
കുറ്റവാളികൾ ശിക്ഷ അനുഭവിക്കാൻ പോകുന്ന സ്ഥലമാണ് ജയിലു(jail)കൾ. പലപ്പോഴും ജയിലുകളിലെ ജീവിതം അതിജീവിക്കാൻ പ്രയാസമാണ്. എന്നിരുന്നാലും, അത് മാറ്റാൻ ലോകത്തിലെ പല ജയിലുകളും ജയിലധികൃതരും ശ്രമിക്കുന്നുണ്ട്. കേരളത്തിൽ തന്നെ ജയിലുകളിൽ പാർപ്പിച്ചിരിക്കുന്നവർക്കായി വിവിധ ജോലികളിലുള്ള പരിശീലനം, പച്ചക്കറി വളർത്തൽ, ഭക്ഷണമുണ്ടാക്കൽ തുടങ്ങി ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇപ്പോൾ, യുകെ സർക്കാരും അത്തരമൊരു ശ്രമത്തിന്റെ ഭാഗമാവുകയാണ്. മറ്റ് ജയിലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു കൂട്ടം ജയിൽ നിയമങ്ങളുള്ള ആദ്യത്തെ 'മെഗാ ജയിൽ'(mega-jail) ആയി മാറാൻ തയ്യാറെടുക്കുകയാണ് അത്.
ഈ പുനരധിവാസ സ്ഥാപനം വെല്ലിംഗ്ബറോ, നോർത്താംപ്ടൺഷെയറിലാണ് സ്ഥിതിചെയ്യുന്നത്. യുകെയിലെ നാല് പരിസ്ഥിതി സൗഹൃദ ജയിലുകളിൽ ഒന്നാണിത്. അവരുടെ ഒറ്റപ്പാളിയുള്ള ജയിൽസെൽ ജനാലകളുടെ ബാറുകൾ നീക്കം ചെയ്യുന്ന ആദ്യത്തെ യൂണിറ്റ് കൂടിയാണിത്. ഈ ജയിലിൽ തടവിലാക്കപ്പെട്ട ആദ്യത്തെ തടവുകാരൻ കഴിഞ്ഞ മാസമാണ് എത്തിയത്. ഇപ്പോൾ ഇവിടെ നിവാസികളുടെ എണ്ണം 137 ആയി വർദ്ധിച്ചു. ഇവിടെ അന്തേവാസികളെ 'ജയിൽപുള്ളികൾ' എന്നല്ല മറിച്ച് 'താമസക്കാർ' എന്നാണ് ഇവിടുത്തെ ജോലിക്കാർ വിളിക്കുന്നത്. അതുപോലെ 'തടവുമുറികളെ' വിളിക്കുന്നതാവട്ടെ അവരുടെ 'മുറികൾ' എന്നും. 'സെല്ലി'ന് പകരമാണ് ഇവയെ 'മുറികൾ' എന്ന് അഭിസംബോധന ചെയ്യുന്നത്.
സാധാരണയായി ജയിലുകളിലെ കുറ്റവാളികളിലുണ്ടാവുന്ന മരവിപ്പോ ദേഷ്യമോ ഒന്നും ഇല്ലാതെയാക്കാനും അവർക്ക് നല്ല അവസ്ഥയുണ്ടാക്കാനുമാണ് ഇത്തരത്തിൽ ജയിൽ ക്രമീകരിക്കുന്നത്. ഒപ്പം ഇനിയൊരിക്കലും അവർ കുറ്റം ചെയ്യാതെ നല്ല രീതിയിൽ ജീവിക്കുന്നതിലേക്ക് അവരെ മാറ്റുക എന്നതും റീഹാബിലിറ്റേഷൻ സെന്ററുകളായി പരിണമിക്കുന്ന ഈ ജയിലിന്റെ ലക്ഷ്യത്തിൽ പെടുന്നു.
ഹോംവർക്ക് ക്ലബ്ബും കളിസ്ഥലവും ഉൾപ്പെടുന്ന സെഷൻ വഴി ജയിലിലുള്ളവർക്ക് കുട്ടികളുടെ കൂടെ സമയം ചെലവഴിക്കാൻ സാധിക്കും. അവർക്ക് കുട്ടികളെ സഹായിക്കാനും വീട്ടുകാർക്കൊപ്പവും കുട്ടികൾക്കൊപ്പവും ഇതുപോലെയുള്ള കാര്യങ്ങളിൽ പങ്കെടുക്കാനും സാധിക്കും. അതുപോലെ വീഡിയോ കോൾ വഴി രക്ഷിതാക്കളുടെയും അധ്യാപകരുടേയും യോഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കും എന്നും ബിബിസി റിപ്പോർട്ട് ചെയ്‍തു.
1700 പേരെ ഉൾക്കൊള്ളാനാവുന്ന സ്ഥലം ഇതിനകത്തുണ്ട്. അതിനൊപ്പം തന്നെ വിവിധ പരിശീലനങ്ങളും ഇവിടെ നടക്കുന്നു. അതിൽ ബാർബർ, ബൈക്ക് റിപ്പയർ, കാർ മെയിന്റനൻസ്, കോഡിംഗ്, പ്ലംബിംഗ്, പ്രിന്റിംഗ് എന്നിവയ്ക്കുള്ള പരിശീലനം ഉൾപ്പെടുന്നു. അതോടൊപ്പം തന്നെ അന്തേവാസികൾക്കായി ഒരു 'പെറ്റ് തെറാപ്പി' സെഷനും ഇവിടെയുണ്ട്. അതിലൂടെ പെറ്റുകൾക്കൊപ്പമുള്ള തെറാപ്പിയാണ് അന്തേവാസികൾക്ക് ലഭിക്കുക.
ഗവർണർ ജോൺ മക്ലാഫ്‌ലിൻ പറയുന്നത്, "അന്തേവാസികളെ ഏറ്റവും മികച്ച വ്യക്തിയാകാൻ പ്രോത്സാഹിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഒരു ജയിൽ എനിക്ക് വേണം. അതിലേക്കുള്ള ഒരു ചെറിയ ചുവടുവയ്പ്പാണിത്. അവരെ തടവുകാരെന്നോ കുറ്റവാളികളെന്നോ പരാമർശിക്കാതിരിക്കുന്നത് വളരെ നല്ലൊരു റിസൾട്ട് ഉണ്ടാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് വേറൊരു തരം സംസ്കാരം ഉണ്ടാക്കുകയും ധാർമ്മികത പുലർത്തുകയും ചെയ്യും." മക്ലാഫ്‌ലിൻ ആണ് ഈ മാറ്റത്തിന് പിന്നിൽ സജീവമായി പ്രവർത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
"ആളുകൾ വിലമതിക്കാൻ ഇഷ്ടപ്പെടുന്നു - അതാണ് എന്റെ വീക്ഷണം. ഇവിടെ തടവിലാക്കപ്പെട്ടിരിക്കുന്ന എല്ലാവരും ഒരു ഘട്ടത്തിൽ മോചിപ്പിക്കപ്പെടും, അവർ സമൂഹത്തിലേക്ക് ഇറങ്ങാൻ അപ്പോഴേക്കും തയ്യാറായിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. അവരെ എന്തിനെങ്കിലും വിലമതിക്കേണ്ടതുണ്ട്. അവർക്ക് ഭാവിയിേലേക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്യപ്പെടേണ്ടതുണ്ട്. ഇവിടെ നിന്നും അവർക്ക് എന്തെങ്കിലും തിരികെ നൽകേണ്ടതുണ്ട്" അദ്ദേഹം കൂട്ടിച്ചേർത്തു.