വരാനുള്ളത് മുന്ന് ഇടിവെട്ട് സിനിമകള്‍, കിംഗ് ഖാന്‍ ആഘോഷം തുടങ്ങിയിട്ടേയുള്ളൂ...

By P R VandanaFirst Published Nov 2, 2022, 5:06 PM IST
Highlights

കൂടെ അഭിനയിച്ച നായികമാരുടെയെല്ലാം എക്കാലത്തേയും പ്രിയസ്‌നേഹിതനാണ് ഷാരൂഖ്. ബോളിവുഡിലെ സ്ത്രീ പുരുഷ വ്യത്യാസം തുറന്നു പറയാന്‍ മടി കാണിച്ചിട്ടില്ലാത്ത നായകന്‍.  നായികമാരുടെ പേര് ആദ്യം വരട്ടെ എന്ന് തീരുമാനിച്ച് നടപ്പാക്കിയത് ബോളിവുഡിലെ കിങ് ഖാന്‍ മാത്രമാണ് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

ടെഡ് ടോക്‌സിലെ തുറന്നുപറച്ചിലുകള്‍ ഷാറൂഖിനെ  കൂടുതല്‍ ജനപ്രിയനാക്കി. അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടതിനെയും അമേരിക്കയില്‍ എപ്പോള്‍ ചെന്നാലും നേരിടേണ്ട പരിശോധനകളേയും കുറിച്ചുമൊക്കെ സംസാരിക്കുമ്പോള്‍ ആരും കണ്ടത് ഷാരൂഖ് എന്ന നടനെയല്ല . കൂട്ടത്തില്‍ ഒരുവനെയാണ്.

 

 

ഇരും കയ്യും വിരിച്ച് പുറകിലേക്ക് ഇത്തിരി ചാഞ്ഞ് മുഖം നിറയെ സന്തോഷത്തിരകള്‍ അലയടിക്കുന്ന ചിരിയുമായി രാജ് ഇന്ന് വീണ്ടും സിമ്രാനെ മാടി വിളിക്കുമ്പോള്‍ സൂര്യകാന്തിപ്പൂക്കളുടെ തലോടലേറ്റു വാങ്ങിക്കൊണ്ട് പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും മഞ്ഞുകണങ്ങള്‍  തീയേറ്ററുകളില്‍ വന്നു വീഴും. ആ സമയത്ത്  പ്രേക്ഷകരും തീയേറ്ററുകള്‍ക്ക് പുറത്തുള്ള ലക്ഷക്കണക്കിന് ആരാധകരും രാജിന് പിറന്നാള്‍ ആശംസകള്‍ നേരും. ഇന്ത്യയുടെ തന്നെ പ്രിയം ഏറ്റുവാങ്ങിയ ഒരേ ഒരു ബാദ്ഷാ ഷാരൂഖ് ഖാന്റെ പിറന്നാള്‍ ദിനം പ്രേക്ഷകര്‍ക്ക് ഉത്സവദിനം തന്നെ. ഇന്ത്യ കണ്ട ഏറ്റവും വലിയ വിജയ പ്രണയചിത്രമായ 'ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗെ' വീണ്ടും തീയേറ്ററുകളില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്നു. അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന പത്താന്റെ വെടിക്കെട്ട് ടീസര്‍ പുറത്തുവന്നിരിക്കുന്നു. കൊവിഡ് കാലം ഉണ്ടാക്കിയ ഇടവേളക്ക് പിന്നാലെ കിങ് ഖാന്‍ കൈ വീശുന്നത് കാണാന്‍ അര്‍ദ്ധരാത്രി മന്നത്തിന് മുന്നില്‍ എത്തിയ ആരാധകക്കൂട്ടവും ആഘോഷത്തിന് തെളിവ്.  

 

 

ഫൗജി എന്ന ടിവി പരമ്പരയില്‍ രണ്ടാം നായകനായി എത്തി പ്രേക്ഷകപ്രീതി പിടിച്ചു പറ്റി കഥയില്‍ സ്ഥാനം ഉയര്‍ത്തപ്പെട്ട പുതിയ നടന്‍ ബോളിവുഡില്‍ ആദ്യം തരംഗമായത് ബാസീഗറിലേയും ഡറിലേയും വില്ലത്തരമുള്ള കഥാപാത്രങ്ങളിലൂടെ. 'ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗെ' ബോളിവുഡിലെ എക്കാലത്തേയും പ്രണയനായകനാക്കി ഷാരൂഖിനെ. രാജ്, രാഹുല്‍ എന്നീ പേരുകള്‍ ഇന്ത്യന്‍ സിനിമയിലെ പ്രണയ സങ്കല്‍പത്തിന്റെ പര്യായം തന്നെ ആയി പിന്നീട്. പ്രണയത്തിനും പ്രേയസിക്കും വേണ്ടി എന്തും സഹിക്കുന്ന, എന്തും നേരിടുന്ന കഥാപാത്രങ്ങളുടെ ചങ്ങലവട്ടത്തില്‍ കുരുങ്ങിപ്പോകാതിരിക്കാന്‍ ഷാരൂഖ് ശ്രദ്ധിച്ചിരുന്നു. ചക് ദേ ഇന്ത്യ, ഡോണ്‍, ഓംശാന്തി ഓം, മേ ഹു നാ, പഹേലി, മൈ നെയിം ഈസ് ഖാന്‍, ഫാന്‍ തുടങ്ങിയ സിനിമകളിലെ വേഷപ്പകര്‍ച്ചകള്‍  ഉദാഹരണം മാത്രം. നിര്‍മാണത്തിന്റെയും  ഗ്രാഫിക്‌സിന്റേയും മേല്‍നോട്ടക്കാരനായ ഉടമയായി  സിനിമയുടെ പിന്നണിയിലും അനുരണനങ്ങള്‍ ഉണ്ടാക്കി.  പരസ്യചിത്രങ്ങളിലൂടെ  എസ്ആര്‍കെ എന്ന മൂന്ന് അക്ഷരത്തിലൂടെ കമ്പനികള്‍ പലവിധ ഉത്പന്നങ്ങള്‍ വിറ്റു, വരുമാനം കൂട്ടി. 

കൂടെ അഭിനയിച്ച നായികമാരുടെയെല്ലാം എക്കാലത്തേയും പ്രിയസ്‌നേഹിതനാണ് ഷാരൂഖ്. ബോളിവുഡിലെ സ്ത്രീ പുരുഷ വ്യത്യാസം തുറന്നു പറയാന്‍ മടി കാണിച്ചിട്ടില്ലാത്ത നായകന്‍.  നായികമാരുടെ പേര് ആദ്യം വരട്ടെ എന്ന് തീരുമാനിച്ച് നടപ്പാക്കിയത് ബോളിവുഡിലെ കിങ് ഖാന്‍ മാത്രമാണ് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

 

 

ടെഡ് ടോക്‌സിലെ തുറന്നുപറച്ചിലുകള്‍ ഷാറൂഖിനെ  കൂടുതല്‍ ജനപ്രിയനാക്കി. അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടതിനെയും അമേരിക്കയില്‍ എപ്പോള്‍ ചെന്നാലും നേരിടേണ്ട പരിശോധനകളേയും കുറിച്ചുമൊക്കെ സംസാരിക്കുമ്പോള്‍ ആരും കണ്ടത് ഷാരൂഖ് എന്ന നടനെയല്ല . കൂട്ടത്തില്‍ ഒരുവനെയാണ്. അതേസമയം സ്വന്തം മതവിശ്വാസത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും എല്ലാം  ആരോപണങ്ങളും പരാതികളും ഉയര്‍ന്നപ്പോള്‍ ഒന്നും ഷാരൂഖ് ആരോടും വിധേയപ്പെടാനും എതിര്‍ക്കാനും പോയില്ല. വിവാദങ്ങളോടും ആരോപണങ്ങളോടും ഷാരൂഖ് പ്രതികരിച്ചതും കൈകാര്യം ചെയ്തതും  തികഞ്ഞ മൗനത്തിലൂടെ. അനാവശ്യമായ ഒരു വാക്കു കൊണ്ടോ വിശദീകരണം കൊണ്ടോ സ്വന്തം ഭാഗം വിശദീകരിക്കാനോ ന്യായീകരിക്കാനോ ശ്രമിച്ചില്ല.  ന്യായത്തിന്റെ തെളിച്ചത്തില്‍ വിവാദങ്ങളും ആരോപണങ്ങളും പൊളിഞ്ഞു വീഴുമ്പോള്‍ സന്തോഷിച്ച് തുള്ളിച്ചാടാനും ഷാരൂഖ് എത്തിയില്ല. 

ഏറ്റവും സമീപകാലത്തെ രണ്ട് ഉദാഹരണങ്ങള്‍ തെളിവ്. ഒന്നാമത്തേത്, ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌ക്കറിന് അന്ത്യനമസ്‌കാരം അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍  ഷാരൂഖ് തുപ്പിയെന്ന വ്യാജആരോപണം. രണ്ടാമത്തേത് മകന്‍ ആര്യന്‍ ഖാന്‍ ലഹരിക്കേസില്‍ ജയിലില്‍ ആയപ്പോള്‍. ആദ്യത്തേത് പറഞ്ഞുണ്ടാക്കിയവന്റെ നീചമനസ്സിനേയും വിഷദൃഷ്ടിയേയും ലോകം തന്നെ തള്ളിപ്പറഞ്ഞു. രണ്ടാമത്തെ സംഭവത്തിന്റെ പിന്നാമ്പപുറക്കഥകള്‍ ഓരോന്നായി പുറത്തുവന്നു കൊണ്ടു വന്നിരിക്കുന്നു.  അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണം നടക്കുന്നു. 

 

 

വിവാദങ്ങളുടെയും  പരദൂഷണക്കഥകളുടേയും നിഴല്‍ വീഴാത്ത ദാമ്പത്യവും ബോളിവുഡില്‍ ഷാരൂഖിനെ വേറിട്ട് നിര്‍ത്തുന്നു. ഹിന്ദുവായ ഭാര്യയുടെ വിശ്വാസവും തന്റെ ഇസ്ലാം വിശ്വാസവും ഒരു പോലെ ബഹുമാനിക്കുന്ന ഷാരൂഖ്, തിരശ്ശീലക്ക് പുറത്തും ലക്ഷണമൊത്ത പ്രണയനായകനാണ്. മന്നത്തിലെ ഗൃഹനാഥന്റെ ഏറ്റവും വലിയ ദൗര്‍ബല്യം മക്കളും.  

ആരാധകരോടുള്ള ബഹുമാനവും പ്രേക്ഷകരെ രസിപ്പിക്കാനുള്ള അപാര കഴിവും സ്വഭാവസവിശേഷതകളും. ബോളിവുഡിലെ ഒരേ ഒരു കിങ്ഖാന്റെ പിറന്നാള്‍  ആഘോഷം തുടങ്ങിയിട്ടേയുള്ളൂ. ഇന്ന് പത്താന്‍ ടീസറുമായി തുടങ്ങിയ ഉത്സവത്തിന്റെ കലാശവെടിക്കൊട്ട്  അടുത്ത വര്‍ഷമാണ്. പത്താന്‍, ജവാന്‍, ഡുംകി...സീറോക്ക് ശേഷമുള്ള ഇടവേളയില്‍ മൂന്ന് അതിഥി വേഷങ്ങളില്‍ മാത്രം തിരശ്ശീലയില്‍ എത്തിയ ഷാരൂഖ് 2023-ല്‍ എത്തുന്നത് മൂന്ന് ഇടിവെട്ട് ചിത്രങ്ങളുമായി.  ബോളിവുഡ് മാത്രമല്ല ഇന്ത്യയിലാകെ ഉള്ള കോടിക്കണക്കിന് ആരാധകര്‍ കാത്തിരിക്കുന്നു. അവര്‍ പറയുന്നു, Celebrations just started. let's fall in love again with SRK. 
 

click me!