പരസ്പരം കണ്ടാൽ തുപ്പും, അനു​ഗ്രഹിക്കുന്നതും സ്നേഹിക്കുന്നതും തുപ്പിത്തന്നെ, വിചിത്രമായ രീതി

By Web TeamFirst Published Jun 12, 2022, 9:14 AM IST
Highlights

അവരുടെ വിവാഹങ്ങളിലുമുണ്ട് ഈ തുപ്പൽ സമ്പ്രദായം. സാധാരണയായി വിവാഹം കഴിഞ്ഞാൽ വധുവിനെ ഉമ്മ കൊടുത്തും, കെട്ടിപ്പിടിച്ചും, കരഞ്ഞുമൊക്കെ യാത്രയയക്കുമ്പോൾ ഇവിടെ വധുവിന്റെ പിതാവ്, അവളുടെ വിവാഹദിനത്തിൽ അവളുടെ നെറ്റിയിലും മാറിലും തുപ്പുകയാണ് ചെയ്യുന്നത്. ഈ തുപ്പലിലൂടെ അവർ മകളെ അനുഗ്രഹിക്കുന്നു. 

പല സംസ്കാരങ്ങളിലും, തുപ്പുന്നത് (Spitting) പ്രകോപനത്തിന്റെയോ, അവഗണനയുടെയോ, വിയോജിപ്പിന്റെയോ അടയാളമാണ്. കെനിയയിലെയും വടക്കൻ ടാൻസാനിയയിലെയും മാസായി ഗോത്ര(Maasai tribe)ങ്ങൾക്കിടയിൽ എന്നാൽ അത് അങ്ങനെയല്ല. ഈ ഗോത്രം ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനം മാത്രമാണെങ്കിലും, അവർ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുകയും, വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഒരിടമായി മാറുകയും ചെയ്തു. അവരുടെ തനതായ സംസ്‌കാരവും, ജീവിതരീതിയും 'ദ ഗോഡ്സ് മസ്റ്റ് ബി ക്രേസി' പോലെയുള്ള നിരവധി ജനപ്രിയ ആഫ്രിക്കൻ സിനിമകളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

മസായികൾക്ക് വളരെ സവിശേഷമായ ഒരു ജീവിതരീതിയാണ് ഉള്ളത്. അവർ കൂടുതലും നാടോടികളാണ്. നാടോടികളല്ലാത്തവർ ടൂർ ഗൈഡുകളായി പ്രവർത്തിക്കുന്നു. നമുക്കൊക്കെ മറ്റൊരാളുടെ മേൽ തുപ്പുന്നത് നിന്ദ്യമായ കാര്യമാണെങ്കിൽ, അവരെ സംബന്ധിച്ചിടത്തോളം അത് ബഹുമാന സൂചകമാണ്. പരസ്പരം അഭിവാദ്യം ചെയ്യുന്നതിനോ, ഒരു സുഹൃത്തിനെ സ്വാഗതം ചെയ്യുന്നതിനോ അല്ലെങ്കിൽ വിടപറയുന്നതിനോ, വിലപേശൽ നടത്താനോ, ആർക്കെങ്കിലും ആശംസകൾ നേരാനോ എല്ലാം അവർ പരസ്പരം തുപ്പുന്നു.  

ഒരു വ്യക്തിയെ അനുഗ്രഹിക്കുന്നതും അയാളുടെ മേൽ തുപ്പി തന്നെ. അതുപോലെ പരസ്പരം കൈ കൊടുക്കുന്നതിന് മുൻപായി അവർ സ്വന്തം കൈകളിൽ തുപ്പുന്നു. അതിന് ശേഷം മാത്രമേ പരസ്പരം കൈ കൊടുത്ത് അഭിവാദ്യം ചെയ്യുകയുള്ളൂ. ഇത് അംഗീകാരത്തിന്റെയും അങ്ങേയറ്റം ബഹുമാനത്തിന്റെയും അടയാളമാണ്. അവരുടെ വിലയേറിയ തുപ്പൽ അവർ വെറുതെ ഒന്നും പാഴാക്കില്ല. അതുപോലെ, നവജാത ശിശുവിന്  ഭാഗ്യം നേരാനും മസായി ഗോത്രക്കാർ തുപ്പൽ ഉപയോഗിക്കുന്നു. ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ അതിനെ കുറിച്ച് നല്ല കാര്യങ്ങൾ പറഞ്ഞാൽ, കുട്ടി ശപിക്കപ്പെടുമെന്നും നല്ല ജീവിതം നയിക്കാൻ കഴിയില്ലെന്നുമാണ് ഗോത്രക്കാർ വിശ്വസിക്കുന്നത്. നമ്മൾ കണ്ണേറ് എന്ന് പറയുംപോലെ ഒന്നാണ് അത്. കുട്ടിയെ കുറിച്ച് നല്ല കാര്യങ്ങൾ പറയുന്നതിന് പകരം അവർ കുഞ്ഞിനെ കുറിച്ച് മോശം കാര്യങ്ങൾ പറയുന്നു. മാത്രവുമല്ല കുഞ്ഞിന്റെ തലയിൽ തുപ്പുകയും ചെയ്യുന്നു.

ഇത് കുട്ടിയ്ക്ക് ഭാഗ്യം കൊണ്ടുവരുമെന്നും, കുട്ടിയെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയുമ്പോൾ, കുട്ടിയ്ക്ക് ദീർഘായുസ്സും, സന്തുഷ്ടമായ ജീവിതവും ഉണ്ടാകുമെന്നും അവർ ധരിക്കുന്നു. അവരുടെ വിവാഹങ്ങളിലുമുണ്ട് ഈ തുപ്പൽ സമ്പ്രദായം. സാധാരണയായി വിവാഹം കഴിഞ്ഞാൽ വധുവിനെ ഉമ്മ കൊടുത്തും, കെട്ടിപ്പിടിച്ചും, കരഞ്ഞുമൊക്കെ യാത്രയയക്കുമ്പോൾ ഇവിടെ വധുവിന്റെ പിതാവ്, അവളുടെ വിവാഹദിനത്തിൽ അവളുടെ നെറ്റിയിലും മാറിലും തുപ്പുകയാണ് ചെയ്യുന്നത്. ഈ തുപ്പലിലൂടെ അവർ മകളെ അനുഗ്രഹിക്കുന്നു. 

അവൾ സൗഭാഗ്യവതിയാകാനും, അവൾക്ക് കുട്ടികളുണ്ടാകും ഒക്കെയുള്ള ഒരു പ്രാർത്ഥന കൂടിയാണിത്. ഇതുകൂടാതെ, ഈ ഗോത്രത്തിൽ, വിവാഹസമയത്ത് പെൺകുട്ടി പോകുമ്പോൾ, തിരിഞ്ഞുനോക്കരുതെന്ന് ആവശ്യപ്പെടാറുണ്ട്. ഒരു വധു ഇത് ചെയ്താൽ അവൾ കല്ലായി മാറുമെന്ന വിശ്വാസത്തിലാണ് തിരിഞ്ഞു നോക്കരുതെന്ന് പറയുന്നത്. ഈ തുപ്പുന്ന ശീലം നമുക്ക് അൽപ്പം വിചിത്രമായി തോന്നുമെങ്കിലും, മസായി വിഭാഗത്തിന് അത് അന്തസ്സിന്റെ കാര്യമാണ്. ഒരു വിദേശി അവിടെവന്നാൽ പോലും അവർ ഈ രീതിയിലാണ് സ്വാഗതം ചെയ്യുന്നത്. 

click me!