മറ്റിടങ്ങളേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ ദക്ഷിണ ധ്രുവം ചൂടുപിടിക്കുന്നു; ഉരുകിയാല്‍ മുങ്ങുക വന്‍നഗരങ്ങള്‍

By Gopika SureshFirst Published Jun 30, 2020, 4:50 PM IST
Highlights

ആഗോള ശരാശരിയേക്കാള്‍ മൂന്നിരട്ടിയിലധികം വേഗത്തില്‍ ചൂടുപിടിക്കുകയാണ് മഞ്ഞു പുതച്ചു കിടക്കുന്ന നമ്മുടെ ദക്ഷിണ ധ്രുവം.
 

കോവിഡ് എത്തിച്ചേരാത്ത ഏക സ്ഥലമാണ് ദക്ഷിണ ധ്രുവം. എന്നാല്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ പിടിയില്‍ നിന്നും ദക്ഷിണ ധ്രുവത്തിനും രക്ഷയില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, ദക്ഷിണധ്രുവം ഒരു ദശകത്തില്‍  0.6 ഡിഗ്രി സെല്‍ഷ്യസ് വീതം ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. അതായത് ആഗോള ശരാശരിയേക്കാള്‍ മൂന്നിരട്ടിയിലധികം വേഗത്തില്‍ ചൂടുപിടിക്കുകയാണ് മഞ്ഞു പുതച്ചു കിടക്കുന്ന നമ്മുടെ ദക്ഷിണ ധ്രുവം. വിക്ടോറിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഡോ. കൈല്‍ ക്ലെമ് നേതൃത്വം നല്‍കിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം. നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 

ദക്ഷിണധ്രുവം ചൂടാകാനുള്ള ഒരു കാരണമായി പഠനത്തില്‍ പറയുന്നത്, വെഡെല്‍ സമുദ്രത്തിലുണ്ടാവുന്ന  ന്യൂനമര്‍ദ്ദങ്ങളാണ്. അന്റാര്‍ട്ടിക്ക് ഉപദ്വീപിന്റെ കിഴക്ക് വെസെല്‍ കടലിലെ  ശക്തമായ ന്യൂനമര്‍ദ്ദവും ശക്തമായ കാറ്റുള്ള കാലാവസ്ഥയുമാണ് ഇതിനിടയാക്കുന്നത്. ന്യൂനമര്‍ദ്ദങ്ങള്‍ക്ക് ചുറ്റും കാറ്റ് ഘടികാരദിശയില്‍ കറങ്ങുന്നതിനാല്‍, ഇത് ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ വായു അന്റാര്‍ട്ടിക്ക് പീഠഭൂമിയിലേക്ക് കൊണ്ടുപോകുന്നു. പടിഞ്ഞാറന്‍ ഉഷ്ണമേഖലാ പസഫിക് സമുദ്രത്തില്‍ സമുദ്രോപരിതല താപനില വര്‍ധിച്ചതുമൂലം പസഫിക്കില്‍ നിന്നും അന്റാര്‍ട്ടിക്ക വരെ വ്യാപിക്കപ്പെട്ട അന്തരീക്ഷ തരംഗമാണ് വെഡെല്‍ കടലില്‍ ഇത്തരത്തില്‍ ന്യുനമര്‍ദ്ദങ്ങള്‍ കൂടാന്‍ കാരണം. 

പ്രകൃതിദത്ത താപന പ്രക്രിയയെ മനുഷ്യന്റെ ഹരിതഗൃഹ വാതക പുറംതള്ളല്‍ മൂലമുണ്ടാകുന്ന താപനം ത്വരിതപ്പെടുത്തുന്നതുകൊണ്ടാകാം ഈ അവസ്ഥ ഉണ്ടായിരിക്കുന്നത് , പക്ഷെ ഓരോ ഘടകങ്ങളും എത്രത്തോളം ഇതിനു കാരണമാവുന്നു എന്ന് മനസ്സിലാക്കന്‍ സാധിക്കില്ല. എങ്കിലും, കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ അന്തരീക്ഷം ചൂടുകൂടുന്നതിനനുസരിച്ചു അന്റാര്‍ട്ടിക്കയും ചൂടുപിടിച്ചു ഉരുകു. ഇങ്ങനെ വന്നാല്‍, വലിയരീതിയില്‍ കടല്‍ നിരപ്പ് ഉയരുകയും നഗരങ്ങള്‍ മുങ്ങിപ്പോകുന്ന സ്ഥിതി ഉണ്ടാകുകയും ചെയ്യും. 

 

click me!