ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി, ലാൻഡ്‍ഫോൺ, ​ഗ്രാമഫോൺ; പഴയകാല ജീവിതം ജീവിച്ച് ദമ്പതികൾ

Published : Jun 07, 2022, 04:50 PM IST
ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി, ലാൻഡ്‍ഫോൺ, ​ഗ്രാമഫോൺ; പഴയകാല ജീവിതം ജീവിച്ച് ദമ്പതികൾ

Synopsis

1930 -കളിലെ ഫ്രിഡ്ജ് സ്വന്തമാക്കിയ അവർ ഏകദേശം 100 വർഷം പഴക്കമുള്ള ഒരു കാറാണ് ഓടിക്കുന്നത്. എന്തിനേറെ വസ്ത്രങ്ങൾ വരെ 1930 -കളിലെ ഫാഷനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

കാലം മാറിയിട്ടും ഇപ്പോഴും മാറാൻ കൂട്ടാക്കാതെ പഴമയെ പുണർന്ന് ജീവിക്കുകയാണ് ബ്രിട്ടനി(Britain)ൽ നിന്നുള്ള ഈ ദമ്പതികൾ. വർഷങ്ങൾ ഒരുപാട് കടന്ന് പോയിട്ടും, പുതിയ സംവിധാനങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും നിലവിൽ വന്നിട്ടും, ദമ്പതികൾ തങ്ങളുടെ രീതികൾ മാറ്റാൻ താല്പര്യപ്പെടുന്നില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന അവർ എന്നാൽ ഇപ്പോഴും 1930 -കളിലെ രീതികളാണ് പിന്തുടരുന്നത്. 58 -കാരിയായ ലിസ ഫ്ലെച്ചറും (Lisa Fletcher) അവളുടെ ഭർത്താവ് 55 കാരനായ നീലു(Neil)മാണ് ഈ കൗതുകകരമായ ജീവിതം നയിക്കുന്നത്.

നമുക്കും പലപ്പോഴും പഴയ കാര്യങ്ങൾ കാണുമ്പോൾ ഗൃഹാതുരത്വം അനുഭവപ്പെടാറുണ്ടെങ്കിലും, ഇന്നത്തെ രീതികൾ വിട്ട് ആ പഴയ യുഗത്തിലേക്ക് തിരിച്ച് പോകാൻ ആരും താല്പര്യപ്പെടാറില്ല. എന്നാൽ, അവർ അങ്ങനെയല്ല, അവരെ സംബന്ധിച്ചിടത്തോളം ഓൾഡ് ഈസ് ഗോൾഡ് എന്നാണ്. അവരുടെ വീട്ടിൽ ചെന്നാൽ ഒരുപാട് വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ച ഒരു പ്രതീതിയാണ്. ഫോൺ വിളിക്കാൻ ഇപ്പോഴും അവിടെ ലാൻഡ് ലൈനാണ്, മൊബൈൽ ഫോൺ ഇല്ലേയില്ല. ആധുനിക ജീവിതം ഉപേക്ഷിച്ച ദമ്പതികൾ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി മാത്രമാണ് കാണുന്നത്, ഗ്രാമഫോണിലൂടെയാണ് പാട്ട് കേൾക്കുന്നത്. ഡിജിറ്റൽ മണി ഒന്നും അവരുടെ രീതിയല്ല, ഇപ്പോഴും പണമായി നോട്ടുകൾ തന്നെയാണ് കൈയിൽ കരുതുന്നത്.      

1930 -കളിലെ ഫ്രിഡ്ജ് സ്വന്തമാക്കിയ അവർ ഏകദേശം 100 വർഷം പഴക്കമുള്ള ഒരു കാറാണ് ഓടിക്കുന്നത്. എന്തിനേറെ വസ്ത്രങ്ങൾ വരെ 1930 -കളിലെ ഫാഷനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പഴമയെ സ്നേഹിക്കാനുള്ള ഈ തീരുമാനം യഥാർത്ഥത്തിൽ ലിസയുടേതായിരുന്നു. 1991 -ൽ വിവാഹിതരായതിന് തൊട്ടുപിന്നാലെയാണ് അവൾ തന്റെ ഭർത്താവിനെ ഇതിന് പ്രേരിപ്പിച്ചത്. എന്നാൽ, നീലിന് ആദ്യം ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഒരു ഭ്രാന്തൻ ചിന്തയായിട്ടാണ് അദ്ദേഹം ഇതിനെ കണ്ടത്. എന്നാൽ, കാലക്രമേണ, നീലും അതേ ശൈലിയെ സ്നേഹിക്കാനും പിന്തുടരാനും തുടങ്ങി. ആറ് വർഷം മുമ്പ് താമസം മാറിയത് മുതൽ അവർ തങ്ങളുടെ വീടിനെ മുഴുവനും മാറ്റി. പഴയകാല അടുപ്പ്, ഫർണിച്ചർ, വീട്ടുപകരണങ്ങൾ, വാതിൽപിടി അടക്കം എല്ലാം അവിടെയുണ്ട്.  

വീട്ടുപകരണങ്ങളും, വീടും ഒക്കെ സെറ്റ് ചെയ്തുവെങ്കിലും, അന്നത്തെ കാലത്തേതു പോലുള്ള വസ്ത്രങ്ങൾ കിട്ടുമോ എന്നവർ സംശയിച്ചു. എന്നാൽ, അതും അവർക്ക് സംഘടിപ്പിക്കാൻ സാധിച്ചു. അടുക്കളയിൽ പഴയകാല കട്ട്ലറി, ഗ്ലാസുകൾ, മേശവിരിപ്പുകൾ എല്ലാമുണ്ട്. 1920 -കളിലും 1930 -കളിലും ഉണ്ടായിരുന്ന ആഹാരരീതികൾ തന്നെയാണ് അവരും പിന്തുടരുന്നത്. പുറത്ത് നിന്നുള്ള ആഹാരങ്ങൾ ഇല്ല എന്ന് തന്നെ പറയാം. പഴയ പാചകക്കുറിപ്പുകൾ സംഘടിപ്പിച്ച് അതുപയോഗിച്ചാണ് ആഹാരം ഉണ്ടാക്കുന്നത്. ദമ്പതികൾക്ക് കുട്ടികളില്ല. തങ്ങൾ പുറത്തിറങ്ങുമ്പോൾ തങ്ങളുടെ വസ്ത്രങ്ങൾ കണ്ട് ആളുകൾ അത്ഭുതത്തോടെ നോക്കുമെന്ന് ലിസ പറയുന്നു. അവരുടെ വീട്ടിലെ എല്ലാത്തിനും ഒരു കഥ പറയാനുണ്ട്, പഴമയുടെ, ഗൃഹാതുരതയുടെ മധുരിക്കുന്ന കഥകൾ.  

PREV
click me!

Recommended Stories

ജി രാജ്കുമാര്‍ ഇനിയില്ല; നീലക്കുറിഞ്ഞിയുടെ കാവല്‍ക്കാരന്‍, പ്രകൃതിക്കും ആദിവാസികള്‍ക്കും സമര്‍പ്പിച്ച ജീവിതം!
ഇതിപ്പൊ റോബോട്ടിനെ ബാഗിലിട്ട് നടക്കുന്ന കാലം വന്നല്ലോ ; ഫാഷൻ ലോകത്തെ ഞെട്ടിച്ച് 'മിറുമി'