ഫേസ്ബുക്കിലെ ഒരൊറ്റ ചിത്രം, 12 കോടി വർഷം പഴക്കമുള്ള ദിനോസർ കാൽപ്പാടുകൾ കണ്ടെത്തി അധികൃതർ

Published : Oct 22, 2026, 08:25 AM IST
dinosaur footprints

Synopsis

കുടുംബം തിരക്കിലായിരുന്നതിനാൽ അപ്പോൾ പാർക്ക് അധികൃതരെ വിവരമറിയിക്കാൻ കഴിഞ്ഞില്ല. പകരം യുവാവ് ഒക്ടോബർ 18 -ന് ഫെയ്‌സ്ബുക്കിൽ ഇതിന്റെ ഫോട്ടോ പങ്കുവെക്കുകയും ഇത് ദിനോസറിന്റെ കാൽപ്പാടുകളാണോ എന്ന് അന്വേഷിക്കുകയുമായിരുന്നു.

തായ്‌ലാൻഡിലെ ഉഡോൺ താനി പ്രവിശ്യയിൽ ഏകദേശം 120 മില്ല്യൺ വർഷം പഴക്കമുള്ള ആറ് ദിനോസർ കാൽപ്പാടുകളുടെ ഫോസിൽ കണ്ടെത്തി. മാംസഭുക്കുകളായ തെറോപോഡ് വിഭാഗത്തിൽ പെട്ട ദിനോസറുകളുടേതാണ് ഈ കാൽപ്പാടുകൾ എന്ന് തായ്‌ലൻഡിന്റെ മിനറൽ റിസോഴ്‌സസ് വകുപ്പ് ബുധനാഴ്ച സ്ഥിരീകരിച്ചു.

ഒരു സഞ്ചാരിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സുപ്രധാനമായ ഈ കണ്ടെത്തലിലേക്ക് വഴി തെളിച്ചത്. പു ഫ്രാബാത് നാഷണൽ പാർക്കിലൂടെ കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നു പിചായ് പ്രാഥ്സേന എന്ന തായ് വിനോദസഞ്ചാരി. അപ്പോഴാണ് അരുവിക്ക് സമീപം ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് പ്രത്യക്ഷമായ പാറകളിൽ അസാധാരണമായ ചില അടയാളങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കുടുംബം തിരക്കിലായിരുന്നതിനാൽ അപ്പോൾ പാർക്ക് അധികൃതരെ വിവരമറിയിക്കാൻ കഴിഞ്ഞില്ല. പകരം യുവാവ് ഒക്ടോബർ 18 -ന് ഫെയ്‌സ്ബുക്കിൽ ഇതിന്റെ ഫോട്ടോ പങ്കുവെക്കുകയും ഇത് ദിനോസറിന്റെ കാൽപ്പാടുകളാണോ എന്ന് അന്വേഷിക്കുകയുമായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഈ വിവരം പരിശോധിക്കുമെന്ന് കാണിച്ച് തായ്‌ലൻഡിന്റെ മിനറൽ റിസോഴ്‌സസ് വകുപ്പും കമന്റിട്ടു. തുടർന്ന്, പാർക്ക് റേഞ്ചർമാർ സ്ഥലത്തെത്തി കാൽപ്പാടുകൾ പരിശോധിക്കുകയും അളവുകൾ എടുക്കുകയും ചെയ്തു. ഇതിന് തൊട്ടടുത്ത ദിവസം ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ഈ കാൽപ്പാടുകൾ യഥാർത്ഥ ദിനോസർ കാൽപ്പാടുകൾ തന്നെയാണെന്ന് വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

120 മില്ല്യൺ വർഷം പഴക്കമാണ് ഇതിനുള്ളത്. ഏകദേശം 29 സെൻ്റീമീറ്റർ നീളവും 26 സെൻ്റീമീറ്റർ വീതിയുമുള്ള ആറ് കാൽപ്പാടുകളാണ് ഫോസിലായി സംര​ക്ഷിക്കപ്പെട്ടിരിക്കുന്നത്.

സ്ഥലത്ത് അസ്ഥികളുടെ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെങ്കിലും, തായ് നിയമപ്രകാരം 'ട്രേസ് ഫോസിലുകൾ' ആയതിനാൽ നിയമപരമായി ഇത് സംരക്ഷിക്കും. ശാസ്ത്രീയ പഠനങ്ങൾക്കും സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി പ്രദേശം താൽക്കാലികമായി അടച്ചിരിക്കുകയാണ്. ഭാവിയിൽ ഇതൊരു വിദ്യാഭ്യാസ കേന്ദ്രമായി വികസിപ്പിക്കാൻ അധികാരികൾ പദ്ധതിയിടുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

കുഞ്ഞുങ്ങൾക്ക് 'നായ', 'പന്നി' എന്ന് പേരിട്ടിരുന്ന ചൈനക്കാർ: വിചിത്രമായ പാരമ്പര്യത്തിന് പിന്നിൽ
ഇങ്ങോട്ട് യാത്ര പോകും മുമ്പ് ഹൈഹീൽഡ് ചെരുപ്പുകൾ ഊരിവച്ചോളൂ, കാരണം