Latest Videos

12 മണിക്ക് ചുംബനം, വിസ്‍കിയുമായി വീട് സന്ദർശനം; ആഹാ എന്ത് നല്ല ആചാരങ്ങൾ

By Web TeamFirst Published Dec 31, 2023, 4:00 PM IST
Highlights

ബ്രസീലിലും ആഫ്രിക്കൻ രാജ്യങ്ങളിലും, പുതുവർഷത്തിൽ കടൽ ദേവതയായ ഇമാഞ്ച അല്ലെങ്കിൽ യെമഞ്ജയ്ക്ക് സമ്മാനങ്ങൾ നൽകുന്ന ഒരു പാരമ്പര്യമുണ്ട്. ഇതിൻറെ ഭാഗമായി ആളുകൾ സമ്മാനങ്ങൾ വാങ്ങി ഒരു ബോട്ടിൽ കയറ്റി കടലിലേക്ക് ഒഴുക്കി വിടുന്നു.

പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ പലവിധങ്ങളായ ആഘോഷങ്ങളും ചടങ്ങുകളും നടക്കാറുണ്ട്. ഇവയിൽ പലതും ഏറെ വിചിത്രമായും കൗതുകകരമായും നമുക്ക് അനുഭവപ്പെട്ടേക്കാം. അത്തരത്തിൽ വിവിധ രാജ്യങ്ങളിൽ നടക്കുന്ന അഞ്ച് വിചിത്രമായ പുതുവത്സരാഘോഷങ്ങൾ അറിയാം

യൂറോപ്പ്

യൂറോപ്യൻ രാജ്യങ്ങളിൽ ആളുകൾ പുതുവർഷത്തെ വരവേൽക്കുന്നത് പടക്കങ്ങൾ പൊട്ടിച്ചും വർണ്ണാഭമായ കമ്പിത്തിരികളും മറ്റും കത്തിച്ചുമാണ്. എന്നിരുന്നാലും, യൂറോപ്പിൽ ഒരു പ്രത്യേക പാരമ്പര്യം ഇന്നും പുതുവർഷ പുലരിയോട് അനുബന്ധിച്ച് പിന്തുടർന്ന് വരുന്നുണ്ട്. ഡിസംബർ 31 -ന് അർദ്ധരാത്രി ക്ലോക്ക് അടിക്കുമ്പോൾ, ഇവിടെ ആളുകൾ പരസ്പരം ചുംബിക്കും. ഈ അവസരത്തിൽ ചുംബിക്കുന്നത് ഭാഗ്യമായാണ് കണക്കാക്കപ്പെടുന്നത്.  പതിനേഴാം നൂറ്റാണ്ട് മുതൽ ഈ രീതി തുടരുന്നു.  

യൂറോപ്യൻ രാജ്യങ്ങളിൽ കാണുന്ന മറ്റൊരു ചടങ്ങ് ആളുകൾ മുഖംമൂടി ധരിച്ചുകൊണ്ട് നൃത്തം ചെയ്യുന്നതാണ്. മുഖംമൂടികൾ ദുരാത്മാക്കളെയും പോയ വർഷത്തെ ചീത്ത കാര്യങ്ങളെയും ആണ് പ്രതീകപ്പെടുത്തുന്നത്. പുതുവർഷ പുലരി പിറക്കുമ്പോൾ ഈ മുഖംമൂടി മാറ്റി അവർ നൃത്തം ചെയ്യുന്നത് തുടരുന്നു. ഇത് പുതിയ തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്.

അമേരിക്ക

ഡിസംബർ 31 -ന് വൈകുന്നേരം ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പുതുവർഷാഘോഷങ്ങൾക്കായി വലിയ ജനക്കൂട്ടം തടിച്ചു കൂടും. രാത്രി 11:59 -ന് വൺ ടൈംസ് സ്ക്വയറിന്റെ മേൽക്കൂരയിൽ നിന്നും പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഒരു പന്ത് താഴേക്ക് വീഴുന്നതോടെയാണ് ഇവിടെ പുതുവർഷം പിറക്കുന്നത്.

ബ്രസീലും ആഫ്രിക്കൻ രാജ്യങ്ങളും

ബ്രസീലിലും ആഫ്രിക്കൻ രാജ്യങ്ങളിലും, പുതുവർഷത്തിൽ കടൽ ദേവതയായ ഇമാഞ്ച അല്ലെങ്കിൽ യെമഞ്ജയ്ക്ക് സമ്മാനങ്ങൾ നൽകുന്ന ഒരു പാരമ്പര്യമുണ്ട്. ഇതിൻറെ ഭാഗമായി ആളുകൾ സമ്മാനങ്ങൾ വാങ്ങി ഒരു ബോട്ടിൽ കയറ്റി കടലിലേക്ക് ഒഴുക്കി വിടുന്നു. പിന്നീട് തിരമാലകൾ ആഞ്ഞടിക്കുമ്പോൾ ആളുകൾ കടലിലേക്ക് ഇറങ്ങുകയും സമുദ്ര ദേവതയോട് നന്ദി പറയുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് ഇവരുടെ വിശ്വാസം.

സ്കോട്ട്ലാൻഡ്

സ്കോട്ട്ലാൻഡിൽ, ഹോഗ്മാനയ് എന്ന സവിശേഷമായ ഒരു പാരമ്പര്യമുണ്ട്, പുതുവർഷത്തിൽ വീട്ടിൽ പ്രവേശിക്കുന്ന വ്യക്തിയുടെ ആദ്യ ചുവടുവെപ്പ് മംഗളകരമായിരിക്കണമെന്നാണ് വിശ്വാസം. അതിനാൽ, അർദ്ധരാത്രിക്ക് ശേഷം, ഉപ്പ്, കൽക്കരി, ബ്രഡ്, വിസ്കി, കറുത്ത ബൺ തുടങ്ങിയ പ്രതീകാത്മക സമ്മാനങ്ങളുമായി ആളുകൾ എല്ലാ പുതുവർഷങ്ങളിലും സുഹൃത്തിന്റെയോ അയൽവാസിയുടെയോ വീടുകളിൽ സന്ദർശനം നടത്തും.

ഗ്രീസ്

പുതുവത്സര ദിനത്തിൽ ഗ്രീസിൽ താരം ഉള്ളിയാണ്. കാരണം പുതുവർഷ ദിനത്തിൽ നല്ല ആരോഗ്യം, ഫെർട്ടിലിറ്റി, ദീർഘായുസ്സ് എന്നിവയുടെ പ്രതീകമായി ആളുകൾ പരസ്പരം ഉള്ളി കൈമാറും. ദോഷം അകറ്റാൻ ആളുകൾ വീടിന്റെ വാതിലുകളിൽ ഉള്ളി തൂക്കിയിടുന്ന പതിവുമുണ്ട്.

click me!