ്ഞ് ഞങ്ങള്‍ എഴുന്നേറ്റു. എന്റെ കാലുകള്‍ പൈക്കുട്ടിയുടേതെന്ന പോലെ ആയം കിട്ടാന്‍ ശ്രമിച്ചു. വെറോണിക്ക ലോണിലൂടെ അവളുടെ ലാഡയുമായ് വന്ന് എന്നേയും കൊണ്ട് തടാകക്കരയ്ക്ക് ചുറ്റും കറങ്ങി. സമയം ഇരുളാന്‍ തുടങ്ങിരുന്നു.  മഞ്ഞയിലകള്‍ ഇലപൊഴിച്ചിട്ട ബര്‍ച്ചുമരത്തിന് ചുവടെ അവള്‍ വണ്ടിനിര്‍ത്തി. തൊട്ടരികില്‍ രണ്ട് കോവര്‍ക്കഴുതകള്‍ ഇണചേരാനായുള്ള മുന്നൊരുക്കം തുടങ്ങിയിരുന്നു.

ലഹരി ബാധിച്ച എന്റെ കണ്ണുകളിലേക്ക് വെറോണിക്ക എന്ന പത്തൊമ്പതുകാരി ഇമവെട്ടാതെ നോക്കിനിന്നു. അവളെന്നെ കളിയാക്കിക്കൊണ്ടിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ഞങ്ങള്‍ പരസ്പരം അറിയാം. 

'ബാലാ, യാ തിബിയ ലുബ് ലു...' പിന്നെ സീറ്റില്‍ നിന്നിറങ്ങി അടുത്തുവന്നിരുന്നു. പരസ്പരം നോക്കിനിന്നു.

കേരളത്തിലെ ഒരുള്‍നാടന്‍ ഗ്രാമത്തിന്റെ ഉള്ളിന്റെയുള്ളില്‍ നിന്നും വന്ന ഒരു യുവാവ്. ലോകത്തിന് അത്രയെളുപ്പം പിടികിട്ടാത്തൊരു യൂറോപ്യന്‍ രാജ്യത്തെ കുഗ്രാമത്തില്‍, ദേശീയലഹരിയുടെ താളത്തില്‍ ഇലകള്‍ പെരുത്ത ബര്‍ച്ചുമലച്ചോട്ടില്‍... ഒരു പെണ്‍കുട്ടി അയാളെ അതിശയത്തോടെ നോക്കിയിരിക്കുകയാണ്.

രണ്ടുമാസം. അത് രണ്ട് ജന്മമായി തോന്നി!

വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. സിമോണ്‍ മരിച്ച വിവരം വീറ മുംബൈയിലേക്ക് എഴുതി. (ഞാനപ്പോള്‍ ഒരിടക്കാലത്തേക്ക് അവിടെ ജോലിയിലായിരുന്നു). ജര്‍മ്മനിയിലുള്ള ചേട്ടന്‍ ബിസിനസ്സ് ഏറ്റെടുത്തെന്നും. 

എല്ലാം കഴിഞ്ഞിട്ട് ഇതാ, കസാക്കില്‍ കാലുകുത്തിയിട്ട് കാല്‍നുറ്റാണ്ടിന്റെ പഴക്കം. അതിനിടയില്‍ ബന്ധങ്ങള്‍ വേരറ്റുപോയി. 

ആ കുടുംബമിപ്പോള്‍ എന്നെ ഓര്‍ക്കുന്നുണ്ടാകുമോ? എങ്കിലും ഞാനിപ്പൊഴും ഓറഞ്ചുനീരില്‍ ഹിമക്കട്ട ചാലിച്ച ആ കാലങ്ങളെ ഓര്‍ത്തിരിപ്പാണ്
 

tags
click me!