
ജീവിതം മുഴുവന്‍ പോരാടിയ, ഇപ്പോഴും പ്രശ്‌നങ്ങളെ തളരാതെ നേരിടുന്ന ഒരു സ്ത്രീയെക്കുറിച്ചാണ് ഇനി പറയുന്നത്. ഗിരിജ, എന്റെ അമ്മ.
ജനിച്ച് 28-ാം ദിവസം അമ്മയുടെ അച്ഛന്‍ മരിച്ചു. കടുത്ത ദാരിദ്ര്യം. അതു മാത്രമായിരുന്നു പിന്നീടുള്ള ജീവിതം. അമ്മയ്ക്ക് ഒരു ചേച്ചിയായിരുന്നു. പിന്നെ, സ്വന്തമെന്നു പറയാന്‍ ആകെ ഉള്ളത് അമ്മയും ഒരമ്മാവനും. അമ്മായിയുടെ കണ്ണ് വെട്ടിച്ച് ഉത്രാടത്തിന്റെ അന്ന് അമ്മാവന്‍ രണ്ട് പൊതിയിലായി കൊണ്ട് വരുന്ന പുത്തന്‍ പട്ടുപാവാട നോക്കിയിരിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ അമ്മയുടെ ഓര്‍മ്മയില്‍ ഇന്നുമുണ്ട്.
കയര്‍ തൊഴിലാളിയായിരുന്നു അമ്മൂമ്മ. മൂന്നു വയര്‍ കഴിഞ്ഞു പോവുക എളുപ്പമായിരുന്നില്ല. അതിനാല്‍, സ്‌കൂളില്‍ നിന്ന് മടങ്ങി വന്ന് അമ്മയും സഹോദരിയും മടല് തല്ലാന്‍ പാടത്തേക്ക് ഓടും. ഉച്ചക്ക് കിട്ടുന്ന കഞ്ഞിയും രാവിലെ കിട്ടുന്ന ഉപ്പുമാവും മാത്രം ലക്ഷ്യം വെച്ചായിരുന്നു അവരുടെ സ്‌കൂളില്‍ പോക്ക്.
ചേച്ചി നന്നായി പഠിക്കുമായിരുന്നു. എന്നാല്‍, ജീവിത സാഹചര്യങ്ങള്‍ അവളെ കയര്‍ ഫാക്ടറിയിലേക്കുള്ള വഴി കാട്ടി. അമ്മ ആകട്ടെ നാലുവരെ സ്‌കൂളില്‍ പോയി. എന്നിട്ടും എഴുതാനോ വായിക്കാനോ പഠിച്ചില്ല.
അവധി എടുക്കുമ്പോഴായിരുന്നു ആ ദുരിതതീവ്രത ആകെ വെളിവായത്. അവധി എടുത്താല്‍ ലീവ് ലെറ്റര്‍ നിര്‍ബന്ധമാണ്. അന്നന്നത്തെ പട്ടിണി മാറ്റേണ്ട ഭാരം മാത്രം ഉള്ളില്‍ കൊണ്ടുനടക്കുന്ന അമ്മൂമ്മയോട് അങ്ങനൊന്ന് എഴുതി തരാന്‍ പറയുന്നത് ചിന്തിക്ക പോലും വേണ്ട.
എന്തു ചെയ്യും? ലീവ് ലെറ്റര്‍ ഇല്ലാതെങ്ങനെ ക്ലാസില്‍ പോവും?
പിറ്റേന്ന് ക്ലാസിലേക്ക് നടക്കും വഴി എന്തെല്ലാമോ എഴുതിയ ഒരു കടലാസ് കിട്ടുന്നു. അതെടുത്ത്, ക്ലാസില്‍ ചെന്ന് ലീവ് ലെറ്റര്‍ ആണെന്ന് പറഞ്ഞ് അഭിമാനത്തോടെ അരവിന്ദന്‍ മാഷിന് നേരെ നീട്ടുന്നു. പിന്നീട്ടുണ്ടായത് ചരിത്രം. ലീവ് ലെറ്ററിന് പകരം വഴിയില്‍ കിടന്നുകിട്ടിയ പലചരക്കു വില വിവരപട്ടിക ലീവ് ലെറ്ററായി കൊടുത്തതിനും അക്ഷരം പോലും അറിയില്ല എന്നതിനും മാഷ് എണ്ണിപ്പെറുക്കി പറഞ്ഞ് തല്ലി. എഴുതാനും വായിക്കാനും അറിയാത്ത ആ നാലാം ക്ലാസുകാരി പിന്നീട് പത്താം തരം ഒന്നാം ക്ലാസ്സോടെ പാസായി. നാലാം ക്ലാസ്സില്‍ തല്ലിച്ചതച്ച അതേ അദ്ധ്യാപകന്റെ മുന്നിലൂടെ അവള്‍ നടക്കുമ്പോള്‍ ആ നാലാം ക്ലാസുകാരി തന്നെയാണിതെന്ന് വിശ്വസിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു കാണില്ല.
പിന്നീടങ്ങോട്ട് പഠിക്കണമെന്ന ആഗ്രഹവും വാശിയുമായിരുന്നു. വീട്ടിലെ ദാരിദ്ര്യം തന്നെയായിരുന്നു ആ ചിന്തയുടെ കാതല്‍. അതു തന്നെയായിരുന്നു പഠിക്കാനുള്ള തടസ്സവും. ഒരു ജോലി വേണം. അത് അനിവാര്യമായിരുന്നു. അതിനാല്‍, മറ്റെല്ലാം മറന്ന് അമ്മ, പഠിക്കാനായി പോയി. കാശില്ലാതെ പഠനം നിര്‍ത്തേണ്ടി വരും എന്ന അവസ്ഥ വന്നപ്പോള്‍ അയല്‍പക്കത്തെ മുരളി ചേട്ടന്‍, ഒഴിഞ്ഞ കാതിലേക്കായി സ്വന്തം മോളുടെ കമ്മല്‍ ഊരി കൊടുത്തത് അമ്മയിന്നും മറന്നിട്ടില്ല.
ടിടിസിക്ക് പഠിക്കുമ്പോള്‍ മാറി ഉടുക്കാനൊരു സാരി പോലും ഇല്ലായിരുന്നു അമ്മയ്ക്ക്. വയറു വിശക്കാതെ ഉറങ്ങാന്‍ കഴിയുക എന്നതായിരുന്നു അന്നത്തെ ഏറ്റവും വല്യ ഭാഗ്യമെന്ന്, കണ്ണിന്റെ കോണില്‍ വെള്ളത്തുള്ളികള്‍ നിറച്ച് പലവുരു തൊണ്ടയിടറാതെ അമ്മ എന്നോട് പറയാറുള്ളത് ഓര്‍മ്മയുണ്ട്.
ആ പഠനം വെറുതെയായില്ല. 21 വയസ്സില്‍ അമ്മയ്ക്ക് അധ്യാപികയായി ജോലി കിട്ടി. അന്നത്തെ ഏറ്റവും വലിയ ആഗ്രഹം പുതിയ ഒരു സാരി ഉടുക്കുകയായിരുന്നു. നാലാം ക്ലാസ്സില്‍ ഒരു മൂലയില്‍, അക്ഷരം അറിയാതെ ഇരുന്ന്, എന്നും ചൂരലടി വാങ്ങിക്കൊണ്ടിരുന്ന, വിശപ്പിന് പരിഹാരമായി സ്‌കൂളില്‍ പോയ്‌ക്കൊണ്ടിരുന്ന ആ പെണ്‍കുട്ടി പിന്നീട് ആയിരങ്ങള്‍ക്കാണ് ആദ്യക്ഷരം പകര്‍ന്നു നല്‍കിയത്. വെറുമൊരു അധ്യാപികയായിരുന്നില്ല അമ്മ. മുന്നില്‍ വന്നിരിക്കുന്ന കുരുന്നുകളുടെ മനസ്സ് വായിക്കാന്‍ കഴിയുന്ന ഒരു അധ്യാപികയായിരുന്നു.
ആലപ്പുഴയില്‍ നിന്നും അമ്മ വയനാട്ടിലേക്ക് പറിച്ചു നടപ്പെട്ടു. പുതിയ ഇടങ്ങളിലും അമ്മ പരിഭവങ്ങളില്ലാതെ വേരുപിടിച്ചു. എത്രയെത്ര ദുര്‍ഘട വഴികളില്‍ ചെന്നുപെട്ടാലും അതൊക്കെ താണ്ടി, എല്ലായിടത്തുനിന്നും അമ്മ എങ്ങനെയായിരുന്നു ഉയര്‍ത്തെഴുന്നേറ്റത്? സ്നേഹമെന്നത് ഒരിടത്തു നിന്നും പ്രകടമായി കിട്ടാതെ തന്നെ, മറ്റെല്ലാരേയും എങ്ങനെ ഇത്രയും മനസിലാക്കി സ്‌നേഹിക്കാന്‍ അമ്മയ്ക്ക് സാധിക്കുന്നു? എന്നിക്കിന്നും മനസ്സിലായിട്ടില്ല അതിന്റെ പൂര്‍ണ്ണരഹസ്യം.
നന്ദി പറയാനാവില്ല. എങ്കിലും അമ്മാ, ഹൃദയം നിറയെ നന്ദിയുണ്ട്. തളര്‍ന്നു പോകുമ്പോള്‍ മുന്നില്‍ പെട്രോള്‍ മാക്സുമായി വന്നു നില്‍ക്കുന്നതിന്. നടക്കാന്‍ പോകുന്ന ഏറ്റവും മോശം കാര്യം ചിന്തിച്ച് അത് പറഞ്ഞുതന്ന് ഞങ്ങളുടെ അനാവശ്യ ചിന്തകള്‍ ഒഴിവാക്കാന്‍ ശീലിപ്പിച്ചതിന്. മറ്റുള്ളവരെ കൊണ്ട് നല്ലത് പറയിക്കാന്‍ വേണ്ടി ജീവിക്കാന്‍ പറയാത്തതിന്. ഞങ്ങള്‍ക്ക് വേണ്ടി ജീവിച്ചതിന്.
ഞാനീ എഴുതുന്ന അക്ഷരങ്ങളുടെ കാരണക്കാരി അമ്മയാണ്. എന്റെ ആദ്യ അധ്യാപിക. ഞാന്‍ കണ്ട ഏറ്റവും നല്ല സഖാവ്. നല്ല ഫെമിനിസ്റ്റ്. എന്നും തിരുത്തലുകള്‍ നടത്തി മുന്നോട്ട് പോകുന്ന ഒരുവള്‍. തീര്‍ച്ചയായും ഏറ്റവും മികച്ച അമ്മ എന്നല്ല പറയേണ്ടത്, അതിലുമെത്രയോ വലുതാണ് അമ്മ എന്നാണ്.
അമ്മയോട് എനിക്കിനി പറയാനുള്ള ചില കാര്യങ്ങളുണ്ട്. ഞങ്ങള്‍ക്ക് വേണ്ടി മാറ്റി വെച്ച സമയം ഇനിയെങ്കിലും തിരിച്ചെടുക്കുക. വായിക്കാന്‍ മാറ്റി വെച്ച പുസ്തകങ്ങള്‍ തിരികെ എടുക്കുക. പോകാന്‍ മാറ്റി വെച്ച യാത്രകള്‍ പ്ലാന്‍ ചെയ്യുക. അമ്മ ഇനിയാണ് ജീവിച്ചു തുടങ്ങേണ്ടത്!