അന്നേരം, പിണറായിയോട് ക്രിസോസ്റ്റം പറഞ്ഞു; 'കുടിച്ചിട്ടാണ് വരുന്നതെന്ന് ആദ്യമായാണ് ഒരാള്‍ പറയുന്നത്'

By Web TeamFirst Published May 5, 2021, 5:15 PM IST
Highlights

ചിരിച്ചും ചിരിപ്പിച്ചും ഒരു തിരുമേനി! റോജിന്‍ പൈനുംമൂട് എഴുതുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ പോലെ അടുത്തിരിക്കാന്‍ പറ്റുന്ന ഒരാള്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒരേ പോലെ സംവദിക്കാനാവുന്ന ഒരു വൈദികശ്രേഷ്ഠന്‍. വിടപറഞ്ഞ മാര്‍ ക്രിസോസ്റ്റം തിരുമേനിയെ വേണമെങ്കില്‍ അങ്ങനെ വിളിക്കാം. എല്ലാ തരം മനുഷ്യര്‍ക്കും ചെന്നിരിക്കാവുന്ന ഒരിടമാണ് അദ്ദേഹം. അഭിപ്രായ വ്യത്യസങ്ങളെല്ലാം മാറ്റിവെച്ച് യോജിക്കാന്‍ കേരളത്തിന്റെ കൈായിലുള്ള ചുരുക്കം ഇടങ്ങളില്‍ ഒന്നു കൂടിയാണത്. അതു കൊണ്ടാണ് ഒരു മതത്തിന്റെ പരാമോന്നത ആചാര്യനായിരിക്കുമ്പോഴും അദ്ദേഹം എല്ലാ മതക്കാരുടെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രിയങ്കരനായിരിക്കുന്നത്.

തിരുമേനിയുടെ ജീവിതത്തിലെ നര്‍മ്മങ്ങളും കഥകളും ഓര്‍ത്തെടുക്കുകയാണ്, ഈ കുറിപ്പിലൂടെ റോജിന്‍.

 

 

മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടൊരു ക്രിസോസ്റ്റം  ഫലിതം കേട്ടിട്ടുണ്ട്. 

ഒരു ദിവസം പിണറായി തിരുമേനിയെ കാണാനെത്തുന്നു. 

'കുടിക്കാന്‍ ചായയാണോ കാപ്പിയാണോ?'

തിരുമേനി ഉപചാരപൂര്‍വ്വം ചോദിച്ചതും  പിണറായിയുടെ ഉത്തരം വന്നു: 

''എനിക്ക് ഇപ്പൊ ഒന്നും എടുക്കേണ്ട, ഞാന്‍ കുടിച്ചിട്ടാണ് വന്നത്'

ഒരു നിമിഷം നിശ്ശബ്ദനായ ശേഷം, തിരുമേനി പറഞ്ഞു. ''വെറുതെയല്ല സാറിനെ എല്ലാരും 'ഇരട്ടചങ്കന്‍'  എന്ന് വിളിക്കുന്നത്. ഉള്ളത് മുഖത്ത് നോക്കി നേരെയങ്ങു  പറയും, അതേതു തിരുമേനിയുടെ മുന്നിലാണെങ്കിലും.'

''ആദ്യമായാണ് എന്നെ കാണാന്‍ വന്ന ഒരാള്‍, കുടിച്ചിട്ടാണ് വന്നതെന്ന് മുഖത്ത് നോക്കി പറയുന്നത്'

കണ്ണിറുക്കി ചിരിച്ച് തിരുമേനി അങ്ങനെ പറഞ്ഞപ്പോള്‍, ചിരിക്കാന്‍ അല്പം ലുബ്ധനായ പിണറായിയും പൊട്ടിച്ചിരിച്ചു.

 

 

ഇനിയുള്ള തമാശ മമ്മൂട്ടിയെക്കുറിച്ചാണ്. 

പണ്ടൊരു ചടങ്ങില്‍ മമ്മൂട്ടി ഒരു ക്രൈസ്തവ പുരോഹിതന് ഒരു വേദപുസ്തകം സമ്മാനമായി നല്‍കി.  ഇത് കണ്ടതും തിരുമേനിയുടെചോദ്യം വന്നു: ''അല്ല, മമ്മൂട്ടിക്ക് എങ്ങനെ മനസിലായി, ഈ അച്ചന്‍ വേദപുസ്തകം വായിക്കില്ലെന്ന്?'

വേദിയിലും സദസ്സിലും അതോടെ ചിരിയുടെ മാലപ്പടക്കം പൊട്ടി.

 

 

വേദപുസ്തകവുമായി ബന്ധപ്പെട്ടു മറ്റു പല തമാശകളും അദ്ദേഹം പറഞ്ഞിട്ടുണ്ട് അതില്‍ ഏറ്റവും പ്രസിദ്ധം ഒരു പക്ഷെ ഇതാകും:  

ഒരിക്കല്‍ ഒരു  സുവിശേഷ യോഗത്തില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു: ''പ്രിയമുള്ള വിശ്വാസികളേ  ഇന്ന്  മുതല്‍ നിങ്ങള്‍ ആരും വേദപുസ്തകം വായിക്കരുത് , പകരം മലയാള മനോരമ പത്രം വായിക്കണം.''

ഇത് കേട്ടതും വേദിയിലിരുന്ന പുരോഹിതരും  സദസ്യരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. നിര്‍ത്തിയില്ല, അദ്ദേഹം തുടര്‍ന്നു:  'വായിക്കാനുള്ളതാണ് മനോരമ പത്രം, വേദപുസ്തകം വായിക്കാനുള്ളതല്ല ധ്യാനിക്കാനുള്ളതാണ്.'

 

Read more: ക്രിസോസ്റ്റം തിരുമേനിയുടെ അഞ്ച് തമാശകള്‍
.......................................

 

ഇതൊക്കെ നാം കേട്ടുമറന്ന ചില തിരുമേനി ഫലിതങ്ങള്‍. തിരുമേനിയെ നേരില്‍ കണ്ട നേരങ്ങളില്‍ അദ്ദേഹം പൊട്ടിച്ച ചില ഫലിതങ്ങളാണ് ഇവിടെ ഞാന്‍ പങ്കുവെക്കുന്നത്. 

2011 നവംബര്‍ 4 വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷമാണ് ഈ സംഭവം. ദുബായ് ഷെയ്ഖ് സായിദ് റോഡിലുള്ള ക്രൗണ്‍ പ്ലാസ ഹോട്ടലിലെ 403 -ാമത്തെ മുറിയിലായിരുന്നു അന്ന് തിരുമേനി. സുഹൃത്തുക്കളായ ജോബി ജോഷ്വ, പോള്‍ ജോര്‍ജ് പൂവത്തേരില്‍, ജൂബി ഫിലിപ് എന്നിവര്‍ക്കൊപ്പം ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു.  

കോഴഞ്ചേരി സെന്റ് തോമസ് കോളേജിന്റെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ 'സാന്തോം' ന്റെ   മുഖ്യാതിഥിയായി ഇവിടെ വന്ന് പല പരിപാടികളില്‍ പങ്കെടുത്ത്  നാട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുന്ന തിരുമേനിയുമായി അല്പം സംസാരിക്കാന്‍ അവസരം ഉണ്ടാക്കിയത് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും മാര്‍ത്തോമാ സഭയിലെ   ജോഷ്വാ അച്ചന്റെ മകനുമായ  സുഹൃത്ത് ജോബി ജോഷ്വാ. 

'ദേ ആ കൊച്ചു പെട്ടി ഒന്ന് നോക്കിയേ...' 

ഹോട്ടല്‍ മുറിയില്‍ ഇരുന്ന ചെറിയ പെട്ടിയുടെ വലിപ്പം നോക്കി ഞാന്‍ മറ്റുള്ളവരോട് പറഞ്ഞു.  

''ഈ പെട്ടി നാട്ടില്‍ നിന്ന് വരുമ്പോള്‍ ഒരു കന്യക ആയിരുന്നു. ഇപ്പോള്‍ അവള്‍ ഗര്‍ഭിണി ആയിരിക്കുന്നു.''-അദ്ദേഹം പറഞ്ഞു. 

കുറച്ചു  കഴിഞ്ഞാണ് അദ്ദേഹം പറഞ്ഞ നര്‍മത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞത്. അവിടെ വരുമ്പോള്‍ അധികം സാധനങ്ങള്‍ ഒന്നും ഇല്ലാതെ കാലിയായിരുന്ന പെട്ടിയാണ്. ഇപ്പോഴിതാ മറ്റുള്ളവര്‍ നല്‍കിയ സമ്മാനങ്ങളാല്‍ അത് നിറഞ്ഞു കവിഞ്ഞിരിക്കുന്നു.  

ഞാന്‍ കാണുമ്പോള്‍ ആ  പെട്ടി ഇപ്പോള്‍ പൊട്ടും എന്ന അവസ്ഥയില്‍ ആയിരുന്നു.  

 

 

അന്ന് തിരുമേനിക്ക് 93  വയസായിരുന്നു പ്രായം. എന്നിട്ടും തിരുമേനി കൂളായി ദുബായ് മെട്രോയിലൊക്കെ യാത്ര ചെയ്തു. അല്‍പം ടെന്‍ഷനോട് കൂടിയാണ് അന്ന് തിരുമേനിയെ ട്രെയിനില്‍ കയറ്റിയതെന്നു ആ യാത്രക്ക് മുന്‍കൈ എടുത്തവരില്‍ പ്രധാനിയായ എന്റെ സുഹൃത്ത്  അഭിജിത് പാറയില്‍ ഓര്‍ക്കുന്നു, യാത്രയുടെ തുടക്കത്തില്‍ അല്‍പം ബുദ്ധിമുട്ട് ഉണ്ടായെങ്കിലും ട്രെയിനിന്റെ വേഗതയ്ക്കൊപ്പം തമാശകളുടെ വരവും കൂടി. 


ഞാനാദ്യം കണ്ടു പരിചയപ്പെട്ട നേരത്തെ ഒരു സംഭവം ഓര്‍ക്കുന്നു. പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു.  ''എടാ കൊച്ചനെ നിന്റെ റോജിന്‍ എന്ന പേരിനു എന്തേലും അര്‍ത്ഥം ഉണ്ടോ?''

ആ പേരിന് പ്രത്യേകിച്ച് അര്‍ത്ഥം ഒന്നുമില്ലെന്നും അമ്മയുടെ പേര് റോസമ്മ' എന്നും അപ്പന്റെ പേര് 'ജോയിച്ചന്‍' എന്നും ആയതിനാല്‍, അതിലെ കുറെ അക്ഷരങ്ങള്‍ ചേര്‍ത്ത് അവര്‍ 'റോജിന്‍' എന്ന പേരിട്ടു വിളിച്ചതാണെന്ന്  ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു. ഇത് കേട്ടതും തിരുമേനി പൊട്ടിച്ചിരിച്ചു. 

ഒരു മിനിറ്റോളം ആ പൊട്ടിച്ചിരി നീണ്ടു നിന്നു. ആ ചിരിയുടെ ഗ്യാരണ്ടിയില്‍ ഞാന്‍ തിരുമേനിയുടെ അടുക്കല്‍ ഒരു കാര്യം കൂടി പറഞ്ഞു. ''തിരുമേനി ആരോടും പറയില്ലെങ്കില്‍, ഞാന്‍ ഒരു രഹസ്യം പറയാം.''

''അതെന്താ പറഞ്ഞാട്ടെ'' എന്നദ്ദേഹം. 

''തിരുമേനീ, ഇങ്ങനെയൊക്കെ ആണേലും ജപ്പാനില്‍ ഈ പേര് സ്ത്രീകളുടേതാണ്''

അതു കേട്ടതും കുലുങ്ങിച്ചിരിച്ച് അദ്ദേഹം പറഞ്ഞു: ''എടാ എബിയേ ....... ആ ഡയറി ഇങ്ങെടുത്തേടാ...''

സന്തതസഹചാരിയായ എബി ഡയറിയും പേനയും നല്‍കി. തിരുമേനി എന്റെ പേരും ബാക്കി വിവരങ്ങളും ഒക്കെ അതില്‍ വിശദമായി എഴുതി. 

പിന്നീടൊരിക്കല്‍ എബിയെ കണ്ടപ്പോള്‍, ഈ കഥ തിരുമേനി ഒരിടത്ത് പ്രസംഗിച്ച കാര്യം എന്നോട് പറഞ്ഞു. 

അതിങ്ങനെയായിരുന്നു. ''അടുത്തിടെ ഞാന്‍ ദുബായില്‍ പോയപ്പോള്‍ ഒരു ചെറുപ്പക്കാരനെ കണ്ടു. രണ്ടു മക്കളുള്ള മധ്യതിരുവിതാംകൂറുകാരനായ ഒരു ചെറുപ്പക്കാരന്‍. അവന്‍ ദുബായിലും നാട്ടിലും ചെല്ലുമ്പോള്‍ പുരുഷനും ജപ്പാനില്‍ പോകുമ്പോള്‍ സ്ത്രീയും ആണ്'

ശേഷം എന്റെ പേരും അതിന്റെ പിറവിയുടെ കഥയും ജപ്പാനിലെ കഥയുമെല്ലാം പറഞ്ഞ് സദസിനെ പൊട്ടിച്ചിരിപ്പിച്ചു. 

 

ക്രിസോസ്റ്റം തിരുമേനിയ്‌ക്കൊപ്പം ലേഖകന്‍

 

1918 ഏപ്രില്‍ 27 -ന് കുമ്പനാട് വട്ടക്കാട്ടല്‍ അടങ്ങേപ്പുറത്തു കലമണ്ണില്‍ ഉമ്മന്‍ കശീശയുടെയും ശോശാമ്മയുടെയും മകനായി ജനിച്ച 'ധര്‍മിഷ്ഠന്‍' എന്ന ചെല്ലപ്പേരുള്ള മാര്‍ ക്രിസോസ്റ്റത്തിന്റെ ചിന്തകള്‍ക്ക് ജീവിതാവസാനം വരെയും പതിനെട്ടിന്റെ ചെറുപ്പമായിരുന്നു.

രണ്ടു വലിയ പ്രളയം കാണാന്‍ അവസരം ഉണ്ടായ അദ്ദേഹം പറയുന്നത് 1924 -ലെ വെള്ളപ്പൊക്കത്തെക്കാള്‍ ഭീകരമായിരുന്നു 2018 -ലേതെന്നാണ്. പക്ഷെ 2018 -ലെ പ്രളയത്തില്‍ സ്വസ്‌നേഹിയായി മാറിയ പലരുടെയും മനുഷ്യത്വം തിരികെ വന്നുവെന്ന് അദ്ദേഹം പറയുന്നു. മൂത്ത മാനസാന്തരം മൂന്ന് മാസം എന്ന് പറയുന്നത് പോലെ അതൊക്കെ മനുഷ്യന്‍ പെട്ടെന്ന് മറന്നു. 2019 -ല്‍ ഒരു മിനി പ്രളയം വഴി താക്കീതുമായി ദൈവം പിന്നെയും. ഇപ്പോഴിതാ കോവിഡിന്റെ രൂപത്തില്‍ ലോകം മഹാമാരിയെ നേരിടുന്നു. വൈദ്യശാസ്ത്രം പകച്ചു നില്‍ക്കുമ്പോള്‍ ആശ്രയമായി ദൈവം മാത്രം.

''എന്റെ ആയുസ്സ് ദൈവം തന്നതാണ്, അത് ഇത്രയും നീളാന്‍ കാരണം എന്നെ സ്‌നേഹിക്കുന്നവരുടെയും എന്നെ പരിചരിക്കുന്നവരുടെയും കരുതല്‍ കൊണ്ടാണ്.'' 

ഇനിയും എത്രകാലം ഈ ഭൂമിയില്‍ ജീവിക്കും എന്നതിന് ഒരു ഉറപ്പും ഇല്ല എങ്കിലും ജീവിക്കുന്നതിന് താല്പര്യക്കുറവൊന്നുമില്ലെന്ന് പറഞ്ഞ അദ്ദേഹം, ഈ ലോകം വിട്ടു പോകാന്‍ മടി ഇല്ലെന്ന്  പറഞ്ഞത് സന്തോഷം നിറഞ്ഞ മനസോടെ ആയിരുന്നു. 

ചിരിയുടെയും ചിന്തയുടെയും വലിയ ഇടയന് പ്രണാമം. ...

 

........................................

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!