ജീവിക്കാന്‍ വേണ്ടി കരയുന്നവര്‍!

By Web TeamFirst Published Jun 29, 2021, 1:25 PM IST
Highlights

കരച്ചിലില്ലാത്ത ജീവിതമില്ല. എന്നാല്‍, ജീവിക്കാന്‍ വേണ്ടി കരയുന്നതോ? കരഞ്ഞകിട്ടുന്ന കാശ് കൊണ്ട് ജീവിച്ചിരുന്ന അത്തരം കുറച്ചു സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ടായിരുന്നു.

കരച്ചിലില്ലാത്ത ജീവിതമില്ല. എന്നാല്‍, ജീവിക്കാന്‍ വേണ്ടി കരയുന്നതോ? കരഞ്ഞകിട്ടുന്ന കാശ് കൊണ്ട് ജീവിച്ചിരുന്ന അത്തരം കുറച്ചു സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ടായിരുന്നു. രാജസ്ഥാനിലാണ് രൂദാലികള്‍ എന്നറിയപ്പെടുന്ന 'കരയുന്ന സ്ത്രീകള്‍'. ഇവരുടെ ജീവിതമാണ്, കല്‍പ്പന ലാജ്മി സംവിധാനം ചെയ്ത രൂദാലി എന്ന സിനിമയിലുള്ളത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സിനിമ ഭുപന്‍ ഹസാരിക സംഗീതം നല്‍കിയ ഗാനങ്ങളിലൂടെ ഇന്നും ആളുകള്‍ ഓര്‍ക്കുന്നു. 

 

 

വലിയ കുടുംബത്തിലെ ആരെങ്കിലും മരിച്ചാല്‍, നെഞ്ചുപൊട്ടി കരയാനായി വാടകയ്ക്ക് എടുക്കുന്ന സ്ത്രീകളാണ് രൂദാലികള്‍. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാമെങ്കിലും, ഇങ്ങനെ കരയാനായി സ്ത്രീകളെ വാടകയ്ക്ക് എടുക്കുന്നതിന്റെ പിന്നിലുള്ള കാരണം അതിലും ഞെട്ടിക്കുന്നതാണ്. ഉയര്‍ന്ന ജാതിയില്‍ പെട്ട സ്ത്രീകള്‍ക്ക് പരസ്യമായി കരയാന്‍ അവകാശമില്ല ഇവിടെ. അതുകൊണ്ടാണ് അവര്‍ക്ക് പകരം കരയാന്‍ രൂദാലികളെ ചുമതലപ്പെടുത്തുന്നത്. അവരാകട്ടെ താഴ്ന്ന ജാതി എന്നു സമൂഹം കരുതുന്നവരാണ്. സ്വന്തം ഭര്‍ത്താവോ, മകനോ മരിച്ചാല്‍ പോലും പരസ്യമായി കരയാന്‍ അവകാശമില്ലാത്ത സ്ത്രീകള്‍ ഒരു വശത്ത്, വയറ്റിപിഴപ്പിനായി ആരെന്ന് പോലും അറിയാത്തൊരാള്‍ക്ക് വേണ്ടി നെഞ്ചുതല്ലി കരയേണ്ടി വരുന്ന സ്ത്രീകള്‍ മറുവശത്ത്. ഇരുവരുടെയും അവസ്ഥ ഒരേപോലെ ദയനീയമാണ്.

കരയുന്ന സ്ത്രീയെന്നാണ് രൂദാലിയുടെ അര്‍ത്ഥം. യമന്റെ നിറമായ കറുപ്പാണ് അവരുടെ വേഷം.  ഇവിടെ, ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് സാധാരണയായി വീടിന്റെ പുറത്തിറങ്ങാന്‍ അവകാശമില്ല. അവര്‍ എപ്പോഴും മൂടുപടമണിഞ്ഞ് കതകിന് പുറകില്‍ മറഞ്ഞിരിക്കുകയാണ് പതിവ്. അതേസമയം മരണവീട്ടില്‍ ആരെങ്കിലും ഉറക്കെ കരയണമല്ലോ? അതാണല്ലോ നാട്ടുനടപ്പ്. അങ്ങനെ കരയാനായി വീട്ടിലെ സ്ത്രീകള്‍ക്ക് പകരമായി വരുന്നവരാണ് രുദാലികള്‍. അവര്‍ ധരിക്കുന്ന വസ്ത്രം പോലെത്തന്നെ ഇരുണ്ടതാണ് അവരുടെ ജീവിതവും. മരണങ്ങള്‍ ഗ്രാമങ്ങളില്‍ എന്നും സംഭവിക്കുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ കരച്ചില്‍ വിറ്റ് ഉപജീവനം കഴിക്കുക എന്നത് ശ്രമകരമായ ഒരു കാര്യമാണ്. ജാതീയമായ അവഗണകളും, കൊടും ദാരിദ്ര്യവും അവരുടെ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്നു.

എത്ര നെഞ്ചുപൊട്ടി കരഞ്ഞാലും തുച്ഛമായ തുകയാണ് അവര്‍ക്ക് പ്രതിഫലമായി ലഭിക്കുന്നത്. ചിലപ്പോള്‍ ഒന്നും കൊടുക്കാതെ ആളുകള്‍ അവരെ മടക്കി അയക്കുന്നു. ഏകദേശം 30 വര്‍ഷം മുമ്പ് വരെ, ഇങ്ങനെ കരയുന്നതിന് അഞ്ചു മുതല്‍ ആറ് രൂപ വരെയായിരുന്നു കൂലി. ഇത് കൂടാതെ അവര്‍ക്ക് പഴയ വസ്ത്രങ്ങളും, ഭക്ഷണമായി ഉള്ളിയും, മറ്റുള്ളവര്‍ പാതി ഉപേക്ഷിച്ച റൊട്ടിയും നല്‍കുന്നു. കരച്ചിലിന് അനുസരിച്ചാണ് കൂലി. കൂടുതല്‍ കരയുന്നവര്‍ക്ക്, കൂടുതല്‍ പണം. ചിലപ്പോള്‍ 12 ദിവസത്തെ ചടങ്ങുകള്‍ തീരുന്നത് വരെ അവര്‍ മരണവീടുകളില്‍ തന്നെ തുടരുന്നു. അവര്‍ക്ക് കണ്ണീരിന് ഒരു പഞ്ഞവുമില്ല. സ്വന്തം ജീവിതം നല്‍കിയ അനുഭവങ്ങള്‍ തന്നെ ധാരാളമാണ് അവര്‍ക്ക്  നെഞ്ചുപൊട്ടി കരയാന്‍. എന്നാലും കരയാനായി അവര്‍ക്ക്  അവരുടെതായ രീതികളുണ്ട്. ചിലര്‍ കരയാനായി ഉമിനീര്‍ ഉപയോഗിക്കുമ്പോള്‍, മറ്റ് ചിലര്‍ ഒരു പ്രത്യേക ചെടിയുടെ നീര് ഉപയോഗിക്കുന്നു.  

 

 

കരയിക്കുന്ന അനുഭവങ്ങളിലൂടെയാണ്, അല്ലാതെ തന്നെ അവര്‍ കടന്നുപോവുന്നത്. ഉയര്‍ന്ന ജാതിയില്‍ പെട്ട വധുക്കള്‍ക്ക് സ്ത്രീധനത്തിന്റെ കൂട്ടത്തില്‍ നല്‍കുന്നതാണ് രൂദാലികളെ. തുടര്‍ന്ന് ജീവിതകാലം മുഴുവന്‍ വധുവിന്റെ വീടിനടുത്തുള്ള ചെറിയ കുടിലുകളില്‍ അവര്‍ താമസിക്കുന്നു. അവര്‍ക്ക് സ്വന്തമായി കുടുംബമില്ല. നാട്ടിലെ പ്രമാണിമാരും, ഭൂവുടമകളുമാണ് അവരെ പരിപാലിക്കുന്നത്. പകല്‍ കണ്ടാല്‍ ആട്ടിപ്പായിക്കുന്ന പ്രമാണിമാര്‍ എന്നാല്‍ രാത്രിയുടെ മറവില്‍ ഇവരെ തേടിപ്പോവുന്നു. ചിലപ്പോള്‍  ഈ പുരുഷന്മാരുടെ കുട്ടികള്‍ക്ക് ജന്മം നല്‍കേണ്ട ഗതികേടും അവര്‍ക്കുണ്ടാകുന്നു. അവര്‍ക്ക് ജനിച്ച ആണ്‍കുട്ടികള്‍ക്ക് ഒരിക്കലും അച്ഛന്റെ പേര് വയ്ക്കാന്‍ അവകാശമില്ല. അതിനാല്‍, അച്ഛനില്ലാത്ത ഒരുവനായി അവര്‍ സമൂഹത്തില്‍ വളരുന്നു. ഇനി ജനിക്കുന്നത് മകളാണെങ്കില്‍ അവളും ഈ തൊഴില്‍ ചെയ്യാന്‍ വിധിക്കപ്പെടുന്നു. മരണത്തിന്റെ ശമ്പളക്കാരിയായി, തൊട്ടുകൂടാത്തവളായി സമൂഹത്തില്‍ അപമാനം സഹിച്ച് കഴിയാന്‍ അവള്‍ നിര്‍ബന്ധിതയാകുന്നു.

ഇന്നിപ്പോള്‍ രൂദാലികളുടെ സമൂഹം ഇല്ലെന്ന് തന്നെ പറയാം. സാങ്കേതിക മുന്നേറ്റങ്ങളും, ആധുനിക കാഴ്ചപ്പാടുകളും കാരണം കുറെയൊക്കെ പുരോഗമിച്ചു അവിടം. ഇന്ന് കൂടുതല്‍ മെച്ചപ്പെട്ട ഒരു ജീവിതം തിരഞ്ഞെടുക്കാന്‍ സമൂഹം ആ സ്ത്രീകളെ അനുവദിക്കുന്നു.  

click me!