Memory : 'പ്രായം ചെന്ന സ്ത്രീയാണ്, രാത്രിയുറക്കത്തില്‍ വല്ലതും സംഭവിച്ചാല്‍ എന്ത് ചെയ്യും?'

By Web TeamFirst Published Apr 12, 2022, 4:33 PM IST
Highlights

ആ കാത്തിരിപ്പിലേക്കാണ് ഓര്‍മ്മകളുടെ തുടക്കത്തില്‍ കാലേനിശ്ചയിക്കപ്പെട്ട ഒരു അതിഥിയെപോലെ അവര്‍ പ്രത്യക്ഷപ്പെട്ടത്. 

അപരിചിതയായൊരു അതിഥിയെ എങ്ങനെയാണ് സ്വികരിക്കുകയെന്നതിനെ സംബന്ധിച്ച് യാതൊരു ആശങ്കയുമില്ലാതെ നോമ്പ് തുറയുടെ വിഭവങ്ങള്‍ അവര്‍ക്ക് മുന്നില്‍ നിരന്നു. പവര്‍കട്ടിന്റെ സമയമാണ് പണ്ടെങ്ങോ പണിതിട്ട മൂന്ന് കടമുറികള്‍ ഒന്നിച്ച നീളന്‍ വരാന്തയുടെ മൂലക്ക് ഉയരത്തില്‍ കെട്ടിയ തിട്ടയില്‍ കത്തി നില്‍ക്കുന്ന മെഴുകുതിരി വെട്ടത്തില്‍ അവര്‍ തൃപ്തിയോടെ ഓരോന്നും കഴിച്ചു.

 

 

തിരിഞ്ഞു നോക്കുമ്പോള്‍ ബാല്യകാലത്തിന്റെ ചെരുവത്തില്‍ നോമ്പ് കഞ്ഞി തിളച്ച് മറിയുന്നു. വീടിന്റെ വരാന്തയിലിരുന്നു ചെവിയോര്‍ത്താല്‍ ഒലിപ്പാറ പള്ളിയുടെ മിനാരങ്ങളില്‍ നിന്നും പാടവരമ്പുകള്‍ താണ്ടി തണുപ്പ് പിടിച്ച മഗ്രിബ് നേരങ്ങളിലേക്കൊരു വാങ്ക് വിളി ഒഴുകിയെത്തും.

മരങ്ങള്‍, പക്ഷികള്‍, മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക് സഞ്ചാരം നടത്തുന്ന അണ്ണാന്‍ കുഞ്ഞുങ്ങള്‍, കീരികള്‍, തവളകള്‍, ചെറുപ്രാണികള്‍ സമയമായെന്ന പക്വമായ തീരുമാനത്തോടെ എല്ലാത്തിനും ആകെയും മാറ്റം വരികയാണ്. പ്രകൃതി നോമ്പ് തുറയിലേക്ക് നീങ്ങുമ്പോള്‍ ഞാന്‍ ദൂരെ ആകാശവും അതിന് താഴെ കുന്നിന്‍പുറങ്ങളെ കെട്ടിപിണഞ്ഞു കിടക്കുന്ന താഴ്‌വരകളും നോക്കിയിരിക്കും.

കുട്ടിക്കാലമാണ്. എനിക്ക് നോമ്പ് ഇല്ല. ഉള്ളത് വെള്ളയും നീലയും കളറുകളില്‍ മരുന്ന് പെട്ടികളാണ്. സങ്കടത്തോടെ ആ കാലം തീരും. പക്ഷേ ഒരു കാലവും വെറുതെയങ്ങ് തീരുന്നില്ലലോ. ഓര്‍മ്മകളുടെ ഇത്തിരിവെട്ടത്തില്‍ അവ്യക്തമായ മുഖങ്ങളെ കാലം ഉള്ളില്‍ കോറിയിട്ട് തരും.

നല്ല തണുപ്പുള്ള നോമ്പ് കാലമായിരിക്കുമത്.

മഗ്രിബിനൊപ്പം മധുരമൂറുന്ന നാരങ്ങ വെള്ളത്തിന്റെയും, കാരക്കയുടേയും പിന്നെ ഓറഞ്ചിന്റെയും, കൂട്ടത്തില്‍ വെളിച്ചെണ്ണയില്‍ മൊരിഞ്ഞു പാകമായ കടികളുടെയും മണങ്ങള്‍.  പിന്നെയുള്ളത് മരംകോച്ചുന്ന തണുപ്പില്‍  തറാവീഹ് നമസ്‌കാരത്തിനുള്ള കാത്തിരിപ്പാണ്.

ആ കാത്തിരിപ്പിലേക്കാണ് ഓര്‍മ്മകളുടെ തുടക്കത്തില്‍ കാലേനിശ്ചയിക്കപ്പെട്ട ഒരു അതിഥിയെപോലെ അവര്‍ പ്രത്യക്ഷപ്പെട്ടത്. ഏകദേശം എഴുപതിനോടടുത്ത് പ്രായം ചെന്നൊരു സ്ത്രീ. മുണ്ടും, ബ്ലൗസുമായിരുന്നു വേഷം. ദിര്‍ഘദൂരയാത്രയുടെ മുഷിപ്പില്‍ നെറ്റിയിലെ ഭസ്മക്കുറി വിയര്‍പ്പിനൊപ്പം ഒഴുകി പോയിരിക്കുന്നു. വഴി തെറ്റിയുള്ള അലച്ചിലുകള്‍ക്കൊടുവില്‍ അവര്‍ വീട്ടിലേക്ക് കയറി വരികയും അനുവാദത്തിന് കാക്കാതെ ക്ഷിണിച്ചവശയായി വരാന്തയില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തു.

വകയിലുള്ള ഏതോ ബന്ധുവീട് ലക്ഷ്യം വച്ച് ഇറങ്ങിയ ആ സ്ത്രീ സ്ഥലപ്പേരില്‍ വന്ന പിശക് കൊണ്ട് മാത്രം പകല്‍ അസ്തമിക്കുമ്പോള്‍ ഞങ്ങളുടെ വരാന്തയില്‍ ഇരിക്കുകയാണ്.

അപരിചിതയായൊരു അതിഥിയെ എങ്ങനെയാണ് സ്വികരിക്കുകയെന്നതിനെ സംബന്ധിച്ച് യാതൊരു ആശങ്കയുമില്ലാതെ നോമ്പ് തുറയുടെ വിഭവങ്ങള്‍ അവര്‍ക്ക് മുന്നില്‍ നിരന്നു. പവര്‍കട്ടിന്റെ സമയമാണ് പണ്ടെങ്ങോ പണിതിട്ട മൂന്ന് കടമുറികള്‍ ഒന്നിച്ച നീളന്‍ വരാന്തയുടെ മൂലക്ക് ഉയരത്തില്‍ കെട്ടിയ തിട്ടയില്‍ കത്തി നില്‍ക്കുന്ന മെഴുകുതിരി വെട്ടത്തില്‍ അവര്‍ തൃപ്തിയോടെ ഓരോന്നും കഴിച്ചു.

 

Also Read: വെന്ത ഇറച്ചിയുടെയും ഇഞ്ചിയുടെയും മണമുള്ള കാറ്റ്

...............................

 

പുറത്ത് ഇരുട്ടും മഞ്ഞും പരന്നു കിടന്നു.

ഒരു എഴുപത് വയസ്സുകാരിക്ക് അപരിചിതമായൊരിടത്ത് രാത്രിയിലുള്ള മടക്കയാത്രയുടെ ബുദ്ധിമുട്ടുകള്‍ മനസിലാവുന്നത് കൊണ്ട് അന്നത്തെ രാത്രി മുഴുവനും അവര്‍ വീട്ടില്‍ അതിഥിയായി തുടര്‍ന്നു.

പവര്‍കട്ടിന്റെ സമയം അവസാനിച്ച് ബള്‍ബുകള്‍ പ്രകാശിച്ചു തുടങ്ങുമ്പോള്‍ ക്ഷീണം കൊണ്ട് വരാന്തയിലെ നീളന്‍ ബഞ്ചില്‍ തളര്‍ന്നു കിടക്കുകയായിരുന്നു അവര്‍. പ്രായം ചുക്കി ചുളുക്കിയ ദേഹവും ഒട്ടി ഉണങ്ങിയ മുഖവുമുള്ള അവരെ ഉറ്റുനോക്കി കൊണ്ട് അയല്പക്കത്തെ ചില തലകള്‍ വീടിന് മുന്‍വശം വന്നു നിന്നു.
കൂട്ടത്തിലൊരു തല വളരെ സ്വകാര്യത്തോടെ ഉമ്മയോട് ഇപ്പോള്‍ സ്വികരിച്ചിരിക്കുന്ന തീരുമാനത്തിലെ അപകടത്തെ കുറിച്ച് സൂചിപ്പിച്ചു.

'പ്രായം ചെന്ന സ്ത്രീയാണ്, എവിടെ നിന്നെന്നോ എങ്ങനെയെന്നോ അറിയില്ല. അവര്‍ക്ക് രാത്രിയുറക്കത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ആരേറ്റെടുക്കും.... '

അയല്പക്കത്തെ ചേച്ചി പറഞ്ഞതില്‍ കാമ്പ് ഉണ്ടായിരുന്നുവെങ്കിലും തീരുമാനത്തില്‍ മാറ്റമൊന്നും സംഭവിച്ചില്ല. അന്നവര്‍ ഞങ്ങളുടെ അതിഥിയായി തന്നെ തുടര്‍ന്നു. രാത്രി ഭക്ഷണത്തിന് ശേഷം അവര്‍ പലവക ജീവിതകഥകള്‍ നിരത്തി. ചിലതൊന്നും ഞങ്ങള്‍ക്ക് മനസിലായില്ല ചിലതിലാകട്ടെ സങ്കടകരമായ അവരുടെ രൂപം നിഴലിച്ചു നിന്നു. അവരെ കേട്ടിരുന്നപ്പോള്‍ ജീവിതം വെയില് പോലെയാണെന്ന് തോന്നി. എന്തൊരു വെയിലാണ്, കണ്ണ് മഞ്ഞളിക്കുന്നു. ഒന്ന് അകത്തേക്ക് നോക്കിയാല്‍ കാഴ്ച്ച മങ്ങി ഇരുട്ട് നിറഞ്ഞിരിക്കും പക്ഷേ വെയില്‍ മാത്രമേ ഉള്ളു ചൂട് നഷ്ടപ്പെട്ടിരിക്കുന്നു.

അന്ന് രാത്രി കടമുറികളില്‍ ഒന്നില്‍ അവര്‍ ശാന്തമായി ഉറങ്ങി. ഞങ്ങളും.

മറ്റൊരു നോമ്പ് കാല പ്രഭാതത്തിലേക്ക് ഞങ്ങളുടെ അതിഥി ഉന്മേഷത്തോടെ ഉണര്‍ന്നു. നോമ്പുകാരിയായി തന്നെ ഉമ്മയവര്‍ക്ക് ഭക്ഷണമൊരുക്കി. ശേഷം പൂര്‍ണ്ണതൃപ്തിയോടെ യാത്ര പറഞ്ഞ് നെന്‍മാറക്കുള്ള ആദ്യ ബസിന്റെ നേരത്ത് അവര്‍ വീട്ടില്‍ നിന്നും ഇറങ്ങി. വെട്ടുവഴികളില്‍ തിരക്ക് പിടിക്കും മുന്നേ ആദ്യ യാത്രക്കാരിയുടെ ഗര്‍വോടെ അവര്‍ മാഞ്ഞു പോയി. 

യാത്രാന്ത്യത്തിന്റെ ക്ഷീണത്തില്‍ വഴി തെറ്റാതെയവര്‍ മറ്റൊരു വീട്ടില്‍ ചെന്ന് കയറിയിരിക്കണം.

ദിവസങ്ങള്‍ സന്ധ്യകളിലേക്ക് നീങ്ങി ഒലിപ്പാറ പള്ളിയില്‍ നിന്നും വാങ്ക് വിളികള്‍ എത്രയോ ഒഴുകിയെത്തി. മഞ്ഞിലും ഇരുട്ടിലും വേനലിന്റെ ഉഷ്ണത്തിലും മഴയുടെ ഏറ്റക്കുറച്ചിലുകളിലും നോമ്പ്കാലങ്ങള്‍ ഏറെ കടന്നുപോയി. 

click me!