"നീങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര, നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര..?" സര്‍വ്വജ്ഞനെ പാഠം പഠിപ്പിച്ച പൊട്ടൻ!

By Prashobh PrasannanFirst Published Dec 4, 2022, 10:22 PM IST
Highlights

പൊട്ടൻചിരി വീണ്ടും മുഴങ്ങി. വേച്ചുവീഴാൻ പോയ ആചാര്യരെ രണ്ടു കൈകള്‍ താങ്ങി. "ആനന്ദമുള്ളോനെ കാണാൻ പോലന്നേ" എന്ന് ആചാര്യര്‍ തേങ്ങി. ആചാര്യരുടെ മുഖം വഴി ഒരു പൂര്‍ണാനദി നിറഞ്ഞൊഴുകിത്തുടങ്ങി. പണ്ട് മുതല മകനെ വിട്ടകന്നപ്പോള്‍ നിറഞ്ഞൊഴുകിയ ആ പാവം അമ്മയുടെ കണ്ണുകള്‍ പോലെ. ജാതിവ്യവസ്ഥയെയും ഉച്ചനീചത്വങ്ങളെയും സാമൂഹിക അനാചാരങ്ങളെയുമൊക്കെ പരിഹസിക്കുന്ന പൊട്ടൻ തെയ്യത്തിന്‍റെ കഥ

"തിരി തിരി തിരി തിരി തിരി തിരി പുലയാ.." 

സര്‍വ്വജ്ഞനെന്ന് ധരിച്ചവന്‍റെ ആക്രോശം ആ വരമ്പില്‍ മുഴങ്ങി

അപ്പോള്‍ എതിര്‍ഭാഗത്ത് നിന്നും മറുപടിയായി കിട്ടിയത് ഒരു പൊട്ടൻചിരി

"എതിർത്തുവന്നടുത്തു നിന്നു തെറ്റെടാ പുലയാ നീ.." 

പിന്നെയും അലറി ആചാര്യര്‍ 

വീണ്ടും മുഴങ്ങിക്കേട്ടു ആ പൊട്ടൻചിരി. ആ ചിരിക്കിടയിലൂടെ ചില വാക്കുകളും കേട്ടു ആചാര്യര്‍ 

"തെറ്റ്‌ തെറ്റെന്ന് കേട്ട്‌ തെറ്റുവാനെന്ത്‌ മൂലം തെറ്റല്ലേ ചൊവ്വരിപ്പോൾ തെറ്റുവാൻ ചൊല്ലിയത്‌ തെറ്റുവാനൊന്നു കൊണ്ടും പറ്റുകയില്ല പാർത്താൽ.." 

എന്തൊക്കെ പൊട്ടത്തരമാണ് ഈ ചാണ്ഡാലൻ പറയുന്നത്? ശ്രേഷ്‍ഠന്മാര്‍ മാത്രം നടക്കേണ്ട ഈ വഴിയില്‍ ഈ ചണ്ഡാലനെന്താണ് കാര്യം? ഇവന് വല്ല കാട്ടിലൂടെയോ മറ്റോ പോകരുതോ? ഇവനെന്താ പൊട്ടൻ കളിക്കുകയാണോ? സര്‍വ്വജ്ഞനെന്ന് ധരിച്ച ആചാര്യര്‍ക്ക് അരിശം വന്നു. എന്നാല്‍ ഈ കാണുന്നതുമല്ല, കാണിക്കുന്നതുമല്ലവൻ എന്ന രഹസ്യം അപ്പോള്‍ അദ്ദേഹം തിരിച്ചറിഞ്ഞില്ല. 

"മാറുവാൻ പറഞ്ഞത്‌ ദേഹത്തോടോ അതോ ദേഹിയോടോ? ദേഹത്തോടാണെങ്കിൽ ദേഹം ജഡമാകുന്നു ശങ്കരാ. അതിനു മാറുവാൻ ശേഷിയില്ല ശങ്കരാ. ഇനി  ദേഹിയോടാണ് നിന്‍റെ പറച്ചിലെങ്കിൽ ദേഹി സർവ്വം വ്യാപിയാകുന്നു ശങ്കരാ.. അതിനും മാറുവാൻ സാധിക്കയില്ലെന്‍റെ ശങ്കരാ.." 

പുലയന്‍റെ വാക്കുകളുടെ അര്‍ത്ഥം ഇടവരമ്പില്‍ നിന്നൊരു പുല്‍ക്കൊടി അടക്കത്തില്‍ വിവര്‍ത്തനം ചെയ്‍തുകൊടുത്തു. പുല്‍ക്കൊടിയുടെ ശബ്‍ദത്തില്‍ പരിഹാസം തുളുമ്പിയിരുന്നു. പക്ഷേ അതും ശ്രദ്ധിച്ചില്ല ശങ്കരൻ. സര്‍വ്വജ്ഞപീഠം കയറിയവനെ വന്മരങ്ങള്‍ പോലും നമിക്കും. പിന്നെന്ത് പുല്‍ക്കൊടി? പുല്‍ക്കൊടിയെ നോക്കി ഒരു പുല്‍ച്ചാടി ചിരിച്ചു. 

"അക്കരയുണ്ടൊരു തോണികടപ്പാൻ
ആളുമണിയായിക്കടക്കും കടവ്
ഇക്കരവന്നിട്ടണയുമാത്തോണി
അപ്പോഴേ കൂടക്കടക്കയ്യും വേണം.."

എടവരമ്പത്ത് നിന്ന് കൂസലില്ലാതെ വീണ്ടും ചൊല്ലുകയാണ് പുലയൻ. ഇത്തവണ ആചാര്യരുടെ നെഞ്ചില്‍ എന്തോ ഒന്നുകൊളുത്തി. തലയില്‍ ചൂട്ടുവെട്ടം മിന്നി.  ഈ കാണുന്നതുമല്ല, കാണിക്കുന്നതുമല്ല ഇവനെന്ന് തോന്നിത്തുടങ്ങി. 

"തക്കമറിഞ്ഞു കടന്നുകൊണ്ടാൽ
താനേ കടക്കാം കടവുകളെല്ലാം
ആറും കടന്നിട്ടക്കരച്ചെന്നാൽ
ആനന്ദമുള്ളോനെ കാണാൻ പോലന്നേ.."

വെറും കടവിനേപ്പറ്റിയല്ലല്ലോ ഈ പറയുന്നത്?! കടക്കേണ്ട സംസാരസാഗരത്തെക്കുറിച്ചല്ലേ ആ ധ്വനി? എന്തൊക്കെയാണീശ്വരാ ഇവൻ പറയുന്നത്? ആറും കടന്ന് അക്കരെച്ചെന്നാൽ ആനന്ദമുള്ളോനെ കാണാമെന്നോ?! അതായത് ആറു ആധാരചക്രങ്ങള്‍.. അതാറും കടന്നുചെന്നാല്‍ സഹസ്രാരപത്മമെന്ന ആനന്ദസ്വരൂപമായ ഈശ്വരസാക്ഷാത്കാരത്തിൽ എത്തിച്ചേരും എന്നല്ലേ ഇവൻ പറയുന്നത്?! മുന്നില്‍ വന്നു നിന്ന് പൊട്ടൻ കളിക്കുന്നത് നിസാരക്കാരനല്ല. ആചാര്യര്‍ക്ക് തലകറങ്ങിത്തുടങ്ങി. 

"നാൻ തന്ന തോണി കടന്നില്ലേ നിങ്കള്..? 

പുലയൻ ചോദിക്കുന്നു. ശരിയാണ് താനിതാ ഈ ചണ്ഡാളനൊപ്പം ഒരു തോണിയിലാണല്ലോ!

"തോണിക്കകത്ത് നീർ കണ്ടില്ലെ ചൊവ്വറ്..? 

ഉത്തരമില്ല

"നാൻ തന്ന തേങ്ങ്യുടച്ചില്ലേ നിങ്കള്..?"

പൊതിയാത്തേങ്ങ പോലിരുന്ന സര്‍വ്വജ്ഞത്വത്തിന്‍റെ അടരുകള്‍ പൊട്ടിയടരുന്നതറിഞ്ഞു ആചാര്യര്‍

"തേങ്ങയ്ക്കകത്ത് നീർ കണ്ടില്ലേ ചൊവ്വറ്..?"

നാവു പൊങ്ങിയില്ല ആചാര്യര്‍ക്ക്

"നാങ്കളെ കുപ്പയിൽ നട്ടൊരു വാഴപ്പഴമല്ലേ ചൊവ്വറേ നിങ്കളെ തേവന് പൂജ? നാങ്കളെ കുപ്പയിൽ നട്ടൊരു തൃത്താപ്പോവല്ലോടോ ചൊവ്വറേ നിങ്കടെ തേവന്ന് മാല..?"  

ചോദ്യങ്ങളുടെ എണ്ണവും ചിരിയുടെ കടുപ്പവും കൂടുന്നു.  ചോദ്യശരങ്ങള്‍ നെഞ്ചില്‍ വന്നു തറയ്ക്കുന്നു. കുട്ടിക്കാലത്ത് പൂര്‍ണാനദിയില്‍ വച്ച് ആ മുതലയുടെ വായില്‍ അകപ്പെട്ട അതേ അവസ്ഥയിലായി ശങ്കരൻ. നെഞ്ചിടിപ്പേറുന്നു. താനിപ്പോള്‍ താഴെ വീണേക്കും. 

"നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറേ? നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറേ?  പിന്നെന്തെ ചൊവ്വറ് കുലം പിശക്ന്ന്?" 

അപ്പോഴും മിഴിച്ചു നില്‍ക്കുകയാണ് ആചാര്യര്. താനാണ് പൊട്ടനെന്ന സത്യം ഞെട്ടലോടെ തിരിച്ചറിഞ്ഞു അദ്ദേഹം. 

"പെരിയോന്റെ കോയീക്കലെല്ലാരും ചെന്നാൽ അവിടെക്ക് നീങ്കളും നാങ്കളുമൊക്കും ല്ലേ ചൊവ്വറേ..!"

പൊട്ടൻചിരി വീണ്ടും മുഴങ്ങി. വേച്ചുവീഴാൻ പോയ ആചാര്യരെ രണ്ടു കൈകള്‍ താങ്ങി. "ആനന്ദമുള്ളോനെ കാണാൻ പോലന്നേ" എന്ന് ആചാര്യര്‍ തേങ്ങി. ആചാര്യരുടെ മുഖം വഴി ഒരു പൂര്‍ണാനദി നിറഞ്ഞൊഴുകിത്തുടങ്ങി. പണ്ട് മുതല മകനെ വിട്ടകന്നപ്പോള്‍ നിറഞ്ഞൊഴുകിയ ആ പാവം അമ്മയുടെ കണ്ണുകള്‍ പോലെ. 

പൊട്ടൻ തെയ്യത്തെ കാണാൻ കാസര്‍കോട് പിലിക്കോട്ടെ മല്ലക്കര തറവാടിന്‍റെ മുറ്റത്ത് കാത്തിരിക്കുമ്പോള്‍ പണ്ട് ശങ്കരാചാര്യര്‍ക്ക് കരച്ചില്‍ വന്നതുപോലെ ഈയുള്ളവനും കരച്ചില്‍ വന്നു. ചുറ്റും നോക്കുമ്പോള്‍ പല മുഖങ്ങളിലും ആനന്ദമുള്ളോനെ കാണാനുള്ള അതേ ഭാവം. 

പണ്ടുപണ്ടൊരിക്കല്‍ കണ്ണൂരിന്‍റെ കിഴക്കൻ പ്രദേശമായ പുളിങ്ങോത്തു വച്ചാണ് സാക്ഷാല്‍ ശങ്കരാചാര്യരും അലങ്കാരനെന്ന പുലയ യുവാവും തമ്മില്‍ കണ്ടുമുട്ടിയതും മേല്‍പ്പറഞ്ഞ സംവാദം നടത്തിയതും എന്നാണ് കഥകള്‍. രാമന്തളിയിലെ ശങ്കരനാരായണ ക്ഷേത്രത്തിൽ നിന്നും തലക്കാവേരിയിലേക്ക് പോകുകയായിരുന്നു ശങ്കരൻ.  സര്‍വ്വജ്ഞപീഠം കയറിയതിനു ശേഷമായിരുന്നു ആ യാത്ര. നടത്തം പുളിങ്ങോത്തെത്തി. അന്നവിടെ കൂടാൻ തീരുമാനിച്ചു ആചാര്യര്‍. വഴിയില്‍ക്കൂടിയവരോട് അദ്വൈതതത്ത്വത്തെക്കുറിച്ച് പ്രഭാഷണവും തുടങ്ങി അദ്ദേഹം. ഈ സമയം കുറച്ചകലെയൊരു കുന്നിന്‍ചെരിവില്‍ ഇരിക്കുകയായിരുന്നു അലങ്കാരൻ എന്ന പുലയ യുവാവ്. ആചാര്യരുടെ ശബ്‍ദത്തിലെ ഞാനെന്ന ഭാവം അദ്ദേഹം പറയുന്ന അദ്വൈത വാക്കുകള്‍ക്ക് നിരക്കുന്നതല്ലെന്ന് തോന്നി അലങ്കാരന്. 

അങ്ങനെയാണ് പിറ്റേന്ന് പുലര്‍ച്ചെ ആചാര്യന്‍റെ വഴിയില്‍ അലങ്കാരൻ എത്തുന്നതും തീണ്ടലിനെപ്പറ്റി വാഗ്വാദം നടത്തുന്നതും. അലങ്കാരന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതായതോടെ ശങ്കരാചാര്യര്‍ തെറ്റ് തിരിച്ചറിഞ്ഞെന്നും ചണ്ഡാളനെ ഗുരുവായി വണങ്ങിയെന്നും കഥ.  അലങ്കാരനെന്ന പേരില്‍ ചണ്ഡാലനായി വന്നത് സാക്ഷാല്‍ പരമശിവൻ ആയിരുന്നെന്നാണ് വിശ്വാസം. ഈ പുരാവൃത്തത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായതാണ് പൊട്ടൻ തെയ്യമെന്നാണ് പ്രബലമായ വാദം. പുളിങ്ങോത്ത് നിന്നും തലക്കാവേരിയിലേക്കുള്ള ആ കാട്ടുവഴി ഇന്നുമുണ്ട്. ഒരേ വരമ്പില്‍ നിന്നും ബ്രാഹ്മണനും പുലയനും സംസാരിക്കുന്നത് ശരിയല്ലെന്ന ആചാര്യന്‍റെ ശാഠ്യം മാറ്റാൻ അലങ്കാരന്‍ തന്റെ മാടിക്കോല്‍ വഴിയില്‍ കുറുകെ വെച്ച് രണ്ടാക്കിയ വരമ്പാണ്‌‘ഇടവരമ്പ്’എന്ന സ്ഥലപ്പെരേന്നുമൊക്കെ കഥകളുണ്ട്. 

ഉത്തരം പറയാന്‍ കഴിയാത്ത ചോദ്യങ്ങള്‍ ചോദിച്ചു കുഴക്കുന്നവരെ പൊട്ടന്‍ എന്ന് മുദ്രകുത്തി തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറുന്നത് മനുഷ്യശീലമാണ്. പറയേണ്ട കാര്യങ്ങളെല്ലാം തമാശയും കാര്യവും കൂട്ടിക്കുഴച്ചു പറയുന്നതിനെ 'പൊട്ടൻകളിക്കല്‍' എന്നും പറയാറുണ്ട്. ഇതൊക്കെയാവാം ശൈവാംശമായ ഈ തെയ്യത്തിനു ഈ പേരുവന്നതിന് പിന്നിലെ കാരണം. മുപ്പത്തിമൂന്ന് മരം നട്ടെന്നും അതില്‍ മൂന്നെണ്ണം വേറിട്ടതാണെന്നും മൂന്നില്‍ ഒന്നായ കരിമരം പൂത്ത പൂവാണ് കയ്യില്‍ എന്നുമൊക്കെ വളരെ സ്‍പഷ്‍ടമായി തന്നെയാണ് പൊട്ടൻ പറയുന്നത്. അതായത് മുപ്പത്തിമുക്കോടി ദേവകളെയും ത്രിമൂര്‍ത്തികളെയും അതില്‍ ശിവൻ എന്ന കരിമരത്തെയും സൂചിപ്പിക്കുന്ന കവിയാണ് അക്ഷരാര്‍ത്ഥത്തില്‍ പൊട്ടൻ. 

കാഞ്ഞങ്ങാടിനടുത്തുള്ള അതിഞ്ഞാലിലെ കൂര്‍മ്മന്‍ എഴുത്തച്ഛൻ എന്ന കവിയാണ്‌ പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തിലെ വരികള്‍  എഴുതിച്ചേര്‍ത്തത് എന്ന് വിശ്വസിക്കപ്പെടുന്നു. കൂർമ്മൽ എഴുത്തച്ഛനു ചണ്ഡാളവേഷധാരിയായ ശിവന്‍റെ ദര്‍ശനം ലഭിക്കുകയും അതോടെ അദ്ദേഹത്തിനു കവിത്വം സിദ്ധിച്ചെന്നുമാണ് കഥകള്‍. 

മലയന്മാരാണ് പ്രധാനമായും പൊട്ടൻ തെയ്യത്തിന്‍റെ കോലധാരികള്‍. മറ്റ് തെയ്യക്കോലങ്ങളില്‍ നിന്നും ഏറെ വ്യത്യസ്‍തനാണ് പൊട്ടൻ അനുഷ്‍ഠാനം. സാധാരണ തെയ്യങ്ങള്‍ വടക്കോട്ട് തിരിഞ്ഞ് മുടിയും അണിയലവും അണിയുമ്പോള്‍ പൊട്ടൻ തെക്കോട്ട് തിരിഞ്ഞിരുന്നാണ് തോറ്റം ചൊല്ലുന്നതും മുഖപ്പാള കെട്ടുന്നതും. ഇരുന്നു തോറ്റമാണ് പൊട്ടന്. മലയ സ്‍ത്രീകളും പൊട്ടന്‍റെ തോറ്റം ചൊല്ലാൻ കൂടും. മറ്റ് തെയ്യങ്ങള്‍ക്ക് സ്‍ത്രീകള്‍ തോറ്റം ചെല്ലാറില്ല.  മറ്റു തെയ്യങ്ങളെപ്പോലെ വാളോ പരിചയോ വില്ലോ ശരമോ ഒന്നും പൊട്ടനില്ല. മാടിക്കോലും കത്തിയും മാത്രമാണ് പൊട്ടന്‍റെ ആയുധങ്ങള്‍. 

തീയില്‍ വീഴുന്ന പൊട്ടനും, തീയില്‍ വീഴാത്ത പൊട്ടനും ഉണ്ട്.  തലയില്‍ കുരുത്തോല കൊണ്ടുള്ള മുടിയും അരയില്‍ ധരിക്കുന്ന കുരുത്തോലകളും പൊട്ടന്‍ തെയ്യത്തിന്റെ പ്രത്യേകതകളാണ്. അത് പോലെ സാധാരണ തെയ്യങ്ങള്‍ക്ക് കണ്ടു വരാറുള്ള മുഖത്തെഴുത്ത്‌ ഈ തെയ്യത്തിനില്ല. പകരം മുഖത്ത് നേരത്തെ തയ്യാറാക്കിയ മുഖാവരണമായ പാള അണിയുകയാണ് പതിവ്. വയറിലും മാരിലും അരി അരച്ച് തേക്കുന്നതും പതിവാണ്. ഉടലില്‍ മൂന്നു കറുത്ത വരകളും കാണാം. 

കോലത്തിന്മേല്‍ കോലമായി മൂന്നു തെയ്യങ്ങളായാണ് പള്ളിയറയ്ക്ക് മുന്നില്‍ പൊട്ടന്‍റെ കലാശം. പുലമാരുതൻ, പുലപ്പൊട്ടൻ, പുലച്ചാമുണ്ഡി എന്നിവരാണവര്‍. പുലപ്പൊട്ടൻ പരമശിവനും പുലച്ചാമുണ്ഡി ശ്രീപാര്‍വ്വതിയും പുലമാരുതൻ നന്ദികേശനുമാണെന്നാണ് ഐതിഹ്യം. ആദ്യം പുലമാരുതൻ എത്തും. പിന്നെ പുലപ്പൊട്ടൻ. ഇതോടെ നെരിപ്പില്‍ വീഴുകയും കിടക്കുകയും കനല്‍വാരുകയുമൊക്കെ ചെയ്യും. ഒടുവില്‍ പുലച്ചാമുണ്ഡി. തുടര്‍ന്ന് കലശവും ഉരിയാട്ടും വാചാലും. 

ചെമ്പകം, പുളിമരം തുടങ്ങിയ മരങ്ങള്‍ ഉയരത്തില്‍ കൂട്ടിയിട്ടു ഉണ്ടാക്കുന്ന കനലിലും കത്തുന്ന മേലേരിയിലുമാണ് പൊട്ടന്‍ തെയ്യം ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യുന്നത്. തലേ ദിവസം പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം തുടങ്ങുന്ന സമയത്താണ് സാധാരണയായി  മേലേരിക്ക് വേണ്ടിയുള്ള മരങ്ങള്‍ കൂട്ടിയിട്ട് തീ കൊടുക്കുന്നത്. പിറ്റേ ദിവസം പുലരുമ്പോഴേക്കും ഇവ ഏകദേശം കത്തി കനല്‍ക്കൂമ്പാരമാകും. അപ്പോഴാണ് പൊട്ടന്‍ തെയ്യം പുറപ്പെടുന്നത്. ഈ കനലിലാണ് തെയ്യം ഇരിക്കുന്നതും കിടക്കുന്നതുമൊക്കെ. തീയില്‍ ഇരിക്കുമ്പോഴും “കുളിരണ്, വല്ലാതെ കുളിരണ്” എന്നാണ് പൊട്ടന്‍ തെയ്യം പറയുക. 

മലയനെക്കൂടാതെ പുലയന്‍, ചിറവന്‍, പാണന്‍ തുടങ്ങിയ സമുദായക്കാരും പൊട്ടന്‍ തെയ്യം കെട്ടാറുണ്ട്. അത്യുത്തര കേരളത്തില്‍ മിക്ക കാവുകളിലും തറവാട്ടുകളിലും സ്ഥാനങ്ങളിലുമൊക്കെ സജീവ സാനിധ്യമാണ് പൊട്ടൻ തെയ്യം. അതില്‍ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് ചെറുവത്തൂരിനടുത്ത പിലിക്കോട്ടെ മല്ലക്കര തറവാട്ടിലെ പൊട്ടൻ തെയ്യം. വിളിച്ചാല്‍ വിളിപ്പുറത്താണ് മല്ലക്കരയിലെ പൊട്ടനെന്നാണ് വിശ്വാസം. ആനന്ദമുള്ളോനെ കാണാനായി കാത്തിരിക്കുന്ന ജനക്കൂട്ടം തന്നെ അതിന് തെളിവ്. 

മല്ലക്കര പൊട്ടൻ തെയ്യം, വീഡിയോ കാണാം

 

മറ്റ് തെയ്യം കഥകള്‍ കേള്‍ക്കണോ? താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!

നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!

കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!

ഉറഞ്ഞാടി കരിഞ്ചാമുണ്ഡി, വാങ്കുവിളിച്ച് നിസ്‍കരിച്ച് മാപ്പിളത്തെയ്യം!

ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്‍ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!

തെയ്യലോകത്തെ ഭൂതസാന്നിധ്യം; ഭക്തരെ ചിരിപ്പിച്ചും രസിപ്പിച്ചും ശ്രീഭൂതം!

 ഇതാ അപൂര്‍വ്വമായൊരു മുത്തപ്പൻ, ഇത് കരിമ്പാലരുടെ സ്വന്തം വെള്ളമുത്തപ്പൻ!

നടവഴി പലവഴി താണ്ടി റെയില്‍പ്പാളം കടന്ന് കുന്നുകയറി ഒരു തെയ്യം, ലക്ഷ്യം ഇതാണ്!

കെട്ടുപൊട്ടിച്ചോടി, പിന്നെ പുരപ്പുറത്ത് ചാടിക്കയറി ഒരു ഭൂതം!

നെഞ്ചുപൊള്ളുന്നൊരു കഥയുണ്ട് പറയാൻ കനല്‍ക്കുന്നില്‍ ആറാടുന്ന തീച്ചാമുണ്ഡിക്ക്!

തീരത്തൊരു കപ്പലുകണ്ടു, കനല്‍ക്കുന്നില്‍ നിന്നിറങ്ങി കടലിലേക്ക് ഓടി തെയ്യം!

മൂന്നാള്‍ കുഴിയില്‍ നിന്നും ഉയിര്‍ത്ത പെണ്‍കരുത്ത്, ചെമ്പും തന്ത്രിമാരെയും കണ്ടാല്‍ അടിയുറപ്പ്!

ചെത്തുകാരന്‍റെ മകൻ വിഷവൈദ്യനായി, വിഷമനസുകള്‍ ചതിച്ചുകൊന്നപ്പോള്‍ തെയ്യവും!

തുണി തല്ലിയലക്കും, നേര്‍ച്ചയായി വസ്‍ത്രങ്ങള്‍; ഇതാ അപൂര്‍വ്വമായൊരു അമ്മത്തെയ്യം!

click me!