ബ്രിട്ടനെ ഇളക്കിമറിച്ച ഇന്ത്യന്‍ രാജകുമാരി; സ്ത്രീകളുടെ അവകാശത്തിനായി പടപൊരുതി

By Web TeamFirst Published Jan 8, 2022, 7:58 PM IST
Highlights

പഞ്ചാബിലെ അവസാനത്തെ സിഖ് ഭരണാധികാരിയായ മഹാരാജ ദുലീപ് സിങിന്റെ മകളായിരുന്നു സോഫിയ. കുട്ടിക്കാലത്തേ ബ്രിട്ടനിലെത്തിയ അവര്‍ ബ്രിട്ടനിലെ സ്ത്രീകളുടെ വോട്ടവകാശത്തിന് വേണ്ടി നടത്തിയ ഐതിഹാസിക പോരാട്ടങ്ങള്‍ ഇപ്പോഴിതാ ഒരു പുസ്തകമായിരിക്കുകയാണ്. Image Cuurtesy: NORFOLK MUSEUMS SERVICE 

സോഫിയ ദുലീപ് സിംഗ്. ഈ ഇന്ത്യന്‍ രാജകുമാരിയെക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് കാര്യമായറിയില്ല. എന്നാല്‍, ബ്രിട്ടനിലെ സ്ത്രീവിമോചന പോരാട്ടത്തിന് ഒഴിവാക്കാനാവാത്ത പേരാണ് അവരുടേത്. 

പഞ്ചാബിലെ അവസാനത്തെ സിഖ് ഭരണാധികാരിയായ മഹാരാജ ദുലീപ് സിങിന്റെ മകളായിരുന്നു സോഫിയ. കുട്ടിക്കാലത്തേ ബ്രിട്ടനിലെത്തിയ അവര്‍ ബ്രിട്ടനിലെ സ്ത്രീകളുടെ വോട്ടവകാശത്തിന് വേണ്ടി നടത്തിയ ഐതിഹാസിക പോരാട്ടങ്ങള്‍ ഇപ്പോഴിതാ ഒരു പുസ്തകമായിരിക്കുകയാണ്. എഴുത്തുകാരിയായ സൂഫിയ അഹമ്മദാണ് 'എന്റെ കഥ: സോഫിയ ദുലീപ് സിങ്' എന്ന തലക്കെട്ടില്‍ കുട്ടികള്‍ക്കായി അവരുടെ ജീവചരിത്രം എഴുതിയത്. ബ്രിട്ടനില്‍ അതിശക്തമായ സ്ത്രീസമത്വപോരാട്ടം നടത്തിയ രാജകുമാരിയുടെ ആവേശഭരിതമായ കഥ സോഫിയയുടെ സഹോദരന്‍ ഫ്രെഡെറിക് ദുലീപ് സിങ് 1921-ല്‍ സ്ഥാപിച്ച ബ്രിട്ടനിലെ നോര്‍ഫോക്കിലെ തെറ്റ്‌ഫോര്‍ഡിലുള്ള പൂര്‍വ്വികരുടെ മ്യൂസിയത്തില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്തത്. 

അവസാനത്തെ സിഖ് ഭരണാധികാരിയായിരുന്നു സോഫിയയുടെ പിതാവ് മഹാരാജാ ദുലീപ് സിംഗ്. 1840-കളില്‍ ബ്രിട്ടീഷുകാര്‍ മഹാരാജ ദുലീപ് സിങിന്റെ സാമ്രാജ്യം പിടിച്ചെടുക്കുകയും രാജാവിനെയും കുടുംബത്തെയും ഇംഗ്ലണ്ടിലേക്ക് നാടുകടത്തുകയും ചെയ്തു. ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹം ഏറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. തുടര്‍ന്ന്, ബ്രിട്ടീഷുകാര്‍ നഷ്ടപരിഹാരമായി നല്‍കിയ പണം കൊണ്ട് അദ്ദേഹം എല്വെഡെന്‍ ഹാള്‍ എന്ന മനോഹരമായ വസതി വിലയ്ക്കു വാങ്ങി. സോഫിയയും സഹോദരങ്ങളും മാതാപിതാക്കള്‍ക്കൊപ്പം പിന്നീട് ഇവിടെയാണ് താമസിച്ചത്. 

 

സോഫിയാ രാജകുമാരി സഹോദരിയോട് സംസാരിക്കുന്നു. Photo: Hulton Archive/Getty Images

 

സോഫിയ ദുലീപ് സിങ് വളര്‍ന്നത് നോര്‍ഫോല്‍-സഫോക്ക് അതിര്‍ത്തിയിലെ എല്‍വെഡെനിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്റെ രാജകീയ പദവി അപകടത്തിലാക്കിക്കൊണ്ട് ഈ ചെറുപ്പക്കാരിയായ രാജകുമാരി സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രചാരണ പ്രവര്‍ത്തനത്തിറങ്ങി. 

'രാജകീയ പദവി സോഫിയയെ സംരക്ഷിക്കുകയും അതു തന്നെ അവള്‍ക്ക് തടസ്സമാവുകയും ചെയ്തതായി 
നോര്‍ഫോക് മ്യൂസിയത്തിലെ ഓഫീസര്‍ മെലിസ്സ ഹോക്കര്‍ പറയുന്നു. ''താന്‍ ശരിയെന്ന് കരുതുന്നതിനെ അതിതീവ്രമായി അവര്‍ പിന്തുടര്‍ന്നു. പക്ഷെ അവരുടെ രാജപദവി ഇരുതലമൂര്‍ച്ചയുള്ള ഒരു വാളായിരുന്നു.'' -മെലിസ്സ ബിബിസിയോട് പറഞ്ഞു. 

വിക്‌ടോറിയാ രാജ്ഞിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു രാജാവും കുടുംബവും, പിന്നീട് രാജ്ഞി ഹാംടന്‍ കോര്‍ട്ട് പാലസില്‍ അവര്‍ക്കൊരു അപാര്‍ട്‌മെന്റും നല്‍കുകയുണ്ടായി. 

 

ഒന്നാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് സൈനികരെ സഹായിക്കുന്നതിന് ലണ്ടനില്‍ ധനസമാഹരണം നടത്തുന്ന ഇന്ത്യന്‍ സ്ത്രീകളുടെ സംഘം. ഇടതു ഭാഗത്ത് രണ്ടാമതായി ട്രേ പിടിച്ചു നില്‍ക്കുന്നത് സോഫിയാ രാജകുമാരി. Photo: Topical Press Agency/Hulton Archive/Getty Images)
 

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അതിശക്തമായി വാദിച്ച തികഞ്ഞ രാഷ്ട്രീയബോധമുള്ള ഫെമിനിസ്റ്റ് ആയിരുന്നു രാജകുമാരി. സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന  രണ്ട്  സംഘടനകളില്‍ അംഗമായിരുന്നു അവര്‍. പ്രായമാകുന്നതിനനുസരിച്ച് തന്റെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താന്‍ നോക്കുന്നതുവരെ ഒരു സാധാരണ ഇംഗ്ലിഷ് വനിതയെപ്പോലെയായിരുന്നു രാജകുമാരി ജീവിച്ചത് എന്ന് രാജകുമാരിയുടെ ജീവചരിത്രം എഴുതിയ  സൂഫിയ അഹമ്മദ് പറയുന്നു. 

1910-ല്‍ സോഫിയ രാജകുമാരി 400 സ്ത്രീകളുമായി പാര്‍ലമെന്റിലേക്ക് അതിശക്തമായ ഒരു സമരജാഥ നടത്തി. പ്രമുഖ സ്ത്രീരാഷ്ട്രീയ പ്രവര്‍ത്തകയായ എമ്മെലിന്‍ പാന്‍ഖേര്‍സ്റ്റും ആ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. ആ പ്രക്ഷോഭം പിന്നീട് 'ബ്ലാക്ക് ഫ്രൈഡേ' എന്നറിയപ്പെട്ടു. സോഫിയാ രാജകുമാരി തന്റെ വീടിനു മുന്നില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന പത്രങ്ങള്‍ വില്‍ക്കാറുള്ളതായി ജീവചരിത്രത്തില്‍ പറയുന്നു. 

എഴുത്തുകാരിയായ സൂഫിയ അഹമ്മദ് സോഫിയാ രാജകുമാരിയിലേക്ക് എത്തിപ്പെട്ട വഴികള്‍ അസാധാരണമായിരുന്നു. ''അവരെക്കുറിച്ച് ഞാനൊരിക്കലും അറിഞ്ഞിരുന്നില്ല. എന്നെപ്പോലെയുള്ള ഒരാള്‍ ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോള്‍ ഞാനാകെ തകര്‍ന്നുപോയി. അവരുടെ കഥ കുട്ടികള്‍ക്ക് പ്രചോദനമാകും എന്ന് ഞാന്‍ കരുതുന്നു. നിറമില്ലാത്ത തൊലിയെന്ന അറിവുമായി അവള്‍ പോരാടിയെങ്കിലും, ഇംഗ്ലണ്ടിനെ വീടായി അവള്‍ തിരഞ്ഞെടുത്തു. നാണം കുണുങ്ങിയായിരുന്നുവെങ്കിലും രാജകുമാരി പരിഷ്‌കാരിയായിരുന്നു. വളരെ ദൃഢചിത്ത. എല്ലാവരും ഇഷ്ടപ്പെടുന്നവള്‍. പക്ഷേ സോഫിയാ രാജകുമാരി ഒരിക്കലും ബഹളക്കാരിയായിരുന്നില്ല.'-സൂഫിയ മുഹമ്മദ് പറയുന്നു. 

1948 ഓഗസ്റ്റ് 22നാണ് 71-ാം വയസ്സില്‍ സോഫിയ രാജകുമാരി വിടപറഞ്ഞത്. 
 

click me!