ലോകത്തിൽ ജീവിക്കാൻ ഏറ്റവും ചെലവേറിയ ന​ഗരങ്ങൾ, ഇന്ത്യയിൽ ഒന്നാമതായി ഈ ന​ഗരം

By Web TeamFirst Published Jun 18, 2022, 10:28 AM IST
Highlights

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ന​ഗരങ്ങളിലൊന്നാണ് മുംബൈ. എന്നാൽ, ഈ പട്ടികയിൽ ആദ്യ 25 നും താഴെ 24 -ാമതായി എത്തിയിരിക്കുന്നതും മുംബൈയാണ്.

വലിയ വലിയ ന​ഗരങ്ങളിൽ ജീവിക്കാൻ ആ​ഗ്രഹിക്കുന്നവർ ഏറെയുണ്ടാവും അല്ലേ? എന്നാൽ, ചിലപ്പോൾ അവിടുത്തെ ചെലവ് നമുക്ക് താങ്ങാനായി എന്ന് വരില്ല. മാത്രമല്ല, വൈദ്യുതി, വെള്ളം, പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ, പെട്രോൾ, ഡീസൽ തുടങ്ങി സകലതിനും വിലയും കൂടുന്നു. എന്നാൽ, ലോകത്തിൽ ജീവിക്കാൻ ഏറ്റവും ചെലവ് കൂടിയ ന​ഗരങ്ങൾ ഏതൊക്കെയാണ്? 

ജൂലിയസ് ബെയറിന്റെ ഗ്ലോബൽ വെൽത്ത് ആൻഡ് ലൈഫ്‌സ്റ്റൈൽ റിപ്പോർട്ട് 2022 അനുസരിച്ച്, ലോകത്തിലെ ഏറ്റവും ചെലവേറിയ സ്ഥലമായി വിശേഷിപ്പിച്ചിരിക്കുന്നത് ഷാങ്ഹായ്‍യെ ആണ്. ഇത് കാണിക്കുന്നത് ഇവിടുത്തെ അതിസമ്പന്നർ പോലും ഈ വിലക്കയറ്റത്തിന്റെ സമ്മർദ്ദത്തിൽ നിന്നും മുക്തരല്ല എന്നാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ ഇപ്പോഴും ഏഷ്യയിലാണ്, ഷാങ്ഹായ് വീണ്ടും റാങ്കിംഗിൽ ഒന്നാമതെത്തി. അമേരിക്കയിലെ ഒരു ന​ഗരവും ആദ്യത്തെ പത്തെണ്ണത്തിൽ ഇല്ല. അതിനാൽ തന്നെ അത്രയധികം ചെലവ് വരാത്ത സ്ഥലമായി തുടരുകയാണ്. 

ഇവയൊക്കെയാണ് ജീവിക്കാൻ ചെലവേറിയ ന​ഗരങ്ങളുടെ പട്ടികയിൽ സ്ഥലം പിടിച്ചിരിക്കുന്നത്. 

ഷാങ്ഹായ്‍: ഷാങ്ഹായ് വീണ്ടും റാങ്കിംഗിൽ ഒന്നാമതെത്തി 2022 -ൽ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമായി മാറി. രാജ്യത്തെ ഏറ്റവും വലിയ നഗരവും ആഗോള സാമ്പത്തിക കേന്ദ്രവുമാണ് ഷാങ്ഹായ്. 

ലണ്ടൻ: ജൂലിയസ് ബെയർ നടത്തിയ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ റാങ്കിംഗിൽ ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടൻ രണ്ടാം സ്ഥാനത്താണ്. ആദ്യ അഞ്ചിൽ ഇടം നേടിയ ഏക യൂറോപ്യൻ ഔട്ട്‍ലെയറും ലണ്ടൻ ആയിരുന്നു. റെസിഡൻഷ്യൽ പ്രോപർട്ടികൾക്കും മറ്റും ഇവിടെ വില കുതിച്ചുയരുകയാണ്. 

തായ്‌പേയ്: തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയ്, ഏറ്റവും ചെലവേറിയ അഞ്ച് സ്ഥലങ്ങളിൽ ഇടംനേടിയ നാല് ഏഷ്യ-പസഫിക് നഗരങ്ങളിൽ ഒന്നാണ്.

ഹോങ്കോംഗ്: ഈ വർഷം, ജൂലിയസ് ബെയറിന്റെ ആഗോള റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള ഏറ്റവും ചെലവേറിയ നാലാമത്തെ നഗരമായി ഹോങ്കോംഗിനെ പട്ടികപ്പെടുത്തിയിട്ടുണ്ട്. അംബരചുംബികളായ കെട്ടിടങ്ങൾക്കും നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾക്കും പേര് കേട്ട ന​ഗരമാണിത്. അതുപോലെ തന്നെ ഇവിടുത്തെ മാർക്കറ്റുകളും പ്രശസ്തമാണ്. 

സിംഗപ്പൂർ: ചെറുതും എന്നാൽ സമ്പന്നവുമായ ഒരു ദ്വീപ് രാഷ്ട്രമാണ് സിംഗപ്പൂർ. ലോകഭൂപടത്തിൽ വളരെ ചെറുതായിട്ടാണ് കാണുന്നതെങ്കിലും സന്തോഷകരവും തൃപ്തികരവുമായ ജീവിതമാണ് ഇവിടുത്തേത്. എന്നാൽ, ഇവിടെയും ജീവിക്കാൻ വലിയ ചെലവ് വേണ്ടി വരും എന്നാണ് പറയുന്നത്. 

മൊണാക്കോ: ജൂലിയസ് ബെയറിന്റെ ആഗോള റിപ്പോർട്ട് പ്രകാരം റിയൽ എസ്റ്റേറ്റിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നാണ് മൊണാക്കോ.

സൂറിച്ച്: സ്വിറ്റ്സർലൻഡിന്റെ സാമ്പത്തിക തലസ്ഥാനം. ലോകത്തിലെ ഏറ്റവും ചെലവേറിയ ഏഴാമത്തെ നഗരം. സൂറിച്ച് ആഡംബര ജീവിതത്തിനും, ഉയർന്ന നിലവാരമുള്ള ഷോപ്പിംഗിനും, ഫാൻസി ചോക്ലേറ്റുകൾക്കും പേരുകേട്ടതാണ്. എന്നിരുന്നാലും, അതിന്റെ ചെലവും അമിതഭാരവും ഉണ്ടായിരുന്നിട്ടും, ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നായി ഇത് റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

ടോക്കിയോ: ജപ്പാന്റെ തിരക്കേറിയ തലസ്ഥാനമായ ടോക്കിയോ 2022-ൽ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ എട്ടാം സ്ഥാനത്താണ്.

സിഡ്നി: ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ സിഡ്നി 2022 -ലെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ ഒമ്പതാം സ്ഥാനത്താണ്.

പാരീസ്: ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നാണ് പാരീസ്. ലൂവ്രെ മ്യൂസിയം, നോട്രെ ഡാം കത്തീഡ്രൽ, ഈഫൽ ടവർ എന്നിവയെല്ലാം കൊണ്ട് ഇത് ലോകമെമ്പാടും അറിയപ്പെടുന്നു. പട്ടികയിൽ പത്താം സ്ഥാനത്താണ് ഇത്.

24 -ാം സ്ഥാനത്ത് മുംബൈ

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ന​ഗരങ്ങളിലൊന്നാണ് മുംബൈ. എന്നാൽ, ഈ പട്ടികയിൽ ആദ്യ 25 നും താഴെ 24 -ാമതായി എത്തിയിരിക്കുന്നതും മുംബൈയാണ്. ജൂലിയസ് ബെയറിന്റെ ഗ്ലോബൽ വെൽത്ത് ആന്റ് ലൈഫ്‌സ്റ്റൈൽ റിപ്പോർട്ട് 2022 അനുസരിച്ച് മുംബൈ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരമായും ലോകത്തിലെ ഏറ്റവും മികച്ച 24-ാമത് നഗരമായും തുടരുകയാണ്.

click me!