
പുരാതനകാലത്തെ പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും സൂക്ഷിക്കുന്ന പോർച്ചുഗീസിലെ ഒരു ലൈബ്രറി(library)യാണ് സോഫിയ സർവകലാശാലയിലെ ജോവാനിന(Joanina) ലൈബ്രറി. ലോകത്തെ ഏറ്റവും മനോഹരമായ ലൈബ്രറികളിൽ ഒന്നാണ് ഇത്. എന്നാൽ, ആ ലൈബ്രറിയ്ക്ക് കാവൽ നിൽക്കുന്നത് വവ്വാലുകളാണ്. ലൈബ്രറിയിലെ പുസ്തകഷെൽഫുകൾക്ക് പിന്നിൽ വവ്വാലുകളുടെ ഒരു വലിയ കോളനി തന്നെ താമസിക്കുന്നുണ്ട്. സാധാരണ ഗതിയ്ക്ക് ഇത് തീർത്തും അസാധാരണമായി തോന്നാം. എന്നാൽ, ലൈബ്രറിയെ സംബന്ധിച്ചിടത്തോളം ഈ ക്യൂറേറ്റർമാരുടെ സേവനം ഒഴിവാക്കാനാവാത്തതാണ്. അവ ലൈബ്രറിയിലെ മൂല്യമുള്ള പുസ്തകത്താളുകളെ കേടുവരുത്തുന്ന പ്രാണികളെ ഭക്ഷണമാക്കുന്നു. ഈ രീതിയിൽ അവിടെയുള്ള പുരാതന കൈയെഴുത്തുപ്രതികളുടെയും പുസ്തകങ്ങളുടെയും കാവൽക്കാരാണ് വവ്വാലുകൾ എന്ന് പറയാം.
പിപിസ്ട്രെല്ലെ വവ്വാലുകളുടെ കോളനിയാണ് ലൈബ്രറിയുടെ പുസ്തക അലമാരകൾക്ക് പിന്നിൽ പാർക്കുന്നത്. രാത്രിയിൽ ഈച്ചകളെയും കൊതുകുകളെയും മറ്റ് കീടങ്ങളെയും തിന്നാൻ അവർ പുറത്ത് വരുന്നു. ലൈബ്രറിയിലെ പ്രാണികളാണ് അവയുടെ പ്രധാന ഭക്ഷണം. അങ്ങനെ പ്രകൃതിദത്ത കീടനാശിനികളായി അവ പ്രവർത്തിക്കുന്നു. അവ രാത്രി മാത്രമാണ് പുറത്ത് വരിക. അതിനാൽ പകൽ സമയത്ത് ലൈബ്രറി സന്ദർശകർക്ക് ബുദ്ധിമുട്ടുണ്ടാക്കാറില്ല. എന്നാൽ സൂര്യൻ അസ്തമിക്കുമ്പോൾ, പഴയ ബുക്ക് സ്റ്റാൻഡുകൾക്ക് പിന്നിൽ നിന്ന് അവർ പുറത്തുവരാൻ തുടങ്ങുകയും തുറന്ന ജനാലകളിലൂടെ കെട്ടിടത്തിന് പുറത്തേക്ക് അവ പറക്കുകയും ചെയ്യുന്നു.
വവ്വാലുകളുടെ കോളനി എപ്പോൾ മുതലാണ് ജോവാന ലൈബ്രറിയുടെ അലമാരകൾ കീഴടക്കാൻ തുടങ്ങിയത് എന്ന് ആർക്കും അറിയില്ല. പക്ഷേ, നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ലൈബ്രറി തുറന്നത് മുതൽ അവ ഉണ്ടായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നു. അവിടെയുള്ള രേഖകൾ പ്രകാരം കുറഞ്ഞത് 1800 -കളിലെങ്കിലും അവയുടെ സാന്നിധ്യം അവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്. ജോവാന ലൈബ്രറിയിലെ ഈ വവ്വാലുകൾ ഒരു പ്രധാന ആകർഷണമാണെങ്കിലും, മിക്ക ആളുകളും വവ്വാലുകൾ വീഴ്ത്തുന്ന കാഷ്ഠത്തെ കുറിച്ച് ആശങ്കാകുലരാണ്. എന്നാൽ ലൈബ്രറിയ്ക്ക് അതിന് അവരുടേതായ വഴികളുണ്ട്. 18-ാം നൂറ്റാണ്ടിലെ ഫർണിച്ചറുകളാണ് അവിടെയുള്ളത്. എല്ലാ വൈകുന്നേരവും അവയെല്ലാം മൃഗങ്ങളുടെ തൊലു കൊണ്ട് പൊതിയും. രാവിലെ എത്തുന്ന ക്ലീനിംഗ് ജീവനക്കാർ തറകൾ എല്ലാം ഉരച്ച് വൃത്തിയാക്കുന്നു.
വവ്വാലുകൾ രാത്രിസഞ്ചാരികളായതിനാൽ, സന്ദർശകർക്ക് ജോവാനിനാ ലൈബ്രറി സന്ദർശിക്കുമ്പോൾ അവയെ കാണാൻ പ്രയാസമാണ്. രാത്രിയാകുന്നതിന് മുമ്പ് ലൈബ്രറിയും അടച്ചുപൂട്ടുന്നു. ജോവാനിന ലൈബ്രറി 1725 -ന് മുമ്പ് നിർമ്മിച്ചതാണ്. വാസ്തുവിദ്യയിൽ മികവുറ്റ ലോകത്തെ ചുരുക്കം ലൈബ്രറികളിലൊന്നാണ് അത്.