രണ്ട് സഹോദരങ്ങളെ ഒരുമിച്ച് വിവാഹം ചെയ്ത് യുവതി, സംസ്കാരത്തിൽ അഭിമാനിക്കുന്നുവെന്ന് യുവാക്കൾ

Published : Jul 19, 2025, 06:45 PM IST
Pradeep Negi, Kapil Negi and Sunita Chauhan

Synopsis

ഈ സംസ്കാരത്തെ കുറിച്ച് തനിക്ക് പൂർണമായും അറിയാം. അറിഞ്ഞുകൊണ്ട് പൂർണമനസോടെ തന്നെ എടുത്ത തീരുമാനമാണ് ഇത് എന്ന് സുനിതയും പറഞ്ഞതായി മാധ്യമങ്ങൾ എഴുതുന്നു.

ഇന്ത്യയിലെ വിവാഹത്തിന്റെ ചടങ്ങുകളും ആഘോഷങ്ങളും രീതികളുമെല്ലാം വളരെ വ്യത്യാസപ്പെട്ടിരിക്കുന്നതാണ്. പല സമൂഹങ്ങൾക്കും പലതരത്തിലുള്ള രീതികളാണ് വിവാഹത്തിന്. ഓരോ സംസ്കാരമനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കുന്നു. അതുപോലെ, ഹിമാചലിലുള്ള ഒരു യുവതി രണ്ട് സഹോദരങ്ങളെ ഒരുമിച്ച് വിവാഹം കഴിച്ചു.

ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സിർമൗർ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിൽ നിന്നുള്ള പ്രദീപ് നേഗിയും കപിൽ നേഗിയുമാണ് ഒരേ യുവതിയെ ഒരുമിച്ച് വിവാഹം കഴിച്ചത്. സമീപത്തെ കുൻഹട്ട് എന്ന ഗ്രാമത്തിൽ നിന്നുള്ള സുനിത ചൗഹാനുമായിട്ടായിരുന്നു സഹോദരങ്ങളുടെ വിവാഹം. ഹാട്ടി സമൂഹത്തിൽ പെടുന്നവരാണ് ഇവർ. ഇവരുടെ സംസ്കാരത്തിന്റെ ഭാ​ഗമായിട്ടാണ് സഹോദരങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരാളെ തന്നെ വിവാഹം കഴിച്ചിരിക്കുന്നത്.

കുറച്ചു കാലങ്ങളായി ഈ ആചാരം ആരും അധികം പിന്തുടരുന്നില്ല. അതിനാൽ തന്നെ പ്രദീപിന്റെയും കപിലിന്റെയും വിവാഹം വലിയ ശ്രദ്ധയാണ് നേടിയത്. രണ്ട് കുടുംബങ്ങളുടെയും, വരൻമാരുടേയും, വധുവിന്റെയും, സമുദായത്തിന്റെയും സമ്മതത്തോടും എല്ലാവരുടെയും പങ്കാളിത്തത്തോടെയും തന്നെയാണ് വിവാഹം നടന്നിരിക്കുന്നത്.

മൂത്ത സഹോദരനായ പ്രദീപ് ജൽശക്തി വകുപ്പിലാണ് ജോലി ചെയ്യുന്നത്, കപിൽ വിദേശത്ത് ഹോസ്പിറ്റാലിറ്റി മേഖലയിലും ജോലി ചെയ്യുന്നു. വിവാഹത്തെ കുറിച്ച് പറയുമ്പോൾ സഹോദരങ്ങൾ പറയുന്നത് ഇത് എല്ലാവരുടെയും സമ്മതത്തോടെ, ഒരുപോലെ എടുത്ത തീരുമാനമാണ് എന്നാണ്.‌ ഞങ്ങൾ ഞങ്ങളുടെ ചരിത്രത്തിലും സംസ്കാരത്തിലും അഭിമാനിക്കുന്നു എന്ന് പറയുന്നതിന് കൂടി വേണ്ടിയാണ് ഇത് പരസ്യമായി നടത്തിയത് എന്നും അവർ പറഞ്ഞു.

ഈ സംസ്കാരത്തെ കുറിച്ച് തനിക്ക് പൂർണമായും അറിയാം. അറിഞ്ഞുകൊണ്ട് പൂർണമനസോടെ തന്നെ എടുത്ത തീരുമാനമാണ് ഇത് എന്ന് സുനിതയും പറഞ്ഞതായി മാധ്യമങ്ങൾ എഴുതുന്നു.

രണ്ട് സഹോദരങ്ങൾക്ക് ഒരു ഭാ​ര്യ എന്ന 'ബഹുഭർതൃത്വം' വരുന്ന ഈ രീതി ഹാട്ടി സമൂഹത്തിനിടയിൽ സജീവമായിട്ടുണ്ടായിരുന്നു. ജോദിദരൺ, ദ്രൗപദി പ്രത എന്നൊക്കെയാണ് ഇവർക്കിടയിൽ ഇത് അറിയപ്പെടുന്നത്. ഹിമാചൽ പ്രദേശിലെ ഹാട്ടി സമൂഹത്തിൽ ഒരു പരമ്പരാഗത ആചാരമാണിത്. ഇതിൽ ഒന്നിലധികം സഹോദരന്മാർ ഒറ്റ സ്ത്രീയെ തന്നെ വിവാഹം കഴിക്കുകയാണ്.

സിർമൗർ ജില്ലയിലെ ട്രാൻസ്-ഗിരി പ്രദേശത്തും ഉത്തരാഖണ്ഡിന്റെ മറ്റ് ഭാഗങ്ങളിലും ഈ ആചാരം കാണപ്പെടാറുണ്ട്. കുടുംബത്തിന്റെ ഐക്യം സംരക്ഷിക്കാനും, പൂർവ്വികരുടെ ഭൂമി

പലർക്കിടയിലായി വിഭജിച്ച് പോകുന്നത് തടയാനും, ഒരു സ്ത്രീയും വിധവയായി തുടരുന്നില്ല എന്ന് ഉറപ്പാക്കാനുമായിട്ടാണത്രെ ഈ ആചാരം പിന്തുടർന്നിരുന്നത്. എന്നാൽ, കാലം മാറിയതും സംസ്കാരത്തിൽ വന്ന മാറ്റങ്ങളുമെല്ലാം ഇത് പിന്തുടരാതിരിക്കാനുള്ള കാരണമായി തീർന്നു.

PREV
Read more Articles on
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്