Latest Videos

ആഹാ ഇത് കൊള്ളാമല്ലോ? ക്രിസ്‍മസ് കാലത്തെ ചില വ്യത്യസ്ത ആചാരങ്ങൾ പരിചയപ്പെടാം

By Web TeamFirst Published Dec 23, 2023, 12:46 PM IST
Highlights

ഐസ്‌ലാൻഡിക് നാടോടിക്കഥകളിൽ ക്രിസ്‌മസിന് മുമ്പുള്ള 13 രാത്രികളിൽ കുട്ടികളെ സന്ദർശിക്കുന്ന യൂൽ ലാഡ്‌സ് എന്ന വികൃതി കഥാപാത്രങ്ങളെ പറ്റി പറയുന്നുണ്ട്.

ക്രിസ്മസ് കാലമെന്നാൽ സന്തോഷത്തിന്റെ രാവുകളാണ്. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും പുൽക്കൂടും, തലയെടുപ്പോടെ നിൽക്കുന്ന ക്രിസ്മസ് ട്രീ യും ഉണ്ണിയേശുവും ഒക്കെയാണ് ക്രിസ്മസ് കാലത്തെ കൂടുതൽ വർണ്ണാഭമാക്കുന്നത്. എന്നാൽ, ഇതൊന്നുമല്ലാതെ ക്രിസ്മസ് കാലത്ത് ഏറെ വിചിത്രമായ ചില ആചാരങ്ങൾ നിലനിൽക്കുന്ന ചില രാജ്യങ്ങൾ ഉണ്ട്. അത്തരത്തിലുള്ള ചില പാരമ്പര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം:

ക്രാമ്പുസ്നാച്ച് (ഓസ്ട്രിയ, ജർമ്മനി)

ഓസ്ട്രിയ, ജർമ്മനി എന്നിവിടങ്ങളിൽ ഡിസംബർ 5 -ന് ക്രാമ്പസ്‌നാച്ച് ദിനമായാണ് ആഘോഷിക്കുന്നത്. ക്രാമ്പസ് എന്നറിയപ്പെടുന്ന പൈശാചിക രൂപം തെരുവുകളിൽ അലഞ്ഞുതിരിഞ്ഞ് വികൃതികളായ കുട്ടികളെ ശിക്ഷിക്കുന്ന രാത്രി എന്നതാണ് ഈ ആഘോഷത്തിന് പിന്നിലെ കഥ. പൈശാചികരൂപവും ചങ്ങലയുമുള്ള ക്രാമ്പസ് സാന്താക്ലോസിന്റെ എതിരാളിയായി അറിയപ്പെടുന്നു.

ഗാവ്ലെ ഗോട്ട് (സ്വീഡൻ)

1966 മുതൽ സ്വീഡനിലെ ഗാവ്ലെ പട്ടണത്തിൽ നടത്തിവരുന്ന ഒരു ആഘോഷമാണിത്. ടൗൺ സ്ക്വയറിൽ ഒരു ഭീമാകാരമായ വൈക്കോൽ ആടിനെ സ്ഥാപിച്ച് അതിന് തീ ഇടുന്നതാണ് ഈ ആഘോഷം. ക്രിസ്മസിന് മുന്നോടിയായിട്ടാണ് ഇത് നടത്തുന്നത്.

കാഗ ടിയോ (സ്പെയിൻ, കാറ്റലോണിയ)

കാറ്റലോണിയയിൽ, ചായം പൂശിയ മുഖവും ചുവന്ന തൊപ്പിയും ഉള്ള തടികൊണ്ടുള്ള കാഗ ടിയോയുമായി കുടുംബങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നു. ഡിസംബർ 8 മുതൽ, കുട്ടികൾ കാഗ ടിയോ ഉണ്ടാക്കുകയും ക്രിസ്തുമസ് രാവ് വരെ അത് പരിപാലിക്കുകയും ചെയ്യുന്നു.  

യൂൾ ലാഡ്സ് (ഐസ്ലാൻഡ്)

ഐസ്‌ലാൻഡിക് നാടോടിക്കഥകളിൽ ക്രിസ്‌മസിന് മുമ്പുള്ള 13 രാത്രികളിൽ കുട്ടികളെ സന്ദർശിക്കുന്ന യൂൽ ലാഡ്‌സ് എന്ന വികൃതി കഥാപാത്രങ്ങളെ പറ്റി പറയുന്നുണ്ട്. വീടിൻറെ ജനാലകളിൽ തൂക്കിയിടുന്ന ഷൂകളിൽ കുട്ടികൾക്കായുള്ള സമ്മാനങ്ങൾ നിക്ഷേപിക്കുന്ന പതിവും ഇതിൻറെ ഭാഗമായി ഉണ്ട്.

ലാ ബെഫാന (ഇറ്റലി)

ഡിസംബർ 25 -ന് ശേഷവും നീണ്ടുനിൽക്കുന്നതാണ് ഇറ്റലിയിലെ ക്രിസ്മസ് സീസൺ. ലാ ബെഫാന എന്ന, ദയയും ഒപ്പം തന്നെ ദുശ്ശാഠ്യമുള്ളതുമായ ഒരു മന്ത്രവാദിനി ജനുവരി 5 -ന് രാത്രി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകാൻ എത്തും എന്നൊരു വിശ്വാസവും ഇവരുടെ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ട്. 

click me!