
ഡെറാഡൂണിലെ പൽത്താൻ ബസാറിലെ ഒരു ജ്വല്ലറിയിൽ നിന്ന് സ്വർണമോതിരങ്ങൾ മോഷ്ടിക്കുന്നതിനിടെ യുവതിയെ കയ്യോടെ പിടികൂടി. എന്നാൽ, പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മോതിരങ്ങൾ ഒളിപ്പിച്ച യുവതി പോലീസിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് സ്ഥലത്ത് വലിയ സംഘർഷാവസ്ഥ രൂപപ്പെട്ടെങ്കിലും ഒടുവിൽ മോഷണം നടത്തിയ സ്ത്രീ കീഴടങ്ങി.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ജ്വല്ലറിയിൽ കയറിയ യുവതി അവിടെനിന്നും സ്വർണമോതിരങ്ങൾ മോഷ്ടിക്കുകയായിരുന്നു. എന്നാൽ, മോഷണശ്രമത്തിനിടയിൽ തന്നെ കടയുടമ ഇവരെ പിടികൂടി. ഉടൻതന്നെ പോലീസിനെ വിവരമറിയിക്കുകയും കോട്‌വാലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ പോലീസ് എത്തുന്നതിനു മുൻപേ മോതിരങ്ങൾ ഒളിപ്പിച്ച യുവതി പോലീസിന് നേരെ ആക്രമണം നടത്തി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്, 'ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിൽ, പാൽട്ടാൻ ബസാറിലെ ഒരു ജ്വല്ലറിയിൽ നിന്ന് ഒരു യുവതി സ്വർണമോതിരങ്ങൾ മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെട്ടു. എന്നാൽ, മോഷ്ടിച്ച രണ്ടു മോതിരങ്ങളും അവർ എവിടെയോ ഒളിപ്പിച്ചുവെച്ചിരുന്നു. സ്ഥലത്തെത്തിയ വനിതാ പോലീസ് പരിശോധന നടത്തി മോതിരങ്ങൾ കണ്ടെടുത്തു. എന്നാൽ മോഷണം നടത്തിയതായി പോലീസിനോട് സമ്മതിക്കാതെ യുവതി അവർക്ക് നേരെ അക്രമാസക്തയായി.'
വനിതാ പോലീസുകാരെയാണ് ഈ സ്ത്രീ ആക്രമിച്ചത്. തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനുശേഷം പോലീസ് ഇവരെ കീഴ്‌പ്പെടുത്തി. പോലീസ് പിടിയിലായതോടെ രക്ഷപ്പെടാൻ താൻ മദ്യലഹരിയിൽ ആണെന്നും മകന് അസുഖമാണെന്നും ചികിത്സയ്ക്കായാണ് മോഷണം നടത്തിയതെന്നും പോലീസിനോട് പറഞ്ഞു. പോലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഇതിന് പിന്നിൽ ഏതെങ്കിലും സംഘത്തിന് പങ്കുണ്ടോ അതോ യുവതി ഒറ്റയ്ക്കാണോ മോഷണം നടത്തിയത് എന്നതിനെക്കുറിച്ച് ചോദ്യം ചെയ്തുവരികയാണ്.