മുത്തശ്ശിക്കഥകൾ കേൾക്കാനും പറയാനും അവസരമൊരുക്കി ഒരു 39 -കാരിയും അമ്മായിഅമ്മയും...

By Web TeamFirst Published Feb 3, 2021, 4:12 PM IST
Highlights

ആദ്യം കുറച്ച് ഓഡിയോയും വീഡിയോയും സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. അവരത് ഇഷ്ടപ്പെടുകയും എന്തുകൊണ്ട് കുഞ്ഞുങ്ങള്‍ക്കായി ഇത്തരം കൂടുതല്‍ വീഡിയോ ചെയ്തുകൂടാ എന്നും ശിഖയോട് ചോദിക്കുകയായിരുന്നു. 

കഥ പറയുന്നതിനോടും പറഞ്ഞു കേള്‍ക്കുന്നതിനോടും നമുക്കൊരു വൈകാരിക അടുപ്പമുണ്ട് അല്ലേ? ചെറുപ്പത്തില്‍ കഥ കേട്ടു വളര്‍ന്നവരായിരിക്കും നമ്മില്‍ പലരും. മുത്തശ്ശനോ മുത്തശ്ശിയോ അച്ഛനോ അമ്മയോ അധ്യാപകരോ മുതിര്‍ന്നവരാരെങ്കിലുമോ ഒക്കെ നമുക്ക് കഥ പറഞ്ഞു തന്നിട്ടുണ്ടാകും. കുട്ടികളുടെ ഭാവനയേയും കൗതുകത്തേയും ഒക്കെ ഉണര്‍ത്താന്‍ കഥകള്‍ക്ക് കഴിയും. എന്നാല്‍, ഇന്ന് കുഞ്ഞുങ്ങള്‍ക്ക് മുത്തശ്ശനോ മുത്തശ്ശിയോ ഒക്കെ പറഞ്ഞുകൊടുക്കുന്ന കഥകള്‍ കേള്‍ക്കാനുള്ള അവസരം പരിമിതമായിരിക്കും. പ്രത്യേകിച്ച് സ്വന്തം ഭാഷയില്‍ തന്നെ കഥ കേള്‍ക്കാനുള്ള അവസരം. അവിടെയാണ് മുംബൈ കേന്ദ്രീകരിച്ചുള്ള ശിഖ ഡാല്‍മിയ എന്ന 39 -കാരിയും അവരുടെ അമ്മായിഅമ്മയായ മധുരാതയും ചേർന്ന് സ്പിന്‍ എ യാണ്‍ (SaY) എന്ന സംരംഭം 2018 -ല്‍ ആരംഭിക്കുന്നത്. 

'താനൊരു മാര്‍വാരിയാണ് ഭര്‍ത്താവ് മഹാരാഷ്ട്രിയനും. കുട്ടികളെ ഹിന്ദിയും മറാത്തിയും പഠിപ്പിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍, യഥാര്‍ത്ഥമായ രീതിയില്‍ അവരെ അത് പഠിപ്പിക്കാനുള്ള വിഭവങ്ങളും അവസരങ്ങളും പരിമിതമായിരുന്നു. ഹിന്ദി തന്നെ മുംബൈ കേന്ദ്രീകൃതമായ ഹിന്ദിയാണ്. വടക്ക് ഭാഗത്ത് നാം സംസാരിക്കുന്ന ഹിന്ദിയും ഇവിടെ സംസാരിക്കുന്ന ഹിന്ദിയും തന്നെ വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു' എന്ന് ശിഖ പറയുന്നു. അങ്ങനെ, മധുരാത തന്‍റെ കൊച്ചുമക്കള്‍ക്കായി മറാത്തിയില്‍ കഥകള്‍ പറഞ്ഞുകൊടുക്കാന്‍ തുടങ്ങി. അതിലൂടെ അവര്‍ക്ക് ഭാഷയിലുള്ള അറിവ് വര്‍ധിച്ചു തുടങ്ങി. പലപ്പോഴും എല്ലാവരും കേട്ടിരുന്ന കഥകള്‍ തന്നെയായിരുന്നു മധുരാത പറഞ്ഞുകൊടുത്തത്. പക്ഷേ, തന്‍റേതായ ഒരു ട്വിസ്റ്റ് അതില്‍ ചേര്‍ക്കാന്‍ അവരെപ്പോഴും ശ്രമിച്ചിരുന്നു. 

മധുരാത അഞ്ചുമാസത്തേക്ക് യുഎസ്സിലേക്ക് പോയപ്പോള്‍ ശിഖയുടെ മക്കള്‍ക്ക് ഈ കഥകള്‍ മിസ് ചെയ്ത് തുടങ്ങി. അതിനൊരു പരിഹാരമെന്നോണം അമ്മായിഅമ്മയോട് കഥകള്‍ റെക്കോര്‍ഡ് ചെയ്ത് അയക്കാമോ എന്ന് ശിഖ ചോദിച്ചു. അങ്ങനെ മധുരാത കഥകള്‍ പറഞ്ഞയച്ചുകൊടുക്കാന്‍ തുടങ്ങി. ആ കഥകൾ കേൾക്കുന്നത് കുഞ്ഞുങ്ങളെ പുതിയപുതിയ വാക്കുകളെയും ലോകങ്ങളെയും പരിചയപ്പെടുത്തി. 

ഈ അനുഭവമാണ്  SaY -യുടെ പിറവിയിലേക്ക് നയിച്ചത്. ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന 22 ഭാഷകളില്‍ കഥകള്‍ പറയുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ്  SaY. തന്‍റെ അമ്മായിഅമ്മയെ പോലെ നല്ല ശബ്ദത്തില്‍ നന്നായി കഥ പറയാനാവുന്ന വേറെയും സ്ത്രീകളുണ്ടാവുമെന്ന് ശിഖയ്ക്ക് അറിയാമായിരുന്നു. അവര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനൊരവസരം നല്‍കുക എന്ന ലക്ഷ്യവും   SaY -യ്ക്കുണ്ട്. അണുകുടുംബങ്ങൾ ആയതു കാരണം പല കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ പറയുന്ന കഥ കേള്‍ക്കാന്‍ അവസരമുണ്ടാകുന്നില്ലെന്നും അതിനാല്‍ കൂടിയാണ് ഇങ്ങനെയൊരു പ്ലാറ്റ്ഫോം എന്നും ശിഖ പറയുന്നു. 8-10 കഥ പറയലുകാരുമായിട്ടാണ്  SaY തുടങ്ങിയത്. അതില്‍ പലരും ശിഖയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെ ആയിരുന്നു. ആദ്യം കുറച്ച് ഓഡിയോയും വീഡിയോയും സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. അവരത് ഇഷ്ടപ്പെടുകയും എന്തുകൊണ്ട് കുഞ്ഞുങ്ങള്‍ക്കായി ഇത്തരം കൂടുതല്‍ വീഡിയോ ചെയ്തുകൂടാ എന്നും ശിഖയോട് ചോദിക്കുകയായിരുന്നു. 

ഇന്ന്  SaY -ന് കഥ പറയാന്‍ 120 പേരുണ്ട്. പലരും ഭാഷയോടും കഥകളോടുമുള്ള സ്നേഹം കൊണ്ടാണ് ഈ കഥ പറച്ചില്‍ നടത്തുന്നത്. നിലവില്‍ 22 ഭാഷകളാണ് ഉള്ളതെങ്കില്‍ അത് 70-75 ഭാഷകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്  SaY. വിവിധ സ്കൂളുകളിലേക്കും  SaY പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഒപ്പം ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഭാഷാ സംഗവുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ശിഖയുടെ മകള്‍ ഒമ്പതു വയസുകാരിയായ അനയയുടെ നേതൃത്വത്തില്‍ 'ഡോട്ടേഴ്സ് ഓഫ് ഇന്ത്യ' എന്ന പ്രൊജക്ടും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ ചരിത്രത്തിലെ ശക്തരായ സ്ത്രീകളെ കുറിച്ച് പറയുന്നതാണിത്. അനയ മാത്രമായിട്ടാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ 22 കുട്ടികളതില്‍ ഭാഗമാണ്.  

ഏതായാലും ശിഖയു‌ടെ പദ്ധതിക്ക് ഒരുപാട് കേൾവിക്കാരെയും കാഴ്ച്ചക്കാരെയും കിട്ടിയിട്ടുണ്ട് എന്നതിൽ സംശയമില്ല. 

(വിവരങ്ങൾക്ക് കടപ്പാട്: ബെറ്റർ ഇന്ത്യ)

click me!