ഈ കെട്ടിടം ഒരു ​ഗ്രാമം തന്നെ! 'വീടു'കളും സ്കൂളും പൊലീസ് സ്റ്റേഷനും സൂപ്പർ മാർക്കറ്റും എല്ലാമുണ്ട് ഇതിനകത്ത്!

Published : Jul 19, 2021, 01:01 PM IST
ഈ കെട്ടിടം ഒരു ​ഗ്രാമം തന്നെ! 'വീടു'കളും സ്കൂളും പൊലീസ് സ്റ്റേഷനും സൂപ്പർ മാർക്കറ്റും എല്ലാമുണ്ട് ഇതിനകത്ത്!

Synopsis

അവിടെ താമസിക്കുന്ന ആളുകൾക്ക് ഒരു കാര്യത്തിനും പുറത്തുപോകേണ്ട എന്ന ചിന്തയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. എല്ലാ സൗകര്യങ്ങളും സ്ഥാപനങ്ങളും കെട്ടിടത്തിൽ തന്നെയുണ്ട്. 

ഒരു നാട് മുഴുവൻ ഒരു കെട്ടിടത്തിൽ താമസിക്കുന്ന അവസ്ഥ ചിന്തിക്കാമോ? സൂപ്പർമാർക്കറ്റ്, പോസ്റ്റ് ഓഫീസ്, പൊലീസ് സ്റ്റേഷൻ തുടങ്ങി എല്ലാം നിങ്ങൾ താമസിക്കുന്ന കെട്ടിടത്തിൽ തന്നെ ആണെങ്കിലോ? അലാസ്കയിലെ വൈറ്റിയറിലെ ഭൂരിഭാഗം നിവാസികളുടെയും ജീവിതം ഇങ്ങനെയാണ്. മനോഹരമായ ഒരു തടാകത്തിന്റെ തീരത്താണ്  ഈ ചെറിയ പട്ടണം സ്ഥിതി ചെയ്യുന്നത്. പട്ടണത്തിൽ ഏകദേശം 300 താമസക്കാരുണ്ടാകും. അവരിൽ ഭൂരിഭാഗവും 14 നിലകളുള്ള ഒരു കെട്ടിടത്തിലാണ് താമസിക്കുന്നത്. പഴയ ആർമി ബാരക്കുകളായിരുന്നു ഈ കെട്ടിടം. കണ്ടാൽ ഒരു പഴയ ഹോട്ടൽ പോലെ തോന്നിക്കുന്ന ഈ കെട്ടിടത്തിലാണ് നഗരത്തിലെ മിക്ക സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.

കെട്ടിടത്തിലെ താമസക്കാരിയായ ജെനെസ്സ ലോറൻസ് ഇതിനെക്കുറിച്ച് ടിക് ടോക്കിൽ ഒരു പോസ്റ്റിട്ടതിനെ തുടർന്ന് ഈ നഗരത്തിന്റെ കഥ ഇപ്പോൾ വൈറലാണ്. "ഞാൻ വിചിത്രമായ ഒരു പട്ടണത്തിലാണ് താമസിക്കുന്നത്. കണ്ടാൽ ഒരു ഹൊറർ സിനിമയുടെ ലൊക്കേഷൻ പോലെ തോന്നുമെങ്കിലും, ഇതൊരു ഊഷ്മളമായ ചെറുപട്ടണമാണ്" ലോറൻസിന്റെ ടിക് ടോക്ക് പോസ്റ്റ് പറയുന്നു. എന്തുകൊണ്ടാണ് അവിടെ മറ്റ് കെട്ടിടങ്ങളില്ലാത്തത് എന്നൊരു സംശയം ആർക്കായാലും തോന്നാം. പട്ടണത്തിന്റെ 97% അലാസ്ക റെയിൽ‌റോഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. അതുകൊണ്ട് വ്യക്തികൾക്ക് അവിടെ ഭൂമി സ്വന്തമാക്കാനാവില്ല, വീടുകളും.

അവിടെ താമസിക്കുന്ന ആളുകൾക്ക് ഒരു കാര്യത്തിനും പുറത്തുപോകേണ്ട എന്ന ചിന്തയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. എല്ലാ സൗകര്യങ്ങളും സ്ഥാപനങ്ങളും കെട്ടിടത്തിൽ തന്നെയുണ്ട്. കൂടാതെ, ആളുകൾക്ക് കച്ചവടം നടത്താനും ഇവിടെ സൗകര്യം ഒരുക്കുന്നു. ബേസ്മെന്റിൽ ഒരു പള്ളിയും, കെട്ടിടത്തിൽ ഒരു സ്കൂളും പ്രവർത്തിക്കുന്നുണ്ട്. സ്കൂളിന്റെ വെബ്‌സൈറ്റ് അനുസരിച്ച് ഈ അധ്യയന വർഷത്തിൽ 60 വിദ്യാർത്ഥികൾ സ്കൂളിൽ ചേർന്നിട്ടുണ്ട്. നഗരത്തിലേക്കുള്ള പ്രവേശനം പരിമിതമാണ്. ബോട്ട് വഴിയോ അല്ലെങ്കിൽ 2.5 മൈൽ നീളത്തിൽ കിടക്കുന്ന ഒരു വൺവേ തുരങ്കം വഴിയോ മാത്രമേ നഗരത്തിലേക്ക്  പ്രവേശിക്കാനാകൂ. തുരങ്കം രാവിലെ തുറന്ന് രാത്രി 10 മണിക്ക് അടയ്ക്കുന്നു. നിവാസികൾ മെഡിക്കൽ അപ്പോയിന്റ്‌മെന്റുകളും മറ്റ് യാത്രകളും അതിനനുസരിച്ച് ക്രമീകരിക്കണം. നഗരത്തിലെ ബാക്കിയുള്ളവർ ടൗണിലെ മറ്റൊരു റെസിഡൻഷ്യൽ കെട്ടിടമായ വിറ്റിയർ മാനറിലാണ് താമസിക്കുന്നത്. ശീതയുദ്ധകാലത്ത് നിർമ്മിച്ചതാണ് ഈ കെട്ടിടം.  
 
സമയം കളയാനായി കുട്ടികൾ സാധാരണയായി കാർഡ് ഗെയിമുകൾ കളിക്കുമെന്നും, ബേസ്മെന്റിലോ കെട്ടിടത്തിന്റെ ലോബിയിലോ സമയം ചെലവഴിക്കുമെന്നും ജെനെസ്സ പറഞ്ഞു. കൗമാരക്കാർ പുറത്ത് പോയി കളിക്കുന്നു. ഏഴ് വർഷം മുമ്പാണ് ജെനെസ്സ ഇവിടേയ്ക്ക് താമസം മാറിയത്. അവളുടെ അച്ഛൻ ഇപ്പോൾ പട്ടണത്തിന്റെ മേയറാണ്, അമ്മ സ്കൂളിന്റെ സെക്രട്ടറിയും. ഓൺലൈനിൽ അവളുടെ വീഡിയോ 14 ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. ആളുകളുടെ ഈ പ്രതികരണം കണ്ട് ഇപ്പോൾ ഇവിടത്തെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനുള്ള വഴികൾ ആലോചിക്കുകയാണ് അവൾ. "ഞങ്ങൾ ഒരു വലിയ കമ്മ്യൂണിറ്റി മാത്രമാണ്, ഞങ്ങൾ ഇത് ഇഷ്ടപ്പെടുന്നു" ജെനെസ്സ പറഞ്ഞു.

PREV
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്