കോടികൾ ചെലവിട്ട് ചൈന നിർമ്മിച്ച 'വ്യാജ വെനീസ്', ഇന്നതൊരു പ്രേതന​ഗരം, എന്ത് സംഭവിച്ചു?

Published : Jun 11, 2024, 12:41 PM ISTUpdated : Jun 11, 2024, 12:51 PM IST
കോടികൾ ചെലവിട്ട് ചൈന നിർമ്മിച്ച 'വ്യാജ വെനീസ്', ഇന്നതൊരു പ്രേതന​ഗരം, എന്ത് സംഭവിച്ചു?

Synopsis

കോടിക്കണക്കിന് രൂപ ചെലവിട്ട് നിർമ്മിച്ച വെനീസിന്റെ പതിപ്പ് ആളുകളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണത്രെ. ഉപയോഗിക്കാത്ത കെട്ടിടങ്ങളും ചെളി നിറഞ്ഞ കനാലുകളുമാണ് ന​ഗരത്തിൽ ഉണ്ടായിരുന്നത്.

യാത്രാപ്രേമികൾ എന്തായാലും സന്ദർശിക്കണം എന്ന് ആ​ഗ്രഹിക്കുന്ന സ്ഥലമായിരിക്കും ഇറ്റാലിയൻ ന​ഗരമായ വെനീസ്. വാസ്തുവിദ്യയടക്കം അനേകം കാര്യങ്ങളാണ് ഇവിടേക്ക് സഞ്ചാരികളെ മാടിവിളിക്കുന്നത്. എന്നാൽ, വെനീസ് സന്ദർശിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. പക്ഷേ, അതുപോലെ ഒരു ന​ഗരം സ്വന്തം നാട്ടിൽ പണിതാലോ? അതാണ് വർഷങ്ങൾക്ക് മുമ്പ് ചൈന ചെയ്തതും. 

ടൂറിസം മേഖലയിൽ വളർച്ചയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രത്തിലൊന്നിന്റെ പകർപ്പ് ചൈന സ്വന്തം രാജ്യത്ത് നിർമ്മിക്കുകയായിരുന്നു. 507 ദശലക്ഷം പൗണ്ട് (53,86,50,04,131) വിലമതിക്കുന്ന ഒരു ‘വ്യാജ’ വെനീസാണ് ചൈന വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടി രാജ്യത്ത് നിർമ്മിച്ചത്. എന്നാൽ, കോടിക്കണക്കിന് രൂപ ചെലവിട്ട് നിർമ്മിച്ച ഈ ചൈനാവെനീസിന് പിന്നെന്ത് സംഭവിച്ചു? 

അടുത്തിടെ അവിടം സന്ദർശിച്ച വിനോദസഞ്ചാരികൾ കണ്ട കാഴ്ചകൾ അമ്പരപ്പിക്കുന്നതായിരുന്നു. ഉപേക്ഷിക്കപ്പെട്ട ഒരു പ്രേതന​ഗരം പോലെയാണ് ഇന്നവിടം. കോടിക്കണക്കിന് രൂപ ചെലവിട്ട് നിർമ്മിച്ച വെനീസിന്റെ പതിപ്പ് ആളുകളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണത്രെ. ഉപയോഗിക്കാത്ത കെട്ടിടങ്ങളും ചെളി നിറഞ്ഞ കനാലുകളുമാണ് ന​ഗരത്തിൽ ഉണ്ടായിരുന്നത്. എന്നിരുന്നാലും, മനോഹരമായി തന്നെയാണ് ചൈന ന​ഗരം നിർമ്മിച്ചിരിക്കുന്നത് എന്നാണ് ഇവിടം സന്ദർശിച്ചവർ പറയുന്നത്. 2015 -ലാണ് ഇത് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്.

ചൈനയുടെ വടക്കുകിഴക്കൻ ലിയോണിംഗ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഡാലിയന് സമീപത്താണ് ന​ഗരം നിർമ്മിച്ചത്. യൂറോപ്യൻ ശൈലിയിലുള്ള വാസ്തുവിദ്യയും സംസ്കാരവും ഉൾക്കൊള്ളുക എന്നതായിരുന്നു ന​ഗരം പണിയുമ്പോൾ‌ മനസിൽ കണ്ടിരുന്നത്. ചൈനയിലെ പൗരന്മാർക്ക് ഇറ്റലി ആസ്വദിക്കാൻ അധികം ദൂരം സഞ്ചരിക്കേണ്ടിവരില്ല എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. നാലുവർഷമെടുത്താണ് ന​ഗരത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. എന്നാൽ, പ്രതീക്ഷകൾ തെറ്റിപ്പോയി. ഫ്ലോട്ടിം​ഗ് സിറ്റിയുടെ പകർപ്പ് ചൈനയിൽ ആകെ വരണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. 

കുറച്ച് മാസങ്ങൾക്ക് മുമ്പ് ട്രാവൽ വ്ലോ​ഗറായ Chopsticks and Trains ഇവിടം സന്ദർശിച്ചതിന്റെ ഒരു വീഡിയോ യൂട്യൂബിൽ പങ്കുവച്ചിരുന്നു. ഇതിൽ ഒഴിഞ്ഞു കിടക്കുന്ന ന​ഗരം കാണാം. ശരിക്കും ഒരു പ്രേതന​ഗരമായിരിക്കയാണ് കോടികൾ ചെലവഴിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ന​ഗരം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യ റഷ്യ സ്പെഷ്യൽ'; തരൂരിന്‍റെയും മാധ്യമ പ്രവർത്തകയുടെയും ചിത്രങ്ങൾ വൈറൽ
നേരാങ്ങളമാർ അരിഞ്ഞുതള്ളിയ മാക്കവും മക്കളും, തെയ്യം മോഹിനിയാട്ടത്തില്‍ പകര്‍ന്നാടുമ്പോള്‍