ബുദ്ധസന്യാസിമാർ ചെയ്ത് നൽകുന്ന ടാറ്റൂ, മഷി തയ്യാറാക്കുന്നത് പാമ്പിൻവിഷവും എണ്ണയുമെല്ലാം ചേർത്ത്... 

By Web TeamFirst Published May 3, 2023, 1:19 PM IST
Highlights

ടാറ്റൂ ചെയ്യാൻ പോകുന്ന ആളോട് ടാറ്റൂ ചെയ്യുന്ന ബുദ്ധ സന്യാസി സംസാരിക്കും. അവരെ കുറിച്ച് എല്ലാം മനസിലാക്കിയ ശേഷം അവർക്ക് യോജിച്ച ടാറ്റൂ ഡിസൈൻ ഈ സന്യാസി തന്നെയാണ് തെരഞ്ഞെടുക്കുന്നത്.

ഓരോ നാട്ടിലും ഓരോ രീതികളും പ്രത്യേകതകളും ഒക്കെ കാണും. അതുപോലെ തായ്‍ലൻഡിൽ പോകുന്നവർ കാലങ്ങളായി തുടരുന്ന ഒരു പ്രത്യേകതരം ടാറ്റൂ ചെയ്യലിന്റെ ഭാ​ഗമാവാറുണ്ട്. തായ്‍ലൻഡിൽ അനേകം ബുദ്ധസന്യാസിമാരുണ്ട്. തായ്‍ലൻഡ് സന്ദർശിക്കുന്നവർ മിക്കവാറും ഇവിടെയുള്ള ബുദ്ധക്ഷേത്രങ്ങളും സന്ദർശിക്കാറുണ്ട്. അതുപോലെ തന്നെ ചില വിനോദസഞ്ചാരികൾ അധികമാർക്കും അറിയാത്ത ചില നി​ഗൂഢതകളും ആചാരങ്ങളും തേടിപ്പോകാറുമുണ്ട്. അത്തരത്തിൽ ഒന്നാണിത്. 

ഇവിടെ അമേരിക്കയിൽ നിന്നുമുള്ള ഒരു വിനോദസഞ്ചാരി ബുദ്ധ സന്യാസിമാർ ചെയ്ത് നൽകുന്ന ഒരു പ്രത്യേക ടാറ്റൂവിനെ കുറിച്ചാണ് പറയുന്നത്. കാലങ്ങളായി ഈ ടാറ്റൂ ചെയ്യൽ തായ്ലാൻഡിൽ തുടരുന്നുണ്ടത്രെ. ഏകദേശം 2000 വർഷങ്ങളായി തുടരുന്ന ഈ ടാറ്റൂരീതി അറിയപ്പെടുന്നത് സാക് യാന്ത് എന്നാണ്. ബുദ്ധ സന്യാസിമാരാണ് ഈ ടാറ്റൂ ചെയ്യുക. അതിനായി പരമ്പരാ​ഗത രീതിയാണ് അവലംബിക്കുന്നത്. മിക്കവാറും മുളയോ മറ്റോ ആണ് ടാറ്റൂ ചെയ്യാൻ ഉപയോ​ഗിക്കുന്നത്. 

ടാറ്റൂ ചെയ്യുന്നതിനായി ഒരു വലിയ പാത്രത്തിൽ മഷി കലക്കി വച്ചിരിക്കും. ആ മഷിയുണ്ടാക്കുന്നത് ചാർക്കോൾ, പാമ്പിൻവിഷം, എണ്ണ എന്നിവയൊക്കെ ഉപയോ​ഗിച്ചാണത്രെ. ടാറ്റൂ ചെയ്യാൻ പോകുന്ന ആളോട് ടാറ്റൂ ചെയ്യുന്ന ബുദ്ധ സന്യാസി സംസാരിക്കും. അവരെ കുറിച്ച് എല്ലാം മനസിലാക്കിയ ശേഷം അവർക്ക് യോജിച്ച ടാറ്റൂ ഡിസൈൻ ഈ സന്യാസി തന്നെയാണ് തെരഞ്ഞെടുക്കുന്നത്. അതുപോലെ ടാറ്റൂ ചെയ്ത ശേഷം പാലിക്കേണ്ട ചില കാര്യങ്ങളും ഉണ്ടത്രെ. അതിൽ ഇന്നത് ചെയ്യാം, ഇന്നത് ചെയ്തുകൂടാ എന്നെല്ലാം ഉൾപ്പെടുന്നു.

ലോസ് ആഞ്ചെലെസിലുള്ള ട്രാവൽ ക്രിയേറ്ററായ ജൂൾസ് എൻഗുയെനും ട്രാവൽ വ്ലോഗർ ട്രെയുമാണ് ഈ ടാറ്റൂ ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്. കഞ്ചാവും പോഷകങ്ങളും അടങ്ങിയ വെള്ളവും ഇവിടെ വച്ച് കുടിക്കാൻ നൽകിയെന്നും വീഡിയോയിൽ പറയുന്നു. ഈ ടാറ്റൂ ചെയ്യുന്നത് ചെയ്യുന്നയാളുടെ ആരോ​ഗ്യത്തിനും നല്ല ജീവിതത്തിനും ഒക്കെ വേണ്ടിയാണ്. ഒരുതരം പ്രാർത്ഥനയായിട്ടാണ് ഈ ടാറ്റൂ കണക്കാക്കുന്നത്. 

ഒത്തിരി പ്രശസ്തമല്ലെങ്കിലും തായ്‍ലാൻഡിൽ പോകുന്ന ചിലർ തിരഞ്ഞുപിടിച്ച് ഈ ടാറ്റൂ ചെയ്യാറുണ്ട്. 
 

click me!