Arakkal Kingdom : മൂന്ന് വര്‍ഷത്തിനിടെ മൂന്ന് സുല്‍ത്താനമാര്‍; അറക്കല്‍ രാജകുടുംബത്തിന്റെ അസാധാരണ കഥ

By Web TeamFirst Published Nov 29, 2021, 3:57 PM IST
Highlights

മൂന്ന് വര്‍ഷത്തിനിടെ അറക്കല്‍ രാജകുടുംബത്തിലുണ്ടായത് മൂന്ന് സുല്‍ത്താനമാരാണ്. കുടുംബത്തിലെ ഏറ്റവും തലമുതിര്‍ന്ന ആണോ പെണ്ണോ അധികാരമേല്‍ക്കുന്ന പതിവായതിനാല്‍, വാര്‍ദ്ധക്യത്തില്‍ കഴിയുന്നവരാണ് ഇവിടെ അധികാരത്തിലിരിക്കാറുള്ളത്.  ചുരുക്കം പേരൊഴിച്ചാല്‍, ഇവിടെ അധികാരമേല്‍ക്കുന്ന മിക്കവര്‍ക്കും പ്രായാധിക്യം മൂലം അറക്കല്‍ രാജവംശത്തിന്റെ പ്രൗഢമായ ഭൂതകാലശേഷിപ്പുകളുടെ ചുമതലയില്‍ അധികകാലം തുടരാനാവാറില്ല.  

കേരളത്തിലെ ഒരേയൊരു മുസ്‌ലിം രാജവംശമായ അറക്കല്‍ രാജസ്വരൂപത്തിലെ മുപ്പത്തിയൊമ്പതാമത്  സുല്‍ത്താന ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി ഇന്ന് വിടപറഞ്ഞപ്പോള്‍ ചരിത്രത്തിലെ സവിശേഷമായ അടരുകളിലൊന്നുകൂടിയാണ് അടയുന്നത്.

2019 മെയ് ഒമ്പതിനാണ് നിലവിളക്ക് സാക്ഷിയായി ആചാര വാളും അറയ്ക്കല്‍ രേഖകളും പണ്ടാര വസ്തുക്കളുടെ താക്കോല്‍ കൂട്ടങ്ങളും ഏറ്റുവാങ്ങി അവര്‍ അധികാരമേറ്റത്.  87 വയസ്സില്‍ അറക്കല്‍ രാജവംശത്തിന്റെ ആസ്ഥാനമായ കണ്ണൂര്‍ സിറ്റിയിലെ അറക്കല്‍ കെട്ടിനകത്തെ അല്‍മാര്‍ മഹലില്‍ അവരിന്ന് വിടപറഞ്ഞിരിക്കുകയാണ്.  

 

മൂന്ന് വര്‍ഷം, മൂന്ന് സുല്‍ത്താനമാര്‍

മൂന്ന് വര്‍ഷത്തിനിടെ അറക്കല്‍ രാജകുടുംബത്തിലുണ്ടായത് മൂന്ന് സുല്‍ത്താനമാരാണ്. കുടുംബത്തിലെ ഏറ്റവും തലമുതിര്‍ന്ന ആണോ പെണ്ണോ അധികാരമേല്‍ക്കുന്ന പതിവായതിനാല്‍, വാര്‍ദ്ധക്യത്തില്‍ കഴിയുന്നവരാണ് ഇവിടെ അധികാരത്തിലിരിക്കാറുള്ളത്.  ചുരുക്കം പേരൊഴിച്ചാല്‍, ഇവിടെ അധികാരമേല്‍ക്കുന്ന മിക്കവര്‍ക്കും പ്രായാധിക്യം മൂലം അറക്കല്‍ രാജവംശത്തിന്റെ പ്രൗഢമായ ഭൂതകാലശേഷിപ്പുകളുടെ ചുമതലയില്‍ അധികകാലം തുടരാനാവാറില്ല.  

 

സുല്‍ത്താന ആദിരാജ മറിയുമ്മ ബീവി

 

ഇപ്പോള്‍ വിടപറഞ്ഞ സുല്‍ത്താന ആദിരാജ മറിയുമ്മ ബീവി കേവലം രണ്ടര വര്‍ഷമാണ് അധികാരത്തിലുണ്ടായിരുന്നത്. അതിനു മുമ്പുള്ള സുല്‍ത്താന ആദിരാജ ഫാത്തിമ മുത്ത് ബീവിയ്ക്ക്  ഒരു വര്‍ഷം പോലും അധികാരത്തില്‍ തുടരാനായില്ല. എന്നാല്‍, അതിനു തൊട്ടുമുമ്പുണ്ടായിരുന്ന സുല്‍ത്താന ആയിഷ സൈനബ ബീവി 12 വര്‍ഷത്തോളം അധികാരത്തില്‍ തുടര്‍ന്നു. 

 

സുല്‍ത്താന ആദിരാജ ഫാത്തിമ മുത്ത് ബീവി

 

ഇവരെല്ലാം പ്രായം ചെന്ന ശേഷമാണ് വിടപറഞ്ഞത്. ഒടുവില്‍ ഭരിച്ച ആദിരാജ മറിയുമ്മ ബീവിയുടെ വിയോഗം 87-ാം വയസ്സിലായിരുന്നു. തൊട്ടുമുമ്പുള്ള സുല്‍ത്താന ആദിരാജ ഫാത്തിമ മുത്ത് ബീവി 86 -ാം വയസ്സില്‍. അതിനു മുമ്പുള്ള ആയിഷ സൈനബ ബീവി 93 വയസ്സുള്ളപ്പോഴാണ് വിടപറഞ്ഞത്.  2006 സെപ്തംബര്‍ 27-നാണ് ആയിഷ സൈനബ ബീവി അധികാരമേറ്റത്. 36-മത് സുല്‍ത്താന ആദിരാജ സുല്‍ത്താനാ ആയിഷ വിടപറഞ്ഞതിനെ തുടര്‍ന്നാണ് അവര്‍ വലിയ ബീവിയായത്. 

 

സുല്‍ത്താന ആയിഷ സൈനബ ബീവി

 

എന്നാല്‍, രാജാധികാരവും പ്രതാപങ്ങളും ഉണ്ടായിരുന്ന കാലത്ത് ഇതായിരുന്നില്ല അവസ്ഥ. ഇരുത്തിരണ്ടാം കിരീടവകാശി ജുനൂമ്മാ ബീവി 42 വര്‍ഷമാണ് അധികാരത്തിലിരുന്നത്. ഇരുപത്തിനാലാം കിരീടാവകാശി ആയിഷ ബീവി 24 വര്‍ഷവും, ഇരുപത്തിമൂന്നാം കിരീടാവകാശി മറിയംബിവി 19 വര്‍ഷവുമാണ് അധികാരത്തിലിരുന്നത്. സൈനിക, വാണിജ്യ, ഭരണ കാര്യങ്ങളില്‍ പ്രധാന പങ്ക് വഹിച്ചവരായിരുന്നു ഇവര്‍. 

 

 

ഒരേയൊരു മുസ്‌ലിം രാജവംശം

കേരളത്തിലെ ഒരേയൊരു മുസ്ലിം രാജവംശം എന്ന നിലയ്ക്കാണ് അറയ്ക്കല്‍ രാജസ്വരൂപം അറിയപ്പെടുന്നത്. കണ്ണൂര്‍ ചിറയ്ക്കലിനടുത്താണ് അറക്കല്‍ കൊട്ടാരം. കണ്ണൂര്‍ രാജവംശമെന്നും, കണ്ണൂരിന്റെയും ലക്ഷദ്വീപുകളുടെയും സുല്‍ത്താനത്ത് എന്നും ഈ രാജസ്വരൂപം.  മുസ്‌ലിംകള്‍ക്കിടയില്‍ സാര്‍വത്രികമല്ലാത്ത മരുമക്കത്തായ സമ്പ്രദായമാണ് രാജവംശം പിന്തുടര്‍ന്ന് പോരുന്നത്. 

കണ്ണൂര്‍ നഗരത്തിന്റെ ആധിപത്യവും വടക്കേമലബാറിലെ കുരുമുളകിന്റെയും ഏലത്തിന്റെയും വാണിജ്യകുത്തകയും ഏറെക്കാലം അറയ്ക്കല്‍ കുടുംബക്കാര്‍ക്കായിരുന്നു. 1772 -ല്‍ ഡച്ചുകാരില്‍ നിന്നും ഇവര്‍ കണ്ണൂര്‍ കോട്ട വിലയ്ക്കുവാങ്ങി. കണ്ണൂര്‍, ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളിലെ അധികാര കേന്ദ്രങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം നേതൃത്വം നല്‍കിയത് അറക്കല്‍ രാജവംശമാണ്. 

 

 

കുളത്തില്‍ മുങ്ങിയ രാജകുമാരിയും രക്ഷപ്പെടുത്തിയ യുവാവും 

എങ്ങനെയാണ് കേരളത്തില്‍ ഇങ്ങനെയൊരു രാജവംശം ഉണ്ടായത് എന്നതിനെക്കുറിച്ച് വ്യത്യസ്തമായ കഥകളാണ് നിലവിലുള്ളത്. ചരിത്രകാരന്‍മാരില്‍ പലരും ഈ കഥകളില്‍ ചിലത് അംഗീകരിക്കുകയും മറ്റു ചിലതിനെ തള്ളിക്കളയും ചെയ്യുന്നു. 

ഏത് കാലത്താണ് ഈ രാജവംശം നിലവില്‍വന്നത് എന്ന കാര്യത്തിലും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. എങ്കിലും മിക്ക കഥകളും വന്നു നില്‍ക്കുന്നത് അറക്കലിന് അടുത്തുള്ള ചിറക്കല്‍ രാജവംശത്തിലാണ്. ഇവിടെനിന്നും താവഴിയായി പിരിഞ്ഞതാണ് അറക്കല്‍ രാജവംശം എന്നാണ് പ്രബലവാദം. ഇവിടത്തെ ഒരു രാജകുമാരി മതംമാറി വിവാഹം ചെയ്തപ്പോള്‍ അവര്‍ക്ക് പാതിരാജ്യവും രാജാധികാരവും നല്‍കിയെന്നാണ് നിലവിലെ ചിറക്കല്‍ രാജകുടുംബം  ഏഷ്യാനെറ്റ് ന്യൂസിന്റെ യാത്ര പരിപാടിയില്‍ മാങ്ങാട് രത്‌നാകരനോട് പറയുന്നത്. 

ചേരമാന്‍ പെരുമാളുമായി ബന്ധപ്പെട്ടാണ് ഒരു കഥ. മക്കയാത്രക്ക് പുറപ്പെട്ട ചേരമാന്‍ പെരുമാള്‍ തന്റെ രാജ്യം വിഭജിച്ച് നല്‍കിയതില്‍ നിന്ന് ഉല്‍ഭവിച്ചതാണ് അറക്കല്‍ എന്നാണ് കേരളോല്‍പത്തി' 'കേരളമഹാത്മ്യം' എന്നീ ഗ്രന്ധങ്ങള്‍ പറയുന്നത്. ഇസ്‌ലാം മതം സ്വീകരിച്ച് മക്കയിലേക്കു പോയ ചേരമാന്‍പെരുമാളുടെ മരണാനന്തരം അദ്ദേഹത്തിന്റെ സഹോദരി ശ്രീദേവി മതം മാറുകയും അവരുടെ മകനായ മഹാബലി അറക്കല്‍ രാജവംശം സ്ഥാപിക്കുകയും ചെയ്‌തെന്നാണ് അറക്കല്‍ രാജവംശ രേഖകള്‍ പറയുന്നത്.  

കോലത്തിരി രാജാവിന്റെ മന്ത്രി അരയന്‍കുളങ്ങര നായര്‍ മതപരിവര്‍ത്തനം ചെയ്ത് മുഹമ്മദലിയാവുകയും അറക്കല്‍ രാജവംശം സ്ഥാപിക്കുകയും ചെയ്‌തെന്ന് മറ്റൊരു കഥയുണ്ട്. ചിറക്കല്‍ വംശത്തിലെ രാജകുമാരി കുളിച്ചുകൊണ്ടിരിക്കെ കുളത്തില്‍ കാല്‍വഴുതി വീണപ്പോള്‍ ഒരു മുസ്ലിംയുവാവ് രക്ഷിച്ചുവെന്നും ജീവന്‍ രക്ഷിച്ച യുവാവിനെ അവര്‍ വിവാഹം കഴിച്ചുവെന്നും രാജകുമാരി പാതിരാജ്യം നല്‍കുകയും ചെയ്‌തെന്നും മറ്റൊരു കഥയുണ്ട്.  കുളത്തില്‍നിന്ന് മുസ്‌ലിം യുവാവ് രക്ഷപ്പെടുത്തിയതിനാല്‍ രാജകുമാരി ഭ്രഷ്ടയാവുകയും സമുദായത്തില്‍നിന്നും പുറത്താവുകയും അങ്ങനെ മതംമാറുകയും ചെയ്‌തെന്നുമുള്ള മറ്റൊരു കഥയും നിലവിലുണ്ട്. 

ഫാത്തിമ മുത്തുബീവി സുല്‍ത്താനയായി ചുമതലയേല്‍ക്കുന്നു File Photo

പെണ്ണരശുനാട് 

പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും ഭരണം നയിയ്ക്കുന്നുവെന്നതാണ് അറക്കല്‍ രാജസ്വരൂപത്തിന്റെ പ്രത്യേകത. അധികാരി സ്ത്രീയാണെങ്കില്‍ അറയ്ക്കല്‍ ബീവി എന്നും പുരുഷനാണെങ്കില്‍ അലി രാജ എന്നുമുള്ള സ്ഥാനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. കുടുംബത്തിലെ ഏറ്റവും പ്രായമുള്ള ആളാണ് അധികാരത്തിലേക്ക് വരുന്നത്. അങ്ങനെ നിരവധി സ്ത്രീകളാണ് അധികാരത്തിലേക്ക് വന്നുചേര്‍ന്നത്. പഴയ കാലത്ത് ശക്തരായിരുന്നു ഈ ബീവിമാര്‍. പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് ആധിപത്യങ്ങളെ ആയുധങ്ങള്‍ കൊണ്ട് വെല്ലുവിളിച്ച സുല്‍ത്താനമാര്‍ ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് അധികാരം ഇല്ലാതാവുകയും സാധാരണ നിലയിലേക്ക് ഇവരുടെ ജീവിതം മാറുകയും ചെയ്തു. 

പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും അറക്കല്‍ പ്രതാപത്തിനു ചുറ്റും വട്ടമിട്ടു പറന്ന കാലത്തും അവിടം ഭരിച്ചത് പെണ്‍ഭരണാധികാരികളാണ്. യുദ്ധവും സന്ധിയും വ്യാപാരവും അന്താരാഷ്ട്ര വിനിമയവുമെല്ലാം സുല്‍ത്താനമാരുടെ കയ്യില്‍ ഭദ്രമായിരുന്നു. പേര്‍ഷ്യയും ഹിന്ദുസ്ഥാനിയുമടക്കം നിരവധി ഭാഷകളറിയുന്നവരായിരുന്നു പല ബീവിമാരും. 1780 -കളില്‍ കണ്ണൂര്‍ അക്രമിച്ച മേജര്‍ മക്‌ലിയോസിനോട് അന്നത്തെ ബീവി ദ്വിഭാഷിയുടെ സഹായമില്ലാതെ ഹിന്ദുസ്ഥാനി സംസാരിച്ചതായി ചില ഇംഗ്ലീഷ് രേഖകളിലുണ്ട്. പില്‍കാലത്ത് അവര്‍ ഇംഗ്ലീഷിലും അവഗാഹം നേടിതായി രേഖകളില്‍ പറയുന്നു. 

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലും, പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഡച്ചുകാരോടും പോര്‍ച്ചുഗീസുകാരോടും ചെറുത്തുനില്‍പ് നടത്തി നാല് പതിറ്റാണ്ടോളമാണ് അന്നത്തെ സുല്‍ത്താന ജുനൂമ്മബി അറക്കല്‍ രാജവംശത്തിന്റെ തലപ്പത്ത് നിന്നത്. മൈസൂര്‍-ഇംഗ്ലീഷ് യുദ്ധങ്ങളുടെ നിര്‍ണായകഘട്ടങ്ങളിലും അവര്‍ തന്നെയായിരുന്നു ഭരണം നടത്തിയിരുന്നത്. 1793-ല്‍ വെള്ളക്കാര്‍ കണ്ണൂര്‍ കോട്ട വളഞ്ഞപ്പോള്‍ അവര്‍ കോട്ടയില്‍ തടവിലാക്കപ്പെട്ടു. സുല്‍ത്താന ആദിരാജ ഇമ്പിച്ചിബീവിയുടെ കാലത്താണ ലക്ഷദ്വീപുകള്‍ മുഴുവനായും ബ്രിട്ടീഷുകാര്‍ക്ക് അടിയറവ് വെക്കേണ്ടി വന്നത്. 

 

 

ലക്ഷദ്വീപിന്റെ അവകാശികള്‍ 

പുതിയ ഗവര്‍ണര്‍ വന്നതോടെ വിവാദത്തിലായ ലക്ഷദ്വീപും ഈ രാജവംശവും തമ്മില്‍ സവിശേഷമായ ഒരു ബന്ധമുണ്ട്. 1545 മുതല്‍ 1819 വരെ 274 വര്‍ഷക്കാലം അറക്കല്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു ലക്ഷദ്വീപിലെ ആന്ത്രോത്ത്, കല്‍പേനി, കവരത്തി, അഗത്തി, മിനിക്കോയ് ദ്വീപുകള്‍. 19876 ചതുരശ്ര കിലോമീറ്ററായിരുന്നു ഇതിന്റെ വിസ്തൃതി. മദ്രാസ് പ്രസിഡന്‍സിയുടെ 417-നമ്പര്‍ ഉത്തരവു പ്രകാരം 1905 ജൂലൈ ഒന്നിന് അറക്കല്‍ രാജവംശം ഈ ദ്വീപുകള്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് കൈമാറുകയായിരുന്നു. അന്നത്തെ അറക്കല്‍ സ്ഥാനപതി ആദിരാജാ ഇമ്പിച്ചി ബീവിയും ഫോര്‍ട്ട് സെന്റ് ജോര്‍ജ് കൗണ്‍സില്‍ ഗവര്‍ണറും തമ്മിലായിരുന്നു കരാര്‍. നിരന്തരമായ ചെറുത്ത് നില്‍പിന്റെയും, നിയമയുദ്ധത്തിന്റെയും കരാര്‍ ലംഘനങ്ങളുടെയും ഒടുവിലാണ് ലക്ഷദ്വീപുകള്‍ പൂര്‍ണമായും ഇംഗ്ലീഷുകാര്‍ക്ക് അടിറയവ് വെക്കേണ്ടി വന്നത്. 

70 പൈസയുടെ മുദ്രപത്രങ്ങളിലായിരുന്നു കരാര്‍ തയാറാക്കിയിരുന്നത്. അഞ്ച് ദ്വീപുകള്‍ മദ്രാസ് പ്രസിഡന്‍സിക്ക് വിട്ടുനല്‍കുന്നതിന് പകരമായി പ്രതിവര്‍ഷം 23000 രൂപ മാലിഖാന അതതു കാലത്തെ അറക്കല്‍ സ്ഥാനപതിമാര്‍ക്ക് നല്‍കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. സ്വാതന്ത്ര്യാനന്തരം ലക്ഷദ്വീപുകള്‍ ജനാധിപത്യ ഇന്ത്യയുടെ  ഭാഗമായി. അന്ന് ആരംഭിച്ച മാലിഖാന ഇപ്പോഴും ലഭിച്ചു വരുന്നുണ്ട്. എന്നാല്‍ ഈ തുക പരിമിതമാണെന്നും തങ്ങള്‍ക്ക് കാലാനുസൃതമായ മാലിഖാന്‍ ലഭിക്കണമെന്നും കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് രാജകുടുംബം ആവശ്യപ്പെട്ടിരുന്നു. കരാര്‍ നിലവില്‍ വന്ന 1905ല്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 3 രൂപ 30 പൈസയായിരുന്നു. ഒരു വര്‍ഷം മാലിഖാനയായി കിട്ടുന്ന 23000 രൂപയ്്ക്ക് അന്ന് 6969 പവന്‍ സ്വര്‍ണ്ണം കിട്ടുമായിരുന്നു. എന്നാല്‍, ഇന്ന് 23000 രൂപയുടെ മൂലം വളരെയേറെ കുറഞ്ഞു. ഇന്നത്തെ മൂല്യം കണക്കാക്കുമ്പോള്‍ തങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കേണ്ടതാണ് എന്നാണ് രാജകുടുംബത്തിന്റെ ആവശ്യം. 

click me!