സ്വപ്‌നഭരിതമായ നിദ്രാടനങ്ങളില്‍നിന്നും നിറസമൃദ്ധിയുടെ കണിക്കാഴ്ചകളിലേക്ക്

By Web TeamFirst Published Apr 13, 2024, 4:31 PM IST
Highlights

വിഷു അടുക്കുമ്പോള്‍ മനസ്സ് കടിഞ്ഞാണ്‍ പൊട്ടിയ പട്ടം പോലെ പിന്നിലേക്കു പോകും. ഓര്‍മ്മയുടെ കണിക്കൊന്നകളില്‍ മഞ്ഞവെയില്‍ പൂക്കളെപ്പോലെ തുളുമ്പും.

അമ്മാമ പുലര്‍ച്ചെ വന്ന് വിളിച്ചുണര്‍ത്തും. 'കണ്ണുതുറക്കരുതേ' എന്നു പറഞ്ഞുകൊണ്ടാണ് എഴുന്നേല്‍പ്പിക്കുക. കണ്ണു പൊത്തി പതുക്കെ നടത്തിക്കൊണ്ടു വന്ന് പൂജാമുറിയില്‍ നിര്‍ത്തിയിട്ടു പറയും, മെല്ലെ കണ്ണു തുറക്കാന്‍. ഏഴു തിരികളിട്ടു നിറഞ്ഞു കത്തുന്ന നിലവിളക്കിന്റെ  ദീപപ്രഭയിലാറാടി മുല്ലമലര്‍മാലയും കര്‍ണ്ണികാരവും ചൂടി ഓടക്കുഴല്‍ പിടിച്ചു പുഞ്ചിരി തൂകി നില്‍ക്കുന്ന ശ്രീകൃഷ്ണന്‍.

 

 

വിഷു അടുക്കുമ്പോള്‍ മനസ്സ് കടിഞ്ഞാണ്‍ പൊട്ടിയ പട്ടം പോലെ പിന്നിലേക്കു പോകും. ഓര്‍മ്മയുടെ കണിക്കൊന്നകളില്‍ മഞ്ഞവെയില്‍ പൂക്കളെപ്പോലെ തുളുമ്പും. പാടവരമ്പിലൂടെ വേനല്‍മഴയിലൂടെ ഒരു പെണ്‍കുട്ടിസ്വപ്‌നങ്ങളില്‍ മനസ്സുനട്ട് നടന്നുപോവും. മീനച്ചൂടിന്റെ നെറുകയിലിരുന്ന് വിഷുപ്പക്ഷി വിത്തും കൈക്കോട്ടും പാടും. പാതിമുറിഞ്ഞ സ്വപ്‌നഭരിതമായ നിദ്രാടനങ്ങളില്‍നിന്നും നിറസമൃദ്ധിയുടെ കണിക്കാഴ്ചകളിലേക്ക് ഉണര്‍ന്ന് നൃത്തമാവും. അതെ, മറ്റെല്ലാ ആഘോഷങ്ങളെയും പോലെ ഓര്‍മ്മകളുടെ കണിയാണ് വിഷു. 

അന്നൊക്കെ വിഷു അടുക്കുമ്പോള്‍ മഴ പതിവായിരുന്നു. ഉരുകുന്ന മീനച്ചൂടിന് ആശ്വാസമായി വരുന്ന വേനല്‍മഴ. പുതുമഴ പെയ്യുമ്പോള്‍ പൊങ്ങി വരുന്ന മണ്ണിന്റെ മണം. മീനത്തിലേ കേള്‍ക്കും കുയിലിന്റെ പാട്ട്. അന്നുമിന്നും മറുപാട്ട് പാടാന്‍ ഏറെയിഷ്ടമാണ്. ഇന്നും എവിടെയാണെങ്കിലും വിഷു അടുക്കാറാകുമ്പോള്‍  കുയില്‍പ്പാട്ട് കേള്‍ക്കാറുണ്ട്. ഇത്തവണ അതുണ്ടായില്ല.  

വാനമാകെ സൂര്യപ്രഭയാണ്. കത്തിജ്ജ്വലിക്കുന്ന സൂര്യതേജസ്സ്, സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ പൂത്തുലഞ്ഞു തിളങ്ങി നില്‍ക്കുന്ന കണിക്കൊന്നകള്‍, നിറയെ കായ്ച്ചു നില്‍ക്കുന്ന പലതരം മാവുകളും പ്ലാവുകളും, കൊയ്‌തൊഴിഞ്ഞ പാടങ്ങള്‍, വിഷുപ്പക്ഷിയുടെ വിത്തും കൈക്കോട്ടും പാട്ട്. ഓര്‍മ്മകളുടെ വേലിയേറ്റങ്ങള്‍. 

 

 

രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ കാണുക, മുത്തശ്ശിയും അമ്മാമയും ചേര്‍ന്ന് കണിയൊരുക്കുന്നതാണ്. ബാക്കിയുള്ളവര്‍ അത് കാണരുത് എന്നാണ്. അമ്മാമ പുലര്‍ച്ചെ വന്ന് വിളിച്ചുണര്‍ത്തും. 'കണ്ണുതുറക്കരുതേ' എന്നു പറഞ്ഞുകൊണ്ടാണ് എഴുന്നേല്‍പ്പിക്കുക. കണ്ണു പൊത്തി പതുക്കെ നടത്തിക്കൊണ്ടു വന്ന് പൂജാമുറിയില്‍ നിര്‍ത്തിയിട്ടു പറയും, മെല്ലെ കണ്ണു തുറക്കാന്‍. ഏഴു തിരികളിട്ടു നിറഞ്ഞു കത്തുന്ന നിലവിളക്കിന്റെ  ദീപപ്രഭയിലാറാടി മുല്ലമലര്‍മാലയും കര്‍ണ്ണികാരവും ചൂടി ഓടക്കുഴല്‍ പിടിച്ചു പുഞ്ചിരി തൂകി നില്‍ക്കുന്ന ശ്രീകൃഷ്ണന്‍. രണ്ടു വശങ്ങളിലായി ഉടച്ച നാളികേരമുറിയില്‍ നിറച്ച വെളിച്ചെണ്ണയില്‍ കുതിര്‍ന്ന് കുഞ്ഞരിക്കിഴി നിറഞ്ഞു കത്തുന്നുണ്ടാവും. ധൂപവലയങ്ങള്‍ ചുറ്റിനും പതിയെ നൃത്തം ചെയ്യുന്നുണ്ടാവും. ഓട്ടുരുളിയില്‍ നിറച്ചുവച്ച ഉണക്കലരിയില്‍ തങ്കനിറമുള്ള കണിവെള്ളരിയും വെട്ടിത്തിളങ്ങുന്ന പാലക്കാമാലയും വാല്‍ക്കണ്ണാടിയും കോടി മുണ്ടും നിറയെ നോട്ടുകളും ചില്ലറയും, ഉണ്ണിയപ്പവും നവധാന്യങ്ങളും, പഴങ്ങളും ഗ്രന്ഥങ്ങളും...പിന്നെ വെറ്റില, അടയ്ക്ക. എല്ലാം ഒന്നൊന്നായി കാണുന്നതിനിടയ്ക്ക് അമ്മാമ പറയും. 'എല്ലാം കണ്ണു നിറയെ കണ്ടു കൈകൂപ്പി തൊഴണം' എന്ന്. എല്ലാം കൂടിച്ചേര്‍ന്ന ഒരു പ്രത്യേകതരം സുഗന്ധമായിരിക്കും അപ്പോള്‍. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു പോസിറ്റീവ് വൈബ്. 

അതു കഴിഞ്ഞാല്‍ മുറ്റത്തേക്കൊരോട്ടമാണ്, പടക്കം പൊട്ടിക്കാന്‍. അമ്മാമ വലിയ വലിയ പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ ഞാന്‍ ഓലപ്പടക്കമാണ് പൊട്ടിച്ചിരുന്നത്. കത്തിച്ചെറിയുമ്പോള്‍ 'കുട്ടീ, സൂക്ഷിച്ച് വേണം' എന്ന് മുത്തശ്ശിയും അമ്മാമയും ചേര്‍ന്ന് പറഞ്ഞുകൊണ്ടിരിക്കും. അവള്‍ക്കത് ഇത്തിരി പേടിയായിരുന്നു. എല്ലാം കഴിഞ്ഞ് മുറ്റത്തവിടവിടെ ആയി പൊട്ടാതെ കിടക്കുന്ന പടക്കങ്ങള്‍ ഒന്നിച്ചു കൂട്ടി പൊട്ടിക്കുമ്പോള്‍ അവളും കൂടെയുണ്ടാകും.

വെളിച്ചമാകുന്നതിനു മുമ്പേ പുതിയ മുറവും വട്ടിയും പറയും അരിമാവു കൊണ്ട് അണിയും. അണിഞ്ഞ പറ നിറയെ നെല്‍വിത്തു നിറച്ച്  കൈക്കോട്ടും മുറവുമായി പാടത്തേക്ക് പോകും. ഒരു ഉരുളിയില്‍ ഉണ്ണിയപ്പവും അടയും ചീടയും ഒരു ചീര്‍പ്പ് പഴവും കിണ്ടിയില്‍ വെള്ളവും പൂക്കളുമായി അമ്മാമയും ഞങ്ങള്‍ രണ്ടുപേരും കൂടെ പോകും. ഇതെല്ലം വച്ച് നേദിച്ച് പൂജ കഴിക്കും. അതിനുശേഷം കൈക്കോട്ടു കൊണ്ട് ചാലു കീറി കിഴക്ക് ഉദിച്ചു വരുന്ന സൂര്യനെ നോക്കി മൂന്നു തവണ വിത്തെറിയും. ആദ്യം അമ്മാമയുടെ  ഊഴമാണ്. പിന്നെ പണിയാളുകളും. പിന്നെ കുറേ പടക്കം പൊട്ടിക്കും. വീട്ടിലേക്ക്  മടങ്ങും. 

 

 

കുളിച്ചു പുത്തന്‍ ഉടുപ്പുമിട്ട് കൈനീട്ടം വാങ്ങല്‍. അതാണല്ലോ പ്രധാനം. കണ്ണും മനസ്സും നിറയും വിധം കൈനീട്ടം കിട്ടുമായിരുന്നു. കുട്ടികളായി ഞങ്ങള്‍ രണ്ടുപേരും മാത്രമാണുള്ളത്. അമ്മയുടെ കുട്ടിമാമ അഞ്ഞൂറു രൂപ വീതമാണ് കൈനീട്ടം തന്നിരുന്നത്. അതുപോലെ ബാക്കിയുള്ളവരും. നേരം വെളുക്കുമ്പോഴേക്കും ചുറ്റുവട്ടത്തുള്ളവരും അവരുടെ മക്കളും കൈനീട്ടം വാങ്ങാന്‍ വരുമായിരുന്നു. ചില കുട്ടികള്‍ രണ്ടും മൂന്നും പ്രാവശ്യം കള്ളച്ചിരിയോടെ വരും. അറിഞ്ഞിട്ടും അറിയാത്തതു പോലെ അമ്മാമ വീണ്ടും വീണ്ടും കൊടുക്കും. പാടത്തു പണിയെടുക്കുന്നവര്‍ക്ക് പൈസയും, മുണ്ടും, മുണ്ടും വേഷ്ടിയും മുറുക്കാനും ചക്കപ്പഴവും കൊടുക്കുമായിരുന്നു, കൈനീട്ടമായി.

വിഭവ സമൃദ്ധമായ സദ്യയും വിഷുക്കഞ്ഞിയും ഉണ്ടാക്കുമായിരുന്നു, മുത്തശ്ശി. പണ്ടേ എനിക്ക് മുറുക്കാന്‍ ഇഷ്ടമായിരുന്നു. 'പഠിക്കുന്ന കുട്ടികള്‍ മുറുക്കരുത്' എന്ന് അമ്മ പറയുമ്പോള്‍ മുത്തശ്ശിയെ കൂട്ടുപിടിച്ച് ഞാന്‍ മുറുക്കുമായിരുന്നു. അതു കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ടു പേരും കൂടി മുകളിലേക്ക് പോയി കൈനീട്ടം എണ്ണാന്‍ തുടങ്ങും. എണ്ണുമ്പോള്‍ ഇടയ്ക്ക് എന്തെങ്കിലും പറയും, തെറ്റും. വീണ്ടും എണ്ണും. അങ്ങനെ എണ്ണലും തെറ്റലും കുറേനേരം നീളും. അന്നൊന്നും വിചാരിച്ചിരുന്നില്ല, ബാല്യവും കൗമാരവും ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം കളഞ്ഞു പോകുമെന്നും നിറമുള്ള ഓര്‍മ്മകള്‍ മാത്രമായിരിക്കും കൈമുതലായി ഉണ്ടാവുക എന്നും. 

എവിടെയാണെങ്കിലും അന്നത്തെപോലെ തന്നെ ഗംഭീരമായി കണിയൊരുക്കി, സദ്യ ഒരുക്കി വിഷു ആഘോഷിക്കാറുണ്ട് എങ്കിലും എന്തൊക്കെയോ ഒരു നഷ്ടബോധം. നിറവാര്‍ന്ന സമൃദ്ധമായ കുട്ടിക്കാലം സമ്മാനിച്ച മുത്തശ്ശിയെ കുറിച്ച് ആലോചിക്കുമ്പോള്‍ കണ്‍കോണില്‍ ഒരു നീര്‍ക്കണം ഉരുണ്ടു കൂടുന്നു.
 

click me!